രാമു കാലം

‘അമ്പാസിഡർ ചങ്ക്സ്’
വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനായ
ഞാൻ
കിട്ടാവുന്നതിൽ
പഴകിയൊരു
അമ്പനേയും
കൂട്ടി വീട്ടിൽ വന്നപ്പോ
അമ്മൂമ്മ ചോദിക്കുവാ.

ഏത്
രാമൂൻറെ
കാലത്തെ വണ്ടിയാടാ.
നിൻറപ്പൂപ്പനേക്കാളും
മുതുക്കനാണല്ലോന്ന്.

ആരാ
എൻറെ മുതുക്കത്തരം
കുത്തിപ്പൊക്കുന്നേ..
ഏ…ഏ…

തൈത്തെങ്ങായി
റീ ജുവാവായ്
ഇളം കാറ്റിലാടി
ചൂളമിട്ടു നിന്ന
അപ്പൂപ്പൻ ചൊടിച്ചു.

പിന്നെ അടക്കം
പറഞ്ഞു..
അയ്യേ..
ആരായാലും ഒള്ളതാ
എൻറെപ്പൂപ്പനെക്കാളും
മുതുക്കാനാ ഈ ..ണ്ടി.

മുതുക്കൻറെ
ഒടുക്കത്തെ ..ണ്ടി,
ഏൻഡോടെൻഡ്
എൻക്രിപ്‌ഷൻ
വഴിയായ്
അമ്മൂമ്മയിൽ
സ്മൈലിയായ്
കുണുങ്ങി.

അച്ഛനും
അമ്മയും
വെറുതെയിരുന്നില്ല.
അവരും
രാമൂൻറെ കാലം
പരാമർശിച്ച്
എന്നെയും
അമ്പനെയും
ടയറിൽ
നിർത്തി
അപമാനിച്ചു.

അയലത്തെ,
അവിഹിതയായ
ചേച്ചിയും
ബഹിഷ്‌കൃതനായ
അങ്കിളും
പോക്കിൽ പോക്കായ
പെങ്കുട്ടിയോളുകളും
മതിലിൽ
താടി തൂക്കി
രാമൂൻറെ കാലത്തിൽ
പുച്ഛം കുടഞ്ഞു.

പരിഷ്‌കൃത
പുരോകാലം
മുഴുവനുണർന്ന്
കൂവിയാർക്കുന്നതിൻ
മുന്നേ;

പ്രജാപതിയുടെ
അകണ്ട ഫാരത
പിടുങ്ങാമണിയിൽ
മാത്രം
ദൃഷ്ടിയുറപ്പിച്ച്;
ഇനിയും
വെളുക്കാത്ത
നേരത്തിലേക്ക്
രാമൂൻറെ
കാലത്തിലേക്ക്
ഞാൻ
അമ്പനെ തെളിച്ചു.

മസ്‌ക്കറ്റിൽ സോഫ്ട്‍വെയർ ഡെവലപ്പർ. ഓൺലൈൻ പോർട്ടലുകളിൽ കവിത,ലേഖനങ്ങൾ, പുസ്തക-ചലച്ചിത്ര ആസ്വാദനങ്ങൾ എഴുതാറുണ്ട്.