
കട്ടിയുള്ള സ്വെറ്റര്‍ , അതിനു മേല്‍ കമ്പിളി, പിന്നെ തണുപ്പിനെ തടഞ്ഞിടുന്ന കംഫർട്ടർ.. എല്ലാം ഉണ്ടായിരുന്നിട്ടും അതിരാവിലെയായപ്പോള്‍ രക്തം ഉറയുന്ന അതികഠിനമായ തണുപ്പ് .. എംബാമിംഗ് മുറിയിലെ ഫ്രീസറിൽ അകപ്പെട്ട പോലെ … അർച്ചീസ് തലവഴി പുതച്ചു ചുരുണ്ടു കൂടി കിടന്നു …
മഞ്ഞിനെ തുളച്ച് എത്തുന്ന അരണ്ട പകല്‍ വെളിച്ചം ജനാലയുടെ ചില്ലുകളേയും കടന്ന് മുറിയിൽ നിറയുന്നുണ്ട്. മൊബൈൽ ഫോണിലെ ലോക് സ്ക്രീനിൽ വലിയ അക്കങ്ങളിൽ 8 :30 എന്ന് കാണിച്ചു. ഞായറാഴ്ചയാണ് . പക്ഷേ, അവധി ദിവസം എന്നൊന്ന് ഇല്ല. ഓൺ ഡിമാൻഡ് ഡ്യൂട്ടിയാണ് ഒരു മോർട്ടീഷ്യന്.
പ്രാതല്‍ കഴിക്കണമെന്നുണ്ട്. വിശപ്പ് സഹിക്കാനാകാതെയായപ്പോള്‍ മനസ്സില്ലാ മനസ്സോടെ കിടക്കയില്‍ നിന്നും എഴുന്നേറ്റു. ഒറ്റമുറി വീടിന്റെ ചെറിയ അടുക്കളയാണ്. നിന്നു തിരിയാനുള്ള ഇടമേയുള്ളു. ഗ്യാസ് സ്റ്റൗവില്‍ തീകത്തിച്ചു. വെള്ളം തിളപ്പിക്കാന്‍ വെയ്ക്കുന്നതിനു മുമ്പ് അല്പ നേരം ആ തീകാഞ്ഞു നിന്നു.
ഉറക്കം വിട്ട് പോകുന്നില്ല. മുടി വാരിക്കെട്ടിവെച്ച് കുറച്ചു നേരം നീല നിറമുള്ള ആ ജ്വാലകളിലേക്ക് അവൾ നോക്കിയിരുന്നു. വെള്ളം ഒരു ചെറിയ പാത്രത്തില്‍ എടുത്തു കൊണ്ടുവന്ന് അടുപ്പിനു മുകളിൽ വെച്ചു.
ഷെല്‍ഫിൽ ചായപ്പൊടി തിരയുന്നതിനിടയില്‍ മൊബൈല്‍ റിംഗ് ഉയര്‍ന്നു.
ആരാണ് ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്. ഇന്ന് പണിയുണ്ടാകുമോ. ആരാണോ മരിച്ചത്. ആരായാല്‍ എന്ത്. തന്റെ ജോലി അവരെ അണിയിച്ചൊരുക്കലാണല്ലോ , അത് ഭംഗിയായി നിര്‍വഹിക്കുക തന്നെ.. കിടക്കയുടെ സമീപം തന്നെ ഫോണുണ്ട്. മുറിയിലെത്തി ..
Praveen Shankar
Military HQ
calling …
ഏതോ ഹതഭാഗ്യനായ ജവാൻ്റെ ഭൗതിക ദേഹം തന്നെ കാത്ത് കിടക്കുന്നു. അതാണ് പ്രവീണിൻ്റെ ഈ കോൾ ….
“ഹലോ.. “
“ഹലോ.. ഗുഡ് മോണിംഗ് .. ” ഗൗരവമുള്ള പുരുഷ ശബ്ദം.
” Listen carefully… I’ve just mailed one file to your secure ID. Look into it and call me back urgently “
മറുതലയ്ക്കൽ ഡിസ്കണക്ടഡ് ആയി .
” Okay Sure sir .Thank you “
അവളുടെ മറുപടി അയാൾ കേട്ടോ എന്നറിയില്ല.
പ്രവീണ്‍ ശങ്കര്‍. അര്‍ച്ചീസിന്റെ ക്ലാസ്മേറ്റ് അമേയയുടെ സഹോദരനാണ്. സൈന്യത്തിലാണ്. ആംഡ് ഫോഴ്‌സസ് ഹെഡ് ക്വാര്‍ടേഴ്‌സില്‍ ഫെസിലിറ്റി മാനേജരാണ്. സൈനികരുടെ ശവസംസ്‌കാര ചടങ്ങുകളുടേയും മറ്റും ചുമതലയാണ് പ്രവീണിന്.
അമേയയുടെ ഇടപെടലിലാണ് മിലിട്ടറി കരാര്‍ അര്‍ച്ചീസിന് ലഭിച്ചത്. പ്രവീണ്‍ ശങ്കര്‍ ശരിക്കും ഒരു മുരടനാണ്. സഹോദരിയുടെ കൂട്ടുകാരി എന്ന പരിഗണന പോലും തരാറില്ല. വലിയ ഗൗരവക്കാരനുമാണ്. കുശലവുമില്ല, സൗഹൃദവുമില്ല. എന്നാലും സൈന്യത്തിലെ ആവശ്യങ്ങള്‍ക്ക് സഹായം ചെയ്ത് തരുന്നുമുണ്ട്.
ഇതിന്നിടയില്‍ മെയില്‍ ചെക് ചെയ്തു. അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹം വന്നിട്ടുണ്ട്. എംബാം ചെയ്യണം, അലങ്കരിക്കണം. Report at 9.30 AM. എന്നാണ് എഴുതിയിട്ടുള്ളത്.
പട്ടാളത്തില്‍ സമയം പറഞ്ഞാല്‍ അത് അങ്ങിനെ തന്നെയായിരിക്കണം. പംക്ച്വല്‍ അല്ലെങ്കില്‍ ആ കാരണം പറഞ്ഞ് കരാര്‍ പോകും.
ബ്രഷ് ചെയ്ത്. മുഖം കഴുകി. തല ചെറുതായി ചീകി ഒതുക്കി. പക്ഷേ, ചെറിയ മുഖം മിനുക്കലുകൾ പോലും നടത്തിയില്ല. മരിച്ചവരുടെ ബ്യൂട്ടീഷനായ ശേഷം സ്വന്തം മുഖം മിനുക്കലിനോടും മെയ്ക്കപ്പിനോടും ഒക്കെ വല്ലാത്ത വിരക്തി .. വാര്‍ഡോബില്‍ നിന്നും കടുകട്ടിയായ ജീന്‍സ് ജാക്കറ്റ് എടുത്തണിഞ്ഞു. കാറില്‍ നേരെ ആര്‍മി ഹെഡ് ക്വാര്‍ടേഴ്‌സിലേക്ക്. പലവട്ടം പോയതാണെങ്കിലും ജി പി എസ് ഇല്ലാതെ ഒരു വഴിക്കും ഇപ്പോൾ പോകാറില്ല . ലൈവ് ട്രാഫിക് അറിയാം , ആക്സിഡൻറ് , ഡീറ്റൂർ എല്ലാ വിവരങ്ങളും കിട്ടും. മെയിലിനൊപ്പം പതിവുപോലെ ലൊക്കേഷനും പ്രവീൺ ഷെയർ ചെയ്തിരുന്നു.
ഭവാനി മാര്‍ഗിലേക്ക് തിരിയുന്ന ഇടത്ത് ഒരു ചെറിയ ധാബ ഉണ്ട്. അവിടെ വണ്ടി നിര്‍ത്തി ഇറങ്ങി.
ധാബയിലെ സ്റ്റൗവിലെ നീല ജ്വാല കണ്ടപ്പോൾ രാവിലെ കട്ടന്‍ ചായ ഉണ്ടാക്കാന്‍ വെച്ച ഗ്യാസ് സ്റ്റൗ കെടുത്തിയോ എന്ന സംശയം ബലപ്പെട്ടു. സ്റ്റൗവിലെ തീ കാഞ്ഞശേഷം വെള്ളം അടുപ്പത്തു വെച്ചു. അതുവരെയുള്ള കാര്യങ്ങള്‍ മെമ്മറിയില്‍ തെളിയുന്നുണ്ട്. പിന്നെയാണ് ഫോണ്‍ ശബ്ദിച്ചത്. ഓര്‍ക്കുന്നില്ല. ആ ഭാഗം.. മനുഷ്യന്റെ മെമ്മറി വളരെ പരിതാപകരമാണ്. ഒരൊറ്റ കാര്യത്തില്‍ മാത്രമേ ഒരേസമയം ശ്രദ്ധിക്കാനാകു.
ഫോണ്‍ ബെല്ലടിച്ചത് കേട്ട് ഗ്യാസ് സ്റ്റൗവിന്റെ നോബ് തിരിച്ചു .?. ഇല്ലേ ? അവ്യക്തമായ ഓര്‍മകള്‍.. സാരമില്ല. അവിടെയിരുന്ന് കത്തട്ടെ. വീട് ചാമ്പലാകട്ടെ. ഏതായാലും മറ്റാരുമില്ലല്ലോ.. പുക ഉയരുന്നതു കാണുമ്പോള്‍ ആരെങ്കിലും ഫയര്‍ ഫോഴ്‌സിനെ വിളിച്ച് തീ കെടുത്തും.
ടെന്‍ഷന്‍ മാറ്റാന്‍ അര്‍ച്ചീസ് സ്വയം സമാധാനിപ്പിച്ചു. ധാബയിലെ പാജിയോട് മസാല ചായ പറഞ്ഞു. ഇനി മൃതദേഹത്തെ ഒരുക്കി കഴിയുമ്പോള്‍ ഉച്ചയൂണിന്റെ സമയമാകും. അതുകൊണ്ട് ദാലും റോട്ടിയും കഴിക്കാം എന്ന തീരുമാനത്തിലെത്തി.
ചൂടുള്ള ദാൽതട്കയിൽ മുറിച്ച തന്തൂരി റോട്ടി കഷ്ണം വീണപ്പോൾ മൊബൈൽ വീണ്ടും വിറയ്ക്കുന്നു .
പ്രവീണ്‍ ശങ്കറിന്റേതാണ്.
” Sir I am on the way..”
ഇങ്ങോട്ട് ചോദ്യം വരുന്നതിനു മുമ്പ് അങ്ങോട്ട് .. പക്ഷേ, അയാള്‍ വിടുന്ന മട്ടില്ല.
“How much longer?”
Its only 9.10 .. you asked me to report at 9:30. right ?
I know , Listen carefully. Security clearance has already been activated for your vehicle. Don’t stop anywhere..There are entry restrictions in effect. Multiple VIPs are already inside the compound. Every checkpoint is on high alert..
“Understood, sir. I’ll be there in ten minutes.”
ദാലിൽ മുങ്ങിയ റോട്ടി കുതിർന്നു കഴിഞ്ഞിരുന്നു . ചൂടുള്ള ദാൽ തട്കയുടേയും ജിഞ്ചർ ടീയുടേയും മണം മൂക്കിലാക്കിയുള്ള ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു .. അതിൻ്റെ പണവും കൊടുത്ത് വീണ്ടും കാറിലേക്ക്.
ശരിയാണ് , രാവിലെ ആറരയ്ക്ക് മെയില്‍ അയച്ചിട്ടുണ്ട്. പക്ഷേ, എട്ടരയ്ക്കാണ് താന്‍ കണ്ടത്. ഞായറാഴ്ചയായതിനാലാണ്. മെയിലിന് മറുപടി കാണാതായതോടെ പ്രവീണ്‍ ശങ്കര്‍ വിളിക്കുന്നത്. അതുമല്ല, പ്രോംപ്ട് ടൈമില്‍ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ ഡിസിപ്ലിനറി ആക്ഷന്‍ അങ്ങേര്‍ക്കും ലഭിക്കുമായിരിക്കും.
ആര്‍മി ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ ഓഫീസേഴ്‌സ് റിക്രിയേഷന്‍ ഹാളിലേക്കാണ് ജിപിഎസ് ലൊക്കേഷന്‍ കാണിക്കുന്നത്. പ്രവീണ്‍ ശങ്കര്‍ പറഞ്ഞത് ശരിയാണ്. കര്‍ശനമായ സുരക്ഷാ പരിശോധനായണ്. പതിവിലും കൂടുതലുള്ള പരിശോധനകള്‍. എന്തെങ്കിലും ത്രെറ്റ് ഇഷ്യു ഇന്റലിജെന്‍സ് വിംഗ് റിപ്പോര്‍ട്ട് ചെയ്ത് കാണും.
ഒരോ ചെക് പോസ്റ്റുകളിലും പരിചയമുള്ള ഉദ്യോഗസ്ഥരാണെങ്കിലും ആ പരിചയം അവര്‍ തിരിച്ച് കാണിക്കുക പതിവില്ല. ചെക് പോയിന്റുകൾ അസാധാരണ വേഗത്തിൽ ക്ലിയറായി. ഓഫീസേഴ്‌സ് റിക്രിയേഷന്‍ ഹാളിനു മുന്നിലെത്തി. വിസിറ്റേഴ്‌സ് പാര്‍ക്കിംഗ് ലോട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്തു.
മെയിൻ ഡോറിനു മുന്നില്‍ മൊബൈലില്‍ സംസാരിച്ച് പ്രവീണ്‍ ശങ്കര്‍ നില്‍ക്കുന്നുണ്ട്. കൈ കൊണ്ട് ആംഗ്യം കാണിച്ച ഭാഗത്തേക്ക് നടന്നു . എംബാം ചെയ്യുന്ന മുറിയിലേക്ക് മറ്റൊരു ഉദ്യോഗസ്ഥന്‍ കൂട്ടിക്കൊണ്ടു പോയി.
ആരാണ് വീരചരമം പ്രാപിച്ച ജവാന്‍. ഏതോ ചെറുപ്പക്കാരനാണ്. വിവരങ്ങള്‍ ഒന്നും അറിയില്ല. ചോദ്യവും ഉത്തരവും ഇല്ല. കുശലമില്ല. പറഞ്ഞ പണി ചെയ്യുക. പോരുക. തന്റെ ഉടമസ്ഥതയിലുള്ള ഫ്യൂണറെറി ആര്‍ട്‌സ് സെര്‍വ്വീസസിന്റെ അക്കൗണ്ടില്‍ കൃത്യമായി പ്രതിഫലമെത്തും.
അര്‍ച്ചീസ് യുകെയില്‍ നിന്നാണ് മോര്‍ചറി സയന്‍സില്‍ ബിരുദം നേടിയത്. നാട്ടിലെ ഫ്യുണറല്‍ സര്‍വ്വീസുകാരെ പോലെ മൊബൈല്‍ മോര്‍ചറിയും പന്തലും കസേരയും കൊടുക്കുന്ന പണിയല്ല . മോര്‍ചറി സയന്‍സ് കോഴ്‌സ് പഠിച്ചാൽ പ്രഫഷണൽ മോര്‍ടീഷ്യന്‍ ആകാം അതിനുള്ള വിദഗ്ദ്ധ പരിശീലനമാണ് ലഭിക്കുന്നത്.
സൈക്കോളജി ഓഫ് ഡെത്ത് ആന്‍ഡ് ഡൈയിംഗ് മുതല്‍ മരിച്ചുപോയ ആളിന്റെ അടുത്ത ബന്ധുക്കളോട് ആശയ വിനിമയം നടത്തേണ്ടതും സംസാരിക്കേണ്ട രീതിയും പെരുമാറ്റവും എല്ലാം കോഴ്സിന്റെ ഭാഗമാണ്. ഗുഡ് വിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫസ്റ്റ് റാങ്കോടെ പാസായ അര്‍ച്ചീസിന് ബ്രിട്ടനില്‍ തന്നെ ജോലി ലഭിച്ചതാണ്. പക്ഷേ, ഫ്യൂണറല്‍ സയന്‍സും അതിൻ്റെ പ്രഫഷണല്‍ സര്‍വ്വീസും എന്താണെന്ന് നാട്ടുകാരെ കാണിച്ചു കൊടുക്കണമെന്നുണ്ടായിരുന്നു. അങ്ങിനെയാണ് തലസ്ഥാന നഗരിയിൽ വന്നതും സ്ഥാപനം തുടങ്ങിയതും.
അമേയയ്ക്ക് ക്യാംപസ് സെലക്ഷനിൽ ബ്രിട്ടീഷ് പോലീസ് സേനയുടെ എംബാം യൂണിറ്റിൽ ജോലി കിട്ടിയതിനാൽ അവൾ അവിടെ തുടർന്നു.
എംബാം ചെയ്യുന്നതിന് ആര്‍മിക്ക് പ്രത്യേക വിംഗ് ഉണ്ട്. എന്നാൽ , യുദ്ധത്തിലോ മറ്റ് എൻകൗണ്ടറുകളിലോ മരിച്ച ജവാന്റെ ശരീരം പ്രദര്‍ശിപ്പിക്കാനാകുന്ന തരത്തില്‍ മാറ്റിയെടുക്കാനും, മുഖവും മറ്റ് അവയവങ്ങളും പരിശോധിച്ച് തുന്നിക്കെട്ടലുകൾ നടത്തി എംബാം ചെയ്ത് യൂണിഫോം അണിയിച്ച് ദേശീയ പതാക പുതപ്പിച്ച് ഭൗതിക ദേഹം പൊതു ദർശനത്തിന് ഉതകും വിധം തയ്യാറാക്കാനും ..എല്ലാമാണ് മോർടീഷ്യൻ്റ ആവശ്യം ..
എംബാം മുറിയിലേക്ക് ചെന്നപ്പോള്‍ അര്‍ച്ചീസിന്റെ തലയിലേക്ക് പൊടുന്നനെ ഒരു കുപ്പി രക്തം ഇരച്ചു കയറി..
അറുത്തുമാറ്റിവെച്ച ഒരു തല അതു മാത്രമാണ് അവിടെ ബോഡിയായി കണ്ടത്.
“ഓ മൈ …” പെട്ടെന്നുള്ള ഷോക്കില്‍ അറിയാതെ ഒരു അലർച്ച പാതി പുറത്തു വന്നപ്പോൾ കൂടെ ഉണ്ടായിരുന്ന ഓഫീസര്‍ ” Relax..relax ” എന്ന് പറഞ്ഞു.
“You are a professional behave accordingly ..”
അയാളുടെ ഘനഗാംഭീര ശബ്ദത്തിന് ഒരു കമാൻഡിംഗ് ടോൺ …
അര്‍ച്ചീസ് മനസ്സാന്നിദ്ധ്യം വീണ്ടെടുത്തു. ” Yes Yes.Sure.sir.” എന്നു പറഞ്ഞു.
ഉടലില്ലാതെ, എംബാം ടേബിളിനു മുകളില്‍ ഇരിക്കുന്ന തലയുടെ മുഖത്തിന് ചെറിയ ഒരു മീശയുടെ അലങ്കാരം മാത്രം. 25 വയസ്സിനടുത്ത് പ്രായം കാണണം. കണ്ണുകള്‍ പാതി അടഞ്ഞ നിലയിലായിരുന്നു. ഇടതു ചെവിയുടെ കീഴ് ഭാഗം മുറിഞ്ഞ് അറ്റുപോകുന്ന നിലയിലാണ്. ജാക്കറ്റിൽ നിന്ന് ചെറിയ നോട്ട്പാഡും പേനയും എടുത്ത് അത് അടയാളപ്പെടുത്തി.
ആ ഉദ്യോഗസ്ഥന്‍ പുറത്തേക്കു പോയി. അർച്ചീസ് ബാഗ് തുറന്ന് കൈ ഉറകളും മുഖാവരണവും ധരിച്ചു തന്റെ ഭാഗത്തേക്ക് മുഖം തിരിഞ്ഞിരിക്കുന്ന ആ തല പതിയെ വശം തിരിച്ചു വെച്ചു. ആ ചെറുപ്പക്കാരന്റെ മുഖത്തേക്ക് നോക്കാതേ, മറ്റൊന്നും ആലോചിക്കാതെ പണി തുടങ്ങി. ചെവിയുടെ ഭാഗത്തെ പരിക്കിന് ആദ്യം പരിഹാരം കണ്ടു.
അതിര്‍ത്തിയിലെ പട്രോളിംഗിനിടെ ശത്രുവിന്റെ പാളയത്തില്‍ പെട്ട ഹതഭാഗ്യനാകും. ഉടലുമായി വേർപെടുത്തിയ തല മറുഭാഗത്തിന് നല്‍കിയതാകാനാണ് വഴി. കഴിഞ്ഞ ദിവസം ടിവിയിൽ ഈ വാർത്ത കണ്ടിരുന്നു. ഇതാദ്യമല്ല. ഇത്തരം സംഭവം. ഇതിനു മുമ്പും നടന്നിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പായിരുന്നു. അന്ന് മൃതദേഹം പുറത്ത് കാണിക്കാതെ പെട്ടിക്കുള്ളിലാക്കി പ്രദർശിപ്പിക്കുകയും അടക്കം ചെയ്യുകയും ഒക്കെ ആയിരുന്നിരിക്കാം. ഇന്ന് , 24 x 7 ലൈവുള്ള ന്യൂസ് ചാനലുകളുടെ അതിപ്രസരമാണ് മോർടീഷ്യൻമാരുടെ സേവനം തേടാൻ സൈന്യത്തെ നിർബന്ധിതരാക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു .
അംഗഭംഗം വന്ന മൃതദേഹങ്ങൾ നിരവധി കണ്ടിട്ടുണ്ടെങ്കിലും അറുത്തു മാറ്റിയ തല ആദ്യമായി കണ്ട ഷോക്കിൽ തന്നെയായിരുന്നു അവൾ.
ഹൃദയമിടിപ്പിന് വേഗത കുറഞ്ഞിട്ടില്ല. ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ചയായിരുന്നു അത്. വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ട പല ജവാന്‍മാരുടേയും മൃതദേഹം ഒരുക്കി നൽകിയിട്ടുണ്ട് . മിക്കവാറും നെഞ്ചിലോ തലയിലോ ബുള്ളറ്റ് കൊണ്ടായിരിക്കും മരണം. മോര്‍ടീഷ്യന് കാര്യമായ മെയ്‌ക്കോവര്‍ പണി വേണ്ടിവരാറില്ല . ദേശീയ പതാകയാല്‍ അലങ്കരിക്കുകയും മുഖത്തിനോ മറ്റോ ചെറിയ മുറിവുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുകയും ഒക്കെയാണ് പതിവായി ചെയ്യുന്നത്. എന്നാല്‍, ബോംബ് സ്‌ഫോടനത്തില്‍ ഛിന്നഭിന്നമായി പോകുന്ന മൃതദേഹങ്ങള്‍ പ്രദര്‍ശിപ്പിക്കുക പതിവില്ല. പെട്ടി അലങ്കരിച്ച് നല്‍കും. യൂണിഫോം അതിനൊപ്പം കൈമാറും.
“Do it fast”
ഇനി എന്ത് എന്ന് ആലോചിച്ച് നിൽക്കുന്നതിനിടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന്റെ നിർദ്ദേശം വന്നു.
” Sir I need your help to make a dummy body..”
” Dummy..? “
“Ok.Let me do it myself.but I need more time..it will take another two three hours..”
“No way.. you have only one hour left. do it fast “
ഇത്രയും പറഞ്ഞ് ആ ഉദ്യോഗസ്ഥന്‍ എംബാം മുറിയില്‍ നിന്ന് ഇറങ്ങിപ്പോയി.
ഗുഡ് വിന്‍ യൂണിവേഴ്‌സിറ്റിയിലെ ക്ലാസില്‍ വെച്ച് ഡോ. റിച്ചാര്‍ഡ്‌സണ്‍ പഠിപ്പിച്ച ഒരു പാഠം മൊര്‍ടീഷ്യന്റെ പ്രാക്ടിക്കല്‍ സയന്‍സ് സ്‌കില്‍സിനെ കുറിച്ചാണ്.
ബയോളജി, അനാട്ടമി, ബോഡി പരിശോധന, ബോഡി എങ്ങിനെ സംരക്ഷിക്കണം, തയ്യാറാക്കണം എന്നൊക്കെ പഠിപ്പിച്ച കൂട്ടത്തില്‍ തന്റെ ജാക്കറ്റിലെ പോക്കറ്റില്‍ പ്രാക്ടിക്കല്‍ സയന്‍സ് സ്‌കില്‍സ് ടൂള്‍സ് വേണം എന്ന് അദ്ദേഹം അടിവരയിട്ട് പഠിപ്പിച്ചിരുന്നു. . ‘This is a mix of art and science ‘ ഡോ. റിച്ചാർഡ്സണിൻ്റെ വാക്കുകൾ ഇന്നും ചെവിയിൽ മുഴങ്ങുന്നു.
Restorative Art അതിലൊന്നാണ്. അമ്പതോളം ബോഡികള്‍ എംബാം ചെയ്ത ശേഷമാണ് അര്‍ച്ചീസിന് മോര്‍ചറി സയന്‍സ് ബിരുദം ലഭിച്ചത്.
എന്നാല്‍, ഗുഡ് വിന്‍ യൂണിവേഴ്‌സിറ്റിയിലെ മോര്‍ഗില്‍ അന്ന് ലഭ്യമായിരുന്ന ഒരു ബോഡി പോലും ഉടലില്ലാത്തതായിരുന്നില്ല.. ഉടലില്ലാതെ തല മാത്രമുള്ളതിനെ ബോഡി എന്നു വിളിക്കാമോ. ? എന്തോ, അത് എങ്ങിനെ എംബാം ചെയ്യാമെന്ന് അന്ന് പഠിപ്പിക്കേണ്ടതായിരുന്നു. അര്‍ച്ചീസ് ആകെ വിഷമത്തിലായി.
കോസ്‌മെറ്റോളജിയിലാണ് മരിച്ചവരുടെ ശരീര ഭാഗങ്ങളുടെ വൈകൃതങ്ങള്‍ മാറ്റുന്നത് പഠിപ്പിച്ചത്. തീ പൊള്ളി മരിക്കുന്നവരുടെ മുഖം, അപകടത്തില്‍പ്പെട്ട് മുഖത്തിന് കാര്യമായ ക്ഷതം സംഭവിച്ചാല്‍… ഇതിനൊക്കെയുള്ള പരിഹാരം കൈയ്യിലുണ്ട്.
ഈ അവസ്ഥയില്‍ എന്തു ചെയ്യണമെന്നറിയാതെ അര്‍ച്ചീസ് വിഷമിച്ചു. വാട്‌സ്ആപില്‍ ഒരു സേര്‍ച് നടത്തി. സാമന്ത ഗോര്‍ഡന്‍. യെസ് അവരായിരുന്നു കോസ്‌മെറ്റോളജി ഡിപ്പാർട്ടുമെൻ്റ് ഹെഡ്. ഒരു വോയ്‌സ് ക്ലിപ് അയയ്ക്കാം. മറുപടി വന്നാലോ. അവര്‍ ഇപ്പോള്‍ യുഎഇയിൽ ഒരു സ്വകാര്യ കോളേജിലെ വിസിറ്റിംഗ് പ്രഫസറാണ്. ഗുഡ് വിൻ യൂണിവേഴ്സിറ്റിയുടെ ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ അവർ ഉണ്ട്. പ്രൊഫൈലിൽ യു എ ഇ ഡീറ്റെയിൽസ് കണ്ടിരുന്നു. കഴിഞ്ഞ ന്യൂ ഇയറിന് ഗ്രീറ്റിംഗ്സ് അയച്ചിരുന്നു. മറുപടിയും തന്നിരുന്നു. ഏത് സമയത്തും എന്ത് ഉപദേശവും ഇപ്പോഴും തരാൻ അവർ ഒരുക്കമാണെന്നും ഒരു ഗുഡ് മോണിംഗ് മെസേജ് ഗ്രീറ്റിംഗ്സിനു മറുപടി നൽകവേ അവർ അറിയിച്ചിരുന്നു.
ഭാഗ്യം, അവര്‍ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. താമസിയാതെ ഒരു മറുപടി വോയ്‌സ് ക്ലിപ് കിട്ടി. . കൂള്‍. എന്ന വാക്കോടെയായിരുന്നു അവരുടെ തുടക്കം. ഹാര്‍ഡ് ബോര്‍ഡ് പീസുകള്‍ സംഘടിപ്പിക്കുക. ഗം ഉപയോഗിച്ച് ബോഡി ഷെയ്പാക്കി ക്ലോത്ത് ഫില്‍ ചെയ്യുക. യൂണിഫോം ധരിപ്പിക്കു. തല ചേര്‍ത്ത് വെയ്ക്കുക. ഫിനിഷ്.
മറുപടിയായി ഒരു ഹഗ് സ്റ്റിക്കർ പാഞ്ഞു..
ഉടനെ തന്നെ ഹാര്‍ഡ് ബോര്‍ഡുകള്‍ക്കായി ആളെ വിട്ടു. തൊട്ടടുത്തുള്ള മിലിട്ടറി ക്യാന്റീനില്‍ ഫ്രിജ് മുതലുള്ള ഇലക്ട്രിക് ഉപകരണങ്ങളുടെ ബോക്‌സ് പായ്കുകള്‍ ഉണ്ട്. മൂന്ന് നാല് ബോക്സുകളുമായി ഒരാള്‍ ഉടനെ തന്നെ മടങ്ങി എത്തി.
ആത്മവിശ്വാസത്തോടെ അര്‍ചീസ് തന്റെ പ്രാക്ടികല്‍ സ്‌കില്‍സ് പുറത്തെടുത്തു. മരിച്ച സൈനികന്റെ ഡീറ്റെയില്‍സ് ചോദിച്ചു. ചാര്‍ജുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍ ഒരു ഫയല്‍ നീട്ടി.
നെയിം – ഹവീല്‍ദാര്‍ പ്രസാദ് വേലായുധന്‍ ഇരുമ്പശേരിയില്‍.
ഏജ് – 24
അഡ്രസ്സ്- ദര്‍ശന, പെരുമണ്‍, കൊല്ലം.
ഫയലില്‍ ഗൗരവമുള്ള മുഖഭാവത്തോടെ ഒരു ഫോട്ടോ. എംബാം ടേബിളില്‍ തന്റെ കൈപ്പാടകലെയുള്ള ആ മുഖത്തേക്ക് അപ്പോൾ അവൾ അറിയാതെ നോക്കിപ്പോയി … രണ്ട് മുഖത്തിനും കാര്യമായ വ്യത്യാസം ഉണ്ടെന്ന ഒരു തോന്നൽ. എന്നാല്‍, ഫോട്ടോ കണ്ടിട്ട് പരിചയമുള്ള ആരുടേയോ മുഖച്ഛായ തോന്നി.
നിരവധി മുഖങ്ങള്‍ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകളിലൂടെ കടന്നു പോയി. ചില വാട്‌സ്ആപ് ഡി പി മുഖങ്ങളും.. എവിടെയോ ഒന്നില്‍ ഉടക്കി. മൊബൈല്‍ എടുത്ത് പരിശോധിച്ചു. ഫെയ്‌സ്ബുക്കിലെ മുവ്വായിരത്തോളം ഫ്രണ്ട്‌സുകള്‍.. അതൊന്നും നോക്കാന്‍ സമയമില്ല. സ്‌ക്രീനില്‍ സ്‌ക്രോള്‍ ചെയ്യുന്നതിനിടിയില്‍ വിരല്‍ ഉടക്കി നിന്ന ഒരിടത്തേക്ക് നോക്കി. ബെഥേനി ഹൈസ്‌കൂള്‍ ടെന്‍ത് ബി അലുമിനി .. അതിലൂടെ വിരലുകള്‍ പാഞ്ഞു. ഒടുവില്‍ ഒരു മുഖം.. ഇരുമ്പശേരിയിൽ വേലായുധൻ പ്രസാദ്, വായിച്ചാൽ പെട്ടെന്ന് മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു പട്ടാള റെജിമെൻ്റിൻ്റെ വിലാസവും നൽകിയിട്ടുണ്ട് . അര്‍ച്ചീസിന്റെ വായില്‍ അറിയാതെ പ്രസാദിൻ്റെ പേര് ശബ്ദ രൂപം പൂണ്ട് പുറത്തേക്ക് വന്നു. ഒരു നിമിഷം എംബാം ടേബിളിലെ ആ തലയുടെ മുഖമുള്ള വശത്തേക്ക് അര്‍ച്ചീസ് മെല്ലെ.. നടന്നു .. പ്രസാദ്… നീയോ ..?
പൊടുന്നനെ അവന്റെ കണ്ണുകള്‍ തുറന്നു.
“യേസ്. അര്‍ച്ചീസ് നിനക്ക് ഇതുവരെ എന്നെ തിരിച്ചറിയാനായില്ലേ.. ?”
ചെറിയ ഞെട്ടലോടെയായിരുന്നു അര്‍ച്ചീസ് ആ ശബ്ദം ശ്രവിച്ചത്. അല്ല.. അത് തന്റെ തോന്നല്‍ മാത്രമാണ്. അവന് സംസാരിക്കാനാവില്ല. ഉടലില്ലാത്തവനായി അവന്‍ എന്റെ മുന്നില്‍ അവസാനയാത്രയില്‍..
ബഥേനിയിൽ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉച്ചഭക്ഷണം പങ്കിട്ട് കഴിച്ചവരാണ്. പലപ്പോഴും അവന്‍ കൈയ്യും വീശിയാണ് വരാറ്. പാഠപുസ്തകമോ ചോറ്റുപാത്രമോ ഇല്ലാതെ. അച്ഛനും അമ്മയും കൂലിപ്പണിക്കാരാണെന്ന് അവന്‍ പറഞ്ഞത് ഇന്നും ഓര്‍മയിലുണ്ട്. ചോറ്റുപാത്രത്തിലെ ഭക്ഷണം പങ്കിട്ട് കഴിച്ച ഒരു ദിവസം സിസ്റ്റര്‍ വന്ന് വഴക്കു പറഞ്ഞതും ആണും പെണ്ണും ഇങ്ങിനെ ഒറ്റയ്ക്ക് ഇരിക്കരുത്. മറ്റുള്ളവരുടെ കൂടെ പോയി ഇരിക്ക് എന്ന് വഴക്കു പറഞ്ഞ് ഓടിച്ചുവിട്ടതും… അര്‍ച്ചീസിന്റെ ഓര്‍മകളിലെ സ്‌ക്രീനില്‍ ഫ്‌ളാഷ്ബാക് ദൃശ്യങ്ങള്‍ ഓടി മറഞ്ഞു.
” Did you finish .? why scrolling dammned bloody reels.” ഉച്ചത്തിലുള്ള ശബ്ദം കേട്ട് അര്‍ച്ചീസ് ഞെട്ടി.
” you ladies do not finish it fast..do fast …”
ഗൗരവഭാവത്തില്‍ നോക്കിയ ശേഷം ആ ഉദ്യോഗസ്ഥന്‍ നടന്നു നീങ്ങി.
ഇതിന്നിടയില്‍ ഒരിക്കല്‍ കൂടി അര്‍ച്ചീസ് ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ തിരഞ്ഞു. തന്റെ ടൈം ലൈനില്‍ ഒരു പോസ്റ്റ്.. മെയ് 10 ന് .. അതായത്. പത്തു ദിവസം മുമ്പ് ഒരു സന്ദേശം പ്രസാദിന്റേതാണ്.
ഹലോ. അര്‍ച്ചീസ്, അറിയുമോ..? ഓര്‍മയുണ്ടോ ഈ മുഖം. ? ചിരിക്കുന്ന ഒരു ഇമോജിയും…
ഛെ.. താനെന്താണ് ഇത് മിസ് ഔട്ട് ചെയ്തത്. വിടപറയും മുമ്പ് അവസാനമായി ഒരു ബൈ .. പ്രസാദ്. എനിക്കിപ്പോള്‍ ഒന്നും ചെയ്യാനാവുന്നില്ല. ഓർക്കാനല്ല .. ഒരിക്കലും മറക്കാൻ കഴിയില്ല ഇനി ഈ മുഖം ..അന്ന് ചോറ് പങ്കിട്ടു തന്ന ഈ കൈകള്‍ കൊണ്ട് നിന്റെ ഉടലില്ലാത്ത ശരീരത്തിന് ഒരു ഡമ്മി ഉടല്‍ നല്‍കുന്നു. എന്തൊരു ദുര്യോഗമാണിത്.
വീണ്ടും ബുട്ടുകളുടെ ശബ്ദം വരാന്തയില്‍ മുഴങ്ങി.
ഏതോ ഒരു ഉറവിടത്തിൽ നിന്ന് ഊര്‍ജ്ജം ലഭിച്ചതു പോലെ അര്‍ച്ചിസ് ഹാര്‍ഡുബോര്‍ഡുകളെ തലങ്ങും വിലങ്ങും വെട്ടിയിട്ടു. ഇടയ്ക്ക് ഫയലിലെ ചില വിവരങ്ങള്‍ നോക്കി. ഉയരം 186 സെമി. ശരിയാണ്.
അവന്‍ ബെഥേനിയിലെ ബെസ്റ്റ് ബാസ്‌ക്കറ്റ് ബോള്‍ പ്ലെയറായിരുന്നു. എസ് എന്‍ കോളേജിലും യൂണിവേഴ്‌സിറ്റിയിലും ടീമംഗമായിരുന്നു. തിരുവനനന്തപുരത്ത് വനിതാ കോളേജില്‍ മൈക്രോബയോളജി പഠനത്തിന് താൻ ചേര്‍ന്ന ശേഷം പ്രസാദിനെ കോണ്‍ടാക്ട് ചെയ്യാനായിട്ടില്ല. പിന്നീട് മോര്‍ചറി സയന്‍സ് പഠിക്കാന്‍ യുകെയിലേക്ക് പോയതോടെ പലരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. പ്രസാദ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ മിലിട്ടറിയില്‍ കയറിയതായി ആരോ പറഞ്ഞ് കേട്ടിരുന്നു. ബിസിനസ് തിരക്കുകള്‍ക്കിടയില്‍ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ അധികം കയറി നിരങ്ങാറില്ല. അവധി ദിവസങ്ങളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ടിലുള്ള പലരുമായുള്ള ചാറ്റിംഗ് ഉണ്ടെങ്കിലും അലുമ്നി ഗ്രൂപ്പുകളിലേക്ക് പോകാറെയില്ല. രാഷ്ട്രീയം. മതം ഒക്കെയാണ് അവിടെ അരങ്ങ് തകര്‍ക്കുന്നത്. ഫോര്‍വേര്‍ഡുകളും വ്യാജവാര്‍ത്തകളും. ഇതൊന്നുമില്ലാതിരുന്നുവെങ്കില്‍ ഒരു പക്ഷേ, അലുമ്നി ഗ്രൂപ്പില്‍ താനും സജീവമായേനെ.. ടൈം ലൈനുകളില്‍ സൗഹൃദ സന്ദേശങ്ങള്‍ മാത്രമായിരുന്നുവെങ്കിലും പ്രസാദിന്റെ “ഹലോ..” താന്‍ കാണുമായിരുന്നു. അര്‍ച്ചീസ് നെടുവീര്‍പ്പിട്ടു.
അധിക സമയം എടുത്തില്ല. ഇരുപതു മിനിട്ടിനുള്ളില്‍ ഹാര്‍ഡ് ബോര്‍ഡും തുണിയും കൊണ്ട് തീര്‍ത്ത ഡമ്മി റെഡിയായി. വീണ്ടും രണ്ട് ഉദ്യോഗസ്ഥര്‍ എത്തി പിന്നാലെ പ്രവീണ്‍ ശങ്കറും.
“Time is over ” പ്രവീൺ ശങ്കറാണ് മുന്നിൽ ..
ബോഡി എന്നു മാത്രമല്ലേ.. പറഞ്ഞുള്ളു. ഉടല്‍ ഇല്ലായിരുന്നുവെന്നത് മെയിലില്‍ ഉണ്ടായിരുന്നില്ല..അതാണ് അലപ്ം വൈകാന്‍ കാരണം..
“Okay..Okay..now finish it.”
യൂണിഫോം. ബൂട്‌സ്. അര്‍ച്ചീസ് ആവശ്യപ്പെട്ടു.
ഒരു ഉദ്യോഗസ്ഥന്‍ വന്ന് ഷെല്‍ഫില്‍ നിന്ന് യൂണിഫോം, ബാഡ്ജ്, മെഡലുകള്‍ തോളില്‍ വയ്ക്കുന്ന ഷോള്‍ഡര്‍ സ്ലീവ് ഇന്‍ഗ്നിയ എല്ലാം തന്നു.
ഡെമ്മി ബോഡിയില്‍ എല്ലാം അണിയിച്ചു. മറ്റ് രണ്ട് ഉദ്യോഗസ്ഥരും സഹായത്തിന് കൂടി. അവസാനമായി പെട്ടി കൊണ്ടുവന്നു വെച്ചു. അതിനുള്ളിലേക്ക് ഡെമ്മിയും വെച്ചു.
പ്രവീണ്‍ ശങ്കര്‍ എംബാം ടേബിളിന്റെ മുകളില്‍ ഇരിക്കുന്ന തലയിലേക്ക് ചൂണ്ടി പറഞ്ഞു.
” Fix it “
അര്‍ച്ചീസ് കൈയ്യുറകള്‍ ഇട്ട്.. പ്രസാദിന്റെ തലയില്‍ കൈവെച്ചു. ആ മുഖത്തേക്ക് ഒരുവട്ടം കൂടി നോക്കി. നിര്‍വികാരയായി… പെട്ടിയിലേക്ക് തലവെച്ചു. ഡമ്മിയുടെ ഭാഗവും തലയുടെ ഭാഗവും ചേര്‍ത്ത് മള്‍ട്ടി പര്‍പസ് ഇന്‍സ്റ്റന്റ് സൂപര്‍ ഗ്ലൂ ചേര്‍ത്തു.
കണ്ണുകളില്‍ ചെറിയ നനവ് അനുഭവപ്പെട്ടു. പ്രസാദിന്റെ ചേതനയറ്റ മുഖത്തേക്ക് അതു പടർന്നു .
“Done .remaing is national flag ” അര്‍ച്ചീസ് ഇടറിയ ശബ്ദത്തിൽ പറഞ്ഞു. ഒരു ആര്‍മി ഉദ്യോഗസ്ഥന്‍ ശവപ്പെട്ടിയുടെ പുറത്ത് ഒരു സ്റ്റിക്കര്‍ ഒട്ടിച്ചു.
‘Do not open the coffin cover. Face can be visible through the transparent glass portion. Burial with coffin only’
” Thank you .invoice will follow..” പ്രവീണ്‍ ശങ്കര്‍ പറഞ്ഞു.
അര്‍ച്ചീസ് അയാളുടെ മുഖത്തേക്ക് നിസ്സംഗതയോടെ നോക്കി വിസിറ്റേഴ്‌സ് പാര്‍ക്കിംഗ് ലക്ഷ്യമാക്കി അലസമായി നടന്നു.














