അഹല്യ

കൺകോണിനാലൊന്നുഴിഞ്ഞുണർത്തൂ രാമ
ഭൂമിയിൽ ശിലയായ് കിടക്കുമെന്നെ
പേർ വിളിച്ചെന്നെയുണർത്തുക നീയാത്മ
ചൈതന്യമുള്ളിൽ തളിർക്കുവാനായ്.
 
സ്നിഗ്ദ്ധാംഗുലീസ്പർശമേകൂ മഹാമോഹ
പാപശാപത്തിനാൽ മുഗ്ദ്ധയാം ഞാൻ.
ആത്മവിചിന്തനം ചെയ്കയാണായിരം
സംവത്സരങ്ങളായ് കാനനത്തിൽ.
ഞാനഭിശപ്ത പരിശാപഗ്രസ്ത ഹാ
ദേഹദാഹം പൂണ്ട മോഹമുഗ്ദ്ധ
നീ വരൂ ഹേ രമണീയരാമ ചാരു-
പാദരേണുക്കൾ‍ പതിച്ചുപോകാൻ
നിൽ‍ക്കാതരക്ഷണം പോലും വിലോലമാം
കാറ്റുപോലെന്നെക്കടന്നുപോകൂ.
 
പാപം കനത്തുറഞ്ഞൊരു ശ്യാമശിലയായി
മാറിയോൾ ‍ഞാൻ‍ പതിശ്ശാപഗ്രസ്ത
കാമം പൊറാഞ്ഞിന്ദ്രിയോന്മുഖയായ് സുഖ-
ഭോഗങ്ങൾ ‍ തേടിയോൾ രാഗബദ്ധ
ആത്മാഭിരാമ നീയാത്മാവു കാണുവോൻ
നേരറിഞ്ഞീടുകീപാപവൃത്തം
പെണ്ണായ് പിറന്നവൾ ‍ മണ്ണിൽ ‍ വളർന്നവൾ
ഹല്യയാകാൻ മോഹമേറ്റിയോൾ ‍ ഞാൻ ‍
മാരിവിൽ‍ ചന്തം ചികഞ്ഞവൾ‍, പൂഞ്ചിറ-
കോലും ശലഭമായുല്ലസിച്ചോൾ‍,
ആരാണു മന്ത്രച്ചരടുകൾ ‍ കൊണ്ടെന്നെ
ബന്ധിച്ചു കൂരിരുൾ ‍ കൂട്ടിലാക്കി!
 
തന്വി വസുന്ധര ഹല്യയായ് വിത്തേറ്റു
വാങ്ങി സഫലായ് പുഞ്ചിരിക്കെ,
ആരോ നിയോഗിച്ചപോൽ വിതയേറ്റിയോൻ
കൊയ്തെടുത്തിട്ടുമഹല്യയായ് ഞാൻ!
മോഹം, തിരസ്കൃതസ്നേഹം,നിരാസിത-
കാമം തണുത്തു കല്ലായവൾ ഞാൻ.
 
ശാപമല്ലുള്ളിലെ നീറുന്ന ശൈത്യമാ-
ണലിയാത്തശിലയായി മാറ്റിയെന്നെ
സ്നേഹം പനിക്കും വിരൽത്തുമ്പുമോഹിച്ചു
തീർന്നുപോയായിരം വത്സരങ്ങൾ!
തെല്ലുനിന്നെന്നെ ശ്രവിച്ചുപോകൂ രാമ
പാപിയെന്നാലും തപസ്വിനി ഞാൻ
ഇന്നുനിൻ പാദാംഗുലീതാപമേൽക്കയാൽ
കല്ലുപോലും കാമരൂപിയായി!
 
സ്നേഹാഗ്നിയാലിന്നു നീ കരിങ്കല്ലിന്റെ-
യുള്ളിലെ ജീവനെ തൊട്ടുണർത്തി
നാളെ നീ സ്നേഹം തുടിക്കുന്ന നെഞ്ചിനെ
കട്ടിക്കരിങ്കല്ലു പോലെയാക്കി
പാപം ചുമത്തി നിൻ ജന്മപുണ്യത്തിനെ
കാനനമദ്ധ്യേയെറിഞ്ഞുപോകും!
 
സീതയാകട്ടെയഹല്യയാകട്ടേതു
പെണ്ണുമാകട്ടവൾ ‍ പത്നിയാകിൽ
എങ്ങുമൊടുങ്ങാത്ത സംശയക്കണ്ണിലെ-
ക്കല്ലായി കാട്ടിൽ കഴിഞ്ഞിടിണ്ടോൾ?
 
കല്ലിനെ പെണ്ണാക്കി മാറ്റിയപ്പോൾ രാമ
നിന്മനം കല്ലായി മാറിയെന്നോ?
കെട്ടിലും മട്ടിലും മറിയിന്നെത്രയ-
യഹല്യമാർ‍ മേവുന്നു വീടുതോറും!
മോക്ഷദമാം മധുരാംഗുലീസ്പർശവും
കാത്തിരിക്കും ശിലാരൂപിണിമാർ.

മൗനത്തിന്റെ പെണ്ണർഥങ്ങൾ ആദ്യ കവിത സമാഹാരം. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ജോൺ ജോർജ് തോട്ടത്തിൻറെയും ക്ലാരമ്മ ജോർജിന്റെയും മകൾ. സിസ്റ്റർ മേരീ ബനീഞ്ജയുടെ (മേരി ജോൺ തോട്ടം) സഹോദ പുത്രി. കുറവിലങ്ങാട് ദേവമാതാ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്എന്നിവിടങ്ങളിൽ വിദ്യാഭാസം.