
ദൈവം
പരദേശങ്ങളിൽ നിന്നും
പക്ഷികളെ അയച്ചു;
അവന്റെ യോഗ്യത
നിരീക്ഷിക്കാൻ…
അവൻ ആരെയും
വിലക്കിയില്ല…
വയലേലകളിൽ
ദൈവം
അപശകുനങ്ങളുടെ
കൂടാരം പണിതു
അവൻ ഋതുക്കളെ
പഴിച്ചില്ല…
ആകാശത്തു നിന്നും
മഴയും വെയിലും
ചൂഴ്ന്നിറങ്ങി
മുടിയരായമക്കൾ വന്നു
ദൈവം
അധികമുള്ളതെല്ലാം
അപഹരിച്ചു
എളിമയുള്ളമക്കൾ വന്നു
ദൈവം
കരുതലിന്റെ അംശം
അധികയോഗ്യതയായ് കണ്ടു
കരുതിവച്ചതൊക്കെയും
കവർന്നെടുത്തു
കലിയടങ്ങിയില്ല;
ദൈവം
അല്പജ്ഞാനികളെക്കൊണ്ട്
അവനെ
നിന്ദിച്ചു
അവന്റെ യോഗ്യത
പരീക്ഷിക്കാൻ
ദൈവം
എല്ലാ സ്വരൂപങ്ങളെയും
കളത്തിലിറക്കി…
മണ്ണ്
അവന്റെ യോഗ്യത
വെളിപ്പെടുത്തിയില്ല;
മണ്ണ്
ദൈവത്തെ ശാസിച്ചു:
അവൻ
ജലത്തിന്റ ഉപാസകൻ;
എന്റെ നിത്യസഹചാരി.









