വീട് വിരുന്നു വന്നപ്പോൾ

വീട്ടിലേക്ക് വിരുന്നു പോകാം. എന്നാൽ വീട്  വിരുന്നു വന്നതായി ആരും പറഞ്ഞു കേട്ടിട്ടില്ല. ഇവിടെ അതും സംഭവിച്ചു.

മുറികൾ കൂട്ടിച്ചേർത്തു വളരെ വിശാലമാക്കിയ വീട്ടിലെ ശൂന്യതയിലേക്കാണ് പഴയ വീട് വിരുന്നു വന്നത്. നിറയെ പൂവിട്ടുനിന്ന ഒരു മന്ദാരചെടിയുമായി വന്ന വീടിനു മീതെ ഒരു പ്ലാവിൻ പന്തൽ കുട നിവർത്തി നിന്നിരുന്നു. മുറ്റത്തു തിരുവാതിര കളിച്ചു നിന്ന മീനവെയിൽപ്പെണ്ണുങ്ങൾ ആ തണലിലേക്ക് ഓടിപ്പോയി ഇളവേൽക്കുന്ന കൗതുകം ഞാൻ  കണ്ടു നിന്നു.

വടക്കോട്ടു തുറന്നിരുന്ന മൂന്നു ചില്ലു ജാലകങ്ങളിലൂടെ എത്ര മാത്രം മഴയും നിലാവും കാണിച്ചു തന്നിട്ടും ഞാൻ അതൊക്കെ മറന്നു എന്നായിരുന്നു പഴയ വീടിന്റെ പരാതി.

രണ്ടു കല്യാണമേളങ്ങളും ഒരു മരണമൗനവും പിന്നെ വിഴുങ്ങാൻ വന്ന കൂരിരുട്ടും അവൾ വീർപ്പടക്കി കണ്ടു നിന്നത്രെ.

പുതുവീടിന്റെ വെണ്മയാർന്ന ടൈൽ തിളക്കത്തിലേക്കു അവൾ വിസ്മയത്തോടെ നോക്കി. ആളില്ലാമുറികളിലെ മൗനത്തെയല്ലാതെ മറ്റെന്താണ് ഞാൻ അവൾക്കു നൽകുക?

പൊള്ളുന്ന കറുത്ത ഗ്രാനൈറ്റ് ഭംഗിക്കുള്ളിൽ നിന്നു അവളുടെ നിറം മങ്ങിയ മൊസൈക് മുഖപുള്ളിക്കുത്തുകൾ തെളിഞ്ഞു വരും പോലെ എനിക്ക് തോന്നി.

“നീ വലം കാൽ വെച്ചു കയറിയ കുളിരിടം അല്ലേ ഇത്? “.അവൾ ചോദിച്ചു. എന്റെ ഓർമയിൽ ഒരു നിലവിളക്കു തിരി നീട്ടി. കൊതുമ്പു കത്തിച്ച ഒരു അടുപ്പിൽ ജീവിതപ്പാല്‌ക്കലം തിളച്ചു തൂവി. അടുക്കളപ്പാൽ കാച്ചലിൽ തട്ടിത്തടഞ്ഞു നിന്ന കല്യാണപ്പൂമണക്കാറ്റു എന്നെ മുകർന്നു.

പിന്നെ വലം കാൽ വെച്ചു കേറിയ പുതിയ ഇടം ജന്മദേശം പോലെ ആയി. പിന്നെ വന്ന മഞ്ഞിലും, മഴയിലും, ഒരു വസന്തം തന്നെ പൂത്തുലഞ്ഞു. തനിച്ചാക്കാതെ തുണയായി എന്നും ഒരു ഓട്ടു വിളക്കിന്റെ സ്നേഹവെളിച്ചമുണ്ടായിരുന്നു.

ഞാൻ പലതും ഓർമയിൽ നിന്നു പരതിയെടുത്തു. ക്രിക്കറ്റ്‌ പന്തെറിഞ്ഞു മക്കൾ പൊട്ടിച്ച ജനൽചില്ലുകൾ, കുഞ്ഞു കുറുമ്പിൽ കുട്ടികൾ തല്ലിപ്പൊട്ടിച്ച ടീപ്പോയിയിലെ ചില്ലുപാളി, ഒരു പന്തെടുക്കാൻ മക്കൾ ഒരുമിച്ചു വലിഞ്ഞു കയറിയപ്പോൾ മറിഞ്ഞു വീണ തടിയലമാരയുടെ തുറന്നു കിടന്ന വാതിലിനും തറക്കുമിടയിൽ കൂനികൂടിയിരുന്നു ജീവിതം തിരിച്ചു പിടിച്ച മക്കൾ കുസൃതി….

“കുട്ട്യോള് വളരണ്ടായിരുന്നു അല്ലേ?

വിശാലമായ സ്വീകരണമുറിയുടെ വെളുത്ത ടൈൽ തിളക്കത്തിനുള്ളിൽ അവളുടെ മുഖം റെഡ് ഓക്സൈഡ് പൂശി നിവർന്നു നാലു ചുറ്റും നോക്കി.

“ഇവിടിരുന്നൊരൊക്കെ എന്ത്യേ? “വീട് ശബ്ദമടക്കി ചോദിച്ചു. കുറെ നേരം ഞങ്ങൾക്കിടയിൽ മൗനം ഒരു മറ തീർത്തു. ആ നിശബ്ദതയിൽ തലമുറകൾക്കിടയിലെ വിടവുകളിൽ വർത്തമാനകാലം കുടഞ്ഞിട്ട ശൂന്യത വന്നു നിറഞ്ഞു.

ഞാൻ ഒന്നും വിളമ്പി കൊടുക്കാഞ്ഞിട്ടോ, അതോ എന്റെ മൗനം മടുപ്പിച്ചിട്ടോ വിരുന്നു വന്ന വീട് പടിയിറങ്ങി പോകുന്നത് ഞാൻ കണ്ടു. ആരും വിരുന്നു വരാനില്ലാത്തൊരു വീട് ആരെയോ കാത്തു കിടക്കുന്നതും ഞാൻ കണ്ടു.

“തന്നിട്ട് പോകുമോ നീ ആ മന്ദാര ചെടിയും, പ്ലാവിൻ പന്തലും “ഒരു നിലവിളി പോലെ ഞാൻ ചോദിച്ചു. പിൻവിളി കേട്ട് വീടൊന്നു തിരിഞ്ഞു നോക്കി. അവളുടെ പോറിയ മൊസൈക് പുള്ളിക്കുത്തുകളിൽ മുഖം ചേർക്കവേ എനിക്ക് പൊള്ളി.

വഴി തെറ്റി വന്ന ഒരു ഉച്ചമയക്കത്തിൽ നിന്നു ഞെട്ടി പിടഞ്ഞുണർന്നു ഞാൻ മുൻവാതിൽ തുറന്നു നോക്കി.

കറുത്ത ഗ്രാനൈറ്റ് തറയിൽ ഒരു ഉച്ചവെയിൽ പാടം കത്തി നില്ക്കുന്നു. അവിടുന്നൊരു തീക്കാറ്റ് അകത്തേക്ക് കടക്കും മുൻപ് ഞാൻ വാതിലുകൾ ചേർത്തടച്ചു. പിന്നെ മെല്ലെ മന്ത്രിച്ചു

“കുട്ട്യോള് വളരണ്ടായിരുന്നു അല്ലേ? ”

കോട്ടയം ജില്ലയിലെ മേവെള്ളുർ സ്വദേശിനി. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്. 'സംശയങ്ങളിൽ ആഞ്ചല മേരി ഇങ്ങനെ' എന്ന ചെറുകഥയ്ക്കു 2014 ലെ വനിത ചെറുകഥ അവാർഡ്, 2017 ലെ കേരള കലാകേന്ദ്രം കമല സുരയ്യ പുരസ്കാരം, 2018.ലെ ദേവകി വാര്യർ സ്മാരക പുരസ്കാരം ഇവ ലഭിച്ചു. വിവിധ പ്രസാധകർക്കായ് പരിഭാഷകൾ ചെയ്യുന്നു.