ചിത്രപ്രദർശനം

സുന്ദരം എന്ന
അടിക്കുറിപ്പോടുകൂടിയ ചിത്രം
നിറയെ കറുത്തനിറമായിരുന്നു.

ചിത്രകാരൻ അത് വിശദീകരിക്കുന്നുണ്ട്,
ഇവിടെ പുഴ
ഇത് സൂര്യൻ
ഇതാണ് വയൽ
ഇത് കർഷകൻ
ഇപ്പുറത്ത് തെരുവ്
ശൂന്യമായ കുടിവെള്ള പൈപ്പിലേക്ക്
മുഖം മുട്ടിച്ചുവച്ച ആ തെരുവുബാലൻ
കൊടിനാട്ടിയ ആൽത്തറ.
അങ്ങിനെയങ്ങിനെ…

ചോണനുറുമ്പുപോലെ കടന്നു പോകുന്ന
ആളുകൾ ശ്രദ്ധിക്കുന്നതേയില്ല
ചിത്രം കാണുന്നവർ പരതി നോക്കുന്നുണ്ട്
ചിത്രകാരൻ വാതോരാതെ
സംസാരിച്ചുകൊണ്ടിരിക്കുന്നു.
വിയർക്കുന്നു.
വെള്ളം കുടിക്കുന്നു.

പ്രിയപ്പെട്ട ചിത്രകാരാ !
നീ വരച്ച ചിത്രത്തിലേക്ക്
ഞാനിതാ ഇറങ്ങിപ്പോകുന്നു.
നനഞ്ഞതും വരണ്ടതുമായ
അരികുകളിൽ
ഞാന്നുനിൽക്കുന്ന ചെമ്പരത്തിപ്പൂക്കൾ
കറുത്ത പർദ്ദയണിഞ്ഞിരിക്കുന്ന
നിശാപുഷ്പങ്ങൾ
കരിമേഘങ്ങൾക്കിടയിൽ
പെയ്യാൻ വെമ്പിനിൽക്കുന്ന മഴ
കെട്ടിപുണർന്നുകിടക്കുന്ന ചില്ലകളിൽ
ഇലകളുടെ ശീൽക്കാര ശബ്ദങ്ങൾ
ചിത്രകാരന്റെ വിയർപ്പ് ഇവിടെയൊരു
പുഴയായൊഴുകുന്നു.

പ്രിയപ്പെട്ട ചിത്രകാരാ
ഇറങ്ങിപ്പോയ വേഗത്തിൽ
എനിക്കി ചിത്രത്തിൽനിന്നും
കയറാനാകുന്നില്ലല്ലോ.

തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിൽ ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിൽ കവിതകൾ എഴുതാറുണ്ട്.