
ഒരു വാക്കൊരു ശലഭക്കൂട്ടിൽ
സ്ഫടികം പോൽ മിന്നീടുമ്പോൾ
വിടരുന്നൊരു കനവിൻ പൂവ്
കൊഴിയുന്നത് കണ്ടു വേനൽ
പറയാതെ പറഞ്ഞൊരു ഭാഷ-
എഴുതി മുഷിഞ്ഞൊടുവിൽ തെറ്റി-
പ്പിരിയുന്നൊരു വഴിസത്രത്തിൻ-
പടിയിലിരുന്നെഴുതീ വേനൽ!
ചിതറുന്നൊരു മഞ്ചാടിത്തരിയത്-
പോലൊരു ഹൃദയശ്രുതിയിൽ
സ്വരമാകെയടർന്നൊരു പാട്ടിൻ
വ്യഥയിൽ ചോന്നുരുകീ വേനൽ
മണലെഴുതും തീരക്കാറ്റിൽ-
വെയിലേറ്റ് തളർന്നൊരു കടലിൽ
പലകാലക്കഥയുടെ തോണി-
ഒഴുകുന്നത് കണ്ടൂ വേനൽ!
വഴിപിരിയൽ, വാക്കേറ്റങ്ങൾ
ഇലകൾ മൃദുഹസിതം മുന്നിൽ
വൻകാറ്റുകൾ, അഗ്നിപ്പുരകൾ
എല്ലാമൊരു മൗനസ്ഥലിയായ്
അറിയാത്തൊരു ലിപിയായൊടുവിൽ-
കടലാസിൽ മഷി പടരുമ്പോൾ,
ചിറകറ്റൊരു പക്ഷി കണക്കെ-
മലമുകളിലിരുന്നു വേനൽ!
ഹൃദയം കൊണ്ടെഴുതുംനേരം-
ചുടുരക്തത്തുള്ളികൾ പൊള്ളി,
മനസ്സേറ്റിയ ലിപികൾ മുഴുവൻ-
മുറിവായി, മുൾമുനയായി..
എഴുതുമ്പോഴൊരു ഭാഷയ്ക്കും
പറയേണ്ടത് തെളിയുന്നില്ല..
അതിനാലൊരു മൗനക്കൂട്ടിൽ-
തപസ്സേറ്റിയിരുന്നു വേനൽ!









