
ഇക്കൊല്ലം ഓണത്തിന്
ജാതിപ്പൂക്കളം
പിന്നെയോ സദ്യയിൽ
മത പ്രഥമൻ
വെള്ളരിച്ചോറിൻ്റെ
പ്രമേഹ പത്തായങ്ങൾ
ഉപ്പും പുളിയുമില്ലാത്ത ചോന്ന
എരിവിൻ ചവർപ്പുകൾ
തോരനിൽ സ്നേഹമില്ലാ
കടുകിൻ പൊട്ടിത്തെറി
കൂട്ടുക്കറിയിൽ ചീഞ്ഞ
തക്കാളി നിഴലുകൾ
അവിയൽപോലെ വർഗ്ഗസിദ്ധാന്ത
ചേരുവയിൽ കുഴഞ്ഞു മറിയുന്ന
ജീവിതം.
അച്ചാറിൻ അച്ചടക്കമില്ലാ
ജനമെന്നോതിയ ചെറുനാരങ്ങാ
രാസത്വരകം.
ഇഞ്ചൻപ്പുള്ളിയിൽ
ഇഞ്ചോടിഞ്ചു അടരാടി മുന്നേറും
യുവതയുടെ നവപുഞ്ചിരി
മധുരം
ഓലനിൽ ഉലയാത്ത
ചിലആത്മബന്ധ വെളുപ്പ്
മോരുക്കറിയിൽ മഞ്ഞപ്പട്ടണിഞ്ഞ
ഗുരുവിനോർമ്മകൾ.
തൂശനിൽ ഒരുകോണിൽ
കണ്ണീരിൻ ഉപ്പുചേർക്കാൻ
കാലം കാത്തുനിൽക്കുന്നു.
കായവറവിന് ചില്ലറയില്ലാ
ബാല്യം മുടന്തുന്നു.
പപ്പടം ഉടയുമ്പോൾ
പുത്തൻ ഉടുപ്പില്ലാതെ
ഞാൻ കാത്തിരിപ്പിലാണ്.
നീറുന്ന കൊണ്ടാട്ടംകൊണ്ടിപ്പോൾ
വാക്കും നാക്കും പൊളളുന്നു.
വെള്ളമിറക്കാനാവാതെ
തൊണ്ടയിൽ തടയുന്ന
കവിത
മുറ്റത്ത് തൃക്കാക്കരയപ്പൻ്റെ
ചുറ്റിലും വാടിയ വാഴയിലയിൽ
തുമ്പപൂവിൻ തണുത്ത ദേഹം.
ഓട്ടടത്തിന്ന ബാല്യത്തിൻ
ഊഞ്ഞാൽപ്പാട്ടുകൾ
മഴയിൽ മറഞ്ഞുപോകുന്നു.
മർമ്മരമോതുന്നകാറ്റേ
മാവേലിയ്ക്കൊപ്പം ലോകത്തെയും
കാത്തുകൊള്ളുക ഇമവെട്ടാതെ….നീ








