ചതുപ്പ്

ചതുപ്പിനാൽ ചുറ്റപ്പെട്ട
തുരുത്തുകളിൽ
ജീവിയ്ക്കുന്ന മനുഷ്യരുണ്ട്
നമുക്കിടയിൽ,

ഇരുട്ടിനതിർത്തിയിൽ
പരസ്പരം മിണ്ടിപറയാൻ
ആരുമില്ലാത്തവർ,
കരയാൻ കണ്ണുനീരില്ലാത്ത,
ചിരിയ്ക്ക് മറുചിരിയില്ലാത്ത,
ജ്വലിയ്ക്കാത്ത മിഴികളിൽ
നിരാശയുടെ ഇത്തിക്കണ്ണികൾ
പടർന്നുപിടിച്ച ജീർണ്ണോദ്യാനങ്ങളിൽ
കാത്തിരിയ്ക്കുന്നവർ,

മഴുവിൻ്റെ
വെട്ടേറ്റചില്ലകളിലെ
കിളിക്കൂട്ടിലെ അമ്മക്കിളിയുടെ
ദയനീയനോട്ടം
അവരുടെച്ചുറ്റിലും
ചൂഴ്ന്നുനിൽക്കും.

വേവിൻ്റെ വേദാന്തം
കുറിച്ചിട്ട കവിതയിൽ
പാപക്കനി കൂട്ടിയിട്ട
ദശാസന്ധിയിലെ
ഉപ്പുകൂനയിൽ
ഉണങ്ങിക്കിടക്കും കയ്ക്കും
കടൽ അവരിലൂടെയൊഴുകും,

ഉദിയ്ക്കാത്ത സൂര്യൻ്റെ
വംശാവലിയിലെ അവസാന
ഇരുട്ടു തളംകെട്ടി നിൽക്കുന്ന
നെഞ്ചിലെ
പാപക്ഷേത്രങ്ങളിൽ ദൈവം
ഉപേക്ഷിച്ചു പോയവർ,

ശിരോലിഖിതങ്ങളിലെ
അക്ഷരം മാഞ്ഞുപോയവരുടെ
കണ്ണുകളിലെ നക്ഷത്രങ്ങൾ
കത്തിതീർന്ന
ചാരംമൂടിയ നട്ടുച്ചകൾ
കടംകൊണ്ടവർ,

സ്മൃതി ഉറവകളിൽ
രാസപ്രതിപ്രവർത്തനത്തിൻ്റെ
ഉണങ്ങി ഉറച്ചുപ്പോയ
നീലിച്ചരാത്രിയുടെ
ഉത്തരത്തിൽ തൂങ്ങിമരിച്ച
ചന്ദ്രികാനിലാവ്
നെഞ്ചേറ്റിയവർ,

കടംകൊണ്ട
ജീവിതത്തിൻ്റെ
എഴുത്താണികൊണ്ട്
കോറി വരച്ച ഭൂപടത്തിൽ
അടയാളപ്പെടുത്താതെ
രംഗമൊഴിഞ്ഞ കാലത്തിൻ്റെ
ചതുരംഗക്കളത്തിൽ
രക്തമിറ്റിച്ചവർ,

മഴയുടെ മിടിപ്പുകളിൽ നിന്ന്
ഒലിച്ചിറങ്ങുന്ന
ഉമിനീരിറക്കാൻ
മറന്നുപോയവർ,

ചോദ്യങ്ങളുമായ് വേടൻമാർ
പുനർജ്ജനിയ്ക്കുമ്പോൾ
പഴയ ചെന്നായ്ക്കൾ
ഓരിയിട്ടുകൊണ്ടേയിരിക്കും…..

തൃശൂർ ജില്ലയിലെ താഴെക്കാട് സ്വദേശി. കേരള പോലീസിൽ നിന്ന് സബ് ഇൻസ്‌പെക്ടറായി വിരമിച്ചു. ആനുക്കാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു. അഭിനയം, കഥ, തിരക്കഥ എന്നിവയിലും താൽപര്യം. പത്തോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ഷോർട്ട്ഫിംലിമുകളിലും 2023ലെ ഇറ്റ്ഫോക്കിന്റെ ഇൻറർനാഷണൽ നാടകോൽസവത്തിലും അഭിനയിച്ചു. രണ്ട് സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി . ആദ്യ കവിതാസമാഹാരം "ബോധിവൃക്ഷച്ചുവട്ടിൽ വീണ പഴുത്തരണ്ടിലകൾ".