
മുൾക്കിരീടത്തിലെ
ചുറ്റിപ്പിണഞ്ഞ വള്ളികളിൽ
ചെഞ്ചോര പൂങ്കുലകൾ
വിടർന്നു പുഞ്ചിരിക്കുന്നു.
മുറിവുകളുടെ അഗ്രങ്ങളിൽ
ഉപ്പു പുരട്ടുന്ന
ഭടന്മാരുടെ ജാഗ്രത!
ചുട്ടുനീറ്റിയ
കൺകോണുകളിൽ
ഉയർപ്പിൻ്റെ ആവേശത്തിരകൾ
ഉഷ്ണരാശിയിൽ
അഗ്നിവേരുകൾ പടർന്ന
സൂര്യ ചിഹ്നങ്ങൾ.
മരുഭൂമിയുടെ
ഊഷരവേരുകൾ തേടുന്ന
ഒലീവിൻ മണൽത്തിട്ടകൾ
നിഷ്ക്കാസിതരുടെ
നിഴൽ വിരിച്ച
ഖബറുകളിൽ
ആത്മാക്കളുടെ
നിലവിളികൾ
കാതിൽ ചൂളം കുത്തുന്നു.
പ്രവാസത്തിനിടെ
പറന്നുപോയ
പരേതരുടെ കണ്ണുകൾ
കുന്തിരിക്കവും പുകച്ച്
ഈന്തപ്പനച്ചോട്ടിൽ
കാത്തിരിക്കുന്നു.
അതിൽ
ഇന്ത്യക്കാരനും
പാകിസ്ഥാനിയും
സൂരിയും
വിരലിലെണ്ണാ മതക്കാരും,
ജാതിക്കാരുമുണ്ട്.
മരണ കൊത്തളങ്ങളിൽ നിന്നു
പുറപ്പെട്ട കടത്തുവണ്ടികൾ
മരുപ്പൂഴിയിൽ
ചലനം നിർത്തുന്നു.
ജ്വലനമറ്റ പിതൃക്കൾ
അരുമകളുടെ
വിറയ്ക്കുന്ന ചുണ്ടുകളെ
കിനാവിൽ പുതപ്പിച്ച്
കെട്ടിപ്പുണർന്നുറങ്ങാൻ
കൊതിയോടെ
കാത്തിരിക്കുന്നു.
അജ്ഞതയുടെ
ആട്ടിൻപറ്റങ്ങളെ നയിച്ചെത്തിയ
ഞാനൊരു
മരുക്കാറ്റിന്റെ വില്ലൊടിച്ച്
ദൈവത്തിനെതിരെ അമ്പെയ്തു.
പ്രവാചകനെന്റെയുള്ളിൽ
കടലുകളെ
കെട്ടഴിച്ചു വിടുകയാണ്.









