അജാമിള മോക്ഷം

വരമ്പിൽ
മൃതിയിലമ്പേ
തോറ്റു പോയൊരു
കൃഷിക്കാരന്റെ മുഖംമൂടി.
കണ്ണെത്താ ദൂരത്തോളം
പടർന്ന പതിര്
നരച്ച സടപോൽ ജടിലം.

തിളങ്ങും കണ്ണുകളിൽ
തൂവിത്തെറിക്കും നട്ടുച്ച
മേലാകെ ഉതിരും
നെൽമണിത്തിളക്കം.
ദിവാസ്വപ്നം കണ്ടപോൽ
പൊള്ളുന്നു, മണ്ണിൻ
തൊണ്ടയിൽ പൂണ്ട വേര്.

കഠിന വാർദ്ധക്യ കാലം –
ദുഷ്കരം.
സ്വസ്ഥമായി കൃഷിക്കാരൻ
അജാമിള-
മരണ മോക്ഷത്തിൻ
വ്യാകരണ പാഠം പഠിക്കയായ്.

ഉരുണ്ട ഭൂമി
ശരശയ്യയിൽ
കിടന്നൽപ്പം ജലം
കേണൊരു തലയോട്ടി.

വയലിനക്കരെ
തളർന്ന് വീഴും പക്ഷി
ജടായുമന്ത്രം ചൊല്ലി
തിരയുന്നു കൊഴിഞ്ഞ പത്രങ്ങൾ.

വ്യാകുലം
മണ്ണിലാഴ്ന്നിറങ്ങും
കോമ്പല്ലുകൾ.

പ്രളയം മുക്കിക്കൊന്ന
ഭൂമിയുടെ
അപസ്മാരമാണ്
വേനലിൽ കാണുന്ന
സ്വപ്നത്തിൽ.

കണ്ണൂർ സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്.