ശേഷക്രിയകളുടെ ഫ്ലോചാർട്ട്

ദിനചര്യയെന്നോണം
എഫ്ബി സ്ക്രോൾ ചെയ്യുമ്പോൾ കണ്ടതാണ്;
“പ്രിയപ്പെട്ടൊരാൾ വിടവാങ്ങി.
ഹൃദയസ്തംഭനമാണ്”
എന്ന കുറിപ്പിന് താഴെ
പുഞ്ചിരിച്ച് നിൽക്കുന്ന എൻ്റെ തന്നെ ചിത്രം.

യുദ്ധഭീതിയോ അമിതചിന്തയോ കൊണ്ട്
മരിക്കുമെന്ന്
കരുതിയ എനിക്ക്
അല്പം ആശ്വാസമാവുന്നു.
ഭാഗ്യം,
ഹൃദയസ്തംഭനമാണ്.

റാഷിദ് ഹോസ്പിറ്റലിലെ
മോർച്ചറിയിലേക്കാവും കൊണ്ടുപോവുക,
അല്ലെങ്കിൽ നേരിട്ട് മുഹസിനയിലേക്ക്.

എവിടെയായാലും
ഫ്രീസറിൽ നല്ല തണുപ്പുണ്ടാകും.
പുറത്ത് ചൂടാണ്.
അകത്തും.

നാളെയാണ് എംബാമിംഗ്.
വെള്ള കുർത്തയും പൈജാമയും വേണമെന്ന്
ഞാനവളോട് പറഞ്ഞിട്ടില്ല.
നിങ്ങൾ ചെല്ലുമ്പോൾ
അവൾക്ക് ബോധമുണ്ടാവണമെന്നില്ല.

കിടപ്പുമുറിയിൽ
കട്ടിലിനോട് ചേർന്ന
കബോഡ് തുറക്കുമ്പോഴേക്കും,

“തുണികളടുക്കിവെക്കാൻ പറഞ്ഞിട്ട്
കാലമെത്രയായി മനുഷ്യാ…”
എന്ന് അബോധാവസ്ഥയിലുമാ പാവം
എൻ്റെ വെടിപ്പില്ലായ്മയോട് പരിഭവിക്കും.

അവൾ സമ്മാനിച്ച
പ്രണയങ്ങൾക്കിടയിലെവിടെയോ
വെളുത്ത കുർത്തയും പൈജാമയുമിരിപ്പുണ്ട്.
ഇസ്തിരിയിട്ട് വേണം
എംബാമിംഗ് സെൻ്ററിൽ കൊടുക്കാൻ.

യൂട്യൂബിൽ, ഇൻ്റീ-റൂട്ട്സിൻ്റെ
‘ലഗ് ജാ ഗലെ’ എന്ന ഗാനം,
നിയമലംഘനമല്ലെങ്കിൽ മാത്രം,
പ്ലേ ചെയ്യണം.

പ്രണയിക്കുമ്പോൾ ഉത്തേജകവും
പ്രജ്ഞ മരവിക്കുമ്പോൾ
ആശ്രയവുമതായിരുന്നു.

പറ്റുന്നവർ വരിക.
കൂടുതൽ പേർ വന്നാൽ നന്ന്.
വിജയിച്ച് കളമൊഴിയുന്നുവെന്ന
പ്രതീതി എന്നിലതുണ്ടാക്കും.

ബോധമുണരുമ്പോൾ
“ഓനെത്തിയോ?” എന്ന് അമ്മയും,
“ഏട്ടൻ വന്നോ”ന്ന്
പെങ്ങമ്മാരും ചോദിച്ചേക്കാം.

“ലീവ് കിട്ടീലാ”ന്ന്
കള്ളം പറയണം.
പാവങ്ങളത്
വിശ്വസിച്ചോളും.

നാട്ടിലെത്തിയാൽ
പിന്നെ കൂടുതൽ സമയം വേണ്ട.
ഏറിയാൽ പത്ത് മിനിറ്റ്.
മറിച്ചായാൽ,
ഒന്നിലധികം ആംബുലൻസ്
നിങ്ങൾ തന്നെ വിളിക്കേണ്ടി വരും.

പൊന്നൂനെ
എങ്ങനെ ബോൾഡാക്കാമെന്നാണ്.
അവളുടെ കയ്യിൽ വേണം തീ.
മോൻ
ആ നേരം ചേച്ചിയെ തൊട്ടുനിൽക്കണം.

കാണാൻ വന്നവരോടാണ് –
വന്നതിൽ സന്തോഷം.
എരിഞ്ഞ് തീരും വരെ
നിൽക്കണമെന്നില്ല.
എനിക്കറിയാം,
എവരിവൺസ് ടൈം ഈസ് പ്രീഷ്യസ്.

അരി –
ദിവസം കാൽ കിലോ വെച്ച്
പന്ത്രണ്ട് ദിവസത്തേക്ക്
മൂന്ന് കിലോ,
വെറുതെ കളയരുത്.

മുപ്പത് പേരുടെ വിശപ്പ്
ശമിപ്പിക്കാലോ,
ഒരു നേരമെങ്കിലും.

കാട്ടുവാഴയുടെ കന്ന് പിഴുത്
എൻ്റെ മുകളിൽ നാട്ടരുത്.
കുലയ്ക്കുക,
അതിൻ്റെ ജന്മാവകാശമാണ്.
മരിക്കുക
എൻ്റേയും.

അത്രേയുള്ളൂ.

*ഞാൻ,
ഇവിടെയില്ലെങ്കിൽ
പിന്നെ,
മറ്റെവിടെയുമില്ല.

*Philip Larkinൻ്റെ കവിതയിൽ നിന്ന്

ഇരുപത് വർഷമായി ദുബായിൽ സെയിൽസ്‌ മാനേജർ ആയി ജോലി ചെയ്യുന്നു. പയ്യന്നൂർ രാമന്തളി സ്വദേശി.