​ശിലാസനം

കാറ്റിൽ വിറകൊള്ളും
കവുങ്ങിൻ പൂക്കുല കയ്യിലേന്തി,
മലമേൽ തുള്ളിയുറയും
പടിഞ്ഞാറേ സൂര്യൻ, താഴെ;
അന്തിനേരം പൊയ്കയിലാരോ
ചന്തത്തിൽ കോറിയ
സർപ്പക്കളങ്ങൾ മായ്ക്കുന്നു.

​നറുവെണ്ണിലാവിൻ
നൂറും പാലും നക്കിക്കുടിച്ച്,
നെടുകെപ്പിളർന്ന നാവുമായിരുട്ട്
ഉരഗവേഗത്തിൽ ജലച്ചുഴിക്ക് കീഴെ
പുളഞ്ഞിറങ്ങിയലസം
വിഷ്ണുതല്പമായ് ചുറ്റിക്കിടക്കവേ,
തെളിഞ്ഞ നീർപ്പൊയ്കതൻ
അരക്കെട്ടിൽ പോറിയ
പന്നഗപ്പല്ലുപോൽ ചന്ദ്രക്കലയൊന്നു നീറി.

​തിരുവാതിരക്കുളി കഴിഞ്ഞീറൻ
ക്ലാവുടുത്ത് പടവിലിരിക്കും
കൽപ്രതിമ ഞാൻ; പൊടുന്നനെ
മുൻപിൽ കൺകെട്ടുകാഴ്ച:
​നീലപ്പൊയ്ക, നാരായണനായ്
തോന്നിയിരുട്ടിൽ
അവനുടെ നാഭിച്ചുഴിയിൽ
താമരവള്ളികൾ പൂക്കുന്നു.
നാരായണി;
ഏറിയ നാണത്താലിളകും
ചെറുതോണി, അവൾ
പങ്കായക്കയ്യാലിരു കണ്ണുംപൊത്തി,
ഉടലാ,ലവനെ കെട്ടുപിണഞ്ഞ്
തിരുമാറത്ത്
തിളങ്ങിയിരുട്ടിൽ
പ്രേമത്തിൻ കൗസ്തുഭമായ്.

അധോമുഖ ശയനമായി
ആയിരം കണ്ണടച്ചി,രുളാം ആദിശേഷൻ
ലജ്ജാവതിപോൽ
ചിലന്തികൾ നെയ്തൊരു
വെള്ളിനിലാവിൻ വീശുവല
പുതച്ചഴകിൽ, ഉടലാകെ.

​പാതിയുറക്കത്തിൽ
പൊയ്‌കിനാവിൻ മായിക ലോകത്ത്
ആമോദ,ക്കൊടിക്കൂറ പാറിച്ചെൻ
മനക്കോട്ട ഉയരവേ,
ഉളിപോലുയർന്നൊരദൃശ്യക്കരം
തൊട്ടു; നിറുകയിൽ
പെരുന്തച്ചനോ?
അകാലത്തിലുറച്ചുപോയെൻ
ശിലാവ്യഥയ്ക്കന്ത്യമായ്.

ഞാനുണർന്നൂ ശ്രീകോവിലിൽ
സിന്ദൂരാരുണ വിഗ്രഹമായ്.
ഞാനായി ശ്രീമത്സിംഹാസനേശ്വരി;
ഞാനായി ത്രിപുര സുന്ദരി.
​മൃത്യുഞ്ജയ,
*നരക,പ്പഴത്തിനുള്ളിൽ
മൃതിപ്പെട്ടു
മൃത്യുദാഹത്തിൻ കൃമികീടജന്മം.

​തിമിർത്തു പെയ്യുന്നു
ഇളകിയാർക്കും
പൊയ്കയിൽ രാമഴ.
മഥനമായ് മലമേലെ പൊങ്ങി
കൽക്കണ്ടംപോൽ അമ്പിളിച്ചന്തം.

​സ്വപ്നത്തിൽ
നിലാമഴ
ഇറ്റിയിറ്റി വീണി,രട്ടിച്ചു നാവിൽ
തൃമധുര,ക്കൂമ്പാരം.

​”ഞാനഹോ
കൃതാർത്ഥയായേൻ ജഗന്നാഥ!
നിന്നെക്കാണായ്
വന്നതുമൂലമത്രയുമല്ല ചൊല്ലാം.
പത്മജരുദ്രാദികളാലപേക്ഷിതം പാദ-
പത്മസംലഗ്നപാംസുലേശമിന്നെനിക്കല്ലോ”
(അഹല്യാസ്തുതി)

*പരീക്ഷിത്ത് രാജാവിന്റെ മരണം.

കണ്ണൂർ സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്.