മറവി

അതിഗൂഢമാം നിലാവിന്റെ ഉച്ചിയിൽ
നീ പ്രണയ മുന്തിരിവള്ളി പടർത്തവേ
അകലെ എങ്ങോ വിഷാദമായ്‌ പൂക്കുന്ന
വിരഹനൊമ്പരം ഓർത്തെടുക്കുന്നു ഞാൻ

ഇലകളിൽ നാം എഴുതിയ പേരുകൾ
ശിശിരശോഭയാൽ മാഞ്ഞുപോകുന്നതും
ചില്ലയിൽ നാം കൊത്തിയ വാക്കുകൾ
വേനലിൽ വെന്തു ശുഷ്കമാകുന്നതും

പേരിടാത്ത കവിതകളായിരം പൂക്കളായ്‌
നമ്മിൽ വസന്തം ചൊരിഞ്ഞതും
വേർപിടാതെ നാം കോർത്തോരു ചിന്തകൾ
വേരിലൊന്നിൽ ജീവൻ കൊരുത്തതും

ഓർമ്മകൾ വന്ന് പ്രാണൻ പറിക്കുന്നു
ധൂർത്തരാത്രിയിൽ കൂരിരുൾ മൂടുന്നു
ചേർത്തുവെക്കുന്നു നിൻ രാഗവീണതൻ
നേർത്ത തന്ത്രികൾ മീട്ടും സ്വരങ്ങളെ

മഴകളെത്ര നനഞ്ഞു നാം ഒന്നിച്ചു
മിഴികളാലെത്ര ഋതുക്കളെ ചുംബിച്ചു
മറവി ചൂഴുന്നു ജീവിതോന്മാദങ്ങൾ
മരണമെന്നുനാം പറയുന്നു, ലളിതമായ്‌.

കണ്ണൂർ ജില്ലയിലെ രാമന്തളിയാണ് സ്വദേശം .ദുബായിൽ ജോലിചെയ്യുന്നു .കഴിഞ്ഞ ഇരുപത്തിനാലു വർഷങ്ങളായി കുടുംബ സമേതം ദുബായിലാണ് താമസം . നവമാധ്യമങ്ങളിലും. ആനുകാലികങ്ങളിലും കവിതകൾ എഴുതുന്നു