
മുറ്റത്ത്
ഞെട്ടറ്റ് വീണൊരു
നരച്ച പൂവിൻ
മൃതദേഹംപോലൊരു
പുലർവെട്ടം.
കൈക്കുമ്പിളിൽ
കോരിയെടുക്കാൻ പാകത്തിൽ
ഇറയത്തും
തളംകെട്ടിക്കിടപ്പുണ്ട് പുലർവെട്ടം
സ്ഥലജലവിഭ്രമം.
കാറ്റിൽ
മരച്ചില്ലയിൽ ഞാന്ന് കിടന്നാടി
പുലർവെട്ടച്ചേല.
പോകപ്പോകെ
കൊടുംകാറ്റിൽ
കീറത്തുണി പോൽ ചീന്തിയത്
കാറ്റിൽ നാനാദിക്കിലേക്കുഴറി.
മുറ്റത്തെ
പനീർക്കൊമ്പിലുടക്കി
പുലർവെട്ടത്തിൻ മുന്താണി.
ഉലയും പാഴ്ച്ചെടി
പൂ, വാണ വീടത്.
ഇറയത്ത്
വൈകുന്നേരമെന്നപോലെ
കൊമ്പിലുമുണ്ട്
ചാത്തനിരിക്കും മാതിരി
മൂവന്തി.
ഉടലാകെ അസ്തമയച്ചോപ്പ്,
ദിശമാറിയുരുളു, ന്നിരുളിലതിൻ
കരിങ്കണ്ണ്.
മുറിയിലെ
ജാലകവാതിൽ കണക്കേ
സൂര്യനെ മറച്ച
പാഴ് മുറം പോലൊരില
നീങ്ങി പാതി.
ആകാശത്തേക്കതിലൂടെ
നോക്കി നിൽപ്പുണ്ട്
പക്വമാർന്ന
മുതിരാത്ത കുട്ടി,
അകാലത്തിലവൻ
കരുവാളിച്ച താരിളം പൂ.
തിണ്ണമേലവൻ കണ്ട
പുലരിവെട്ടം
ആരോ ഉടുത്തുപേക്ഷിച്ച
ശവക്കച്ചയോ
അതോ,
പൊഴിച്ച കണ്ണീരിൻ
സ്ഥലജല വിഭ്രമമോ?
മഴ നനഞ്ഞ പൂപോലെ
കുന്തിച്ചുള്ള ചടഞ്ഞിരിപ്പ്.
ഉള്ളിലൊന്നുമില്ലാത്ത
പള്ള വീർത്ത
വീടാണവന്റെ.
ഗർഭത്തിലേക്ക്
തിരിച്ചു പോയൊരു
വള്ളിയിലെന്ന പോൽ
ചുറ്റിപ്പിടിക്കാൻ വെമ്പും കുട്ടി
ചുരുണ്ട് കിടന്നുറക്കപ്പിച്ചിൽ
പുലമ്പും വാക്ക്
തെറിക്കും വ്യക്തമായ്
“ജനിക്കേണ്ടാര്ന്നു”.
സുദർശന ചക്രമെന്നോ
അരയിലിട്ടവൻ
കറക്കിക്കളിയ്ക്കും
കമ്പിവളയമെന്നോ
മഴവില്ലിൻ സൗരയൂഥമെന്നോ
വെളിച്ചമെന്നോ
ഭ്രമിപ്പിച്ചൊരു ചിലന്തി
അവൻ വാഴും
പാഴ്ച്ചെടിക്കുമേൽ
ചക്രവ്യൂഹം തീർത്തു
അതിരാവിലെ.








