
പൊങ്ങച്ചം തൊടാത്ത
നിർവൃതിയുടെ കാലം
എത്ര മെല്ലെ….
വർണ്ണച്ചിറകുള്ള പുഴുക്കളായ്..
മൃദുപാദങ്ങൾ വെച്ചു നടന്ന
പുൽപ്പരപ്പുകൾ…
ഇടവഴികൾ….
തണൽമരച്ചോട്;
കല്പനകളിൽ മയങ്ങിയ
നികുഞ്ജം…
കടൽക്കരെ
ആകാശഗഹനതയിലാണ്ടുപോയ
ഉന്മാദികൾ…
തൊട്ടുരുമ്മിച്ചൊല്ലിയ കവിത;
ഉമിനീര് വറ്റിച്ച
കാല്പനികനുണകളുടെ ഛന്ദസ്സ്
കാല്പനികത;
കവി സൃഷ്ടിച്ച കള്ളക്കടൽ;
കാറ്റിന്റെ ഉള്ളാഴങ്ങളിൽ
ഉലഞ്ഞുപോയ അശരീരി…
പൊങ്ങച്ചം
തൊട്ടുതലോടിയുലച്ച കാലം
ഉടലുകളശാന്തം
നെറുകയിൽ
മധ്യാഹ്നസൂര്യന്റെ
അകാല ചുംബനം…
നെടുവീർപ്പ്;
സഹജജ്ഞാനത്താൽ
പടം പൊഴിച്ച സർപ്പ ചേതന
അവർ പിരിഞ്ഞു;
പരവതിയായ്
അവൾ നടന്നു;
പഴയ ഇടവഴി…
അലമുറയിട്ടാടിത്തിമിർത്തു
അധികനാളുകൾ;
ചുമർഘടികാരം….
സുഷുപ്തിയിലാണ്ടു
പ്രണയോന്മാദം…
അവർ പതിപ്പിച്ചു ഇരു
പടിപ്പുരകളിൽ;
കാല്പനികനുണകളിൽ – നിന്നടർത്തിമാറ്റിയ
‘നികുഞ്ജ’ മെന്ന പരികല്പന
അവർ ചൊടിപ്പിച്ചു ദൃസാക്ഷിയെ;
ചക്രവാളത്തെ ചാലിക്കാൻ കരുതിവെച്ച നിറക്കൂട്ട്
വലിച്ചെറിഞ്ഞു ദൈവം
അവർക്കു നേരെ….








