സ്ലീപ്‌ പരാലിസിസ്

ആശുപത്രി-
ക്കിടക്കയിലാണെന്ന് തോന്നി.
രണ്ടാംനാളും
തളരും നീണ്ട-
പാതിയുറക്കത്തിലൊരു നിഴൽ
കണ്ടപോലെ
ചില്ലുവാതുക്കലാരോ.

മുഷിഞ്ഞ
ഉടുമുണ്ട് പോലഴിയും
സ്വപ്നത്തിലകപ്പെട്ട്
നിശബ്ദമായ് അലറി
ദിശതെറ്റിയിരുട്ടിൽ
സുദീർഘയാത്രയായ്.

ആകാശത്ത്
ചാരുബെഞ്ചിലിരുന്ന്
മറ്റൊരാകാശം നോക്കുമ്പോലെ
മറ്റൊരു നക്ഷത്രത്തോട്
കണ്ണിറുക്കുംപോലെ,
ഇമ ചിമ്മിത്തുറന്നോടാൻ
വെമ്പിപ്പിടഞ്ഞേറെ നേരം.

പ്രാണനിലാരോ
അജ്ഞാതക്കരം മുറുക്കി
തൊണ്ടയിൽ കല്ലിച്ചു രക്തം
നീലകണ്ഠനായി.

അക്കരെ, കടക്കുമാറ്റുവഞ്ചിതൻ-
അമ്പിളിത്തുഞ്ചത്തിരുന്നൊരു
താരകക്കുട്ടി
സ്വപ്നത്തിൽ
കടിച്ചുതിന്നുന്നിരുട്ടിൻ കരിപ്പെട്ടി.

ശരീരം
വിത്തുകുത്തിയ പത്തായം,
ചിതല് മേഞ്ഞ വിറകായി.
സ്വപ്നത്തിൻ പാടമോ,
വാനം കണക്കെ
മണ്ടുന്നു അനാഥം.

ചുടുകാടോ ആശുപത്രി?
അജ്ഞാതക്കരം വീണ്ടും
തുരപ്പനെപ്പോൽ
തുരങ്കംവയ്ക്കുന്ന നെഞ്ചിൽ
ഒളിച്ചിരിക്കുന്നു
അവസാന തുടിപ്പിൻ നെൽമണി.

പാതിയുറക്കത്തിൽ കണ്ടു,
ജനാലച്ചില്ല് കൊത്തിപ്പൊളിച്ച്
പറന്നുവന്നൊരു മാലാഖ.
ഉടലിൽ ഉയിരിൻ നീണ്ട
തേർവാഴ്ചയായ്
സൂചി കുത്തിക്കയറ്റി,
സ്നേഹദ്രാവകമായ്
ചെഞ്ചോരയൊഴുകി, അനർഗളം.

സ്വപ്നത്തിൽ
ചുടുകാട്ടിൽ
പണിഞ്ഞു ശില്പിയൊരു
ബുദ്ധവിഹാരം.
ചുടുചാര, മധ്യേയിരിക്കും ശൂലി-
ശാന്ത, കരുമാടിയായ്.

ആശുപത്രിക്കട്ടിലിൻ
അടിവാരത്ത്
പങ്കായം തപ്പുന്നു സ്വപ്നത്തിൽ.
പൊടുന്നനെയൊരു
കൊള്ളിമീൻ വധിച്ചു
അമ്പിളിത്തുഞ്ചത്തിരിക്കും
താരകക്കുട്ടിയെ.

സങ്കടം,
ഫിൽറ്റർ കാപ്പിപോലിറ്റി രാവ്
ഉറക്കത്തിൽ
നനച്ചു ഞാൻ ചുണ്ട്,
നാവിലിത്തിരി കരിപ്പെട്ടി മധുരം.

കണ്ണൂർ സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്.