വെറുതേ കിട്ടിയ ബന്ധങ്ങൾ

സ്കൂളിൽ ലഞ്ച് ബ്രേയ്ക്കിനുള്ള മണിയൊച്ചക്കായി കാത്തിരിക്കുകയായിരുന്നു ഞാൻ. വിശപ്പിന്റെ മണിമുഴക്കം കുറേ നേരമായി കാതിൽ മൂളാൻ തുടങ്ങിയിട്ട്. രാവിലത്തെ ഓട്ടപ്പാച്ചിലിനൊടുവിൽ സ്ക്കൂൾ ബസ് പിടിക്കാൻ വേറൊരോട്ടം. അതിനിടയിൽ ബ്രേയ്ക്ക് ഫാസ്റ്റ് കഴിക്കാനുള്ള സമയമെവിടെ ?

അതുകൊണ്ടു തന്നെ ബെല്ലടിച്ചപ്പോൾ കൂട്ടുകാർക്കു മുൻപേ ആദ്യം ക്ലാസ്സിനു വെളിയിൽ മരച്ചുവട്ടിലെ ബഞ്ചിൽ സ്ഥലം പിടിച്ചത് ഞാനാണ്. ലഞ്ച് ബോക്സ് തുറന്നപ്പോൾ ആവേശമൊക്കെ കെട്ടടങ്ങി, അതിനുള്ളിലെ സ്ഥിരതാമസക്കാരനായ തണുത്തുറഞ്ഞ സാൻവിച്ചിനെ കണ്ടപ്പോൾ. എന്നും ഇത് പായ്ക്കു ചെയ്യുന്നതും ഞാൻ തന്നെയാണ്; എനിക്കും അനിയനും. എന്റെ ബോറൻ സാൻവിച്ചിൽ മനം മടുത്ത് അവനിപ്പോൾ കാന്റീനിൽ നിന്ന് ഉച്ച ഭക്ഷണത്തിനുള്ള പണം പപ്പായോട് വാങ്ങുകയാണ് പതിവ്.

പുറകേയെത്തിയ കൂട്ടുകാരികൾ ഓരോരുത്തരായി ബാഗു തുറന്ന് ഭക്ഷണം പുറത്തെടുത്തു. ജൂലിയുടെ ലഞ്ച് ബാഗിൽ രണ്ടു പാത്രങ്ങൾ. അതിലൊന്ന് അവൾ തുറന്നുനോക്കി തിരികെ ബാഗിലേക്കു വയ്ക്കാനൊരുങ്ങി. സാന്റ്വിച്ചിന്റെ വിരക്തിയിൽ നിന്നു മുളച്ച ഒരു ആകാംക്ഷയിൽ ഞാൻ ചോദിച്ചു:

” ഇതെന്താ ജൂലി, നിനക്ക് രണ്ട് ലഞ്ചോ ?”

“ഓ ഇതോ… രാവിലത്തെ ടോസ്റ്റാണ്. ഞാൻ റെഡി ആയപ്പോഴേക്കും ലേറ്റ് ആയി. ബ്രേയ്ക്ക് ഫാസ്റ്റിന് ടൈം കിട്ടിയില്ല. മമ്മി ദേ അതും കൂടി പായ്ക്കു ചെയ്തിരിക്കുന്നു.എന്റെ മമ്മിയോട് എത്ര പറഞ്ഞാലും മനസ്സിലാവില്ല. ക്ലാസ് തുടങ്ങും മുൻപ് കഴിക്കാമെന്നും പറഞ്ഞ് വച്ചതാണ്. ഇനിയിത് ഇവിടെത്തന്നെ കളയാം. വൈകിട്ട് പാത്രം കഴുകാൻ എടുക്കുമ്പോൾ ഇത് കണ്ടാൽപ്പിന്നെ അതിന്റെ പേരിൽ തുടങ്ങും സോമാലിയൻ പുരാണം.”

അലൂമിനിയം ഫോയിൽ പേപ്പറിൽ കരുതലോടെ പൊതിഞ്ഞ ആ ടോസ്റ്റ് വേസ്റ്റ് ബിന്നിലേക്കു ചൊരിയുന്നത് കണ്ടപ്പോൾ എനിക്കവളോട് ദേഷ്യം തോന്നി. ഞാനൊരിക്കൽ അവളുടെ വീട്ടിൽ സ്ലീപ്പ് ഓവറിനു പോയപ്പോൾ കണ്ടതാണ്. അവൾ ലേറ്റായെ എഴുന്നേൽക്കൂ. ഡ്രസ്സ് ചെയ്തു വരുമ്പോഴേക്കും ബ്രേയ്ക്ക് ഫാസ്റ്റും ലഞ്ചും ഒക്കെ റെഡിയാക്കി വച്ചിട്ടുണ്ടാകും അവൾടെ മമ്മി. സ്വന്തം പാത്രം പോലും അവൾ കഴുകാറില്ല. അവളുടെ തുണികൾ അലക്കി മടക്കി വയ്ക്കുന്നതും, കിടക്കയും മുറിയുമൊക്കെ വൃത്തിയാക്കുന്നതും മമ്മിയാണ്.

“യൂ ആർ എ സ്പോയിൽഡ് ഗേൾ, ഐ ഫീൽ ജലസ് ഓഫ് യു”….ഞാൻ അന്നേ പറഞ്ഞിരുന്നു അവളോട്.

എന്റെ വീട്ടിലേക്ക് ഞാൻ അവളെ സ്ലീപ് ഓവറിന് ക്ഷണിക്കുകയും ചെയ്തു. കൂട്ടുകാരുടേയെല്ലാം പിറന്നാളുകൾ ഞങ്ങൾ അങ്ങനെയാണ് ആഘോഷിക്കാറ്. ഡിന്നറും ഗെയിംസും മൂവിയും ഒക്കെയായി ഒരു രാത്രി ബർത്ത് ഡേ ഗേളിന്റെ വീട്ടിൽ. പക്ഷേ അവളുടെ ‘ഏഷ്യൻ പാരന്റ്സ് ‘ അതിന് അനുവദിക്കില്ല. അവളെ മാത്രം പാരന്റ്സ് വന്ന് ഇടയ്ക്ക് കൊണ്ടുപോകും. ഈ ‘ഓവർ പ്രൊട്ടക്റ്റീവ്’ പാരന്റ്സിനെതിരെ അവളുടെ ഹംഗർസ്‌ട്രൈക്ക് വരെ പരാജയപ്പെട്ടു.

അവൾക്ക് എപ്പോഴും പരാതിയാണ് പാരന്റ്സിനെക്കുറിച്ച്. അവരുടെ ഡാർക്ക് സ്കിന്നും കട്ടിയുള്ള ആക്സന്റും ദേഹമാസകലം പൊതിഞ്ഞ വസ്ത്രധാരണവും, പാരന്റ്സ് ഗെറ്റുഗതറുകളിൽ വരാനുള്ള അവരുടെ മടിയും ഒക്കെ. ഞങ്ങളെപ്പോലെ ഷോർട്ട്സും ചെറിയ ടോപ്പും ഒക്കെ ഇടാനുള്ള അവളുടെ കൊതി തീർക്കുന്നത് കൂട്ടുകാരുടെ വീട്ടിൽ പോകുമ്പോഴാണ്. അതൊക്കെയിട്ട് പല പോസിൽ ഫോട്ടോ എടുത്ത് പിന്നെ ഡിലീറ്റ് ചെയ്യും. അവളുടെ ഫോൺ വരെ അവർ ചെക്കുചെയ്യുമത്രേ! ഒരു പ്രൈവസിയും ഫ്രീഡവും ഇല്ലാത്ത ലൈഫ് ആണ് എന്നാണ് അവളുടെ കംപ്ലൈൻറ്.

കഴിഞ്ഞ പിറന്നാളിന്, ഞാനും ക്ഷണിച്ചിരുന്നു കുറച്ചു കൂട്ടുകാരെ. മമ്മിയുടെ നിർബന്ധം ആയിരുന്നു എന്റെ പതിനഞ്ചാം പിറന്നാൾ കേമമാക്കണമെന്ന്. ബർത്ത് ഡേയ്ക്ക് ഇടാനുള്ള നീളമുള്ള പിങ്ക് ഗൗൺ മമ്മി നേരത്തെ വാങ്ങി വെച്ചിരുന്നു. പക്ഷേ തലേന്ന് ആ പാർട്ടി ക്യാൻസൽ ചെയ്യേണ്ടി വന്നു.

അന്ന്, എന്റെ മമ്മി മരിച്ചു.

അതിനു മുൻപുള്ള ഒരു മാസമായി മമ്മി ഹോസ്പിറ്റലിൽ ആയിരുന്നു. ഹോസ്പിറ്റലിൽ തന്നെ ബർത്ത് ഡേ കേക്ക് മുറിച്ച് വൈകിട്ട് കൂട്ടുകാർക്കൊപ്പം റസ്റ്റോറൻറിൽ ഡിന്നർ ആയിരുന്നു പ്ലാൻ. ആറുവർഷങ്ങളായി മമ്മിയുടെ രണ്ടാം വീട് ആയിരുന്നു ആ ക്യാൻസർ വാർഡ്. അന്നുമുതലേ മമ്മി എന്നെ സ്വന്തം കാര്യങ്ങൾ നോക്കാൻ പഠിപ്പിച്ചു. നാലു വയസ്സിന് ഇളപ്പമുള്ള അനിയന്റേയും.

പപ്പാ സ്വന്തമായി ഒരു കൊറിയർ സ്ഥാപനം നടത്തുന്നു. തൊഴിലാളിയും മുതലാളിയും പപ്പ തന്നെ ആയതിനാൽ വീട്ടിലേക്കാളധികം റോഡിലാണ് പപ്പയുടെ ജീവിതം. ആദ്യമൊക്കെ തനിച്ചു പോയിരുന്നെങ്കിലും പിന്നീട് മമ്മിയ്ക്ക് ട്രീറ്റ്മെന്റിനായി തനിയെ കാറോടിച്ച് പോകാൻ പറ്റാതായപ്പോൾ അവിടേയും ഓടി എത്തണമായിരുന്നു പപ്പായ്ക്ക്. പതിനാറു വയസ്സായാൽ ലേണേഴ്സ് എടുത്ത് മമ്മിയുടെ കാറോടിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഞാൻ. പിന്നെ മമ്മിയേം അരികിലിരുത്തി ഹോസ്പിറ്റലിൽ എനിക്ക് പോകാല്ലോ.

അനിയനെ ഷോപ്പിങ്ങിന് കൊണ്ടുപോകാൻ ആരുമില്ല എന്നു പറഞ്ഞ് അവൻ ബഹളമാണ് മിക്കവാറും. മമ്മിയ്ക്ക് ക്ഷീണം കുറയുമ്പോൾ മമ്മി തന്നെയാണ് ഞങ്ങളെ പുറത്ത് കൊണ്ടുപോയിക്കൊണ്ടിരുന്നത്.

സ്കോട്ട്ലന്റിൽ നിന്ന് മമ്മിയും പപ്പയും ഇവിടേക്ക് വരുമ്പോൾ എനിക്ക് മൂന്നു വയസ്സായിരുന്നു. എന്ത് രസമായിരുന്നു അന്നൊക്കെ പാർക്കിലും ബീച്ചിലും ഷോപ്പിംഗ് മാളിലുമൊക്കെ കറങ്ങി നടക്കാൻ. മമ്മിയുടെ ഫോട്ടോ ആൽബത്തിലെ ആ ചിത്രങ്ങളാണ് എന്റെ ചെറുപ്പത്തിലെ കഥകൾ എനിക്ക് പറഞ്ഞു തരുന്നത്. ആ ആൽബത്തിലെ ഇരട്ടവാലൻ പ്രാണിയെപ്പോലെ ഞാനും താളുകളിൽനിന്ന് താളുകളിലേക്ക് ഓടിയൊളിക്കാറുണ്ട് നിറമുള്ള ആ കുട്ടിക്കാലത്തേക്ക്. ആ ഫോട്ടോകളിൽ ചെമ്പിച്ച മുടിയും ബ്രൗൺ കണ്ണുകളുമുള്ള മമ്മിയെ കാണാൻ എന്ത് സുന്ദരിയാണ്!

എൻറെ ഓർമ്മകളിൽ മമ്മിക്ക് വിളറി മഞ്ഞളിച്ച മുഖവും, തലയോട്ടിയെ കഷ്ടിച്ചു മറക്കുന്ന ചുരുളൻ മുടിയും, നീലിച്ച കണ്ണുകളുമാണ് .

എല്ലാ വേനലവധിക്കും നാട്ടിൽ പോയിരുന്നതു കൊണ്ട് ഗ്രാന്റ് പാരന്റ്സും കസിൻസും ഒക്കെയായി നന്നായി എൻജോയ് ചെയ്തിരുന്നു. മൂന്നുനാലു വർഷമായി ഇപ്പോൾ അതും ഇല്ല. സ്ക്കൂളിൽ മദേഴ്സ് ഡേ ആഘോഷങ്ങളിൽ മമ്മിയോ ഗ്രാൻമ്മയോ ചെല്ലാനില്ലാ എന്നതും കുഞ്ഞനിയന്റെ സങ്കടമായിരുന്നു. അവന്റെ ടിഫിൻ ബോക്സു പാക്കുചെയ്യുന്നതും യൂണിഫോം അയൺ ചെയ്യുന്നതുമൊഴിച്ച് ആ ഒഴിവ് നികത്താൻ എനിക്കും കഴിഞ്ഞില്ല.

എങ്കിലും വാശിപിടിച്ചുള്ള അവന്റെ കരച്ചിലുകൾക്കും പപ്പായുടെ ശകാരങ്ങൾക്കും ഫുൾസ്റ്റോപ്പിടാൻ മമ്മിയുടെ സാന്നിദ്ധ്യം ഒന്നു മാത്രം മതിയായിരുന്നു. സെറ്റിയിലോ കിടപ്പുമുറിയിലോ മരുന്നുകളുടെ മണമുള്ള കുഴിഞ്ഞ കണ്ണുകളുള്ള ആ മുഖം മതിയായിരുന്നു സ്ക്കൂൾ ബസിലേക്ക് അനിയന്റെ കൈപിടിച്ച് ഓടും മുൻപേ ഒന്നു യാത്രപറയാൻ. അപ്പോഴും ഒരു നേർത്ത ശബ്ദം ഞങ്ങളെ പിന്തുടരുന്നുണ്ടാകും ഷർട്ടിന്റെ മടങ്ങിയ കോളറോ, ഉരുണ്ടു കയറിയ സോക്സോ, അഴിഞ്ഞ ഷൂ ലേയ്സോ, മറന്നുവച്ച ലഞ്ച് ബോക്സോ ഓർമ്മപ്പെടുത്താൻ.

ഒരു വർഷം കൊണ്ട് ഞങ്ങൾ എത്ര വളർന്നു എന്ന് എനിക്കു തന്നെ വലിയ അത്ഭുതമാണ്. പ്രത്യേകിച്ച് അനിയൻ. ഇപ്പോൾ അവന് എന്റെ കാര്യമായ സഹായമൊന്നും വേണ്ട. വീക്കെന്റിൽ എങ്കിലും പപ്പാ കുറച്ചു വിശ്രമിക്കുന്നുണ്ട്. ചിലപ്പോൾ ഒഴിഞ്ഞ കുപ്പികളോ, ഐസ് ട്രേയോ കാണാം ഗരാജിൽ. എന്തെങ്കിലുമൊക്കെ കുക്ക് ചെയ്യുകയും ചെയ്യും. ഒരാഴ്ചത്തേക്കുള്ള ഡിന്നറിനുള്ളത് വേവ്വേറെ പാത്രങ്ങളിലാക്കി ഫ്രീസറിൽ വയ്ക്കുന്ന ജോലിയേ എനിക്കുള്ളൂ. വാഷിങ്ങും അയണിങ്ങും അവന്റെ ജോലിയാണ്. പതിനൊന്നാം ക്ലാസിലായതിനാൽ എനിക്ക് ഹോം വർക്ക് വേണ്ടതുണ്ട്. അതുകൊണ്ട് വീട് ക്ലീൻ ചെയ്യൽ മാത്രം എന്റെ ഓഹരി. ആഴ്ചയിലൊരിക്കൽ സ്കോട്ട്ലന്റിലെ ബന്ധുക്കളോട് വീഡിയോകോളിലൂടെ സംസാരിക്കും. അത് മമ്മിയുടെ നിയമാവലിയിൽ ഉള്ളതാണ്.

എന്റെ വീട്ടിലെ അന്തരീക്ഷം ജൂലിയെ ഒന്ന് കാണിക്കാൻ വേണ്ടി കൂടിയാണ് ഞാൻ അവളെ ക്ഷണിച്ചത്. അടുത്തയാഴ്ച എന്റെ പതിന്നാറാം പിറന്നാളാണ്. മമ്മിയുടെ ഫസ്റ്റ് ആനിവേഴ്സറിയും.

ഇനി ലേണേഴ്സ് എടുത്തു കഴിഞ്ഞാൽ എന്നെ കാറോടിക്കാൻ പഠിപ്പിക്കാൻ മമ്മിയില്ല.

അടുത്ത വർഷം എന്റെ പന്ത്രണ്ടാം ക്ലാസ്സിലെ ഗ്രാജുവേഷൻ കാണാൻ മമ്മിയില്ല.

യൂണിവേഴ്സിറ്റി പഠനം കഴിഞ്ഞ് തലയിൽ ബിരുദത്തൊപ്പിയും കൈയ്യിൽ സർട്ടിഫിക്കറ്റുമായി സ്റ്റേജിൽ നിന്നിറങ്ങുമ്പോൾ കെട്ടിപ്പിടിച്ച് കവിളത്ത് ഉമ്മ നൽകാൻ മമ്മിയില്ല.

വെളുത്ത പട്ടുടുപ്പിട്ട് നിലത്തു മുട്ടുന്ന ശിരോവസ്ത്രം അൾത്താരയിൽ ഇഴച്ച് പൂച്ചെണ്ടുമായി ഞാൻ നടക്കുമ്പോൾ എന്റെ ഇടതുഭാഗം ചേരാൻ മമ്മിയില്ല.

കുഞ്ഞുമക്കളുടെ കൈപിടിച്ചു നടത്താൻ, ജോലിത്തിരക്കിൽ ഒരു ഇടവേളയ്ക്ക് അവരെ ഗ്രാൻഡ്മായോടൊപ്പം ആക്കിപ്പോകാൻ മമ്മിയില്ല.

ഇപ്പോൾ കൂട്ടുകാർക്ക് ഒപ്പം പുറത്തു പോകാൻ പപ്പാ കൂടുതൽ ഫ്രീഡം തന്നിട്ടുണ്ട്. സന്തോഷം തരുന്ന കാര്യങ്ങൾ ജീവിതത്തിൽ ആസ്വദിക്കണമെന്ന് പറയും. പക്ഷേ അവരോടൊപ്പം ആയിരിക്കുമ്പോഴും എന്നെ പിന്തുടരുന്നത് ഒറ്റപ്പെടലിന്റെ നിഴലുകളാണ്.

ഒരു ശൂന്യത…,

ഒരു ഇരുട്ട്…

എനിക്കു ചുറ്റും എല്ലായിടത്തും പതിയിരിക്കും പോലെ. വീട്ടിൽ നിന്നിറങ്ങുമ്പോൾ കൈവീശി യാത്രയാക്കാനും തിരികെ എത്തുമ്പോൾ പുഞ്ചിരിയോടെ സ്വീകരിക്കാനും ശൂന്യത മാത്രമുള്ള അവസ്ഥ എന്റെ കൂട്ടുകാർക്ക് മനസ്സിലാവില്ലല്ലോ. മമ്മി ഉണ്ടായിരുന്നപ്പോൾ എനിക്കു വേണ്ടി ചെയ്തുതന്നിരുന്ന കാര്യങ്ങളെല്ലാം മമ്മിയുടെ കടമ എന്നേ കരുതിയിട്ടുള്ളൂ. ഒരു നന്ദിവാക്ക് പോലും പറഞ്ഞിരുന്നില്ല. പലപ്പോഴും കുറ്റപ്പെടുത്തിയിട്ടുമുണ്ട് പോരായ്മകൾ പറഞ്ഞ്.

മമ്മി തന്ന സ്നേഹവും വാൽസല്യവുമൊക്കെ ഞാൻ എങ്ങനെയാണ് ഇനി തിരികെ കൊടുക്കുക? പലപ്പോഴും ഞാൻ ഓർക്കാറുണ്ട്, പ്രത്യേകിച്ച് ചീറ്റപ്പുലികളെപ്പോലെ പരസ്പരം കടിച്ചു കീറുന്ന പപ്പായുടേയും അനിയന്റേയും ചില സംഭാഷണങ്ങൾ കേൾക്കുമ്പോൾ, നിസ്സഹായതയോടെ മമ്മിയുടെ ചിത്രത്തിലേക്ക് നോക്കുമ്പോൾ- ഭിത്തിയിലെ ആ ചിത്രത്തിന് ഞങ്ങളോട് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്. ഒരു യാത്രയ്ക്കുശേഷം എന്നപോലെ പൂർണ്ണ ആരോഗ്യത്തോടെ മമ്മി ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവന്നിരുന്നെങ്കിൽ എന്ന്!

പിൻകുറിപ്പ്

കുടുംബം, കൂട്ടുകാർ എന്നതൊക്കെ വെറും വാക്കുകൾ മാത്രമോ, അതോ ജീവിതം എന്നർത്ഥമുള്ള അനുഭവങ്ങളോ? ബന്ധങ്ങൾ സ്വയംവില്പനയന്ത്രങ്ങളെപ്പോലെ ആയാൽ അതിൽ ഏതു നാണയമിട്ടാണ് നമുക്കു വേണ്ടത് വാങ്ങാൻ പറ്റുക? നമുക്ക് വെറുതേ കിട്ടിയത് കൊണ്ടാകാം രക്തബന്ധങ്ങളെ നമ്മൾ മുതലെടുക്കുന്നത്. അവരുടെ സേവനങ്ങളെല്ലാം വില കൊടുക്കാതെ ഊറ്റിയെടുക്കുന്നത്. വിലമതിക്കാൻ പറ്റാത്ത മൂല്യങ്ങളുള്ള, വെറുതേ കിട്ടിയ ബന്ധങ്ങൾ

ഓസ്‌ട്രേലിയയിൽ നേഴ്സ് ആണ്. എറണാകുളം ജില്ലയിലെ ഉദയംപേരൂർ സ്വദേശി