നഗരരാത്രികൾ

ആകസ്മിക സൗഹൃദങ്ങൾചേരും നഗര
ചത്വരങ്ങൾ, പലയിടങ്ങളൊരേമുഖങ്ങൾ
ശബ്ദമുഖരിതം, സായന്തനക്കാഴ്ചകൾ
ആലക്തികദീപസൗധങ്ങൾ, വാണിഭങ്ങൾ

അരണ്ടവെട്ടം പതയും പളുങ്ക്പാത്രങ്ങളിൽ
സങ്കടം പങ്കുവെക്കാനെത്തും പരിചിതർ
പാട്ടും കവിതയും കൊട്ടുമായിരിക്കവേ
സുഖ സമത്വസുന്ദരം, നഗര സന്ധ്യകൾ

ആത്മസംഘർഷങ്ങളിറക്കിവെക്കുവാൻ
പരസ്പരമത്താണികളവർ നിതാന്തമായ്‌
സഹജീവികളേൽപ്പിച്ച വാഗ്ക്ഷതങ്ങളിൽ
സ്നേഹലേപനമായ് സാന്ത്വനമേകുവോർ

കാടകങ്ങളെത്തുമ്പോൾകാണുന്നതോരോ
മരവുംതമ്മിൽവേരുകൾപുല്കുന്നമണ്ണിനെ
സൗഹൃദത്തിന്റെമൺചെരാതുക്കളിൽ
തമ്മിൽനെയ്തിരിതെളിയിക്കുംരാത്രിക ൾ

നിശബ്ദമായ്‌ ദൂരെമാറിയിരിപ്പുണ്ട് ചിലർ
അലസവേഷം,തിരസ്കൃതരെന്നപോൽ
അയവിറക്കുകയാവുമോർമ്മയിലെന്നും
നോവ്നീറ്റും വ്രണിതജീവിതസ്മരണകൾ

നഗരമെപ്പോഴും തിരക്കിലാണ്, ചന്തകൾ
വില്പനക്ക് വെച്ച കെട്ടുകാഴ്ചകൾ ചുറ്റിലും
പരസ്യബോർഡുകൾ, പലനിറങ്ങളിൽ
പലിശയില്ലാക്കടങ്ങൾ, വിലയിളവുകൾ

പാതിരാവിലിരിപ്പിടങ്ങളിൽ ചുരുണ്ടവർ
യാചകർ, സമനിലതെറ്റിയോർ ലഹരിയിൽ
ബോധനിലാവസ്തമിച്ചവർ, വഴിപിഴച്ചവർ
തെരുവ്പട്ടികൾ, നഗരരാത്രിയും ഞാനും

നിലാവസ്തമിച്ചു രാക്കിനാപ്പക്ഷികൾ
ചിറകൊതുക്കി ശോണരശ്മികൾ പരന്നു
തലചായ്‌ച്ചവർ പാതിരാകഴിഞ്ഞെണീറ്റു
രാജപാതകൾ തനിയാവർത്തനം തുടങ്ങി

നഗരമാരെയും പരിഗണിക്കാത്ത സാഗരം
താണുമുയർന്നും വൻതിരകൾ ജനസഞ്ചയം
ചുഴി, കാണാക്കയങ്ങൾ വൻസൗധങ്ങളിൽ
അഗാധശാന്തമാമധോലോകങ്ങളപ്പുറം.

നഗരമേവിട വീണ്ടുമെത്തുംവരെ, വഴിയിൽ
പാഥേയമില്ലാത്തയാത്രികൻ, പകലിന്റെ
ഉഷ്ണജീവിതവുംപേറി വണ്ടികയറുന്നു  
രാത്രി, നഗരചത്വരങ്ങൾ കാത്തിരിക്കുന്നു.

വടകര,ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ ആണ്.