ബന്ധുര കാഞ്ചനക്കൂട്

ബോർഡിംഗ് പാസ്സിൽ നോക്കി സീറ്റ് നമ്പർ ഒന്നുകൂടി ഉറപ്പിച്ച് ഗോപി മാഷ് വിമാനത്തിലെ സീറ്റുകൾക്കിടയിലൂടെ നടന്നു. ഒരാൾക്ക് തന്നെ കഷ്ടിച്ചു നടക്കാൻ പറ്റിയ വളരെ ഇടുങ്ങിയ വഴി. കൂടെ വരാൻ വിസമ്മതിച്ച് പിന്നാലെ വലിച്ചിഴച്ച ട്രോളി ബാഗ് പിന്നിലെ സീറ്റിലുടക്കി നിന്നു. സുന്ദരിയായ ഒരു എയർ ഹോസ്റ്റസ് അപ്പോൾ പുഞ്ചിരിയോടെ അടുത്തേയ്ക്ക് വന്നു.

“മേ ഐ ഹെൽപ്പ് യൂ സർ ? “

“പ്ലീസ്..” മറുപടിയായി മാഷ് തലയാട്ടി കൊണ്ടു പറഞ്ഞു

എയർ ഹോസ്റ്റസ് മാഷിന്റെ സീറ്റ് കാട്ടിക്കൊടുത്ത് മുന്നിൽ നടന്നു. ബാഗ് എടുത്ത് സീറ്റിന് മുകളിലുള്ള ക്യാബിനിൽ വച്ചു.

‘താങ്ക്സ് ‘.. ഇരിപ്പിടം കണ്ടെത്തിയ ആശ്വാസത്തിൽ മാഷ് മനസ്സറിഞ്ഞു പറഞ്ഞു.  

പത്തറുപതു വർഷം ഉപയോഗശൂന്യമായിരുന്ന വാക്കുകൾ. മറ്റൊരാൾക്കു മുന്നിൽ അല്പം താഴാനും, അവരുടെ സഹായത്തിന് നന്ദി പറയാനും ശീലിക്കാതെ മലയാളി നിഘണ്ടുവിൽ അടച്ചുവച്ചവ. കഴിഞ്ഞ കുറേ മാസങ്ങളായി പലകുറി കേട്ടു പരിചയിച്ച ഈ പദങ്ങൾ ഉച്ചരിക്കാൻ ഇപ്പോൾ നാവിന് മടിയില്ല.

സീറ്റിലെ പുതപ്പും തലയിണയും സൗകര്യ പൂർവ്വം എടുത്തു വച്ച് ഇരിപ്പിന് സുഖം വരുത്തുമ്പോഴേക്കും മുന്നിലെ സീറ്റിൽ യാത്രക്കാരെത്തി. മൂന്നോ നാലോ വയസ്സുള്ള ഒരാൺകുട്ടിയും അവന്റെ അച്ഛനും.

കാഴ്ചയിൽ മലയാളികൾ എന്നു തോന്നിച്ചെങ്കിലും അച്ഛന്റേയും മകന്റേയും സംസാരമെല്ലാം ഇംഗ്ലീഷിൽ തന്നെ. തനിച്ചുള്ള യാത്രയായതിനാൽ പ്രായമായവർക്കുള്ള എയർപ്പോർട്ട് അസ്സിസ്റ്റൻസ് ബുക്ക് ചെയ്താണ് മകൻ അദ്ദേഹത്തെ വിട്ടിരിക്കുന്നത്. എങ്കിലും മലയാളികളെ ആരെയെങ്കിലും കൂട്ടുകിട്ടിയാൽ ഒന്നു മിണ്ടിയും പറഞ്ഞും പോകാമല്ലോ എന്ന ചിന്തയായിരുന്നു മാഷിന്. മാത്രമല്ല, ഇംഗ്ലീഷും ആഗോള ഭാഷയായ ആംഗ്യവും കൂട്ടികലർത്തിയ ഭാഷാഭ്യാസത്തിൽ നിന്ന് ഒരു വിടുതലുമാകും.

ആ കൊച്ചുമിടുക്കൻ ആദ്യമേ തന്നെ ജനാലയ്ക്കലെ സീറ്റ് കരസ്ഥമാക്കി, പിന്നെ റ്റിവിയുടെ റിമോട്ടും. അവന്റെ ബാഗിൽ നിന്ന് ഐ പാഡും മറ്റെന്തൊക്കെയോ ഇലക്ട്രോണിക് കളിക്കോപ്പുകളും പുറത്തടുത്ത് നീണ്ട യാത്രക്ക് ഒരുക്കം തുടങ്ങി. പണ്ട് കുട്ടികൾ മാറോടണച്ചു കൊണ്ടു നടന്നിരുന്ന കല്ലുസ്ലേറ്റിന്റെ സ്ഥാനത്തിപ്പോൾ ജീവനുണ്ടെന്ന് തോന്നിക്കുന്ന ഈ അൽഭുത സ്ലേറ്റ് ആണ്. ഈ സാങ്കേതിക യുഗത്തിലെ പൗരനാണ് താനെന്ന് ആദ്യ നിമിഷങ്ങളിൽ തന്നെ തെളിയിച്ച അവൻ മാഷിന്റെ ശ്രദ്ധ മുഴുവനായും പിടിച്ചുപറ്റി.  

ആ കുട്ടിയുടെ അച്ഛൻ ഫോണിൽ ആരോടോ സംസാരിക്കുന്നത് കേട്ടു.

“മോന് കുഴപ്പമൊന്നുമില്ല…. അവൻ ഹാപ്പി ആയിരിക്കുന്നു. യൂ ടേക്ക് കെയർ. ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ഒന്നും മിസ്സ് ആക്കല്ലേ.”

അയാൾ പറഞ്ഞു തീരും മുൻപേ ഫോൺ അവൻ പിടിച്ചു വാങ്ങിയിരുന്നു .. അമ്മയോടുള്ള അവന്റെ സംസാരത്തിൽ കൊഞ്ചൽ കലർന്നിരുന്നു. അവർ മലയാളികൾ ആണെന്ന അറിവ് മാഷിന് ഒരുണർവ്വായി. വിമാനം ടേക്ക് ഓഫ് ചെയ്യാൻ തുടങ്ങിയതോടെ പെട്ടെന്നാരോ മുറിവേല്പിച്ചതു പോലെ അവൻ ചെവികൾ അടച്ചു പിടിച്ച് അലറിക്കരയാൻ തുടങ്ങി. ചെവിക്കുള്ളിലെ മർദ്ദവ്യത്യാസം തനിക്കും അനുഭവപ്പെടുന്നുണ്ട്. ചെവികൾ കൊട്ടിയടയ്ക്കുന്നതായോ, തലചുറ്റുന്നതായോ, മനംപിരട്ടുന്നതായോ ഒക്കെയുള്ള അസ്വാസ്ഥ്യങ്ങൾ. അമ്മയെ കാണണം എന്നു പറഞ്ഞ് ഒന്നുകൂടി ഉച്ചത്തിലായി അവന്റെ കരച്ചിൽ.

അച്ഛനെ ചാരിയിരുന്നിട്ടും ഒരു ബുദ്ധിമുട്ടു വന്നപ്പോൾ അമ്മയെ വിളിച്ചു കരയുന്ന അവന്റെ ശബ്ദം ആ ക്യാബിനുള്ളിൽ മുഴങ്ങി. വിമാനം പറന്നു പൊന്തി ഒരു നിലയിൽ ആകും വരെ അവന്റെ കരച്ചിലടക്കാൻ അയാൾ നന്നേ പണിപ്പെട്ടു. അമ്മയെ കൂടാതെ ഇവർ മാത്രമായൊരു യാത്ര എന്തായിരിക്കുമെന്നൊരു മനുഷ്യ സഹജമായ സംശയം മാഷ് സ്വയം ചോദിച്ചു.

ജനാലയുടെ ഷേഡ് ഉയർത്തി വച്ച് അയാൾ മകന്റെ ശ്രദ്ധ തിരിക്കാൻ മേഘങ്ങളെ കൂട്ടു വിളിച്ചു. ജനാലയ്ക്കലേക്ക് കൂട്ടത്തോടെ ഓടിയെത്തിയ പഞ്ഞിക്കെട്ടുകളെ കണ്ട് കുട്ടി കരച്ചിലടക്കി. ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു അവന്…

‘ഈ മേഘങ്ങൾ നമ്മുടെയൊപ്പം വരുകയാണോ…’

‘മേഘങ്ങൾക്ക് വീടുണ്ടോ ? ‘

‘അവർക്ക് നമ്മളെപ്പോലെ ഇൻഡ്യയിൽ ബന്ധുക്കളുണ്ടോ?’

 എന്താണ് അവയിലും കറുത്തതും വെളുത്തതും …??

അവസാന ചോദ്യത്തിന് ആ അച്ഛന്റെ മറുപടി മാഷിനും രസിച്ചു.. ‘വെളുത്തവ  മുടി നരച്ച അപ്പൂപ്പൻ മേഘങ്ങൾ ആണത്രേ…!, കറുത്തവ അവരുടെ മക്കളും, നീല നിറമുള്ളത് പേരക്കുട്ടികളും !.’

അവരുടെ ചോദ്യോത്തരങ്ങളിൽ മുഴുകിയിരിക്കവേ മാഷ് ഓർമ്മകളുടെ നീലമേഘജാലകം തുറന്നു.
മുന്നിലിരിക്കുന്ന കുസൃതിക്കുരുന്നിനെ പോലൊന്നിനോട് യാത്ര പറഞ്ഞു പോരുമ്പോൾ താനും അറിഞ്ഞതാണല്ലോ ബന്ധങ്ങൾ വിട്ട് പറന്നു നടക്കുന്ന മുകിലിന്റെ വേദന!

മിന്നുമോളും ഇങ്ങനെയാണ്. ചോദ്യങ്ങൾ ഒന്നൊഴിയാതെ ശരങ്ങൾ പോലെ തൊടുത്തു കൊണ്ടിരിക്കും.  അവളുടെയോർമ്മകളിൽ ആ വെൺമേഘം മുഖത്തെ ചുളിവുകളിലേക്ക് അറിയാതെ വിരലോടിച്ചു.

ഒരിക്കൽ തന്റെ ചേഷ്ടകളെ താനറിയാതെ വീക്ഷിച്ചു കൊണ്ടിരുന്ന മിന്നു മോൾ. വാഷ്ബേസിന് മുകളിലെ കണ്ണാടിയിലേക്ക് മുഖം ഒന്നുകൂടി അടുപ്പിച്ചു നോക്കിയപ്പോൾ ഉള്ളിൽ ചിരിച്ചു. ഒരുപാട് ചോദ്യങ്ങൾ ചോദിച്ച്, ഉത്തരങ്ങൾ കാത്ത മുഖമായതിനാലാകാം ഇത്രയേറെ ചുളിവുകൾ…  താടിയിലും മീശയിലും തലയിലുമെല്ലാം വെളുത്ത പട്ടാളക്കാർ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. അവരെ തുരത്താൻ കരിംചായം പ്രയോഗിച്ചിരുന്നു ആദ്യമൊക്കെ. തുണിയിലെതെന്ന് തോന്നിക്കാൻ വേണ്ടി സോപ്പുപൊടിയിൽ അഴുക്കു ചേർക്കുന്ന കച്ചവട തന്ത്രം ഈ ചായക്കൂട്ടിലും ഉണ്ടെന്ന് തോന്നുന്നു. കറുത്ത മുടിയെക്കൂടി വെളുപ്പിക്കാനുള്ള രഹസ്യക്കൂട്ട്.

ആ വെളുപ്പിനിടയിൽ മാറ്റു കൂടി വരുന്ന മുഖത്തെ കറുത്ത പാടുകളിലേക്കെത്തി കണ്ണുകൾ. തന്റെ ആത്മഗതം വായിച്ചിട്ടെന്ന പോലെ മിന്നുമോൾ ചോദിച്ചു.

“ഇതെന്താ അച്ചഛന്റെ മുഖത്ത് ഈ കറുത്ത പാടുകൾ ?”

“പ്രായമായി എന്നറിയിക്കാൻ ഇങ്ങനെയോരോ അടയാളങ്ങൾ കൂട്ടു വരും. കഷ്ടകാലമെന്ന് പണ്ടുള്ളവർ പറയും” .

“ശ്രുതിയമ്മ ഇടയ്ക്കിടെ പറയാറുണ്ട്, ഓരോ കഷ്ടപ്പാടുകൾ എന്ന്. അത് ഈ പാടുകളാണോ അച്ചച്ഛാ.”

പേരക്കുട്ടിയുടെ നിഷ്ക്കളങ്കമായ ചോദ്യം കേട്ട് താൻ ഉറക്കെ ചിരിച്ചു പോയി. “പാവം, ഈ ആറു വയസ്സുകാരിക്ക് എങ്ങനെയാണ് താൻ കഷ്ടപാടിനെക്കുറിച്ച് പറഞ്ഞു കൊടുക്കുക? കാലം തോറും മാറി വരുന്ന അതിന്റെ നിർവചനത്തെക്കുറിച്ച് മനസ്സിലാക്കിക്കുക?”

അവളുടെ ജിജ്ഞാസ വിടർന്ന മുഖത്തേക്കു നോക്കി വാത്സല്യത്തോടെ മാഷ് പറഞ്ഞു.

“അതു മോളേ, നമ്മുടെ ജീവിതം ഏറ്റവും സന്തോഷകരമാക്കാൻ നമുക്ക് കുറേ ഹാർഡ് വർക്ക് ചെയ്യേണ്ടിവരും. ചിലപ്പോൾ ചില ത്യാഗങ്ങളും. അച്ചച്ഛൻ കുട്ടിയായിരുന്നപ്പോൾ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളൊന്നും മോളുടെ അച്ഛന് ഉണ്ടായിട്ടില്ല. അച്ഛനുണ്ടായിരുന്ന കുറവുകൾ ഒന്നും ഇപ്പോൾ മോൾക്കുമില്ല”

കുറവുകളൊന്നും ഇല്ലെന്ന് കുഞ്ഞു മകളോട് പറഞ്ഞത് ഒരു കള്ളമാണല്ലോ എന്നോർത്ത് അദ്ദേഹത്തിന്റെ ഉള്ളൊന്നു പിടഞ്ഞു. ആ വീടിനു ചുറ്റും അളന്നു തിരിച്ചിരിക്കുന്ന പട്ടികകൾ അവളുടെ ബാല്യത്തിന്റെയും അതിരുകളാണല്ലോ. സകല സൗഭാഗ്യങ്ങളടേയും നടുവിൽ എന്ന് താനുൾപ്പെടെ വിശ്വസിച്ച അവളുടെ നഷ്ട ഭാഗ്യങ്ങൾക്ക് താനൊരു ദൃക്സാക്ഷിയാകാൻ തുടങ്ങിയിട്ട് അപ്പോൾ ആറു മാസങ്ങളായിരുന്നു.

ഭാഗ്യാന്വേഷിയായി അവളുടെ അമ്മ ശ്രുതി ആകാശപ്പറവയേറുമ്പോൾ രണ്ടര വയസ്സുകാരി മിന്നുമോൾ ലളിതയുടെ കയ്യിലിരുന്ന് അവളെ ചിരിച്ചു കൊണ്ടു യാത്രയാക്കി. ജനനം മുതൽക്കേ ലളിത അവൾക്ക് പോറ്റമ്മയായിരുന്നു. ലളിതാമ്മ എന്നപേര് ലല്ലമ്മ എന്നും പിന്നെയും ലോപിപ്പിച്ച് ‘ലല്ലു’വാക്കിയതും മിന്നുവായിരുന്നു. കുട്ടികൾക്ക് പേരിടുന്ന മുതിർന്നവരുടെ അവകാശം കവർന്നെടുത്ത് മുതിർന്നവർക്ക് പേരിടുന്ന കുട്ടിപ്പടയുടെ പ്രതിനിധിയായിരുന്നു മിന്നുമോൾ.

അവൾക്കൊപ്പം പോന്ന പാവപ്പട്ടാളത്തിന്റെ ക്യാപ്റ്റനായി, അയൽ വീടുകളിലേക്കും അധിനിവേശം നടത്തി, ആ ഒരു പ്രദേശത്തിന്റെ ഹൃദയം കീഴടക്കി നടന്നതാണ് ഈ കുട്ടിക്കുറുമ്പി. കഴുത്തിനു ചുറ്റും നാക്കും, പാട്ടും ഡാൻസുമൊക്കെയായി നടന്ന ആ കുഞ്ഞിപ്പോൾ നിരത്തിയിട്ട കളിക്കോപ്പുകൾക്കും, കളർ പെൻസിലുകൾക്കും ഡ്രോയിംഗ് ബുക്കുകൾക്കും ഡിജിറ്റൽ മീഡിയക്കും തടവുകാരിയായി. ജീവനുള്ള ഒരു
പാവക്കുട്ടിയെ പോലെ.

ഐ. സി. യു വിലെ തിരക്കു പിടിച്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞുറങ്ങുന്ന അമ്മയെ ഉണർത്താതിരിക്കാൻ ഡോറയും, പെപ്പാ പിഗും, ചാർലിയും ലോലയുമൊക്കെ മാറി മാറി ടി വി സ്ക്രീനിൽ അവളുടെ കുഞ്ഞുവിരലിൻ തുമ്പിൽ കൂട്ടുവരുന്നു. കഴിക്കാനും കുടിക്കാനുമുള്ളത് അവൾക്കെടുക്കാൻ പാകത്തിന് വച്ചിട്ടാണ് ശ്രുതി ഉറങ്ങാൻ പോയത്. അതാണത്രേ ശീലം. താനവിടെ താൽക്കാലിക താമസക്കാരൻ ആയിരുന്നതിനാൽ ശീലങ്ങളൊന്നും മാറ്റേണ്ട എന്നു കരുതി.

മോൾക്ക് മാത്രമല്ല, തനിക്കുള്ള ഉച്ചഭക്ഷണം കൂടി എടുത്തു വെക്കാറുണ്ട്. സമയമാകുമ്പോൾ മൈക്രോ വേവിൽ ചൂടാക്കിയാൽ മതി. പാവം, താൻ ചെന്നശേഷം ശ്രുതിക്ക് പണി നന്നേ കൂടിയിരുന്നു. മൂന്നുനേരവും ഭക്ഷണം ഉണ്ടാക്കണം. കോൺഫേളക്സും ടോസ്റ്റുമൊക്കെ ശീലമാക്കിയവർ എനിക്കു വേണ്ടി പ്രത്യേകം ഭക്ഷണമുണ്ടാക്കി. അവളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ താനും പാക്കറ്റിലെ പ്രഭാതഭക്ഷണങ്ങളോട് പൊരുത്തപ്പെട്ടു. പിസ്സയും, ബർഗറും ഫ്രഞ്ച് ഫ്രൈസും ഒക്കെ ഓരോ തവണ കഴിച്ചപ്പോൾ മനസ്സിലായി അവയ്ക്ക് നമ്മുടെ ദോശക്കും, പുട്ടിനും ചോറിനുമൊന്നും പകരമാകാൻ പറ്റില്ലെന്ന്. എങ്കിലും സതീഷിന്റേയും ശ്രുതിയുടേയും നിർബന്ധത്തിനു വഴങ്ങി അവരു തരുന്നതിൽ ഒരോഹരി കഴിക്കുമായിരുന്നു.

MBA കഴിഞ്ഞ് നാട്ടിൽ അത്യാവശ്യം നല്ലൊരു ജോലി ഉണ്ടായിരുന്നതാണ് സതീഷിന്. കമ്പനി നഷ്ടത്തിലായതോടെ ശമ്പളം വെട്ടിക്കുറക്കലും പിരിച്ചുവിടൽ ഭീഷണിയും നേരിട്ടു. അപ്പോൾ അവന്റെ കൂട്ടുകാർ തന്നെ ഉപദേശിച്ച വഴിയാണ് നഴ്സായ ശ്രുതിക്ക് വിദേശത്തെ ഭാഗ്യപരീക്ഷണം.

സതീഷ് അവിടെയിപ്പോൾ ഒരു ബിസ്ക്കറ്റ് ഫാക്ടറിയിൽ പാക്കിംഗ് ജോലിക്ക് പോകുന്നു. അതു തന്നെ കിട്ടിയത് ആറുമാസം കാത്തിരുന്നതിനു ശേഷം. മിന്നു മോൾക്ക് ആ നാടും ഭാഷയുമായി പരിചയപ്പെടാനും ആ ഒരു സമയം ആവശ്യമായിരുന്നു. ശ്രുതി ജോലിയിൽ ആയിരിക്കുമ്പോൾ അവനും മോളും ഒറ്റയ്ക്കു കഴിച്ചു കൂട്ടിയ അരയാണ്ട് ഒരു നൂറ്റാണ്ട് പോലെയാണ് അവൻ പറയുക!

ബിസ്കറ്റ് ഫാക്ടറിയിലെ ജോലി കഴിഞ്ഞ്, വൈകുന്നേരങ്ങളിൽ അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ ക്ലീനിംഗിനും പോകുന്നുണ്ട്. നാട്ടിൽ ശരീരമനങ്ങിയുള്ള ജോലിയൊന്നും ശീലമില്ലാത്ത തന്റെ മകൻ ഇവിടെ രാപ്പകൽ അധ്വാനിക്കുന്നതു കണ്ടപ്പോൾ ആദ്യം കണ്ണു നിറഞ്ഞു. കോളറിന്റെ നിറം നോക്കാതെ എന്തു ജോലിയും ചെയ്യാനുള്ള അവന്റെ മനസ്സിൽ പിന്നെ അഭിമാനം തോന്നി. വലുപ്പച്ചെറുപ്പങ്ങളില്ലാതെ ഏതു തൊഴിലിനേയും ബഹുമാനിക്കുകയും അധികാരശ്രേണിയില്ലാതെ മനുഷ്യരെ സമത്വത്തോടെ കാണുകയും ചെയ്യുന്ന സായിപ്പിന്റെ സമീപനം തന്റെ മകന് മാതൃകയായതിൽ സന്തോഷിച്ചു.

ഈ മൽസരയോട്ടത്തിൽ കൈമാറപ്പെടുന്ന ബാറ്റനാണ് മിന്നുമോൾ. രണ്ടുപേരുടേയും ജോലി സമയം ഒരേ പോലെ വന്നാൽ കുഞ്ഞിനെ ഡേ കെയറിലും ആക്കും. മൂന്നുപേരും ഒരുമിച്ചുള്ള സമയം വിരളം. പിറന്നാളുകളും ഓണവും വിഷുവുമെല്ലാം മൂന്നു പേരിൽ ഒതുങ്ങുന്നു.  ഇങ്ങനെ ഉണ്ടാക്കുന്ന പണമാണ് നാട്ടിലെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും ആഢംബരങ്ങൾക്കുമായി പ്രവാസത്തിന്റെ പുകഴ്ചയായി വാരിവിതറുന്നത്. അതറിഞ്ഞപ്പോൾ സഹതാപമാണ് തോന്നിയത്, എന്റെ മക്കളോട്.

ആദ്യ കുറേ ദിവസങ്ങൾ വലിയ വിരസതയില്ലാതെ കടന്നു പോയി. അവിടുത്തെ പ്രകൃതിയും മനുഷ്യരുടെ പ്രകൃതവും പുതിയൊരു അനുഭവമായിരുന്നു. പല തരത്തിലുള്ള വലിയ റോസാപ്പൂക്കളും, തെളിഞ്ഞ ആകാശവും ശുദ്ധവായുവും കണ്ണിനും മനസ്സിനും കുളിർമ്മ നൽകി.

ഇംഗ്ലണ്ടിൽ നിന്നു നാടുകടത്തപ്പെട്ട കുറ്റവാളികളുടെ പിൻതുടർച്ചക്കാരാണ് അന്നാട്ടുകാർ എന്ന് നമ്മൾ വിശ്വസിക്കുന്ന വെളളക്കാർ. ആ ഭൂമിയുടെ യഥാർത്ഥ അവകാശികൾ ‘അബോറിജിനൽസ്’ എന്നു വിളിക്കപ്പെടുന്ന ആദിവാസികളാണ്. നമ്മുടെ നാട്ടിലേതു പോലെ തന്നെ പരമ്പരാഗത പ്രകൃതി ഭക്ഷണവും ചികിത്സാ രീതികളും നായാട്ടുമൊക്കെ ഇപ്പോഴും പിന്തുടർന്നു പോരുന്നവർ. ഇരുണ്ട നിറവും, ശാരീരിക സവിശേഷതകളും കൊണ്ട് അവരെ വേറിട്ടറിയാം.

ഓരോ വീട്ടിലേയും പുൽത്തകിടിയും, പൂന്തോട്ടങ്ങളും, വൃദ്ധദമ്പതികളുടെ ഏകാന്തതയകറ്റുന്ന നായ്ക്കുട്ടികളുമൊക്കെ പ്രഭാതസവാരിയിലെ പതിവുകാഴ്ചകളായി. കൂടാതെ, ചെറിയ പൊന്തക്കാടുകളിലും പുൽമേടുകളിലും സ്വൈര്യവിഹാരം നടത്തുന്ന ആ നാട്ടിലെ സ്വന്തം കംഗാരു പ്രജകളും. വഴിയാത്രക്കാരെ കണ്ട് ഇരു കൈകൾ കൂപ്പി പിൻകാലുകളിൽ ഉയർന്നു നിന്ന് ആതിഥ്യമര്യാദ കാട്ടുന്നവരും ഉണ്ട് ആ കൂട്ടത്തിൽ. നിരത്തിലെ വാഹന ഗതാഗതത്തോട് പ്രതിഷേധമറിയിച്ച് വഴിയോരത്ത് രക്തസാക്ഷിത്വം വഹിച്ച കംഗാരുക്കളും വിരളമല്ലാത്ത ഒരു കാഴ്ച തന്നെ !

പ്രകൃതിയോടും പക്ഷിമൃഗാദികളോടുമെല്ലാം വളരെ മമതയുള്ളവരാണ് അവിടത്തുകാർ. കുറേയേറെ പഴവർഗ്ഗങ്ങളും പച്ചക്കറികളും സതീഷും വച്ചു പിടിപ്പിച്ചിട്ടുണ്ട്. കുറച്ച് നാടൻ ഇനങ്ങളും. പക്ഷേ അവ മൂന്നു നാല് മാസംകൊണ്ട് കായ്കൾ തന്നാലേ ഫലമുള്ളൂ. വർഷത്തിൽ എട്ടു മാസവും കൊടും തണുപ്പാണവിടെ. മഞ്ഞുവീഴ്ച കൊണ്ട് തീപ്പൊളളലേറ്റ പോലെ ചെടികൾ കരിഞ്ഞുണങ്ങുന്ന കാഴ്ച മാഷിനും അത്ഭുതമായിരുന്നു.

ഒഴിവു ദിവസങ്ങളിൽ ഓസ്ട്രേലിയൻ കാഴ്ചകൾ മാഷിനെ പരിചയപ്പെടുത്താൻ സതീഷും ശ്രുതിയും യാത്രയുടെ തിരക്കുകളിലായിരുന്നു. ഏക്കറുകളോളം മഞ്ഞപ്പട്ടു വിരിച്ച്  നിൽക്കുന്ന കനോലപ്പാടങ്ങളും, വരിവരിയായി നിൽക്കുന്ന ആപ്പിൾ, ഓറഞ്ചു മരങ്ങളും, മുന്തിരിക്കുലകളും ഒക്കെ കണ്ണുകളിൽ കൗതുകത്തിന്റെ പൂത്തിരി കത്തിച്ചു. മണ്ണിനെ ബഹുവർണ്ണപുതപ്പിട്ടു മൂടിയ ശരത്കാലം, ശിശിരത്തിൽ തണുത്തു വിറച്ച് ഏകാകിയായി, പിന്നെ പ്രതികാരത്തിന്റെ പുനർജ്ജനി പോലെ പൂത്തുലഞ്ഞ ചെറിമരങ്ങൾ… നിരത്തുകളിൽ വയലറ്റ് പരവതാനി വിരിച്ചിട്ട് ഇരുവശങ്ങളിലും കൈകോർത്ത് കാവൽ നില്ക്കുന്ന ജക്കരാന്ത മരങ്ങൾ. ഇതൊക്കെ അത്ഭുത കാഴ്ചകളിലേക്ക് എഴുതി ചേർത്തു, മാഷ്. മനുഷ്യായുസ്സിലെന്നപോലെ നാല് ഋതുഭേദങ്ങൾ വ്യക്തമായി കാണിച്ചു തരുന്ന ഭൂപ്രകൃതി. ഒരു വ്യത്യാസം മാത്രം – ഈ ഋതുക്കൾ ക്രമമായി വീണ്ടും വീണ്ടും വന്നു പോകുന്നു ഭൂമിയിൽ.

പുതിയ കാഴ്ചകൾ അവസാനിച്ചിടത്ത് വിരസത പിറവിയെടുത്തു. അദ്ധ്യാപനത്തിൽ നിന്നു വിരമിച്ചെങ്കിലും നാട്ടിൽ വായനശാലയും സമുദായ പ്രവർത്തനവും ഒക്കെയായി സദാ കർമ്മനിരതനായിരുന്ന മാഷിന് മിന്നു മോളെപ്പോലെ കാഞ്ചനക്കൂട്ടിലെ ബന്ധനവുമായി ഒട്ടും തന്നെ പൊരുത്തപ്പെടാനായില്ല.

ഓൺലൈൻ വാർത്തകളും സ്മാർട്ട് TV യിലെ കാഴ്ചകളും ഓരോ ദിവസത്തേയും ചെറിയൊരു ഭാഗം കാർന്നുതിന്നു. അടുത്ത പടിയായി മകൻ വാട്ട്സാപ്പും മുഖപുസ്തകവും പഠിപ്പിച്ചു കൊടുത്തു. വീഡിയോ കോളിലൂടെ ലളിതയുടെ മുഖം കാണുമ്പോൾ അനുഭവിച്ചിരുന്ന സന്തോഷം മാഷിന്  ശാന്തമായ  ഒരു വേദനയായിരുന്നു. ക്ഷീണിച്ചു പോയെന്നവൾക്ക് പരാതിയായിരുന്നു. അത് ഫോണിലൂടെ കാണുന്നതു കൊണ്ടാണ് എന്നാണ് മറുപടി പറഞ്ഞത്. തന്റെ നേരവും കാലും നോക്കി, ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞ് ഇത്രനാൾ വച്ചുവിളമ്പിയവളോട് കളവ് പറഞ്ഞപ്പോഴും മാഷിന്റെ മനസ് വിതുമ്പി. തന്റെ കാര്യങ്ങൾക്ക് ഒരു കുറവും വരുത്താതിരിക്കാൻ ശ്രദ്ധിക്കുന്ന മകനും മരുമോൾക്കും വിഷമമാകേണ്ട എന്നു കരുതിയാണ് അങ്ങനെ പറഞ്ഞത്. ഷേവ് ചെയ്യാത്തതിനും നരകേറിയതിനും ഒക്കെ അവൾ സങ്കടം പറഞ്ഞു.

നാല്പതു കൊല്ലത്തിനിടയിൽ ഒരു രാത്രിയിൽ കൂടുതൽ തന്നെ പിരിഞ്ഞു നിന്നിട്ടില്ല അവൾ . ഒരുമിച്ച് പോരാൻ ഇരുന്നതാണ്. അതിനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ഇളയ മോളുടെ വിശേഷം. കടിഞ്ഞൂൽ ഗർഭത്തിനും പ്രസവത്തിനും മകളെ പരിചരിക്കാൻ പെറ്റമ്മയെപ്പോലെ മറ്റാരുണ്ട്?. മകനോടൊപ്പമുള്ള യാത്ര അടുത്ത തവണത്തേക്ക് മാറ്റാമെന്ന് വച്ചപ്പോൾ അവൾക്കും നിർബന്ധം – മിന്നുമോൾക്ക് അച്ചച്ഛനെങ്കിലും കൂട്ടുണ്ടാകുമല്ലോന്ന്.

“ഇത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ലല്ലോ. ഞങ്ങൾക്കു സ്വപ്നം പോലും കാണാൻ പറ്റാത്ത ഒന്ന്. മാഷ് പോയിട്ടു വാ…” കൂട്ടുകാരും പ്രോത്സാഹിപ്പിച്ചു.

മകളുടെ ശുശ്രൂഷയുമായി പിടിപ്പത് പണിയുണ്ടാകും ലളിതയ്ക്ക്. തന്റെ കാര്യത്തിലെങ്കിലും ഒരു ഇളവ് കിട്ടിക്കോട്ടെ എന്നു വിചാരിച്ചാണ് മാഷ് പുറപ്പെട്ടത്.

മകനെ പിൻപറ്റി വിമാനത്തിലേക്കുള്ള കോണിപ്പടികൾ കയറുമ്പോൾ മറ്റാരും കാണാത്ത ഒരു കാഴ്ചയായിരുന്നു മാഷിന്റെ കണ്ണിൽ. വിമാനത്തിന്റെ ഇരമ്പൽ കേട്ടാൽ രാത്രിയിൽ പോലും ഓടി മുറ്റത്തിറങ്ങി, ആകാശത്ത് ചാലു കീറി അകന്നു പോകുന്ന വലിയ മിന്നാമിന്നിയെ കണ്ണെടുക്കാതെ നോക്കി നില്ക്കുന്ന തന്റെ മകന്റെ ബാല്യം. കണ്ണെത്താദൂരം പടർന്നു കിടക്കുന്ന കടലിനു മുകളിലൂടെ പറക്കുമ്പോൾ ഓർമ്മകൾ ഒരു തിരികല്ലുകെട്ടി താഴേയ്ക്കു വലിച്ചു. ഉത്സവപ്പറമ്പിലും സ്ക്കൂൾ മുറ്റത്തും താൻ കോർത്തുപിടിച്ചു നടന്ന വിരലുകൾ തനിക്ക് വഴി കാട്ടിയായപ്പോൾ ഉണ്ടായ നിറവ്!

ഫൈളറ്റിലെ സുരക്ഷാ നിർദ്ദേശങ്ങൾ മനസിലാക്കിക്കൊടുക്കാനും, സീറ്റ് ബൽറ്റ് ഇട്ടു കൊടുക്കാനും, റ്റിവി കാണിക്കാനുമൊക്കെ മിന്നുമോൾക്ക് ആയിരുന്നു കൂടുതൽ ഉത്സാഹം. മോളെപ്പോലെ താനും ഒരു കുട്ടിയായി എന്നു തോന്നിപ്പോയി മാഷിന്. അതേ, എല്ലാവർക്കും കിട്ടാത്ത ഭാഗ്യമാണ് മക്കളിൽ നിന്ന് സ്നേഹവും കരുതലും തിരിച്ചു കിട്ടുക എന്നത്.

മിന്നുമോളുടെ കടലൊഴുക്കുള്ള ഇംഗ്ലീഷ് ആദ്യ വിമാനയാത്രയിൽ മാഷിന്റെ ഓർമ്മക്കല്ലിന്റെ കെട്ടറത്തു. ഡേ കെയറിലും സ്ക്കൂളിലും പോകാൻ തുടങ്ങിയതോടെ മിന്നുമോൾ മലയാളം മറന്നു തുടങ്ങിയിരുന്നു. പറയുന്നത് തന്നെ ഇംഗ്ലീഷ് ചുവയുള്ള വാക്കുകൾ. അതു കേൾക്കുമ്പോൾ എല്ലാവർക്കും ചിരിവരും. അവളെ കളിയാക്കുകയാണെന്ന് കരുതി മോൾക്ക് ഫോണിലൂടെ സംസാരിക്കാനും മടിയായി. അവളുടെ പഴയ വാക്സാമർത്ഥ്യവും കളിചിരിയുമൊക്കെ തിരിച്ചു കൊണ്ടുവരണമെന്ന് മാഷിനും ആഗ്രഹമുണ്ടായിരുന്നു.

പക്ഷേ, ജീവിക്കുന്ന സാഹചര്യങ്ങളോട് ഇണങ്ങിച്ചേർന്ന കുഞ്ഞുമോളെ തങ്ങളുടെ മനസ്സിലെ ചുറ്റുപാട് അനുസരിച്ച് മടക്കി കൊണ്ടുവരാൻ കഴിയാതെ മൂന്നു മാസം കൊണ്ടു തന്നെ മാഷ് ഭാര്യയോട് തോൽവി സമ്മതിച്ചു. പകരം മടക്കം കൊതിച്ചത് മാഷാണ്, സ്വന്തം മണ്ണിലേക്ക്. ഒറ്റപ്പെടലിന്റെ വീർപ്പുമുട്ടൽ…. സ്വന്തം ശ്വാസം പോലും നെഞ്ചിൻ കൂട്ടിൽ നിന്നു പുറത്തുകടക്കാനാവാതെ പിടഞ്ഞു. ശൈത്യത്തിന്റെ കൂരമ്പുകൾ അസ്ഥിയിൽ തുളയ്ക്കും പോലെ. കരിമ്പടം പുതച്ച സൂര്യനൊപ്പം വെളിച്ചം മങ്ങിയ, തണുത്തുറഞ്ഞ പകലുകൾ. നെരിപ്പോടിൽ എരിയുന്ന വിറകിന്റെ കനലുകൾ മാഷിന്റെ മനസ്സിൽ വീണു പുകഞ്ഞു.

വിസക്ക് ഒരു വർഷത്തെ കാലാവധി ഉണ്ടെങ്കിലും മൂന്നു മാസത്തിനു ശേഷം മടക്കത്തിന് ഒരുങ്ങുമ്പോഴാണ് ഒരു ശാപമായി കോവിഡും, ലോക്‌ ഡൗണും, ബോർഡർ അടയ്ക്കലും. ഇന്ത്യയിലെ ജനസംഖ്യ പോലെ നോക്കി നിൽക്കെ പെരുകുന്ന രോഗികളുടെ എണ്ണം കണ്ട്,  രോഗികളോടുളള ഭയചകിതരായ നാട്ടുകാരുടെ പ്രതികരണം കണ്ട്, മൃതദേഹങ്ങൾ അറവുമാടുകളെപ്പോലെ പ്ലാസ്റ്റിക് ബാഗുകളിലാക്കി മറവു ചെയ്യുന്നത് കണ്ട്  മാഷിലെ മനുഷ്യനും ഹിമപാതം കൊണ്ട് മരവിച്ച പുൽക്കൊടിയായി.

“ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും
ബന്ധനം  ബന്ധനം തന്നെ പാരിൽ.”  എത്രയോ വർഷം കുട്ടികളെ പഠിപ്പിച്ച വരികൾ സദാ തലച്ചോറിൽ ഭ്രമണം ചെയ്തു കൊണ്ടിരുന്നു. രോഗാതുരമെങ്കിലും സ്വന്തം നാട് എന്നും സ്വർഗ്ഗം തന്നെ. സ്വന്തം വീട് ജീവവായുവും.

ഏഴു മാസങ്ങൾക്കൊടുവിൽ മാഷിന്റെ കാത്തിരിപ്പിന് ഒരുത്തരം കിട്ടി. കൊച്ചിയിലേക്ക് ഒരു ചാർട്ടേഡ് ഫ്ലൈറ്റ്. നാട്ടിൽ ചെന്നാൽ പതിനാലു ദിവസത്തെ ക്വാറന്റയിൻ. പരോളിലിറങ്ങാൻ കാത്തിരിക്കുന്ന പ്രതിയെപ്പോലെ ദിവസങ്ങളെണ്ണി തുടങ്ങി മാഷ്.  

അങ്ങനെയാണീ തനിച്ചുള്ള മടക്കയാത്രക്ക് കളമൊരുങ്ങിയത്. ഓർമ്മകൾ മാഷിനെ നിദ്രയുടെ മടിയിൽ ഏല്പിച്ചു മടങ്ങി. ഉണർന്നപ്പോൾ TV സ്ക്രീനിൽ നോക്കി മനസ്സിലാക്കി സിംഗപ്പൂരിലേക്ക് ഇനി രണ്ടു മണിക്കൂർ. യാത്രക്കാർ മിക്കവരും ഉറക്കത്തിലാണ്.

യാത്രക്കിടയിൽ മുൻനിരയിലെ അച്ഛനും മകനും മാഷിന് കൂട്ടായി. ചികിൽസയിലായിരുന്ന അയാളുടെ അച്ഛന് പെട്ടെന്ന്  അസുഖം മൂർച്ഛിച്ചു. ദിവസങ്ങളോ ആഴ്ചകളോ മാത്രമായി ആയുർദൈർഘ്യം വിധിയെഴുതി ചികിത്സിച്ച ഡോക്ടർമാർ. അച്ഛനെ ജീവനോടൊന്ന് കാണാൻ, അവസാന ദിവസങ്ങൾ ഒരുമിച്ചുണ്ടാകാൻ പുറപ്പെട്ടതാണവർ. ഭാര്യക്കിപ്പോൾ ഏഴാം മാസം . ഒരു യാത്രക്ക് പറ്റാത്ത ശാരീരികാവസ്ഥ. അവളുടെ ആവശ്യങ്ങൾക്ക് സഹായത്തിന് കൂട്ടുകാരെ ഏല്പിച്ചാണ് ഈ യാത്ര. ഇനി മടക്കത്തിനുള്ള ഫൈളറ്റ് ഏന്നത്തേക്ക് എന്നും ഉറപ്പില്ല. മകനെ ഭാര്യയ്ക്കൊപ്പം നിർത്തിയാൽ അവൾ ജോലിക്ക് പോകുമ്പോൾ കുട്ടിയെ നോക്കാനാരുമില്ല. നാട്ടിൽ ചെന്നു രണ്ടാഴ്ചത്തെ ക്വാറന്റയിൻ കഴിഞ്ഞ് ആശുപത്രിയിൽ കഴിയുന്ന അച്ഛനെ കാണാൻ കഴിയണമെങ്കിലും ദൈവം കനിയണം.അങ്ങനെയൊരു സംഗമത്തിന് അദ്ദേഹത്തിന് ആയുസ്സ് നീട്ടിക്കൊടുത്ത്.

ആ ചെറുപ്പക്കാരന്റെ സങ്കടത്തിനു മുന്നിൽ തന്റെ ബുദ്ധിമുട്ടുകൾ ഒന്നുമല്ലായിരുന്നു എന്ന് മാഷ് ഓർത്തു. പ്രസവമടുത്ത ഭാര്യയ്ക്കും മരണമടുത്ത അച്ഛനും നടുവിൽ തന്നെ തന്നെ പകുക്കാൻ കഴിയാത്ത നിസ്സഹായതയിൽ അവന്റെ തീരുമാനം അദ്ദേഹത്തിന്റെ കരളലിയിച്ചു.

നാളെയൊരിക്കൽ തന്റെയും ഗതി ഇതാകാം. തനിക്കും വേണം  കുടുംബം എന്നും അടുത്തു തന്നെ. ഈ ഏകാന്തവാസം അവസാനിപ്പിച്ച് തിരികെപ്പോരാൻ നാളെത്തന്നെ സതീഷിനോടും പറയണം. ഉള്ളത് കൊണ്ട് ഓണം പോലെ പിറന്ന നാട്ടിൽ, കൂടപ്പിറപ്പുകളോടൊപ്പം കഴിയാൻ. അത്  മനസ്സിലുറപ്പിക്കുമ്പോൾ ലാന്റിങ്ങിനുള്ള അറിയിപ്പുമായി ക്യാപ്റ്റന്റെ ശബ്ദം .

മാഷ് ജനാലയ്ക്കൽ കണ്ണെറിഞ്ഞു. കടലെന്നോ, കരയെന്നോ മലയെന്നോ അറിയാത്ത അനന്തതയുടെ നീല വിരിപ്പുകൾക്കൊടുവിൽ, വിമാനത്തിന്റെ ജാലകകാഴ്ചയിൽ അകന്നുപോയ നക്ഷത്രപ്പൊട്ടുകൾ വീണ്ടും അടുത്തടുത്ത് വരുന്നു. സ്വർണ്ണക്കസവുള്ള നാടൻ സെറ്റുടുത്ത നവോഢയെപ്പോലെ തിളങ്ങി നില്ക്കുന്ന അറബിക്കടലിന്റെ റാണി.

കണ്ണു ചിമ്മുന്ന നക്ഷത്രസഞ്ചയങ്ങൾക്ക് പരിചിതമായ ചില രൂപഭാവങ്ങൾ കൈവരുന്നു. തന്റെ നാടിന്റെ , തന്റെ വീടിന്റെ, സുഖദുഖങ്ങൾ പകുക്കാൻ താൻ ഒപ്പം ചേർത്തവളുടെ രൂപങ്ങൾ. പിറന്ന മണ്ണിൽ കാലുകുത്തുമ്പോൾ  മാഷിന്റെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ പൊടിഞ്ഞു.

ഓസ്‌ട്രേലിയയിൽ നേഴ്സ് ആണ്. എറണാകുളം ജില്ലയിലെ ഉദയംപേരൂർ സ്വദേശി