മറവി

രാവിലെ ഏഴിന് തുടങ്ങിയ ഓട്ടമാണ് റോളർ സ്കേറ്റിൽ എന്ന പോലെ. നേഴ്സിങ് ഹോമിലെ എല്ലാ അന്തേവാസികളെയും ഉണർത്തി, കിടക്കയിൽ തന്നെ ബ്രേക്‌ഫാസ്റ്റും മരുന്നുകളും കൊടുത്തു കഴിഞ്ഞപ്പോൾ തന്നെ ഒൻപതു മണി. ഇനി അവരെ ഓരോരുത്തരെ ആയി കിടന്നിടത്തു നിന്നും ഇരുന്നിടത്തു നിന്നും എഴുന്നേൽപ്പിക്കണം. പല്ലു തേപ്പിച്ചു, കുളിപ്പിച്ചൊരുക്കി സ്വീകരണ മുറിയിൽ കൊണ്ടുവന്ന് ഇരുത്തണം. ടി വി യിലെ കാഴ്ചകളിൽ മുങ്ങുന്നവരും, വായന ഇഷ്ടപ്പെടുന്നവരും, കരകൗശലങ്ങളിൽ മുഴുകുന്നവരും ഒക്കെയുണ്ട് ആ കൂട്ടത്തിൽ. ഇതിലൊന്നിലും ശരീരവും മനസ്സും തളച്ചിടാൻ കഴിയാത്തവരും. ചിലർ വാക്കറിൽ, ചിലർ വീൽച്ചെയറിൽ രണ്ടിനും ആവാത്തവരെ ലിഫ്റ്റിങ് മെഷീനിൽ കയറ്റിയിറക്കി അവരവരുടെ ഇരിപ്പിടങ്ങളിൽ എത്തിക്കണം. പന്ത്രണ്ടു മണിയാകുമ്പോൾ എല്ലാവര്ക്കും ഒരുമിച്ചു വലിയ ഡൈനിങ്ങ് ടേബിളിൽ ഉച്ച ഭക്ഷണം. ഇതൊക്കെയാണ് പതിവ് ചിട്ടകൾ.

ജോലിക്കു ചെന്നു കഴിഞ്ഞാൽ സമയത്തിന് റോക്കറ്റിന്റെ വേഗതയാണ്. സമയം നോക്കാൻ പോലും സമയം കിട്ടാത്ത അവസ്ഥ. മരുന്ന് കൊടുക്കാനുള്ള സമയങ്ങൾ ഫോണിൽ റിമൈൻഡർ ചെയ്തു വച്ചിട്ടുണ്ട് ഞാൻ. വൈകിയാൽ ആദ്യം കംപ്യൂട്ടറിനോട് തന്നെ കാരണം പറഞ്ഞു തുടങ്ങണം. പത്തു മുറികൾക്കുള്ളിലെ മാരത്തോണിനിടയിൽ പല ദിവസങ്ങളിലും പലപ്പോഴും ഒരു തുള്ളി വെള്ളമിറക്കാൻ പോലും പറ്റാറില്ല. ടോയ്‌ലെറ്റിൽ പോകാൻ ഉള്ള സമയം ലാഭിക്കാൻ വേണ്ടി ചിലപ്പോൾ അത് പോലും ഒഴിവാക്കാറുമുണ്ട്.

എന്നിരുന്നാലും അവിടം എനിക്ക് മടുപ്പായിരുന്നില്ല. അവിടെ പത്തു മുറികളിലായി പത്തു ജീവിതങ്ങൾ നാല് തട്ടുള്ള ഭൂതകാലത്തിന്റെ മെത്തയിൽ മൗനം പുതച്ചു ആകാശം കാണാതെ ഉറങ്ങുന്നുണ്ടായിരുന്നു. ദേശ, ഭാഷ, നിറഭേദങ്ങൾ ഇല്ലാതെ അവരെ എല്ലാം ഞങ്ങൾ പരിചയപ്പെട്ടത് ഒരേ പേരിലാണ്, ‘റെസിഡന്റ്‌സ്’. സ്വന്തം ദിനചര്യകൾ പരാശ്രയം കൂടാതെ ചെയ്യാൻ കഴിയാതെ വരുമ്പോൾ ആ ഗ്രാമത്തിലെ മുതിർന്ന പൗരന്മാർ എത്തിച്ചേരുന്ന അവസാന വിശ്രമ കേന്ദ്രം ആണ് ഞങ്ങളുടെ ആ നഴ്സിംഗ് ഹോം. നാടൻ ഭാഷയിൽ പറഞ്ഞാൽ വൃദ്ധസദനം. പലർക്കും അകത്തേക്ക് ഉള്ള ഒറ്റവാതിൽ മാത്രം ഉള്ള വലിയൊരു വീട്.

ജരാനരകളുടെയും, ഞൊറിഞ്ഞടുക്കിയ ത്വക്ക് മാലകളുടെയും, കണ്ണിലെ വെളിച്ചം മറച്ച വെളുത്ത തിരശീലയുടെയും, ലോഹക്കൂട്ടുകൾ കൊണ്ട് ഉരുക്കി വിളക്കിയ സന്ധിബന്ധങ്ങളുടെയും മറവിൽ ഇന്നലെ തങ്ങൾ ആരായിരുന്നു എന്നതിന് യാതൊരു പ്രസക്തിയും ഇല്ലാതെ ഒരുമയുടുത്തു കഴിയുന്നവർ. ആവർത്തനങ്ങളുടെ തണുപ്പ് കൊണ്ട് ഓരോ ദിവസവും തന്നിലേക്ക് തന്നെ ആഴത്തിലാഴത്തിൽ ചുരുണ്ടു കൂടിയോർ. “ഞങ്ങളുടെ ജോലിസ്ഥലത്തു ജീവിക്കുന്ന ആളുകൾ അല്ല അവർ, മറിച്ച്‌ അവരുടെ വീട്ടിലെ ജോലിക്കാരാണ് ഞങ്ങൾ” കാഴ്ചപ്പാടിലെ ആ മാറ്റം അവരെ പരിപാലിക്കുന്നതിൽ വ്യക്തമായിരുന്നു. അതുകൊണ്ടു തന്നെ അവരെ എല്ലാം ഊട്ടി, സ്വസ്ഥാനങ്ങളിൽ തിരികെ കൊണ്ടിരുത്തി, എച്ചിൽ പെറുക്കി, പാത്രങ്ങൾ കഴുകാൻ ട്രോളിയിൽ അടുക്കി വിട്ടശേഷം കിട്ടുന്ന അര മണിക്കൂർ…. അതാണ് ഞങ്ങളുടെ ഉച്ചഭക്ഷണത്തിനുള്ള ഇടവേള… ഏറെ അർഹിച്ചും ആഗ്രഹിച്ചും കിട്ടുന്ന ആ അര മണിക്കൂറും ഞങ്ങൾക്ക് സ്വന്തമല്ല. അതിനിടയിൽ ആരുടെയെങ്കിലും ബെൽ ശബ്ദിച്ചാൽ ആ ഇടവേളയുടെ മരണമണി ആയിരിക്കും അത്.

അന്ന് ആ ഊണ് മേശയിൽ ആണ് മാനേജർ ഞങ്ങൾക്ക് പുതിയൊരു വിഭവം വിളമ്പിയത്…
“ഇന്ന് നമുക്ക് പുതിയൊരു അഡ്മിഷൻ ഉണ്ട്. അറുപത്തിയഞ്ച് വയസ്സുള്ള ഒരു ജർമ്മൻ എക്സ് – സർവീസുകാരൻ. ഡിമെൻഷ്യയുടെ തുടക്കം. മകനും ഭാര്യക്കും വീട്ടിൽ മാനേജ് ചെയ്യാൻ കഴിയാതെ ആയിരിക്കുന്നു”

“ഹോ….” മാനേജർ പോയ ദിക്കിലേക്ക് നീണ്ട നെടുവീർപ്പിനെ കെട്ടഴിച്ചു വിട്ടത് ഞങ്ങൾ മൂന്നു പേരും ഒരുമിച്ച്‌. രണ്ടു ദിവസം ആകുന്നതേ ഉള്ളു മരണം വന്നു ഒരു മുറി ഒഴിവാക്കിയിട്ട്. ഒരാളുടെ കുറവ് ജോലി ഭാരത്തിൽ നല്ല വ്യത്യാസം ഉണ്ടാക്കും. ആ ഒരാശ്വാസം തീർന്നു കിട്ടി.

മറ്റൊരു കാര്യം ‘ഡിമെൻഷ്യ’ എന്ന് കേൾക്കുന്നതേ ഞങ്ങൾക്കെല്ലാവർക്കും പേടിസ്വപ്നം ആണ്. ശരീരത്തിന്റെ വൈകല്യങ്ങളെയും ബലഹീനതകളെയും നേരിടാൻ പുസ്തകങ്ങൾ പരിശീലിപ്പിക്കുന്നു. പക്ഷെ മനസ്സ് നഷ്ടപ്പെട്ടവരുടെ ലോകത്തിൽ അവരും അവർ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളും മാത്രമേ ഉള്ളൂ. അവിടെ നമുക്ക് പ്രവേശനം നിഷിദ്ധം. നമ്മുടെ നിയമങ്ങളും നിയന്ത്രണങ്ങളും അവർക്കു ബാധകമല്ല. ഇടയനില്ലാത്ത ആട്ടിൻപറ്റങ്ങളെ പോലെ അലയുന്ന അവരുടെ മനസ്സിനെ മേയ്ക്കാൻ ക്ലാസ് മുറികളിലെ പഠിപ്പു പോരാതെ വരുന്നു.

‘മുത്തി ചത്തു കട്ടിലൊഴിയാൻ കാത്തിരിക്കുന്നവർ’ ഏറെയുണ്ട് വെയ്റ്റിംഗ് ലിസ്റ്റിൽ! അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യവാൻ ആണീ പുതുമുഖം. അദ്ദേഹത്തെ കാത്തിരിക്കാൻ നേരമില്ലാതെ ഞങ്ങൾ മറ്റു തിരക്കുകളിലേക്ക് ഊർന്നിറങ്ങി.

മൂന്നു മണി ആയപ്പോൾ അവർ വന്നു. കുട്ടികളെ ഹോസ്റ്റലിൽ കൊണ്ടാക്കും പോലെ. വൃത്തിയുള്ള വേഷവും ഷൂവും ധരിച്ച് ബാഗും തൊപ്പിയും ഒക്കെയായി ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും. പുരുഷന്മാരിൽ നീട്ടി വളർത്തിയ താടി രോമങ്ങളിൽ ഒരാൾക്ക് മറ്റെയാളെക്കാൾ സിഗരറ്റു കറ അല്പം കൂടുതൽ. അഹന്ത കാട്ടിത്തുടങ്ങിയ കൊച്ചു കുംഭയും. അതൊഴിച്ചാൽ രൂപഭാവങ്ങളിലും ശരീരഭാഷയിലും രണ്ടുപേരും ഏറെക്കുറെ സമാനർ. ഇതിൽ ഏതാണ് ഞങ്ങൾക്കുള്ളത് എന്ന ആകാംക്ഷക്ക്‌ പൂർണ്ണവിരാമമിട്ടു ‘ജോണിനെ’ പരിചയപ്പെടുത്തി മാനേജർ. പുതിയ മുറിയും പരിസരവും എല്ലാം കണ്ടു നടന്നു എല്ലാവരും. ഒടുവിൽ മകനും ഭാര്യയും യാത്ര പറഞ്ഞിറങ്ങി. അവരെ കാറിനടുത്തു വരെ അനുഗമിച്ച് കൈവീശി യാത്രയാക്കി, ചിരപരിചിതനെപ്പോലെ ജോൺ മാനേജർക്കൊപ്പം സന്തോഷവാനായി തിരികെ നടന്നുവന്നു.

സരസഭാഷി. നല്ല നർമ്മബോധം. കടുപ്പമുള്ള കാപ്പിയും, സിഗരറ്റും ഹാർമോണിയവും പ്രിയപ്പെട്ടവ. ഇതിൽ ഏതെങ്കിലും ഒന്ന് എപ്പോഴും ഒപ്പം വേണം എന്ന നിർബന്ധമൊഴിച്ചാൽ യാതൊരു പ്രശ്നങ്ങളുമില്ല. ഒരു പട്ടാളക്കാരന്റെ കാർക്കശ്യം പ്രതീക്ഷിച്ചിരുന്ന ഞങ്ങൾക്ക് മരുഭൂമിയിൽ ഒരു മഴ പെയ്ത പോലായിരുന്നു അയാളുടെ വരവ്. മറ്റുള്ള റെസിഡന്റ്സിൽ നിന്ന് വ്യത്യസ്തനായി രണ്ടു കാലിൽ നടക്കുന്ന, വായിലേക്ക് കൈ എത്തിക്കാൻ കഴിയുന്ന ഒരേ ഒരു ജീവി. ചില്ലുവാതിലിലൂടെ അരിക്കാത്ത താരാപഥത്തിന്റെ നേർവെളിച്ചം ആ പത്തുപേരിൽ ജോണിനുമാത്രം അവകാശപ്പെട്ടതായിരുന്നു. ഇയാളെ നോക്കാനാണോ വീട്ടുകാർക്ക് ഇത്ര ബുദ്ധിമുട്ട്? ഞങ്ങൾ അമ്പരപ്പെട്ടു.

പക്ഷെ, പിറ്റേന്ന് വേറൊന്ന് ആയിരുന്നു കഥ. രാവിലെ പല്ലുതേക്കാൻ ബ്രഷും പേസ്റ്റും ഞാൻ കൈയിൽ കൊടുത്തപ്പോൾ രണ്ടു നിര വെപ്പുപല്ല് ഊരി എന്റെ കൈയ്യിൽ വച്ച് തന്നിട്ട് വെളുക്കെ ചിരിച്ചു. ആറുമാസം പ്രായമായ, ഡേ കെയറിൽ ആക്കി പോന്ന എന്റെ മോന്റെ അതേ ചിരി. പിന്നെ ജോണിനെ ഷവറിനടിയിൽ നിർത്തി, അയാൾ ഊരിയ പൈജാമ കഴുകാനിടാൻ ഞാൻ പുറത്തേക്കിറങ്ങി. തിരികെ ചെല്ലുമ്പോൾ തുറന്നിട്ട ചൂട് ഷവറിൽ നിന്ന് ആവി പടരുന്നു. അതിനുള്ളിൽ ഒരു വെളുത്ത ഭൂതത്തെ പോലെ നിൽക്കുന്നു അയാൾ. കുളിച്ചു മാറാൻ എടുത്തു വച്ചിരുന്ന ഷർട്ട് ഹാങ്ങറിൽ തന്നെ ഉണ്ട്. കൈ ഇല്ലാത്ത വെളുത്ത ബനിയനും, ഇളം നീല ജീൻസും, അതിനു മീതെ ജെട്ടിയും എടുത്തിട്ടിരിക്കുന്നു. ഇത് എവിടെ ഇടണം എന്ന മട്ടിൽ ആലോചിച്ചുകൊണ്ടു സോക്സ്‌ കൈയ്യിൽ പിടിച്ചിട്ടുമുണ്ട്. അയാളുടെ ആ സൂപ്പർമാൻ നിൽപ്പ് കണ്ടു എനിക്ക് ചിരിപൊട്ടി. ഒരു നിമിഷം എന്നെ ഒന്ന് പകച്ചു നോക്കിയ ജോൺ പിന്നെ എന്നോടൊപ്പം കൂടി പൊട്ടിച്ചിരിച്ചു. അവിടുന്നങ്ങോട്ട് ഞങ്ങളുടെ ജോലിത്തിരക്കിലെ രസക്കൂട്ടാകുകയായിരുന്നു ജോൺ.

അയാളുടെ തമാശകളും നിഷ്കളങ്കതയും പാട്ടുപെട്ടിയുമെല്ലാം ആ അന്തരീക്ഷത്തിനു സ്ഥിരം വിരസതയിൽ നിന്ന് അല്പം വിടുതൽ നൽകി. ഫോൺ ശബ്ദിക്കുന്നത് കേട്ടാൽ എവിടെ നിന്നും പറന്നെത്തും..
“ഹലോ… ജോൺ സ്‍പീക്കിങ്”…
ഒരിക്കൽ ജോൺ എന്നോട് ഒരു ചായ ചോദിച്ചു. കാപ്പി പ്രിയനായ ആൾക്ക് ചായ എങ്ങനെ വേണം എന്ന് ഞാൻ ചോദിച്ചപ്പോൾ.. “നിന്നെ പോലെ ഉള്ളത്” എന്ന് മറുപടി.
വെള്ളക്കാരുടെ നാട്ടിൽ ഇന്ത്യക്കാരിയായ എന്നെപ്പോലൊരു ചായ… ‘ബ്ലാക്ക് റ്റീ’ എന്ന നമ്മുടെ സ്വന്തം ‘കട്ടൻ’ ആണെന്ന് മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടല്ലോ. ‘മധുരം?’… ഞാൻ രണ്ടാം ചോദ്യം എറിഞ്ഞു. “രണ്ടു സ്പൂൺ ആയിക്കോട്ടെ, നിന്നെപ്പോലെ നല്ല മധുരമുള്ളത്”. എന്റെ ‘കറുത്ത’ ഫീലിങ്ങിനെ മധുരം പുരട്ടി മൂടി കളഞ്ഞു അയാളുടെ കൗശലം. കുഞ്ഞുങ്ങൾ അമ്മമാരെയെന്ന പോലെ ഇഷ്ടമുള്ളോരുടെ നിഴൽ പറ്റി നടക്കുന്ന സ്വഭാവം ഉണ്ടായിരുന്നു ജോണിന്. ഒരു ദിവസം അത്യാഹിതവിഭാഗത്തിലേക്കു പോയ എന്നെ അനുഗമിച്ചു ഞാനറിയാതെ ജോണുമെത്തി. അകത്തേയ്ക്ക് പ്രവേശിപ്പിക്കാൻ കഴിയാതിരുന്നതിനാൽ ജോണിനെ വാതിലിനു വെളിയിലായ് നിരത്തിയിട്ട കസേരകളിൽ ഒന്നിൽ ഇരുത്തേണ്ടി വന്നു എനിക്ക്. ആ കസേരകൾ ഫ്ലൈറ്റിലെ സീറ്റ് ആണെന്ന് ധരിച്ച ജോൺ സീറ്റ് ബെൽറ്റ് ഇടുന്നതായി ഭാവിച്ചു, എന്നെയും നിർബന്ധിച്ച് അങ്ങനെ ചെയ്യിച്ചു. ഫ്ലൈറ്റ് ടൈക്ക്‌ ഓഫ് ചെയ്തതിനു ശേഷം മാത്രമേ എന്നെ പോകാൻ അനുവദിച്ചുള്ളു.

പോകെ പോകെ, മറവി അയാളുടെ തലച്ചോറിൽ കൂടുതൽ ആഴങ്ങളിൽ ആധിപത്യം ഉറപ്പിച്ചു തുടങ്ങി. സ്വന്തം മുറിയിലേക്കുള്ള വഴി മറന്നു. മറ്റു പലരുടെയും മുറികളിലും അലമാരകളിലും കയറിയിറങ്ങി. നഷ്ടപെട്ട ശരീരത്തിന്റെ ആവരണത്തിനുള്ളിൽ ജീവനുള്ള മനസ്സുമായി സ്വയം ഒന്ന് അനങ്ങാൻ പോലും കഴിയാതെ മെത്തയിൽ അമർന്നവർക്ക് ദിശ തെറ്റിയെത്തുന്ന അയാളുടെ സന്ദർശനങ്ങൾ ഭീതിയൊരുക്കി. വഴികാട്ടിയായി അയാളുടെ മുറിക്കു പുറത്തു ‘ജോണിന്റെ മുറി’ എന്നൊരു ബോർഡ് വച്ചു. ഏതോ സഹപ്രവർത്തകയുടെ ബുദ്ധി. അത് കാട്ടിക്കൊടുത്ത എന്നോട് അയാൾ പറഞ്ഞു, “ഇവിടെ വരെ എത്തിയാൽ അല്ലേ ഞാൻ ഇത് കാണൂ” മുഴുവൻ തലച്ചോറും ഉണ്ടെന്ന് അഹങ്കരിക്കുന്ന എന്നെ പോലുള്ളോർക്ക് കിട്ടിയ ചുട്ട മറുപടി.

എത്രയോ വട്ടം രണ്ടു അമ്മമാരുടെ കണ്ണ് വെട്ടിച്ചു ഞൊടിയിടയിൽ വാതിൽ പഴുതിലൂടെ പുറം ലോകത്തിന്റെ വിശാലത തേടി ഇറങ്ങിയിരിക്കുന്നു ജോൺ..! ഓരോ തവണയും ആപത്തൊന്നും കൂടാതെ തിരികെ എത്തിയ അയാളുടെ ജീവന് അന്യനാട്ടിൽ അന്നം തേടി അണഞ്ഞ ഞങ്ങളുടെ തൊഴിലിന്റെയും ജീവിതങ്ങളുടെയും വില ഉണ്ടായിരുന്നു. പലരുടെയും ഊരിവച്ച വെപ്പുപല്ലുകളും കണ്ണടകളും ആഭരണങ്ങളും മറ്റു തൊണ്ടിമുതലുകളും സ്ഥാനം തെറ്റി കണ്ടുകിട്ടി. പോക്കറ്റിലെ സ്ഥിരനിക്ഷേപമായ മൗത്ത് ഓർഗന് പുറമെ ബ്രഷ് പേസ്റ്റ് ചീപ്പ് എന്ന് തുടങ്ങി തീൻമേശയിലെ കത്തിയും മുള്ളും മറ്റുള്ളവർ ബാക്കി വച്ച എല്ലിൻ തുണ്ടങ്ങൾ വരെ… വേസ്റ്റ് ബിന്നുകൾ മൂത്രക്കുപ്പിയായും വാഷ് ബേസിൻ ടോയ്‌ലറ്റ് ആയും ബാത്ത് ടബ് കിടക്കയായും ഒക്കെ അയാളുടെ മായാലോകത്ത് രൂപാന്തരം പ്രാപിച്ചു. നാണം എന്തെന്ന് അറിയാതെ പരസ്യമായി വിവസ്ത്രനായി ആദിമനുഷ്യനെ ഓർമിപ്പിച്ചു. പുതുമഴയിൽ മേൽമണ്ണ് പൊട്ടിച്ചടർത്തുന്ന വിത്ത് പോലെ പോയകാലത്തിന്റെ ഓർമ്മകൾ അയാളിൽ തലപൊക്കി നിന്നു. പതിയെ ഇംഗ്ലീഷിന്റെ പുറം കുപ്പായം അഴിച്ചു വച്ച് മാതൃഭാഷയായ ജെർമ്മനിൽ മുങ്ങി തപ്പി, കണ്ടു കിട്ടിയ ഒന്നോ രണ്ടോ വാക്കുകൾ മന്ത്രം പോലെ സദാ ജപിച്ചുകൊണ്ടിരുന്നു. ചെറിയൊരു ശബ്ദം കേട്ടാൽ, അതിർത്തിയിൽ ശത്രുവിനെ തുരത്തിയ അയാളിലെ പട്ടാളക്കാരൻ ജാഗ്രതയോടെ മൗത്ത് ഓർഗനിൽ നിന്നു നിറയൊഴിച്ചു.

ദിവസം തോറും അക്രമവാസന ഏറിവന്ന ജോണിന് കൂടുതൽ സൗകര്യങ്ങൾ ഉള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടിവന്നു. കൊണ്ടുപോകാനുള്ള ആംബുലൻസ് വന്നപ്പോൾ, സ്കൂളിൽ പോകാൻ മടിച്ചു കുതറിയോടുന്ന ബാലൻ ആയി ജോൺ വീണ്ടും. ഒടുവിൽ, അയാളെ ഉറക്കത്തിനു കീഴടക്കാൻ സെഡേഷൻ കുറിച്ചു തന്നു ഡോക്ടർ. അത് സിറിഞ്ചിൽ നിറക്കുമ്പോൾ സൂചിമുനയിൽ നിന്നു ഇറ്റ തുള്ളിയെ മറച്ചു കളഞ്ഞിരുന്നു എന്റെ കണ്ണിൽ പൊടിഞ്ഞ നനവ്. സൂചിപ്പാൽ കുടിച്ചുറങ്ങിയ ജോണിനെ അമ്മയുടെ മാറിൽ നിന്നടർത്തിയ കുഞ്ഞിനെ പോലെ സ്‌ട്രെച്ചറിലേക്ക് എടുത്തു കിടത്തുമ്പോൾ ഒന്ന് എനിക്കുറപ്പായിരുന്നു. തളർന്ന് ഉറങ്ങുന്ന ആ മുഖം ഇനിയൊരിക്കലും കാണില്ലെന്ന്…. ഉണരുമ്പോൾ അയാളുടെ ബോധമണ്ഡലത്തിൽ എവിടെയും ഒരു ശാപമായി എന്റെ രൂപം ഉണ്ടാകരുതേ എന്നാശിച്ചു. ആ മറവി അങ്ങനെ എങ്കിലും ഒരു അനുഗ്രഹമാകാൻ പ്രാർത്ഥിച്ചു.

വ്യഥിത ജന്മങ്ങളെ…. പൊറുക്കുക നിങ്ങൾ….

സൂചിയിൽ കൊരുത്തത് ദ്വേഷവിഷമല്ലെന്നറിയുക.

ഓസ്‌ട്രേലിയയിൽ നേഴ്സ് ആണ്. എറണാകുളം ജില്ലയിലെ ഉദയംപേരൂർ സ്വദേശി