നിനക്കുളള ഞാനാവാൻ

അനന്തവിഹായസ്സിൽ നിന്നും
പറന്നെത്തിയ പപ്പപ്പക്ഷി —
പക്ഷിച്ചിറകുകൾ കൊഴിച്ച്,
കൊക്കുകൾ ഉരച്ച് തള്ളി,

ഓർമകൾക്കും
യാഥാർത്ഥ്യത്തിനുമിടയിൽ,
മറന്നുപോയ അക്കങ്ങൾക്കും
അക്ഷരങ്ങൾക്കുമിടയിൽ,
നിസംഗനായയാൾ ചിന്തിച്ചു —

“ഞാനെത്ര തോറ്റുപോയൊരു പപ്പയാണ് “

പക്ഷേ ഞാൻ —
മനുഷ്യനിൽ നിന്നും
പക്ഷിയിലേയ്ക്കുള്ള ചിറകേറ്റിലൂടെയും,
ഭൂമിയിൽ നിന്നും
ആകാശത്തിലേയ്ക്കുള്ള
സഞ്ചാരത്തിലൂടെയും,

നേടിയ അനുഭവങ്ങളിൽ നിന്നും —
ഒരു പുതിയ ഭാഷയിൽ,
ഒരു പുതിയ ചിന്തയിൽ,
ഒരു പുതിയ പപ്പയെ
സൃഷ്ടിച്ചെടുക്കുവാൻ ശ്രമിക്കുന്നു —

“നിനക്കുള്ള ഞാനാവാൻ വേണ്ടി മാത്രം “

വാക്കുകൾ പൂക്കും
മൗനവസന്തങ്ങളിൽ
ഞാൻ പുതുപിറവിയാവുകിൽ
നീ മാത്രമാണതിൻ ആകാശവും ഭൂമിയും.

ചാലക്കുടി, കൊമ്പൊടിഞ്ഞാമാക്കൽ സ്വദേശി . എക്സൈസ് പ്രിവന്റീവ് ഓഫീസറാണ്. രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളുൽ കവിതകൾ എഴുതുന്നു