ലീപ്പ് ഇയർ

ഈ ഏകാന്തതയ്ക്ക് ഏകദേശം പത്തു ദിവസം പ്രായമായി. അവൾ പോയത് ഏതു ദിവസമാണെന്ന് കൃത്യമായി ഓർക്കുന്നില്ല. ആവർത്തനം കൊണ്ട് വിരസമായ ഒരു പ്രഭാതമായിരുന്നു അത് . കുറച്ചു ദിവസം ഞാനൊന്ന് മാറി നിൽക്കട്ടെ, പൊടുന്നനെ അവൾ പറഞ്ഞു , ജസ്റ്റ് ഫോർ എ ചെയ്ഞ്ച് .
ഞാനൊന്നും പറഞ്ഞില്ല. പ്രതികരിക്കാൻ സമയവും കിട്ടിയില്ല. അവൾ അകത്തേയ്ക്കു പോകുന്നതു കണ്ടു. തിരിച്ചു വന്നത് ഒരു ട്രാവൽ ബാഗുമായിട്ടാണ് ! എത്ര പെട്ടെന്നാണ് തീരുമാനങ്ങൾ! ഒന്നും പറഞ്ഞേൽപ്പിക്കാനില്ല. ഓർത്തു വെയ്ക്കാനുമില്ല. നിന്ന നില്പിൽ വീട് പൂട്ടിയിറങ്ങി !

സിവിൽ സ്റ്റേഷൻ സ്റ്റോപ്പ് വേണ്ട , ടൗൺ അടുക്കാറായപ്പോൾ അവൾ പറഞ്ഞു , പഴയ സ്റ്റാന്റിൽ ഇറക്കിവിട്ടാൽ മതി.

ഓക്കെ .

എട്ടു മണി കഴിഞ്ഞു; പുലരി മഞ്ഞ് മാറുന്നതേയുള്ളു. വാഹനങ്ങളുടേയും വൈദ്യുതിത്തൂണുകളുടേയും മറയില്ലാതെ നിവർന്നു കിടക്കുന്ന ഒരു ഗ്രാമപ്പട്ടണം.! റോഡിന്റെ അങ്ങേ ചക്രവാളത്തിൽ ചെമ്പ്ര പീക്ക് തലയുയർത്തി നിൽക്കുന്നു.

അവൾ കാറിൽ നിന്നിറങ്ങി.
ബസ്സ് വരുന്നതു വരെ എന്റെയടുത്ത് നിൽക്കില്ലേ , അവൾ ചോദിച്ചു.
ഇല്ല , ഇവിടെ പാർക്കു ചെയ്യാൻ പറ്റില്ലല്ലോ ,ഞാൻ പറഞ്ഞു, ഇഷ്ടം പോലെ ബസ്സുണ്ട്. ഡോണ്ട് വറി, ഇറ്റ് കംസ് എവ് രി ഫൈവ് മിനുട്ട്സ്. വോട്ട്സ് ദ പ്രോബ്ലം ദെൻ ?
മറുപടിക്ക് കാത്തു നിൽക്കാതെ തിരികെപ്പോന്നപ്പോൾ തോന്നി അല്പനേരം അവളുടെ കൂടെ നില്ക്കാമായിരുന്നെന്ന്.

വാതിൽ തുറന്ന് അകത്തു കേറിയതോടെ ഞാൻ തകർന്നുപോയി! ഞങ്ങൾ അല്ലം മുമ്പ് ഇറങ്ങിപ്പോയ വീടല്ല ഇത് ! ദിവസങ്ങൾക്കു മുമ്പ് അവൾ സൂക്ഷിച്ചു വെച്ച ഇലഞ്ഞിപ്പൂമണമാണ് ആദ്യം എതിരേറ്റത് .. കുറച്ചു ദിവസം കഴിഞ്ഞാൽ അവളിങ്ങ് തിരിച്ചെത്തും, ഞാൻ സ്വയം പറഞ്ഞു.

ബ്രേക്ക്ഫാസ്റ്റ് അതേപടിയിരിക്കുന്നു. രണ്ടു പേരും അത് തൊട്ടിട്ടില്ല. ജനാലച്ചില്ലിൽ രണ്ടു പക്ഷികൾ നിർത്താതെ ചിറകടിച്ച് കൊത്തുന്നു.

എനിക്ക് വിശക്കുന്നില്ലേ, ക്രൂരമായ ഒരു തരം സന്തോഷം തോന്നി.

അവളും കഴിച്ചിട്ടില്ലല്ലോ!

ഫോൺ ബെല്ലടിച്ചു. അവളാണ്.
ബസ്സിൽ കേറി, സീറ്റുണ്ട്, ഒരു തിരക്കുമില്ല, .
ഓക്കെ.
കസേര പിന്നിലേയ്ക്ക് മലർത്തിവെച്ച് വെറുതെ കണ്ണടച്ച് കിടന്നു.
ആരുമില്ല
ആരും വരാനുമില്ല .
ആരേയും പ്രതീക്ഷിക്കാനുമില്ല.
അവൾ പോയി.
അവൾ വാരി വലിച്ചിട്ട സാരികൾ. ….
പരന്നു കിടക്കുന്ന മുത്തുകൾ .
പാതി കോർത്ത പേൾ മാല
ഫാബ്രിക്ക് പെയിന്റ് കുപ്പികൾ
ബ്രഷുകൾ , നെയ്ൽ പോളിഷ്
ഹെയർ ക്ലിപ്സ്
സേഫ്ടി പിൻ
അല്ലെഗ്ര ,വോളിനി ,……
ആൽബത്തിൽ നിന്ന് ഞങ്ങളുടെ ഒരു പഴയ ഫോട്ടോ എന്നെ ഒളിഞ്ഞു നോക്കി. .
ചുരുളൻ മുടിയുമായി ഞാൻ.! എന്നേക്കാൾ പിരിയൻ മുടിയുമായി അവൾ!
എല്ലാവരും പറഞ്ഞു പിള്ളേർക്കും പിപ്പിരിയൻ മുടിയാണെന്ന്! അതു കേൾക്കുമ്പോൾ പയ്യന്മാരുടെ ഒരു നിരാശ കാണണം. ചെറിയ ആൾ അവൻ്റെ കമ്പിച്ചുരുൾ ഒന്ന് നിവർന്നു കിട്ടാൻ ഒരു തരം പച്ച ജെല്ലി വാങ്ങിത്തേച്ചു..

അപ്പോൾ ടീച്ചർ ചോദിച്ചു : ഇതെന്നാടാ നിന്റെ മുടി പശു നക്കിയ പോലിരിക്കുന്നെ ?
അന്ന് ഞങ്ങൾ ചിരിച്ചു മരിച്ചു .

അക്കാലത്ത് നീയെത്ര ക്ഷീണിച്ചാണിരുന്നത്! ഞാൻ സഹതാപപ്പെട്ടു.
മറുപടിയായി അവൾ തിരിച്ചടിച്ചു :
ദാ കണ്ടില്ലേ ഞരമ്പനെപ്പോലൊരുത്തൻ ഇരിക്കുന്നത്.
ശരിയാണ് , നമ്മൾ രണ്ടു പേരും ചടച്ചു മെലിഞ്ഞാണിരുന്നത്.

എങ്ങിനെ ക്ഷീണിക്കാതിരിക്കും !
തലേന്ന് വൈകുന്നേരം വരെ കല്യാണമുണ്ടോ എന്നു പോലും ഉറപ്പില്ലായിരുന്നു! ഭൂമി പിളരാനും ആകാശം ഇടിഞ്ഞു വീഴാനും തീരുമാനിച്ച ദിവസം!
കല്യാണച്ചടങ്ങുകൾ മുഴുവൻ കരിമഷി പുരണ്ടതുപോലെ ! ഒരൊന്നാന്തരം ശവമടക്കിന്റെ പ്രതീതി! എന്തൊരു പ്രാകൃത ജീവിതമായിരുന്നു ഞങ്ങളുടേത് !

വിശക്കുന്നുണ്ടോ , ചെറിയൊരു സംശയം. കറികൾ ഫ്റിഡ്ജിൽ എടുത്തു വെച്ചിട്ടുണ്ട്. ഭാഗ്യം . ആദ്യകാലങ്ങളിൽ ഉച്ചയ്ക്ക് അവൾ വീട്ടിൽ ഇല്ലെങ്കിൽ ഒരു കുറിപ്പ് എന്നെ കാത്ത് കിടപ്പുണ്ടാവും : “കറി ഉറിയേലുണ്ട്.”
കറിയേക്കാളേറെ ആ കുറിപ്പുകൾ ആയിരുന്നു എനിക്കിഷ്ടം..

ഇന്നെനിക്ക് അത്തരം ഒരു കുറിപ്പ് കിട്ടാൻ യാതൊരു സാദ്ധ്യതയുമില്ല. അന്നത്തെപ്പോലെ വിശന്നിരിക്കാൻ , വിശന്നു മരിക്കാനാണ് തോന്നുന്നത്.
രാത്രി കാലത്തെ ഞങ്ങളുടെ മച്ചിൻ പുറത്തെ കോലാഹലങ്ങൾ നൂറ് തവണ, അല്ല ലക്ഷം തവണ ഞാനവൾക്ക് വിശദീകരിച്ചു കൊടുത്തിട്ടുണ്ട്.
ഏതാനും അണ്ണാന്മാർ അവിടെ താമസിക്കുന്നുണ്ട്.

അവരവിടെ താമസിച്ചോട്ടെ. . പേടിക്കാനൊന്നുമില്ല, ഞാൻ പറഞ്ഞു.

ആർക്കു പേടി, എനിക്കോ , അവൾ ചോദിച്ചു, ? ചെവി തല കേൾക്കാതെ , മനുഷ്യന് ഒന്നുറങ്ങാൻ പറ്റണ്ടേ?

നീ ,കോപിക്കാതെ , ഞാൻ സമാധാനിപ്പിച്ചു,, അണ്ണാന്മാരുടെ സ്വഭാവം നിനക്കറിഞ്ഞുകൂടെ? അവരുടെ കിരുകിരുപ്പ് മൈൻഡ് ചെയ്യണ്ട .

നീ ആ ഭാഗത്തേക്ക് നോക്കണ്ട . വിട്ടേയ്ക്ക്. ഞാൻ പറഞ്ഞു.

ഒരു ദിവസം പാതിരയ്ക്ക് തട്ടിൻപുറത്ത് വലിയൊരു ചക്ക വീഴുന്ന ഒച്ച കേട്ട് അവൾ ചാടിയെണീറ്റ് എന്റെ നേരെ സംശയത്തോടെ നോക്കി.
എന്താണത് , നിങ്ങൾ കേട്ടില്ലേ?

കേട്ടു, ഞാൻ വേഗം സമ്മതിച്ചു.

ഒരണ്ണാൻ ഇത്ര വലിയ ഒച്ചയുണ്ടാക്കുമോ?

ചിലപ്പോൾ അതൊരു വലിയ അണ്ണാ നാണെങ്കിലോ?. കൊള്ളാം. നിങ്ങളെങ്ങനെ പോലീസ്സിൽ പണിയെടുക്കുന്നു മനുഷ്യാ! ഇത്ര blatant ആയ ഒരപകടത്തിന്റെ മുന്നറിയിപ്പ് പോലും എന്തു കൊണ്ട് മനസ്സിലാവുന്നില്ല ?

ഇതിത്ര മനസ്സിലാവാൻ എന്തിരിക്കുന്നു!

ചെറിയ അണ്ണാന് ചെറിയ ശബ്ദം, വലിയ അണ്ണാന് വലിയ ശബ്ദം, ഞാൻ വിശദീകരിച്ചു.
അവൾക്ക് വിശ്വാസമാവാതെ മച്ചിൻപുറത്തെ തട്ടും മുട്ടും ശ്രദ്ധിച്ചു കൊണ്ട് പിണങ്ങിക്കിടന്നു. കുറേക്കഴിഞ്ഞപ്പോൾ ഓട്ടിൻ പുറത്തു കൂടി ആരോ നടക്കുന്ന ശബ്ദം. ഓടുകൾ ഞെരിയുന്ന ശബ്ദം..സത്യത്തിൽ ഞാൻ തെല്ലൊന്ന് പരിഭ്രമിച്ചു. വാ, നമുക്കൊന്ന് മുറ്റത്തിറങ്ങി നോക്കാം. ഞാൻ അനുനയത്തിൽ പറഞ്ഞു.

നീ ആ ടോർച്ചിങ്ങെടുക്ക്..

അതു പറ്റില്ല, ടോർച്ച് നിങ്ങളെടുക്ക് , ഞാൻ തോക്കെടുക്കാം , അവൾ ശഠിച്ചു.

അങ്ങനെ ഞങ്ങൾ ഒച്ചയുണ്ടാക്കാതെ മുറ്റത്തിറങ്ങി. ഓട്ടിൻ പുറത്തേയ്ക്ക് ടോർച്ചടിച്ചപ്പോൾ പന്തം പോലെ തിളങ്ങുന്ന രണ്ടു കണ്ണുകൾ !
ഇത് സാധനം വേറെയാണ് മോളേ, ഞാൻ പറഞ്ഞു, ഇവനാണ് മരപ്പ —
“ട്ടോ!!!”

അവളുടെ കയ്യിലിരുന്ന തോക്ക് ഒരൊറ്റ പ്പൊട്ടൽ !

വെടിയൊച്ച കേട്ടതും തോക്ക് കയ്യിൽ നിന്നും തെറിച്ചു പോയി. പിന്നെ അവളുടെ മിണ്ടാട്ടമില്ല.

നിനക്ക് വല്ലതും പറ്റിയോടി ,ഞാൻ വിറച്ചു വിറച്ചു ചോദിച്ചു.

ഭയങ്കര തൊഴിയാ ഈ തോക്ക് തൊഴിച്ചത് , നിങ്ങൾ ഇതൊന്നും ഓയിലിടാറില്ലേ, അവൾ ചോദിച്ചു..

വീണ്ടും ടോർച്ചടിച്ചപ്പോൾ മരപ്പട്ടിയെ അവിടെങ്ങും കണ്ടില്ല.

എടീ, നീ എപ്പഴാ വെടി വെയ്ക്കാൻ പഠിച്ചത്, ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

മറുപടി വരാൻ കുറച്ചു സമയമെടുത്തു.

പണ്ട് വീട്ടിൽ കുറേക്കാലം ഏകാന്ത തടവിൽ ക്കിടന്നില്ലേ ഞാൻ , അന്തക്കാലത്ത് ! അന്നത്തെ ഞങ്ങളുടെ കുടുംബ മാഹാത്മ്യക്കാർക്കൊന്നും എന്നെ തോല്പിക്കാൻ കഴിഞ്ഞില്ല ! ചാച്ചന് ഒരിരട്ടക്കുഴൽ തോക്കുണ്ടായിരുന്നു. വീട്ടിൽ ആരുമില്ലാത്തപ്പോൾ ഞാൻ പക്ഷികളെ വെടി വെയ്ക്കാൻ പോകും.
അത് നല്ല രസികൻ പരിപാടിയാ, മരണത്തിൻ്റെ മണം പിടിച്ചുള്ള യാത്ര ! വെടി പൊട്ടുമ്പോൾ പക്ഷിയങ്ങ് പറന്നു പോവും. ഒരു റൗണ്ടടിച്ചു വന്ന് അവൻ പിന്നേം ആ കൊമ്പിൽ ത്തന്നെ വന്നിരിക്കും. അപ്പോ കൊടുക്കും ഒന്നും കൂടി . അങ്ങനെ ഒരെണ്ണത്തിനെത്തന്നെ നമുക്ക് എത്ര തവണ വേണമെങ്കിലും പൊട്ടിക്കാം ! അങ്ങനെ എൻ്റെ ശത്രുക്കളേയും എന്നെപ്പറ്റി അപവാദങ്ങൾ പറഞ്ഞു പരത്തിയ ബന്ധുക്കളേയും കുശുമ്പി കന്യാസ്ത്രീകളേയുമൊക്കെ ഇഷ്ടം പോലെ നിഗ്രഹിച്ചിട്ടുണ്ട് ഞാൻ ! നിങ്ങളുണ്ടോ വല്ലതും അറിയുന്നു! ഇങ്ങനെ ഒരുത്തി ജീവിച്ചിരിക്കുന്നുണ്ടോ എന്നു പോലും അക്കാലത്ത് അന്വേഷിച്ചില്ല.

മതി, നിർത്ത്, നീയെന്താ എപ്പോഴും എന്നെയിങ്ങനെ കുറ്റപ്പെടുത്തുന്നത്, എനിക്ക് പേടിയായി.

ഓഹോ, അപ്പോൾ ഞാൻ വേറൊരുത്തിയെ കെട്ടിയാൽ മതിയായിരുന്നു അല്ലെ! ഞാൻ അവളെ അകത്തേയ്ക്ക് പിടിച്ചു വലിച്ചു.

പിറ്റേ ദിവസത്തെ പത്രത്തിൽ ഇപ്രകാരം ഒരു വാർത്ത.
ഗസ്റ്റ് ഹൗസിൽ രാത്രി ഒരു മണിക്ക് പ്രിയങ്ക ഗാന്ധി ഉറങ്ങുന്ന വിവിഐപി മുറിയുടെ മച്ചിലൂടെ ആരോ ഓടാൻ തുടങ്ങിയത്രെ!.
അവർ ഭയപ്പെട്ട് ഇന്നർ കോർഡൺ ക്യാമ്പ് കമാണ്ടൻ്റിനെ വിളിച്ചു. അദ്ദേഹം കമ്മീഷണറെ വിളിച്ചു . എവിടെ ഇന്റലിജെൻസും സ്പെഷ്യൽ ബ്രാഞ്ചും ? ഈ നിഗൂഡ സംഭവത്തിന്റെ പൊരുളറിയാൻ എന്തുകൊണ്ട് ബ്ലൂ ബുക്ക് നോക്കിയില്ല?

കഥകളൊന്നും അറിയാതെ ഗസ്റ്റ്ഹൗസിന്റെ ചായ്പിൽ കിടന്ന പാചകക്കാരൻ പറഞ്ഞു: ഇതിന്റെ മോളിലൊരുത്തൻ കൂടുന്നുണ്ട്, ഒരു മരപ്പട്ടിയാണപ്പാ , ഓന്റെ ശല്യം ഇപ്പോ ഏറി വരുന്നുണ്ട്.. ന്നാലും ആള് പാവാണ് , ഇസഡ് കാറ്റഗറിയാ ..

എന്നിട്ട് പ്രിയങ്ക താമസം മാറ്റിയോ, അവൾ തിടുക്കപ്പെട്ട് ചോദിച്ചു.

ഏയ്, എന്തിന്? അവർക്ക് ഇത്തരം nocturnal animals നെപ്പറ്റി നന്നായറിയാം.

അല്പം മുമ്പു നടന്ന സംഭാഷണത്തിൽ ഞങ്ങളുടെ പ്രണയത്തെ അവൾ അല്പം പുച്ഛിച്ചോ എന്നൊരു തോന്നൽ മനസ്സിന്റെ അടിയിൽ അങ്ങനെ കിടപ്പുണ്ടായിരുന്നു..

അക്കാലത്ത് നിന്റെ ഏകാശ്രയം വല്യമ്മച്ചിയായിരുന്നു അല്ലെ? ഞാൻ അല്പം അനുനയ രൂപത്തിൽ ചോദിച്ചു.
എക്കാലത്ത് , അവൾ തിരികെ ചോദിച്ചു.
കൊള്ളാം ! ഇപ്പോൾ ഒന്നും ഓർമ്മയില്ല !
എന്തൊരു മനുഷ്യൻ !
ഇത്ര ഇമോഷണൽ ഇൻഡിഫറൻസ് പാടില്ല. ഇതിന് നിരുത്തരവാദിത്തം എന്നാണ് പറയേണ്ടത്. .
നമ്മൾ രണ്ടു പേരും ഒരുമിച്ചു നിന്നല്ലേ ഇതൊക്കെ ചെയ്തത് , ഞാൻ ചോദിച്ചു.
എന്നിട്ടിപ്പോഴും കുറ്റം മുഴുവൻ എനിക്ക് !!
ഓർമ്മയുടെ ആഴമൊന്നും ഇവിടെ വെച്ചളക്കണ്ട , അവൾ പറഞ്ഞു , എന്റെ വല്യമ്മച്ചിയ്ക്കു പുറമെ പോസ്റ്റ്മാൻ ബാലനും എനിക്ക് നല്ല സഹായമായിരുന്നു അന്ന് ചെയ്തു തന്നത്.
ഒരു കത്തിന് നൂറു് രൂപ വെച്ച് ഞാനവന് കൊടുത്തിട്ടുണ്ട്.
അക്കാലത്ത് ഞാനെങ്ങനെയാണ് ജീവിച്ചതെന്ന് നിങ്ങൾക്കിപ്പോൾ അറിയണമല്ലേ.
നിങ്ങൾക്കത് മനസ്സിലാവില്ല.
അത് വിട്ടേയ്ക്ക് പ്ലീസ്.
പഴയ കഥകൾ ആർക്കും ഇഷ്ടമല്ല.
എന്നെ അതൊന്നും ഓർമ്മിപ്പിക്കുകയും വേണ്ട……

ഇങ്ങനെ കേറി നിൽക്കാൻ കളങ്ങളില്ലാത്ത ഘട്ടങ്ങളിൽ അവൾ പതിവുപോലെ മലയിറങ്ങി വരുന്ന ഉൾനാടൻ ബസ്സുകളെക്കുറിച്ച് ഓർക്കാൻ തുടങ്ങി.
അടുക്കള വശത്തെ കോലായിൽ നിന്നാൽ മോണിങ്ങ് സ്റ്റാർ രണ്ടാം വളവ് തിരിയുന്നത് കാണാം. അവൾ കഥയുടെ മറ്റൊരു ഭാഗം പറഞ്ഞു തുടങ്ങി.
ബസ്സ് പിടിക്കണമെങ്കിൽ അപ്പോൾ സാരി മാറാൻ തുടങ്ങിയാൽ മതി. പതിനഞ്ച് മിനിട്ട് പിടിക്കും താഴെയെത്താൻ. വല്യമ്മച്ചിയെ കണ്ടാൽ ഡ്രൈവർ ഗെയിറ്റിൽ ത്തന്നെ വണ്ടി നിർത്തിത്തരും. ഞങ്ങളെ സെൻറ് ജോർജ്ജിന്റെ പെരുന്നാൾ കൂടാൻ കൊണ്ടുപോവുകയായിരുന്നു ഒരു ദിവസം.
നല്ല തിരക്കാണ് ബസ്സിൽ. ഒറ്റ സീറ്റില്ല. എടാ ചെറ്ക്കാ നീയങ്ങോട്ട് എണീറ്റേടാ , വല്ലമ്മച്ചി ആദ്യം കാണുന്ന ചെറുപ്പക്കാരനെത്തന്നെ സീറ്റിൽ നിന്ന് എണീപ്പിച്ച ശേഷം കണ്ടക്ടറെ വിളിച്ച് എല്ലാരും കേൾക്കെ അടുത്ത ചോദ്യം ഇപ്രകാരം:

നീ എന്നാടാ പെമ്പിള്ളേരെയെല്ലാം കണ്ണും കയ്യും കാണിച്ച് വണ്ടിക്കേറ്റിയേച്ചും അതുങ്ങൾക്കൊന്നും സീറ്റ് കൊടുക്കാത്തെ?
ഇതു കേൾക്കണ്ട താമസം കണ്ടക്ടർ ഞങ്ങൾക്കുള്ള സീറ്റ് കണ്ടെത്താൻ കഴിയാതെ പരുങ്ങിക്കളിക്കുന്നതു കാണാം .

വല്യമ്മച്ചി ഒന്നു മിണ്ടാതിരി , ഞാനിവിടെ നിന്നോളാം കുറച്ച് ദൂരമല്ലേയുള്ളു . സഹികെട്ട് ഞാൻ പറഞ്ഞു.

ജിമ്മിയാണ് എന്റെ സെക്യൂരിറ്റിക്കാരൻ. എന്നെ സീറ്റുകൾക്കിടയിലേക്ക് കേറ്റി നിർത്തിയേച്ചും , ആർക്കും അങ്ങോട്ട് അടുക്കാൻ കഴിയാതെ ഒരു ചെക്ക്പോസ്റ്റ് സ്ഥാപിച്ച് അവനവിടെ നിലയുറപ്പിക്കും ……

പിന്നെ വല്ലമ്മച്ചി ഒന്നും പറയില്ല.

എന്നാലും ആ രാജകീയ യാത്രകളൊക്കെ ഒരു രസമായിരുന്നു. പള്ളീടെ സ്റ്റോപ്പിൽ ഇറങ്ങുമ്പം ബസ്സിനകത്തെ വായ് നോക്കികളിൽ പടരുന്ന ഒരു ചിരിയുണ്ട്. അതെനിക്ക് ഇഷ്ടമല്ലെന്ന് അവന്മാർക്കറിയാം.

എന്നെ നല്ല വിശ്വാസമായിരുന്നു വല്യമ്മച്ചിക്ക്.

ഒരു ഞായറാഴ്ച ആടിനെ മേടിക്കാൻ അങ്ങാടിൽ പോയപ്പം ജീപ്പിൽ എന്നേയും കൊണ്ടുപോയി. ആട്ടിറച്ചി വേണമെന്നു തോന്നുമ്പോൾ ആടിനെത്തന്നെ മേടിച്ചോണ്ടുവരുന്ന സ്വഭാവമാണ്. ടൗണിലെ സ്റ്റോപ്പിൽ ബ്രീഫ് കെയിസും താങ്ങിപ്പിടിച്ച് ബസ്സ് കാത്തുനിൽക്കുന്ന ഒരു പാവം മനുഷ്യനോട് കാര്യമായി അഭ്യർത്ഥിക്കുകയാണ്..

ഈ ആട്ടിൻ കുഞ്ഞിനെ ഒന്നീ ജീപ്പിലോട്ട് കേറ്റിത്തന്നേടാ കൊച്ചേ .

അയാൾ ബ്രീഫ് കെയിസ് താഴത്തുവെച്ച് ആടിനെ കഷ്ടപ്പെട്ട് എടുത്തു പൊന്തിക്കുന്നത് കണ്ട് ചിരി വരാതിരിക്കാൻ
ഞാൻ മറുഭാഗത്തേയ്ക്ക് നോക്കി..

എല്ലാ മാസവും ഡോക്ടറെ ക്കാണാൻ ടൗണിലേയ്ക്ക് ഒരു പുറപ്പാടുണ്ട് വല്യമ്മച്ചിക്ക്.
മെഡിക്കൽ ചെക്കപ്പ്!

അകമ്പടിയായി എന്നേയും കൊണ്ടു പോകും. ജീപ്പിൽ ചേനയും നേന്ത്രക്കുലയും കപ്പവാട്ടിയതും ഒക്കെയുണ്ടാവും. ക്യൂവിലൊന്നും നിൽക്കുന്ന പരിപാടിയിയേയില്ല.. കൺസൾട്ടിങ്ങ് റൂമിന്റെ വാതിൽ തുറന്നങ്ങ് കേറിച്ചെല്ലും. ടെറിട്ടോറിയൽ റജിമെന്റിന്റെ ആ വരവ് കണ്ട് ഡോക്ടർ ഗോവിന്ദ രാജ് ആദ്യം ഒന്നമ്പരക്കുമെങ്കിലും പിന്നെ വാ പൊത്തിച്ചിരിക്കും. തടങ്കൽക്കാലത്തിന്റെ അവസാന നാളുകളിൽ ഒരു ദിവസം എന്നോട് പറഞ്ഞു:
എടീ പെണ്ണേ , നിന്റെ പേരീ കെടക്കണ ആ സ്ഥലം ഇങ്ങോട്ടെഴുതി മേടിച്ചോണം. അവൻ നിന്നെ പറ്റിക്കും.
എനിക്കറിയാം ചാച്ചൻ എനിക്ക് ഒന്നും തരാൻ തീരുമാനിച്ചിട്ടില്ലെന്ന് .

ഒന്നുമില്ലാത്തവളെപ്പോലെ ഞാനിറങ്ങിപ്പോന്നു. നിങ്ങളുടെ കൂടെ . എന്റെ കുടുംബത്തിൽ വല്യമ്മച്ചിയെ മാത്രമേ ഞാൻ അംഗീകരിച്ചിട്ടുള്ളൂ.
അനുസരിച്ചിട്ടുള്ളു. ബഹുമാനിച്ചിട്ടുള്ളു. ജീവിതത്തിൽ എന്റെ സ്കൂളിംഗ് മുഴുവൻ ആ വഴിക്ക് കിട്ടിയതാണ്. ജീവിച്ച് ജീവിച്ച് മതിയായിട്ടാണ് വല്യമ്മച്ചി ഒടുവിൽ പോകാൻ തീരുമാനിച്ചത്.

ഒരു ഫെബ്രുവരി 29-ന് എല്ലാവർക്കും കണക്കു തെറ്റുന്ന ഒരു ലീപ്പ് ഇയറിലായിരുന്നു അത്. ടിൻ ഡ്രമ്മിലെ തൻ്റേടിയായ അന്ന ബ്രോൺസ്കിയെപ്പോലെ സ്വയം തെരഞ്ഞെടുത്ത ഒരു ദിവസം !!

ആരോ കോളിങ്ങ് ബെല്ലടിച്ചു
വാതിൽ തുറന്നപ്പോൾ —
അവൾ !!!

നിങ്ങളെ ഇവിടെ ഒറ്റയ്ക്കാക്കി പോകാൻ എനിക്ക് കഴിയില്ല , അവൾ അകത്തേയ്ക്ക് ഓടിക്കയറി !

വാ നമുക്ക് വല്ലതും കഴിക്കാം , ഞാൻ പറഞ്ഞു , ബ്രെയ്ക്ക് ഫാസ്റ്റ് വിളമ്പിവെച്ചത് അതേപടിയിരിക്കുന്നു……

വയനാട് സ്വദേശി. കോഴിക്കോട് താമസം . കേരള പോലീസിൽ അസിസ്റ്റന്റ് കമാണ്ടന്റ് ആയി റിട്ടയർ ചെയ്തു. കാണാതായ കഥകൾ , ഭൂമദ്ധ്യരേഖയിലെ വീട്, ഐരാവതിയിലെ കല്ലുകൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മലയാളത്തിലെ എല്ലാ ആനുകാലികങ്ങളിലും രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . നവമാധ്യമങ്ങളിലും സജ്ജീവം.