സ്വപ്നമേ

സ്വപ്നമേ!
ഉലഞ്ഞുടഞ്ഞെങ്കിലും-
ഇലച്ചീന്തിലിത്തിരി-
പച്ചപ്പിൻ്റെ ശ്വാസമായ്
നീ നിൽക്കുന്നു.

സ്വപ്നമേ, തീക്കാറ്റിലായ്
വീണു പോയെങ്കിൽ പോലും
ഇത്തിരി മഞ്ഞിൻ കണമെപ്പോഴും
സൂക്ഷിച്ചു നീ

ഉലയിൽ ഉമിത്തീയിൽ
പുകയും നേരം
ഒരു മഴക്കാറ്റായ് വന്ന് നീ
തൊട്ട് തൊട്ടിരിക്കുമ്പോൾ

പതിയെ പഠിക്കുന്നു
പാഠങ്ങൾ മുന്നിൽ തന്നെ
പൊഴിഞ്ഞ പൂക്കൾ
വസന്തത്തിൻ്റെ
വാക്യർത്ഥങ്ങൾ!

ഋതുക്കൾ അതേ പോലെ
പല സ്വപ്നങ്ങൾ ചേർത്ത്
പകിട്ടിൽ തുന്നിച്ചേർത്ത
പട്ടുകമ്പളം പോലെ
ഇടയ്ക്കുണ്ടാകാം
വേനൽക്കനലിൻ നെരിപ്പോട്

മഴത്തോറ്റങ്ങൾ കണ്ട
നോവിൻ്റെ ഉരുൾപൊട്ടൽ
യുദ്ധകാണ്ഡങ്ങൾ
പൊട്ടിത്തകരും മേൽക്കൂരകൾ
ദിക്കിനെ കടന്നോടിപ്പോകുന്ന
പലായനം

ഉടഞ്ഞ മൺകൂനകൾ
പൊഴിയും തീഗോളങ്ങളതിലായ്
പൊള്ളിപ്പിളർന്നുരുകും കാല്പാദത്തിൽ
ഭൂമിയെ കണ്ടും, പുതുഭൂപടങ്ങളെ കണ്ടും
യാത്ര പോകുമ്പോൾ നിരാസത്തിൻ്റെ
മേഘങ്ങളിൽ കാറ്റുകൾ പോലും
വീശാൻ മറന്നങ്ങിരിക്കുമ്പോൾ

സ്വപ്നമേ നീ മാത്രമാണുയിരിൽ
തലോടിയുമിത്തിരി-
യാശ്വാസത്തിൻ
പ്രപഞ്ചം വരച്ചങ്ങ്
തൊട്ട് പോയതും വീണ്ടും
മൃദുവായ് ചുംബിച്ചതും..

ഉടവാളേന്തി നെറ്റിത്തടത്തിൽ
ചോരപ്പാടിൻ കദനം വിരിയിച്ച
വെളിച്ചപ്പാടിൻ മുഖം

ഇടവേളകൾ പോലെ കണ്ട്
നീങ്ങുമ്പോൾ സൂര്യ-
മിഴിയെ മറയ്ക്കുന്ന
മേഘഗർജ്ജനം കേട്ടു

പെയ്യുന്നു വീണ്ടും മഴ
കണ്ണുനീരുപ്പിൽ  നിന്ന്
കൺകണ്ട കടലിനെ
കടയും കടക്കോലിൽ
കാളകൂടവും, അമൃതേറ്റുന്ന
കലശവും കാലവേഗവും

കണ്ടുമയങ്ങും യുഗങ്ങളിൽ
കണ്ട് തീരാതെ പുനർജനിയിൽ
ലോകത്തിൻ്റെ കണ്ണിയായ്
ഭൂഗർഭത്തിലുണരും
പുരാണത്തിൽ

അഗ്നിയിൽ, കല്ലിൽ ആരോ
കൊത്തിയ ശില്പങ്ങളിൽ,
മണ്ണിൽ നിന്നാകാശത്തേക്കുയരും
സ്തൂപങ്ങളിൽ

ഉളിയിൽ ഉള്ളംകയ്യിൽ
പൊടിയും രക്തത്തിൻ്റെ
നിറത്തിൽ, നീരാളികൾ
ചുറ്റിയ ഹൃദയത്തിൽ
ഭ്രമവിഭ്രമത്തിൻ്റെ
താളുകളമാവാസി
കടന്നുവരുന്നൊരു
പുലരിത്തോപ്പിന്നുള്ളിൽ
പകലിൻ സ്വപ്നക്കൂട്
വിരിയുന്നതാ വീണ്ടും
കിളികൾ പാട്ടും പാടി
പറന്ന് പോയീടുന്നു

സ്വപ്നമേ സ്വരജതി
തെറ്റിനിൽക്കുമ്പോൾ
വാക്ക് പൊട്ടിവീഴുമ്പോൾ
മായാജാലവിദ്യയെന്ന പോൽ
കെട്ടുപൊട്ടിക്കുന്നു നീ

ജപമാലകൾ പോലെ
ചുറ്റിനീങ്ങീടും
ഖഗോളങ്ങളിലെത്തിക്കുന്നു

വിസ്മയച്ചരടിൻ്റെ തുമ്പത്ത്
നീ വന്നൊരു വിശ്വമായ പോൽ
മുഗ്ദ്ധം ചിരിച്ച് മാഞ്ഞീടുന്നു.

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.