
ഒരിക്കൽ
ഒരു ദുഃസ്വപ്നം
പടികയറി വന്നു,
മാക്ബത്തിലെ
മന്ത്രവാദിനിയെപ്പോലെ
പൊടിയും ചേറുമായി.
ദുഃഖത്തിന്റെ
മേലേരിച്ചോട്ടിലിരുന്ന്
ദു:സ്വപ്നം
ഊതിയൂതി തീകാഞ്ഞു.
എന്റെ
വെന്ത കൈകാലുകൾ വലിച്ച്
ഇടയ്ക്കിടെ
കനലിൽ ഇളക്കിയെടുത്ത്
ചൂടിന്
എരിവുകേറ്റി.
കറപറ്റിയ
മുഷിഞ്ഞ ഉടുമുണ്ടുകൊണ്ട്
ആഞ്ഞാഞ്ഞ് വീശുന്നു
ഞാൻ കരിച്ചുകളഞ്ഞതെല്ലാം
ഞാൻ കാണുംവിധം
മേലോട്ട് പറത്തുംമട്ടിൽ.
പലതിന്റെയും
അസഹ്യമായ
ഓർമ്മപ്പെടുത്തലിന്റെ
ഉഷ്ണമാപിനിയിൽ
നൂറുഡിഗ്രി വെട്ടിത്തിളച്ചു
ഞാൻ.
ഞാൻ കിടക്കുന്ന
മെത്തയിൽ ബാധിച്ച
തീ പിടിച്ച ആത്മാവ്
ആറടിയുള്ള
ഭൂമിയുടേതാണ്.
മീൻവലകളുടെ
ചിത്രപ്പണികളുള്ള വിരിപ്പിൽ
തിളയ്ക്കുന്ന
തീഷ്ണമാർന്ന കണ്ണുകളുമായി
മീനുകൾ
ഇരുട്ടിലെന്നെ വിരുന്നൂട്ടുന്നു.
അപരാഹ്‌നത്തിൽ
അവസാനത്തെ ഞരക്കവുമായി
ഞെട്ടിയുർണന്ന്
മരിച്ചു പോകുന്നതിനിടെ
“ഇനിയും ഇരുട്ട് പോയില്ലേ” എന്ന്
വ്യസനിക്കുന്നു ഞാൻ.
ഏത് കടലിലാണ് ഞാൻ?
അതോ, വെള്ളം വറ്റിയ
കൈവഴിയിലോ?
ഒന്നുമല്ല,
നിന്റെ മടിയിലാണെന്ന് തോന്നുന്നു
നിന്റെ പരുത്ത
വിറകുകൊള്ളി കൈകൾക്കുള്ളിൽ.
ശ്വാസംമുട്ടുന്നു.
മന്ത്രവാദിനിയുടെ കൈയിലെ
മാന്ത്രിക വെന്റിലേറ്ററിനുള്ളിൽ
ഞാനും കേൾക്കുന്നു
ജീവിതത്തോട് ജാഗരൂകമായ
ഒരു മീൻപിടപ്പ്
എന്റെ അതേ ശബ്ദം!
തീപ്പുഴയുടെ
അതേ നതോന്നത!









