മാൻമിസ്സിംഗ്

‘നാല് അല്ലേ അഞ്ച് ദെവസം. അതിനപ്പറം പോവത്തില്ല. കാട്ടില് ചെല കൂട്ടുകാരുണ്ട്. അവിടെ വാറ്റിയും കുടിച്ചും കെടക്കും. പിന്നവടന്ന് എങ്ങാണ്ടൊക്ക കറങ്ങിത്തിരിഞ്ഞ് കയ്യില കാശ് തീരുമ്പ ചന്തീയൊണങ്ങി തിരിച്ച് വന്ന് കേറും. അപ്പറത്ത് ആര്ന്നപ്പം അങ്ങനാ പതിവ്. ഇന്നിപ്പ ഇത് പന്ത്രണ്ടായി. എനിക്കെന്തരോ ഒരാധിപോലെ.’ തേനിയമ്മയുടെ സ്വരം പതറി.

താഴത്തെവരി പല്ലു കാണത്തക്കവണ്ണം കീഴ് ചുണ്ട് താഴേക്ക് അയഞ്ഞ മട്ടിൽ വിട്ട്, തലപൊക്കി ചുമ്മാതെ ഏതോ മരത്തിലേക്ക് നോക്കികൊണ്ട്‌ മെമ്പർ ബാബു പോംവഴി ആലോചിച്ചു പറഞ്ഞു. ‘പോലീസി അറീക്കണം. ആദ്യമ്പോയി അത് ചെയ്യ്. പിന്നെന്തരെലും ആവശ്യ ഒണ്ടേല് ഞാൻ വരാം.’

‘എൻ്റോടായതിപ്പിന്നെ ഇതുവര ഈ പോക്ക് പോയിട്ടില്ലാര്ന്ന്. ഇതെന്നല്ല എൻ്റീ പരിയമ്പറം വിട്ട് എങ്ങോട്ടും പോയിട്ടില്ല.’

‘അത് പിന്ന നിങ്ങള് പിടിച്ച് വെച്ചേക്കുവാന്നല്ലാര്ന്നാ അങ്ങേര മരുമോക്കട വരെ പരാതി. എന്തായാലും ചെന്ന് പോലീസിപ്പറ.’ മെമ്പർ നൈസായിട്ട് സ്ഥലം വിട്ടു.

എവര് ചെന്ന് ആരെ കാണായില്ലെന്ന് പറയും. എന്തേരെങ്കിലുമാവട്ടെ. എവറ്റിങ്ങടയൊക്ക കേസില് എടപെടാതിരിക്കുന്നതാ ബുദ്ധി – പോന്ന പോക്കിൽ മെമ്പർ ബാബു മനസിൽ പറഞ്ഞു.

സ്റ്റേഷനിൽ ചെന്ന് ആകെപ്പാടെ അന്ധാളിച്ച് നിന്ന തേനിയമ്മയോട് പോലീസുകാരൻ ചോദിച്ചു. ‘ടിയാൻ നിങ്ങടെ ആരാ.’

അതുകഴിഞ്ഞുള്ള ഒരു മിനിറ്റത്തെ നിശബ്ദതയിൽ പോലീസുകാരൻ ആധാറിൻ്റെ കോപ്പിയും ഫോട്ടോയുമെല്ലാം തിരിച്ചും മറിച്ചും നോക്കി.

ആരെന്ന് പറയും. കൂടെപ്പൊറുക്കുന്ന ആളെന്നോ. കഴിഞ്ഞുപോയ ഒരു വലിയ കാലമാണ് ആ ഒരൊറ്റ നിമിഷം കൊണ്ട് തേനിയമ്മ അവിടെ നിന്ന് അനുഭവിച്ചത്‌.

‘അയാളുടെ ബന്ധുക്കളാരാ ഉള്ളത് എന്ന് വച്ചാ അവരെ വിളിപ്പിച്ചിട്ട് മാൻ മിസ്സിങ്ങിന് കേസെടുക്ക്.’ എസ്ഐ നിർദ്ദേശിച്ചു. അതേ തുടർന്ന് തേനിയമ്മ കൊടുത്ത നമ്പർ വച്ച് പോലീസ് സരോജനെ വിളിച്ചു വരുത്തി.

‘അങ്ങേരക്ക് കൊറേ നാളായിട്ട് നമ്മളുമായിട്ട് യാതൊരു ബന്ധവും ഇല്ല സാറേ.’ സരോജൻ പറഞ്ഞു.

‘നിൻ്റെ തന്ത തന്നാന്നോടാ ഇയാൾ.’ പോലീസുകാരൻ കടുപ്പിച്ചു ചോദിച്ചു.

സരോജൻ തല കുലുക്കി. ‘എൻ്റമ്മ അറുപതാമത്തെ വയസില് വെഷം കഴിച്ചു മരിച്ചതാ സാറേ ഈ സ്ത്രീയെ കാരണംകൊണ്ട്. അച്ഛനും എവരും തമ്മില് പണ്ടേ ചിട്ടയാര്ന്ന്.’ സരോജന് അതിൽ കൂടുതലൊന്നും പറയാനുണ്ടായിരുന്നില്ല.

‘ഇപ്പൊ പൊയ്‌ക്കോ. വിളിക്കുമ്പോ വന്നോണ്ണം.’ പോലീസുകാരൻ അയാളെ പറഞ്ഞു വിട്ടു.

മെലിഞ്ഞുറച്ച ശരീരവും നടക്കുമ്പോൾ ചെറിയൊരു ഏന്തുമായി ആകെ മൊത്തത്തിൽ എന്തോ ഒരു കുറവുള്ളതുപോലെ സരോജൻ ആർക്കും മുഖം കൊടുക്കാതെ, മരച്ചീനി തണ്ട് ഒടിച്ച് ചവച്ചുതുപ്പിക്കൊണ്ട് പോലീസ് സ്റ്റേഷൻ്റെ പടിയിറങ്ങിപ്പോയി.

‘അവനൊരു കള്ളലക്ഷണം ഇല്ലേ. കെളവനെ ഇവനെങ്ങാനും തട്ടിയതായിരിക്കുമോ.’

പോലീസുകാരൻ്റെ സംശയത്തിന് പിന്നാലെ ‘ആ സ്ത്രീക്ക് എന്താ പ്രായമെന്നാ പറഞ്ഞേ’ എസ്ഐ ചോദിച്ചു.

പോലീസുകാരൻ എഫ്ഐആറിൽ അവരുടെ പേരും കൂടി എഴുതിച്ചേർത്തു.

തേനിയമ്മ. വയസ് 58.

‘ഇവൻ്റെ പേര് കൊള്ളാല്ലോ. എന്താ സരോജ നേത്രൻ പിള്ള. അവൻ്റെ അമ്മ സൂയിസൈഡ് ചെയ്തതാണ് എന്നല്ലേ പറഞ്ഞത്. ആ കേസ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണോ.’ ഒന്നാലോചിച്ചിട്ട് സംഭവത്തിൽ എന്തോ ഒരു കൊളുത്തുള്ളത് പോലെ എസ്ഐ പറഞ്ഞു ‘അറുപത്തിനാലുകാരനുമായി ഒന്നര വർഷമായി ഒന്നിച്ച് താമസം. അയൽക്കാരിയുടെ അൺനാച്വറൽ ഡെത്ത്. എല്ലാമൊന്ന് കാര്യമായിട്ട് നോക്കിയേക്ക്.’

പുതിയ ആളായതുകൊണ്ടാ എസ്‌ഐക്ക് ഇതൊന്നും അറിഞ്ഞൂകൂടാത്തത്.

ഈ നാട്ടിൽ ഇതൊക്കെ പതിവാ എൻ്റെ സാറേ – എന്ന് മനസ്സിലോർത്തു കൊണ്ട്, പോലീസുകാരൻ പറഞ്ഞു. ‘നോക്കാം സർ.’

രാത്രി ചോറുണ്ടുകൊണ്ടിരിക്കുമ്പോൾ സരോജനോട് ഭാര്യ തീർത്തു പറഞ്ഞു. ‘ഇതക്ക ആ കൊണവതികാരം പിടിച്ച പെണ്ണുമ്പിള്ളേടെ അടവാ. മലേല് ആയാലെന്ത്. വെട്ടാറായ റബറ് നിക്ക്ന്ന ഒന്നരയേക്കറ് ഭൂമിയാ. എഴുതി വേടിച്ചിട്ട് തള്ളേം മോളുങ്കൂടെ ചേർന്ന് കൊന്നുകാണും.’

‘നിനക്കിത് എന്തോന്നിൻ്റെ കിളിച്ചിലാ. എയീച്ചു പോടീ.’ സരോജൻ ഭാര്യയെ ശകാരിച്ചു.

‘എന്തോവായാലും ദൈവമേ അങ്ങേരക്ക് ആപത്തൊന്നും വരാതിരുന്നാ മതിയാര്ന്ന്.’ ഭാര്യയുടെ ആ പറച്ചിൽ അത്ര പിടിക്കാത്ത മട്ടിൽ സരോജൻ അവളെ നോക്കി.

‘നിങ്ങക്ക് സ്വന്തം തന്തേ ഇഷ്ടമല്ലാത്തേന് എന്നെയിങ്ങനെ ദരശിനിച്ച് നോക്കുന്നയെന്തരിന്. അങ്ങേരോട് ഞാൻ നയത്തില് നിന്ന് മൊതലിൻ്റെ ഒള്ളതിപ്പങ്ക് വേടിച്ചെടുക്കാൻ നോക്കുമ്പ.’

‘അവക്കൊള്ളൊര് നയത്തി നിപ്പ്. മിണ്ടായിരിയടീ.’ സരോജൻ കുഴച്ചു വാരിയ ചോറ് പാത്രത്തിലേക്ക് തിരിച്ചിട്ടുകൊണ്ട് ഭാര്യയെ കണ്ണുരുട്ടി നോക്കി.

‘അങ്ങേര് വന്ന് വിളിച്ചപ്പം കെട്ടുംകെട്ടി കൂടെ വന്നത് ഞാൻ പറഞ്ഞിട്ടാര്ന്നാ. പെരിങ്ങമ്മലേ കെടന്നെങ്കി വല്ലവൻ്റേയും കടേലാണെങ്കിലും പഞ്ചറൊട്ടിച്ച് ജീവിക്കാരുന്നല്ല. അപ്പം നിങ്ങക്ക് മൊതല് വേണം. എന്നെയിനി നിങ്ങട തന്തേട പേര് കൂട്ടി ആക്ഷേപം പറഞ്ഞാലൊണ്ടല്ല. തള്ളേം കൊന്ന് ഇപ്പം തന്തേം കൊന്നത് നിങ്ങളാണെന്ന് ഞാൻ നൂറി വിളിച്ചു അറിയിക്കും.’

സരോജൻ പിന്നൊന്നും പറയാതെ എഴുന്നേറ്റ് പോയി ഒരു ബീഡി വലിച്ചിട്ട് കിടന്നുറങ്ങി.

നാണുപിള്ളയെ കാണാതായതിൻ്റെ പതിനഞ്ചിൻ്റന്ന് സരോജനെ പോലീസ് വീണ്ടും വിളിപ്പിച്ചു. പറഞ്ഞ അടയാളങ്ങളൊക്കെ ഉള്ള ഒരു ജഡം കിട്ടിയിട്ടുണ്ട്. പോയി കണ്ട് ഐഡൻ്റിഫൈ ചെയ്യണം. തേനിയമ്മയേയും കൂട്ടി വേണം പോവാൻ. ഒരു പോലീസുകാരനും ഒപ്പം വരും.

മൂന്നുപേരും ആറര മണിക്കൂർ യാത്ര ചെയ്ത് കാട് കടന്നുള്ള സ്ഥലത്തെത്തി. അവിടുന്ന് ബസ് മാറിക്കയറി തെങ്കാശിക്ക് പിന്നെയും രണ്ടു രണ്ടര മണിക്കൂർ യാത്ര. മലയാളിയും തമിഴനും തെലുങ്കനും ആന്ധ്രക്കാരനും കുളിച്ചു തൊഴാൻ എത്തുന്ന ക്ഷേത്രമുള്ള തമിഴ് നാട് അതിർത്തിയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ അവർ എത്തി.

‘ഇന്നിനി ഒന്നും നടക്കില്ല. നിങ്ങള് രാവിലെ ഇവിടെ വരണം’ എന്ന് പറഞ്ഞ് പോലീസുകാരൻ സ്റ്റേഷനിൽ തന്നങ്ങ്‌ കൂടി. വേറെ ഇനി എവിടെ പോകാൻ. കൊതുകടി കൊണ്ടും വന്നുകേറുന്ന വണ്ടികളുടെ വെട്ടം കണ്ണിൽ കുത്തിക്കേറിയും തേനിയമ്മയും സരോജനും പോലീസ് സ്റ്റേഷൻ വരാന്തയിൽ രാത്രി കഴിച്ചുകൂട്ടി.

രാവിലെ നേരെ ജനറലാശുപത്രി. ഒരു തമിഴ് പോലീസുകാരനും കൂടെ ചെന്നു. ഒരാഴ്ചക്ക് മുൻപാണ് നാണുപിള്ള ടൗണിലെ ഒരു ലോഡ്‌ജിൽ മുറിയെടുത്തത്. ഒന്ന് കുളിച്ചിട്ടോ മറ്റോ അന്നേരം തന്നെ മുറിയും പൂട്ടി പോയത് റിസെപ്ഷൻകാരൻ കണ്ടായിരുന്നു. പിന്നെ മുറിക്കകത്തു നിന്ന് നാറ്റം വന്ന് ചെന്ന് നോക്കിയപ്പോൾ ചത്തു കിടക്കുന്നു. ആളെ അറിയാൻ പറ്റാത്തപോലെ വീർത്തു പൊട്ടിയ നിലയിലാണ് ജഡം കണ്ടത്. കേരളാ പോലീസിൻ്റെ മെസ്സേജുമായിട്ട് സാമ്യം തോന്നിയപ്പോൾ അറിയിച്ചതാണെന്നും അയാൾ പറഞ്ഞു.

മോർച്ചറിയ്‌ക്ക് മുന്നിൽ ഒരു ജീവനക്കാരനെ കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചിട്ട് പോലീസുകാർ രണ്ടും പോയി. ഭാഷയും വശമില്ല. തേനിയമ്മയ്ക്ക് കക്കൂസ് കാണിച്ചു കൊടുത്ത വെള്ള ഉടുപ്പും പാൻ്റും ഇട്ട ചെറുപ്പക്കാരനാണ് പിന്നെ സഹായിച്ചത്.

‘ആദ്യായിട്ടാണോ എന്ന് ചോദിയ്ക്കാൻ പറ്റൂല്ലല്ലോ.’ എന്തോ ഭയങ്കര ഫിലോസഫി പറയുന്ന മട്ടിൽ ചെറുപ്പക്കാരൻ ചിരിക്കാതെ സംസാരിച്ചു തുടങ്ങി. ‘നോക്കി നിന്നാ ഇവിടെ തന്നെ നിൽക്കാനേ പറ്റൂ. ഇവിടെ അകത്തു കിടക്കുന്നവർക്കൊന്നും ഒട്ടും തിടുക്കമില്ലാത്തവരാ.’

താൻ പറഞ്ഞതിൻ്റെ സാരാംശമൊന്നും ഈ പാവങ്ങൾക്ക് മനസിലായില്ലോ എന്ന മട്ടിൽ അയാൾ സരോജനെ അടിമുടിയൊന്നു നോക്കിയിട്ട് പറഞ്ഞു. ‘നിങ്ങളുടെ ഫുൾ പേര് കൊള്ളാം. ഞാൻ ആദ്യമായിട്ട് കേൾക്കുവാ.’

സരോജൻ അടുത്തുകണ്ട ഒരു പുല്ലിൻ്റെ അറ്റം പിച്ചിയെടുത്ത് ചവച്ചുകൊണ്ട് നിന്ന് ചിരിച്ചു.

അതേറ്റു- ചെറുപ്പക്കാരൻ മനസ്സിലോർത്തു.

‘ഇരുനൂറു രൂപ ഇങ്ങെടുക്ക്. അറ്റൻഡർക്ക് കൊടുത്താൽ ഇപ്പം കേറാം. നോക്കി കണ്ട് ഉറപ്പിച്ചാൽ വേഗം ബോഡി വിട്ടുകിട്ടാനുള്ള ഏർപ്പാട് ചെയ്യിക്കാം.’ അയാൾ ഇതുകഴിഞ്ഞു വേറെ എവിടെയോ ഒക്കെ പോകാനുള്ളതാണ് എന്ന മട്ടിൽ കൈനീട്ടി.

ഉറക്കച്ചടവും വയറ്റീന്ന് പോകാത്ത വിമ്മിട്ടവും കൊണ്ട് സരോജൻ വേറൊന്നും നോക്കീല്ല. കാശെടുത്തു കൊടുത്തു. പത്തേപത്തു മിനിറ്റിൽ പേര് വിളിച്ചു.

പച്ച രക്തത്തിൻ്റെയും ചീഞ്ഞ മാംസത്തിൻ്റെയും നാറ്റം കൂടിക്കുഴഞ്ഞ ഹാളിൽ മുന്നിൽ കണ്ട ശരീരം അച്ഛൻ്റേതാണോ എന്ന് തിരിച്ചറിയാൻ സരോജന് പറ്റിയില്ല. അതിന് മുന്നേ അയാൾ ബോധംകെട്ട് വീണു. ആരോ താങ്ങിയെടുത്ത് കൊണ്ട് കിടത്തിയ പുറത്തെ ബെഞ്ചിൽ ചാരിയിരുന്ന് കണ്ണു തുറന്നപ്പോഴേക്കും കക്കൂസിൽ പോകാൻ മുട്ടി. ചോര കലർന്നതുപോലെ തുരുമ്പിൻ്റെ ചുവയുള്ള വെള്ളം കൊണ്ട് കഴുകി മുഖവും തുടച്ച് പുറത്തിറങ്ങിയപ്പോൾ കാലിനൊരു ബലമില്ലാത്ത അവസ്ഥ.

ആ നേരം കണ്ണിൽ കണ്ടത് വിശ്വസിക്കാനാകാതെ തേനിയമ്മ മോർച്ചറിക്കുള്ളിൽ നിൽക്കുകയായിരുന്നു. ഒരിക്കലും ഒരിടത്തും ഉറച്ചു നിൽക്കാനാകാതെ ചുറ്റിനടന്ന ഒരാണിൻ്റെ അവസാനക്കിടപ്പ് കണ്ട് അവർ തരിച്ചുപോയി.

പുറത്തിറങ്ങി വരാന്തയിൽ ഇരുന്ന തേനിയമ്മ അടുത്തുവന്നു നിന്ന സരോജൻ്റെ കൈയിൽ മുറുകെ പിടിച്ചു. മോർച്ചറിക്കുള്ളിൽ മരിച്ചു കിടക്കുന്ന ആരോ തന്നെ തൊടുന്നത് പോലെ അയാൾക്ക്‌ തോന്നി. ഉള്ളിലുള്ളതെല്ലാം ഒഴിഞ്ഞ് സരോജൻ വെറും പൊള്ളയായി നിന്നു.

‘നീങ്ക യാര്.’ അറ്റൻഡർ വന്നു ചോദിച്ചു.

കിട്ടാതെ പോയ ഒരവകാശം സ്വയം ഉറപ്പിക്കുന്ന മട്ടിൽ തേനിയമ്മ പറഞ്ഞു. ‘ഭാര്യ.’

മൃതദേഹം നേരിൽ കണ്ട് തിരിച്ചറിഞ്ഞത് ഭാര്യ തേനിയമ്മ. വലതു തുടയിലെ കറുത്ത പാട് തെളിവായി ചൂണ്ടിക്കാട്ടി. മകൻ സരോജ നേത്രൻ പിള്ള സാക്ഷി. ഇങ്ങനെ ഇംഗ്ലീഷിൽ എഴുതിയിരുന്നതിന് താഴെയായി അവർ ഇരുവരും ഒപ്പിട്ടു നൽകി.

സരോജ നേത്രൻ പിള്ള എന്ന പേര് കണ്ട് വെള്ളയും വെള്ളയും ഇട്ട ചെറുപ്പക്കാരന് വീണ്ടും ഉള്ളിൽ ചിരിപൊട്ടി.

‘പോലീസ് ഏതാണ്ടൊല്ലാമൊക്കെ ഒപ്പിച്ചെന്ന് വരുത്തിയങ്ങു വിടും. ഇവിടിത് ഇങ്ങനെ എത്രയെണ്ണമാ ദിവസവും. ആയിരങ്ങൾ വന്നുപോകുന്ന സ്ഥലമല്ലേ.’ ചെറുപ്പക്കാരൻ പറയുന്നതൊന്നും സരോജൻ ശ്രദ്ധിക്കുന്നില്ലായിരുന്നു.

‘ഞാൻ പൊലീസുകാരെ വിളിച്ച് വേഗം വരാൻ പറയാം. സർജൻ ഒപ്പിട്ടാൽ ഉടൻ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൻ്റെ കോപ്പി കിട്ടും.’ നാട്ടിൽ നിന്ന് ഒപ്പം വന്ന ഏതോ ഒരാളെ പോലെ ആ ചെറുപ്പക്കാരൻ എല്ലാത്തിനും ഒപ്പം നിന്നു.

ഈ ഭൂമിയിൽ ആരുമല്ല താൻ എന്ന പോലെ സരോജൻ വെറുതേ ഒരിടത്തിരുന്നു.

വെള്ള ബാനർ തുണി, റബ്ബർ ഷീറ്റ്, പൗഡർ, സ്പ്രേ ഇത്രയും അകത്തേക്ക് വാങ്ങി കൊടുക്കണം. ആംബുലൻസിലേക്ക് കുന്തിരിക്കവും ചന്ദനത്തിരിയും എയർഫ്രഷ്‌നറും. ആ പിന്നെ ആംബുലൻസും ഏർപ്പാടാക്കണം. ചെറുപ്പക്കാരൻ എല്ലാം ഏറ്റെടുത്തു ചെയ്തു.

ഒരു മണിക്കൂറിനകം കാര്യങ്ങളെല്ലാം കഴിഞ്ഞ് ബോഡി വണ്ടിയിൽ കയറ്റി.

ചെറുപ്പക്കാരൻ സരോജനെ വിളിച്ച് സ്വകാര്യത്തിൽ പറഞ്ഞു. ‘ഇവിടുത്തെ പോലീസുകാരന് ആയിരം. നിങ്ങളുടെ കൂടെ വന്ന പോലീസുകാരന് വഴിച്ചിലവ് അടക്കം രണ്ടായിരത്തി അഞ്ഞൂറ്. പുള്ളി ഇവിടുന്ന് ബസിൽ അങ്ങ് വരും. നാട്ടിലെ നിങ്ങളുടെ സ്റ്റേഷനിൽ വിളിച്ച് ആള് തന്നെ കാര്യങ്ങളെല്ലാം അറിയിച്ചോളും. ഇതൊക്കെയാ പതിവ്. പിന്നെ ഇത്രയും ദൂരം ഉള്ളതല്ലേ. ആംബുലൻസിന് ഇരുപത്തിയേഴായിരം. സാധനം വാങ്ങിച്ചതും എല്ലാം കൂടി മുപ്പത്തിയാറായിരമായി. കാശ് കൊടുത്താലേ അവര് വണ്ടിയെടുക്കൂന്ന്.’

‘എത്രാ ?’ സരോജൻ അന്തം വിട്ട് നിന്നു.

‘മുപ്പത്തിയാറായിരം.’ ചെറുപ്പക്കാരൻ പറഞ്ഞു. ‘ബെസ്റ്റ് റേറ്റാ. ഇപ്പം മണി പന്ത്രണ്ടായി. ഇവര് കത്തിച്ചു വിട്ടോളും. രാത്രി ഒരു എട്ട് എട്ടരയ്ക്ക് മുൻപ് അങ്ങെത്തിയ്ക്കും. അപ്പോ താമസിയാതെ തന്നെ അടക്കാം. ഇതിനി വച്ചോണ്ടിരിക്കാൻ പറ്റില്ല. അല്ലെങ്കിൽ പിന്നെ പഞ്ചായത്തിൽ നിന്ന് ഹെൽത്തുകാരെയൊക്കെ അറിയിച്ച് പേപ്പറുണ്ടാക്കണം. അത് പിന്നെയും ചെലവാ.’

സരോജൻ വെറുമൊരു പാഴ് മരം പോലെ നിന്നു.

‘അതൊക്കെ നിങ്ങളുടെ ഇഷ്ടം. എൻ്റെ സമയം മെനക്കെടുത്താതെ കാശെടുക്ക്.’ ചെറുപ്പക്കാരൻ്റെ മട്ടുമാറി.

ഗത്യന്തരമില്ലാതെ തേനിയമ്മ കഴുത്തിൽ കിടന്ന ഒന്നര പവൻ്റെ മാല ഊരി ആ ചെറുപ്പക്കാരന് നേരെ നീട്ടികൊണ്ട് ചോദിച്ചു. ‘മതിയോ.’

അയാൾ അത് വാങ്ങി തിരിച്ചും മറിച്ചും നോക്കീട്ട് പോക്കറ്റിലിട്ടു. കാശില്ലാത്തവരുടെ കൈയിൽ നിന്ന് ഉരുപ്പടി വാങ്ങൽ പതിവാണെന്ന് അയാളുടെ രീതി കണ്ടാൽ അറിയാം. ഈ ഒരു സാഹചര്യത്തിൽ പെട്ട് നിൽക്കുന്നവർ കൊടുക്കുന്നതിൽ പറ്റിപ്പിനും ഇടയില്ല. ‘വീർത്തുപോയതു കൊണ്ട് ഡ്രെസ്സ് തോന്നിയപോലാ കട്ട് ചെയ്ത് മാറ്റുന്നത്. തരാൻ പറ്റുന്ന പരുവം ആണെങ്കിൽ ബിലോങ്ങിങ്സ് എന്ന് പറഞ്ഞ് തന്നേനെ. അപ്പോ ശരി നിങ്ങൾ വിട്ടോ.’ ചെറുപ്പക്കാരൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

തീർത്ഥയാത്രക്കാരും വിനോദയാത്രക്കാരും പല വഴിക്ക് വന്നും പോയുമിരിക്കുന്ന ചെറിയ ടൗൺ വിട്ടതും ആംബുലൻസിന് വേഗത കൂടി.

നേരം പോകപ്പോകെ ആ വണ്ടിക്കുള്ളിൽ പകൽ വെളിച്ചം ഇല്ലാതായി. എപ്പോഴോ ഒരു ചെറിയ മഞ്ഞ ബൾബ് കത്തി. നിലവിളക്ക് കത്തിച്ചതു പോലുള്ള അതിൻ്റെ വെട്ടവും ചന്ദനത്തിരിയുടെ മണവും വെള്ളപൊതിഞ്ഞ ജഡത്തിന് ചുറ്റും നിറഞ്ഞു നിന്നു. അതിന് ഇരുപുറവുമായി തേനിയമ്മയും സരോജനും.

ഒരുറക്കം കഴിഞ്ഞ് കണ്ണുംമിഴിച്ചിരുന്ന സരോജനെ ഒരു കൊച്ചുകുഞ്ഞിനെ എന്നപോലെ തേനിയമ്മ നോക്കി.

‘നിനക്കും അവ്‌ക്കും ഒരേ പേരാ. സരോജ നേത്രൻ എന്നു വച്ചാ പത്മാക്ഷിന്ന് തന്നാ.’

സ്വപനത്തിലല്ല താൻ അത് കേൾക്കുന്നത് എന്ന് സരോജന് കൃത്യമായ ബോധം ഉണ്ടായിരുന്നു. അങ്ങനാന്നേ ഈ തേനിയമ്മയുടെ മകൾ പത്മാക്ഷി തനിക്ക് ആരായിരിക്കും. അയാൾ ആലോചിച്ചു നോക്കി.

ചീഞ്ഞുപോയൊരു താമരമൊട്ട് പോലെ ശവം അവർക്കിടയിൽ ആംബുലൻസിലെ സ്‌ട്രെച്ചറിൽ കണ്ണടച്ചു കിടന്നു.

ഇടയ്ക്ക് മഴ പെയ്തതിനാൽ ഉദ്ദേശിച്ചതിലും ഇത്തിരി താമസിച്ച്, കറണ്ട് പോയ നേരത്ത് കുറ്റാകുറ്റിരുട്ടത്താണ് ആംബുലൻസ് നാട്ടിലെത്തിയത്. തൻ്റെ പറമ്പിൽ തന്നെ ചിത വേണമെന്ന് തേനിയമ്മ മെമ്പറെ വിളിച്ചു ചട്ടംകെട്ടിയിരുന്നു. പുറത്തെടുത്തപ്പോഴേക്കും വല്ലാത്ത നാറ്റമായി. മെമ്പറും ചില വേണ്ടപ്പെട്ടവരും മാത്രം നിന്ന് ജഡം ചിതയിലേക്കെടുത്തു.

തീ അണഞ്ഞിട്ടും കെടാതെ നീറിനിന്ന കനലിൽ ഇടുപ്പെല്ല് വെന്തു പൊട്ടുന്ന ശബ്ദം കേൾക്കുന്നതുവരെ തേനിയമ്മ ഉറങ്ങാതെയിരുന്നു. പിന്നെ വെട്ടംവീഴുംനേരം വരെ വെറും നിലത്തു കിടന്ന് അവർ ഉറങ്ങിപ്പോയി.

‘ഞാൻ എട്ടിൻ്റെ ബസിലങ്ങ് പോയാലോന്നാ. അമ്മച്ചി എയീറ്റ് ഈ കട്ടങ്കാപ്പി കുടി.’ പത്മാക്ഷി ഉമ്മറം അടിച്ചു വാരിയിട്ട് സാരിയെടുത്ത് ചുറ്റി.

തേനിയമ്മ കട്ടൻ കാപ്പിയിലെ ചെമ്പൻ പത ഊതി മാറ്റികൊണ്ട് വെറുതേ ഇരുന്നു. ഗ്ലാസിൻ്റെ വക്കിന് ചുറ്റും തേൻ നിറമുള്ള പത.

‘നല്ല തേൻ്റെ നെറവാന്നല്ല.’

‘ഒന്നു പോ അണ്ണാ.’

പഴയൊരു ഉന്മാദത്തിൻ്റെ ഓർമ്മയിൽ തേനി എന്ന സുന്ദരി വെറുമൊരു ഈരെഴയൻ തോർത്തുകൊണ്ട് വിയർപ്പു തുടച്ചിട്ട് നാണം മറച്ചു നിന്നു.

‘വയസാങ്കാലത്തെങ്കിലും ഓരോരുത്തരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കാതെ വല്ല കഞ്ഞീം വച്ച് കുടിച്ച് ഇവിടത്തന്ന കിടക്കണേ.’ തുണിക്കടയുടെ കവറ് മടക്കുന്ന ശബ്ദത്തിൽ അമ്മയെ ഓർമ്മയിൽ നിന്ന് ഉണർത്തിക്കൊണ്ട് പത്മാക്ഷി പോകാനൊരുങ്ങി.

‘അസ്ഥിയെടുക്കും മുമ്പേ നീ എവിടറങ്ങി പോണടീ.’ തേനിയമ്മ മകളെ ശകാരിച്ചു.

വെറും ഒരു അതിരിൻ്റെ അകലത്തിലുള്ള രണ്ടു വീടുകളിലായി കഴിഞ്ഞു വന്ന തേനിയമ്മയുടെ അടുത്തേക്ക് നാണുപിള്ള വന്നുകൂടീട്ട് ഒന്നരക്കൊല്ലമേ ആയുള്ളൂ. അയാളുടെ ഭാര്യ സരസ മരിച്ചിട്ട് അപ്പോ കഷ്ടിച്ച് മൂന്നു മാസം കഴിഞ്ഞു കാണും.

സ്വന്തം റബ്ബർ തോട്ടത്തിലെ പണിയും കഴിഞ്ഞ് നാണുപിള്ള അയാളുടെ വീട്ടിലേക്ക് ചെന്നു കേറുമ്പോൾ ഒരു പതിവ് ചുമയുണ്ട്. വെങ്കലത്തിൽ കൊട്ടുന്ന പോലാ. ബീഡി വലീടെയാ- തേനിയമ്മ മനസിൽ ഓർത്തുകൊണ്ട് ഉമ്മറത്തിരുന്ന് ഒന്ന് എത്തി നോക്കും. സരസ എവിടിരുന്നെങ്കിലും അത് കാണുകയും ചെയ്യും. പിന്നങ്ങു തുടങ്ങും പണ്ടുണ്ടതും പാളേത്തൂറിയതും തൊട്ടുള്ള പാരാതൂരം. നാണുപിള്ള കുടിച്ചിട്ടുണ്ടേ തിരിച്ച് നല്ലതു പറയും. ‘മിണ്ടാതിരി നാശമേ. ചെവിതല കേക്കട്ട്’ എന്നും പറഞ്ഞ് പുറത്തിറങ്ങി നിന്ന് പിന്നേം ബീഡി വലിച്ചിട്ട് ചുമയ്ക്കും.

പുറത്തൊരു അനക്കം കേട്ട് ഓർമ്മ വിട്ട് തേനിയമ്മ അങ്ങോട്ട് നോക്കി.

രണ്ടു വീടിൻ്റെയും ഇടയിലുള്ള ഇത്തിരി സ്ഥലത്തെ ചിതയിൽ പട്ടി വന്ന് കേറാതിരിക്കാൻ ചുറ്റും ഓല വച്ച് സരോജനെ കൊണ്ട് മറച്ചു കെട്ടിക്കുകയാണ് അയാളുടെ ഭാര്യ.

‘തോളേല് ഒരു വെടിയുണ്ട ഇരിപ്പുണ്ടായിരുന്നു. ചാരത്തിൽ അതൊണ്ടോന്ന് നോക്ക്.’ സരോജനോട് ഭാര്യ പറഞ്ഞു.

സരോജൻ കുത്തിയിരുന്ന് അന്തം വിട്ട് ഭാര്യയെ നോക്കി.

അത് കേട്ടുകൊണ്ട് തേനിയമ്മ അങ്ങോട്ട് ഇറങ്ങി ചെന്നു. അത് നിനക്കെങ്ങന അറിയാടീ എന്ന് ചോദിക്കാൻ ഒരുങ്ങിയതും വീടിനു മുന്നിൽ ഒരു പോലീസ് ജീപ്പ് വന്നു നിന്നു. അവിടെക്കിടന്ന ഒരു പച്ചക്കൊതുമ്പിൻ്റെ കഷണമെടുത്ത് ചിതയിലെ ചാമ്പല് ഇളക്കി നോക്കുകയായിരുന്ന സരോജൻ ആ കാഴ്ച കണ്ട് പതിയെ എഴുന്നേറ്റു.

ജീപ്പിൽ നിന്ന് നാണുപിള്ള പച്ച ജീവനോടെ ഇറങ്ങി വരുന്നു.

എരിഞ്ഞടങ്ങി ചൂടുമറാത്ത ചിതയ്ക്കരുകിൽ തേനിയമ്മയും സരോജനും ഭാര്യയും വെടികൊണ്ടത് പോലെ നിന്നുപോയി.

‘എൻ്റെ തൊടേലെ ഏതടയാളമാടീ നീ കണ്ടിട്ടൊള്ളത്.’ തേനിയമ്മയുടെ കരണക്കുറ്റിക്ക് തീർത്തൊരടി പറ്റിച്ചുകൊണ്ട് നാണുപിള്ള കലികൊണ്ട് തുള്ളി.

അയാളുടെ പിന്നാലെ മുറ്റത്തേക്ക് കയറിയ പോലീസുകാരനും മോർച്ചറിയിൽ വന്ന തമിഴ് നാട് പോലീസ് കോൺസ്റ്റബിളും ചേർന്ന് നാണുപിള്ളയെ പിടിച്ചു മാറ്റി.

‘ചോദ്യം ചെയ്യലും അടിയുമെല്ലാം അങ്ങ് സ്റ്റേഷനിൽ ചെന്നിട്ട് ഞങ്ങള് ചെയ്തോളാം. ഇപ്പം എല്ലാം വണ്ടീലോട്ട് കേറ്.’ പോലീസുകാരൻ നാണുപിള്ളയെയും തേനിയമ്മയെയും സരോജനേയും തള്ളി ജീപ്പിലോട്ട് കേറ്റി.

കുതറിത്തെറിച്ച് കുന്നിറങ്ങിപ്പോയ ജീപ്പിൽ നാണുപിള്ള അടുത്തിരിക്കുന്ന സരോജനെ ഒന്ന് പാളി നോക്കി. വെറുതേ പുറത്തേക്ക് നോക്കിയിരിക്കുകയാണ് അയാൾ. ഒരിടത്തു കൊണ്ടിരുത്തിയാൽ എന്തിനാണെന്ന് പോലും ചോദിക്കാതെ അവിടിരിക്കുന്ന പണ്ടത്തെ അതേ മട്ട് തന്നെ അവന് ഇപ്പോഴും.

നാണുപിള്ള പഴയ കാര്യങ്ങൾ ഓർത്തു.

ഇതുപോലൊരു ജീപ്പിൻ്റെ പിന്നിൽ പണ്ട് സരോജനെ അടുത്തിരുത്തികൊണ്ടുള്ള പോക്കിനിടയിൽ, മൂന്നര വയസ് കാണും അന്നവന്, നാണുപിള്ള മനസ്സിൽ മൂന്നു കൂട്ടം കാര്യങ്ങൾ പ്ലാൻ ചെയ്തു. ഈ കൊച്ചിനെ ആണൊരുത്തനായി വളർത്തണം. എന്നെങ്കിലും ഒരു കാലത്ത്, തന്നെ ചതിച്ച തേനിയെന്നവക്കടെ കണ്ണിൻ്റെ മുമ്പി അന്തസ്സായി ജീവിച്ചു കാണിക്കണം. മൂന്നാമത്തേത്, തരം കിട്ടുമ്പോ രാമേന്ദ്രനോട് പകരം വീട്ടണം.

അടിച്ചുംപിടിച്ചും കളിച്ചു വളർന്ന അയൽപക്കത്തെ പെണ്ണായിരുന്നു നാണുവിന് തേനി. പ്രായമായപ്പോ അവളെത്തന്നെ കെട്ടി. എട്ടാം മാസം തേനി പെറ്റു. പക്കിക്കുറ്റം പിടിച്ചപോലത്തെ ഒരു ആങ്കൊച്ചിനെ. ഏതു തള്ളയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞാണല്ലോ. കൈയും കാലും തേമ്പി കണ്ണും തള്ളിയിരുന്ന കൊച്ചിനെ അവള് താമരക്കണ്ണാ എന്ന് വിളിച്ചു ലാളിച്ചു. പിന്നീട് അവന് സരോജ നേത്രൻ എന്ന് അതുവരെ കേട്ടിട്ടില്ലാത്ത ഒരു പേരുമിട്ടു.

‘അവള് വാരികയും നോവലുമൊക്കെ വായിക്കുന്ന അറിവീന്നിട്ടതാ.’ എന്തര് പേരണ്ണാ ഇതെന്ന് ചോദിച്ചവരോടെല്ലാം നാണുപിള്ള പറഞ്ഞുനിന്നത് അങ്ങനെയാണ്.

‘അവക്കല്ലേലും എല്ലാത്തിനും സ്വന്തം തീരുമാനമാ. ആരെന്ത് പറഞ്ഞാലും ചെവികൊടുക്കത്തില്ല. പക്ഷെ ചെല ആണുങ്ങക്കത് പിടിക്കത്തില്ല. ഞാൻ പണിക്ക് പോവുമ്പം മിക്കപ്പഴും രാമേന്ദ്രൻ വീട്ടില് വരും. പകലൊക്കെ കൊച്ചിനെയും കളിപ്പിച്ചോണ്ട് ഇരിക്കുവെന്നാ അവള് പറയുന്നത്. പക്ഷേങ്കി ഞാൻ വീട്ടി വരുന്നേന് മുമ്പേക്ക് പൊയ്ക്കളേം ചെയ്യും. എനിക്കതിലൊരു ശരികേട് തോന്നി. അതിൻ്റെ പേരി അവനെ ഞാൻ വീട്ടികേറരുതെന്ന് വെലക്കി. അവനന്ന് ഒരു കേസിപ്പെട്ട് ഒളിച്ചു നടക്കുന്ന സമയമാ.

പണ്ടേ വല്യ അടുപ്പമാ രണ്ടുംകൂടെ. പറഞ്ഞുവരുമ്പം അവളുടെ വകേലൊരു ഒടപ്പെറന്നോനൊക്കെയാ. പക്ഷെ ആളിത്തിരി പെശകാ. നാട്ടുകാര് വല്ലോം പറഞ്ഞുണ്ടാക്കിയാ തീർന്നില്ലേ. ‘അങ്ങനൊരു പേരുദോഷം കേട്ടാ ഞാനങ്ങ് സഹിക്കും’ എന്ന് അവള് മുഖത്തു നോക്കി പറഞ്ഞപ്പോ കരണം പൊളക്കെ ഒന്ന് പൊട്ടിച്ചിട്ട് കൊച്ചിനെയും എടുത്ത് ഇറങ്ങിയതാ അന്ന് എൻ്റെ മുപ്പതാമത്തെ വയസിൽ.

പിന്നെ കമ്പനിക്കാര് തോട്ടം വിക്കുന്നത് വരെ പൊൻമുടീലെ ബോണക്കാട് എസ്റ്റേറ്റ് തേയില ഫാക്ടറിയിൽ പണിയെടുത്തു. അതിനിടെ കൊച്ചിനെ നോക്കാനെങ്കിലും ഒരാളുവേണ്ടേ എന്ന് പലരും പറഞ്ഞിട്ടാണ് ആ നാട്ടുകാരി സരസയെ കെട്ടിയത്. പണ്ടേ ചുഴലി വരുന്ന പെണ്ണായോണ്ട് കല്യാണം കഴിപ്പിക്കാതെ നിർത്തീരുന്നതാ വീട്ടുകാര്. പിന്നങ്ങോട്ട് അവളുടെ പനിയും പരിഭവങ്ങളും മാത്രമായിട്ട് അവിടെ അതങ്ങനൊരു ജീവിതം.

മുപ്പത് വർഷം ജോലി ചെയ്തിട്ട് ഇറങ്ങിയപ്പം കിട്ടിയ ബെനിഫിറ്റ് കാശുകൊണ്ട് നാട്ടി തിരിച്ചെത്തി ഇത്തിരി റബറ് തോട്ടവും വാങ്ങിച്ച് നശിച്ചു കിടന്ന കുടുംബവീട് ശരിയാക്കിയെടുത്ത് താമസവും തുടങ്ങി. സരസയ്ക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. പക്ഷെ എനിക്ക് പണ്ടത്തൊരു കണക്ക് തീർക്കാനുള്ള പ്ലാനായിരുന്നു അത്.’

തന്നോട് തന്നെ പറയുന്നത് പോലെയാണ് നാണുപിള്ള എന്ന അറുപത്തിനാലുകാരൻ ഓർമ്മകളെ അടുക്കിയെടുത്ത്.

‘നാട്ടി വന്നിട്ട് മലയില് വേടിച്ചിട്ട പുരയിടത്തിൽ കാടുവെട്ടി റബറ് നടാനുള്ള പണിനടക്കുന്ന കാലത്ത് ഒരു ദിവസം രാമേന്ദ്രൻ കറക്റ്റായിട്ട് വന്നുപെട്ടു. ഞാൻ

കൂട്ടുകാരുമായി വാറ്റിയതും അടിച്ച് കാട്ടുമൊയലിനെ കിട്ടുമോന്ന് നോക്കി ഇറങ്ങിയതാരുന്ന്. വേറേതോ വഴിക്ക് പോയ രാമേന്ദ്രൻ മുന്നിൽ വന്നുചാടയതാ. പണ്ടേക്ക് പണ്ടേ കൈവെള്ളയിൽ സൂക്ഷിച്ചിരുന്ന അടി ഒരണ്ണം ആദ്യമേ അങ്ങ് അവൻ്റെ പെടലി നോക്കി പൊട്ടിച്ചു. ചോദ്യവും പറച്ചിലുമൊന്നുമില്ല. അടിയെന്ന് വച്ചാ അടി. അങ്ങോട്ടും ഇങ്ങോട്ടും നല്ലോണം കിട്ടി.

ഒടുക്കം ചവിട്ടി നിലത്തിട്ട് പുടുക്കിന് പിടിച്ച് ഞാൻ അവനെ പൂട്ടി. മരണ വെപ്രാളത്തിൽ കെടന്ന് അവൻ പെടഞ്ഞപ്പം എൻ്റെ കൂടുണ്ടായിരുന്ന ഒരുത്തൻ പിടിച്ചു മാറ്റാൻ നോക്കിയതാ. അവൻ്റെ കൈയിരുന്ന തോക്ക് പിടിച്ചു വേടിച്ച് രാമേന്ദ്രനെ കൊല്ലാൻ നോക്കിയതാ ഞാൻ. പക്ഷെ പിടിവലീടെ എടയ്ക്ക് തോക്ക് പൊട്ടി എൻ്റെ തന്നെ തോളത്ത് വെടി കൊണ്ട്. അന്നങ്ങന രാമേന്ദ്രൻ രക്ഷപെട്ട് പോയി. അവൻ്റൂടൊള്ള പക പോലെ ആ വെടിയുണ്ട എൻ്റെ തോളെത്ത് പിന്നങ്ങനതന്ന അവിടിരിന്ന്.

ഇതക്ക അറിഞ്ഞപ്പ പിന്നേം സരസ വഴക്ക് തൊടങ്ങി. കറങ്ങി തിരിഞ്ഞ് പഴേ കെട്ടിയോളുടെ കെട്ടും മൂട്ടിൽ തന്നെ വന്നത് എന്തിന്നറിയാം എന്നുമ്പറഞ്ഞ് കെടക്കപ്പൊറുതി തരാതായി. എവളുവായിട്ട് ഞാൻ ചിട്ടയാന്ന് പറഞ്ഞപ്പം ആന്നെങ്കി കാര്യമായിപ്പോയടീ എന്ന് ഞാനും. അവക്കൊള്ള കൂടെ പൊറുക്കാൻ തന്നാടി തീരുമാനം എന്ന് പറഞ്ഞിട്ട് ഞാനങ്ങ് എറങ്ങിപ്പോയി. അതിൻ്റയൊക്കെ വെഷമത്തിലാ സരസ ചത്തുകളഞ്ഞത്.

തേനീടെ മുമ്പിൽ അന്തസായിട്ട് ജീവിച്ചു കാണിക്കാൻ വന്ന ഞാൻ പക്ഷെ ജീവിതത്തിൽ മനസമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. ആണൊരുത്തനായിട്ട് വളത്താൻ കൊണ്ടുപോയ ചെറുക്കനോ കെപ്പ് കെണയും ഇല്ലാത്തൊരുത്തനുമായി. പണ്ടേ പാങ്ങ് കൊറവാരുന്ന്. പിന്നെ കമ്പനീലെ മരുന്നടീടെ വെഷത്തിൻ്റെയും. എൻ്റെ ചൊമയും അതിൻ്റയാ.

നാണുപിള്ളയുടെ പണ്ടത്തെ പ്ലാനിൽ ഒന്നൊഴികെ രണ്ടും അങ്ങനെ നടക്കാതെ പോയി. കനലുപോലെ ബാക്കി കിടക്കുന്ന ആ ഒരൊറ്റ കാര്യം സാധിക്കാൻ വേണ്ടിയായിരുന്നു നാണുപിള്ള അടുത്തിടെ ആരോടും പറയാതെ വീട്ടിൽ നിന്ന് ഇറങ്ങി പോയത്.

രാമചന്ദ്രനെ തേടി.

നാണുപിള്ളയുടെ രണ്ടാം ഭാര്യ സരസ മരിക്കാനുള്ള പ്രധാന കാരണം തേനിയമ്മയുടെ മകൾ പത്മാക്ഷിയാണ്.

‘നാട്ടിൽ തിരിച്ചെത്തിയപ്പോ തൊട്ടയലത്തെ വീട്ടില് തേനി തനിച്ചാ താമസം. അവക്കൊള്ള മോള് പത്മാക്ഷിയെ കെട്ടിച്ചു വിട്ടതാ. സരോജൻ തേനീടെ മോനാന്ന് എനിക്കും അവക്കും സരസയ്ക്കുമേ അറിയത്തോള്. സരസേടെ മോനാന്നാ പലരടേയും വിചാരം. അവനാന്നേ അതൊന്നും മനസിലാക്കാനൊള്ള വകതിരുവും ഇല്ല. അവൻ്റെ കെട്ടിയോക്ക് പോലും ഇക്കാര്യം അറിഞ്ഞൂടാ. ഞാൻ കഷ്ട്ടപ്പെട്ട് ഉണ്ടാക്കിയ കാശുമായി നാട്ടി വരുമ്പോ ചെറുക്കൻ അവിടെ പഞ്ചറ് കടേൽ കെടന്ന് കൂടമടിക്കണ്ട. പെറ്റതള്ള കാണെ ജീവിക്കട്ടെന്നും നിരീച്ചാ അവനേം പെണ്ണിനേം കൂടെ വിളിച്ചോണ്ട് വന്നത്.

ഒരു ദിവസം പത്മാക്ഷി കേറി വന്നിട്ട് അച്ഛാന്ന് വിളിച്ചും കൊണ്ട് എൻ്റെ കാലേ തൊട്ട് നമസ്ക്കരിച്ച്. സരസ അവളെ ചൂലെടുത്തടിച്ച് പുറത്താക്കി. അതാകെയങ്ങ് ബഹളമായി. തേനി മുറ്റത്ത് നിന്ന് ഒച്ചയെടുത്ത് പഴേ കാര്യങ്ങൾ വിളിച്ചു പറയാന്തൊടങ്ങി. പണ്ട് ഞാൻ ചെറുക്കനേം എടുത്ത് നാടുവിടുമ്പോ തേനിക്ക് വയറ്റിലൊണ്ടാരുന്നെന്ന്. എനിക്കത് അറിഞ്ഞൂടാര്ന്ന്. ആ കൊച്ചാ ഈ പത്മാക്ഷി. ഇതൂടറിഞ്ഞതോടെ സരസയ്ക്ക് പിന്നേം കലിയെളകി. അന്നാ അവള് വെഷം കുടിച്ച് ചത്തുകളഞ്ഞത്. പാവം മക്കളുപോലുമുണ്ടാവാതെ ആ ജന്മം അങ്ങനെ തീർന്ന് പോയി. പക്ഷെ ആ പെങ്കൊച്ച് രാമേന്ദ്രൻറെയാന്നാ എനിക്ക് കാണുമ്പൊ എല്ലാം തോന്നുന്നേ.’

നാണുപിള്ള ഇത്തിരി നേരം മിണ്ടാതെയിരുന്നിട്ട് വീണ്ടും പറഞ്ഞു തുടങ്ങി.

‘അവളങ്ങ് പോയപ്പം എന്താന്നോ എന്തോ എനിക്കിനി ആരുമില്ലെന്നങ്ങ് തോന്നിപ്പോയി.’

അതൊക്കെ ഓർത്ത് ആകെ വിഷമിച്ച് ഒറ്റപ്പെട്ട് നടക്കുമ്പോഴാണ് വീട്ടുസാധനം വാങ്ങിച്ചു വരുന്ന വഴിക്ക് തേനിയമ്മ നാണുപിള്ളയെ മുഖാമുഖം കാണുന്നത്.

‘ഞാങ്കാരണമാണ് ഇങ്ങനെ നീറിനീറി നടക്കുന്നതെന്ന് എനിക്കറിയാം.’ തേനിയമ്മ പറഞ്ഞു.

‘രാമേന്ദ്രണ്ണനോ ഞാനോ തെറ്റൊന്നും ചെയ്തിട്ടില്ല. നിങ്ങടെ കൊച്ചിനെ വയറ്റി ഒണ്ടായ സമയത്തല്ലേ മൂത്തേനെയും എടുത്തോണ്ട് നിങ്ങള് നാടുവിട്ടത്. തിരിച്ചു വരുവെന്ന് തന്നാ ഞാൻ കരുതിയെ. ഇപ്പ എങ്കിലും വന്നല്ലോ. വെറുതേ മനസുരുക്കരുത്.’

‘ഇനി പറഞ്ഞിട്ടെന്തിനാ ജീവിതമങ്ങ് പോയില്ലേ- എന്ന് പറഞ്ഞപ്പോ എങ്ങും പോയില്ല, ഇനിയിങ്ങനെ ഒറ്റയ്ക്ക് വിഷമിച്ച് നടക്കേണ്ട. ഇഞ്ഞോട്ട് പോര എന്നും പറഞ്ഞ് തേനി വിളിച്ചതീ പിന്നാ ഞങ്ങൾ ഒരുമിച്ച് താമയിച്ച് തൊടങ്ങിയത്.’

‘പാലുമൊളകും പച്ചച്ചീരയും ചന്തേ കൊണ്ടു വച്ച് വിറ്റാ ജീവിച്ചത്. ഒരു പെണ്ണിനെ കെട്ടിച്ചുവിട്ട കടം വീട്ടിയതും രാപ്പകല് പണിയെടുത്താ. രാമേന്ദ്രണ്ണന് വേറെന്തെങ്കിലും ഒണ്ടാരുന്നെങ്കി എന്നെ ഇങ്ങനെ തഴയുവാരുന്നോ. എനിക്കും

വേറൊന്നും ചിന്തിക്കാനകൊണ്ട് സമയില്ലാരുന്ന്- എന്ന് ഇവള് പറഞ്ഞപ്പം എൻ്റെയിലും കൊഴപ്പമുണ്ട് എടുത്തു ചാട്ടത്തിൻ്റെയാന്ന് ഞാനും നിരീച്ച്. അന്ന് ഒറപ്പിച്ചതാ രാമേന്ദ്രനെ കണ്ട് കാര്യങ്ങള് പറഞ്ഞ് ഒത്തുതീർപ്പാക്കണമെന്ന്. പറഞ്ഞാ അവള് സമ്മയിക്കത്തില്ലെന്ന് തോന്നി. അതുകൊണ്ടാ ഞാൻ മിണ്ടാതെറങ്ങി പോയത്.

അന്നേഴിച്ച് അന്നേഴിച്ച് അവസാനം അവൻ തെങ്കാശില് ഒണ്ടെന്നറിഞ്ഞ്. ഹൃദ്രോഗം വന്ന് മേലനങ്ങി ജോലി ചെയ്യാൻ ആവതില്ലാതെ വന്നപ്പം അവൻ തെങ്കാശി ഭജനയിരിപ്പായതാ. അവിടെ ചെന്ന് മുറിയെടുത്ത് ഒരാഴ്ച തിരക്കി നടന്ന് ഞാൻ അവനെ കണ്ടുപിടിച്ചു. മുറീലോട്ട് കൂട്ടികൊണ്ടു വന്നു.

പോലീസിൻ്റെ മുന്നിലിരുന്ന് നാണുപിള്ള പിന്നെ നടന്നതൊക്കെ ഒന്നുകൂടി കിറുകൃത്യം ഓർത്തെടുത്തു.

‘അവൻ എന്നോട് എല്ലാം തൊറന്ന് പറഞ്ഞ് സാറെ. രണ്ടു പിള്ളാരും അവൻ്റെയാ. കാലേ പിടിച്ച് നെലത്തടിക്കാനാ അപ്പം തോന്നിയത്. നാടുവിട്ട് കൊറേ കാലം കഴിഞ്ഞ് ഞാൻ വേറെ കെട്ടിയെന്നറിഞ്ഞ് തിരിച്ചിനി വരൂല്ലാന്ന് നെരീച്ച് അവൻ ചെന്ന് തേനിയെ കൂടെപൊറുക്കാൻ വിളിച്ചതാ. അവള് ചെല്ലാഞ്ഞതാന്ന്.

അവനൊണ്ടായ മൂത്ത ചെറുക്കനെ ഞാൻ പൊന്നുപോലെ നോക്കുന്ന കാര്യവൊക്കെ പറഞ്ഞ് അവൻ കാലേ പിടിച്ചു കരഞ്ഞു. കൊറേ കരഞ്ഞിട്ട് നെഞ്ച് വേദന എടുക്ക്ന്ന് എന്നും പറഞ്ഞ് കൊറച്ചു നേരം കണ്ണടച്ചിരുന്ന്. ആകെ വിയർത്ത് വല്ലാതായപ്പം ഒന്ന് കെടന്നോട്ടെന്ന് എന്നോട് ചോദിച്ച്. മുറീടെ കാശ് മുമ്പേറ് കൊടുത്തുട്ടുണ്ട്. എപ്പഴാന്ന് വച്ചാ പൂട്ടി താക്കോല് കൊടുത്തേച്ച് പൊയ്‌ക്കൊന്ന് പറഞ്ഞ് ഞാൻ ഇറങ്ങി.

ആ നിമിഷം ഇവിടെ വന്ന് ഇവളെ വെട്ടി കീറാനാ എറങ്ങി പൊറപ്പെട്ടത്. അവൻ അവിടെ കെടന്ന് അറ്റാക്ക് വന്ന് മരിക്കുമെന്നും ലോഡ്‌ജി കൊടുത്ത എൻ്റെ ആധാറിൻ്റെ കോപ്പി കൊണ്ട് അത് ഞാനാന്ന് വിചാരിക്കുവെന്നും ഒക്കെ ആരറിഞ്ഞ്.’

നാണുപിള്ള നാലുപാടുമൊന്ന് നോക്കിയിട്ട് തേനിയമ്മയെ അടിക്കാൻ ഓങ്ങി. പിന്നിൽ നിന്ന പോലീസുകാരൻ നാണുപിള്ളയുടെ കൈപിടിച്ച് കറക്കി മുതുകത്തേക്ക് ചേർത്തു വച്ചു. നാണുപിള്ള ഒന്നു കിതച്ചു കൊണ്ട് ചോദിച്ചു.

‘രാമേന്ദ്രൻ്റെ ശവം ഇവിടെ കൊണ്ടുവന്ന് എൻ്റെയാന്നും പറഞ്ഞ് ഇവള് കത്തിച്ചതെന്തിനാന്നാ സാറേ എനിക്ക് മനസിലാവാത്തത്. ഞാൻ തിരിച്ചു വരുമ്പം ഇനിയെന്തു കള്ളം പറയാനാരുന്നെടീ നിൻ്റെ പരിപാടി.’

തലേന്ന് രാത്രി കത്തി ചാമ്പലായിപ്പോയ ഒരു ശരീരത്തോട് എക്കാലവും കാണിച്ച നീതി അതിൻ്റെ കാലിടുക്കിലെ കറുത്ത പാട് പോലെ താനല്ലാതെ മാറ്റാരും കാണാതെപോകും എന്ന് കരുതിയിട്ടാകും തേനിയമ്മ കണ്ണടച്ചിരുന്നു. കന്മദം കിനിയുന്ന കാട്ടുപാറ പോലെ.