വീട് വിളിക്കുമ്പോൾ

ചുറ്റുവട്ടമാകെ
മൂടുന്ന
കളകളാൽ
കാറ്റ് തല്ലിക്കൊഴിക്കുന്ന
കരിയിലകളാൽ
ഓർമ്മകൾ
മൂടിപ്പുതച്ചുറങ്ങുന്ന
മുറികളാൽ
സ്വപ്‌നങ്ങൾ കൊണ്ട്
തുന്നിയ
ദാഹമോഹങ്ങളാൽ
പൊള്ളുന്ന കുളിരിനാൽ
വീട് പിന്നെയും
വിളിക്കുന്നു.

ഞാൻ തന്ന
സ്വർണ്ണവളകൾ
ഊരിയെറിഞ്ഞിട്ടും
ഞാൻ കിനാവിനാൽ
ചാലിച്ച
മഴവിൽ പൊട്ടുകൾ
മായ്ച്ചിട്ടും
എനിക്കിപ്പോഴും
നിന്നെ ഏറെയിഷ്ടമാണ്.

എന്നെന്നും
എന്നെ ഞാനാക്കാൻ
ഒരു ഗന്ധർവ്വൻ
സമ്മാനിച്ച
കനവിന്റെ
പട്ടു തൂവാലയിലെ
ചിത്രവർണ്ണങ്ങളും
ഒളി മങ്ങാത്ത
സ്നേഹാക്ഷരങ്ങളും
അവനായി
നീ പാതി തുറന്നിട്ട
പടിവാതിലുമുണ്ടല്ലോ

കോട്ടയം ജില്ലയിലെ മേവെള്ളുർ സ്വദേശിനി. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്. 'സംശയങ്ങളിൽ ആഞ്ചല മേരി ഇങ്ങനെ' എന്ന ചെറുകഥയ്ക്കു 2014 ലെ വനിത ചെറുകഥ അവാർഡ്, 2017 ലെ കേരള കലാകേന്ദ്രം കമല സുരയ്യ പുരസ്കാരം, 2018.ലെ ദേവകി വാര്യർ സ്മാരക പുരസ്കാരം ഇവ ലഭിച്ചു. വിവിധ പ്രസാധകർക്കായ് പരിഭാഷകൾ ചെയ്യുന്നു.