പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 38

മീര എന്ന യുവതി വളരെ സുന്ദരിയും ചുറുചുറുക്കുള്ളവളുമായിരുന്നു. എന്നാൽ അവൾക്കൊരു പ്രത്യേക സ്വഭാവമുണ്ടായിരുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ആ നിമിഷം പ്രതികരിക്കും. അതുകൊണ്ടുതന്നെ ആർക്കും അവളെ ഇഷ്ടമല്ലായിരുന്നു. ഒരു ദിവസം അയൽക്കാരി അവളോട് പറഞ്ഞു,

“നിങ്ങളെക്കുറിച്ച് ഇന്നലെ ഒരാൾ മോശമായി സംസാരിക്കുന്നത് ഞാൻ കേട്ടു.” അതോടെ മീരയുടെ മുഖം മാറി.

“ആരാണതു പറഞ്ഞത്?”

“അത്…” അവൾ പേര് പറഞ്ഞു.

മീര ഉടൻ ആ വ്യക്തിയെ വിളിച്ചു. “എന്നെക്കുറിച്ച് നിങ്ങൾ അങ്ങനെ പറഞ്ഞോ?”

അവിടെ നിന്ന് മറുപടി വന്നു: “ഇല്ല, ഞാനങ്ങനെ പറഞ്ഞിട്ടില്ല.” എന്നാൽ മീര അതു കേൾക്കാൻ തയ്യാറായില്ല. അവൾ ഉച്ചത്തിൽ പലതും പറഞ്ഞ് അയാളോടു കലഹിച്ചു.

ഫോൺ കട്ടു ചെയ്തു കുറേക്കഴിഞ്ഞപ്പോൾ അവൾക്കു മനസ്സിലായി, താൻ കേട്ടത് ശരിയായിരുന്നില്ല എന്ന്. അതോടെ അവൾ അസ്വസ്ഥയായി. അടുത്ത ദിവസം സത്യം മറ നീക്കി പുറത്തുവന്നു. ആ വ്യക്തി പറഞ്ഞതു മറ്റൊരാളെക്കുറിച്ചായിരുന്നു. കേട്ട ആൾ അത് തെറ്റായി മീരയോടു പറഞ്ഞതാണ്.

മീരയ്ക്ക് വിഷമമായി.

“ഒന്നും പറയേണ്ടിയിരുന്നില്ല…” അവൾ സ്വയം ശപിച്ചു.

അന്ന് വൈകുന്നേരം അവൾ തൻ്റെ പഴയ അധ്യാപകനെ കാണാൻ പോയി. അവൾ അദ്ദേഹത്തോടു മനസ്സു തുറന്നു. അദ്ദേഹം കുറച്ചുനേരം നിശ്ശബ്ദനായിരുന്നു. അദ്ദേഹത്തിനും അവളുടെ ഈ സ്വഭാവത്തെക്കുറിച്ച് അറിയാമായിരുന്നു. അദ്ദേഹം ചോദിച്ചു,

“ഇന്നലത്തെ സംഭവത്തിൽ നീ നേരിട്ടു കേട്ടത് എത്രമാത്രമാണ്?”

“മറ്റൊരാൾ പറഞ്ഞു കേട്ടതേ ഉള്ളൂ.”

“ശരി, അതിൽ നീ അറിഞ്ഞത് എത്രത്തോളമാണ്?”

മീര മിണ്ടിയില്ല.

അദ്ദേഹം പറഞ്ഞു:

“അപ്പോൾ നീ നിന്റെ പ്രതികരണം എന്ത് ഉറപ്പിലാണ് നടത്തിയത്?” അവൾ തല താഴ്ത്തി.

അദ്ദേഹം ഒരു ചെറിയ കല്ല് കൈയിലെടുത്ത് കിണറ്റിലേക്ക് ഇട്ടു. പ്ലപ്പ്! വെള്ളത്തിൽ അലകൾ പടർന്നു. അദ്ദേഹം തുടർന്നു, “കല്ല് വീണത് ഒരു നിമിഷം. എന്നാൽ തിരമാലകൾ കുറച്ചുനേരം കൂടി തുടരുന്നതു കണ്ടോ? വാക്കുകളും അങ്ങനെ തന്നെയാണ്. നമ്മൾ കേൾക്കുന്ന ഒരു വാക്ക് ഒരു നിമിഷത്തെ സംഭവമായിരിക്കാം. എന്നാൽ അതിനോടുള്ള നമ്മുടെ പ്രതികരണം പല ബന്ധങ്ങളെയും മാറ്റിമറിച്ചേക്കാം.” അദ്ദേഹം അവളോട് പറഞ്ഞു:

“കേട്ടറിയുന്നതിനും യാഥാർത്ഥ്യത്തിനും ഇടയിൽ ഒരു ചെറിയ വിടവുണ്ട്. ആ ഇടമാണ് ചിന്തയുടേത്. അവിടെ കുറച്ചുനേരം നിൽക്കാൻ പഠിച്ചാൽ, പല തെറ്റായ പ്രതികരണങ്ങളിൽ നിന്നും രക്ഷപ്പെടാം.”

ശാസ്ത്രം

ഒരു സംഭവത്തിന് പിന്നാലെ ശക്തമായ വികാരം ഉയരുമ്പോൾ, ആ നിമിഷത്തിലെ നമ്മുടെ ചിന്തയും തീരുമാനവും കൂടുതൽ വികാരാധിഷ്ഠിതമാകാം. കോപം, ഭയം, അപമാനം, ദുഃഖം തുടങ്ങിയ വികാരങ്ങൾ ഉയരുമ്പോൾ ഉടൻ പ്രതികരിക്കുന്നതിനു പകരം ചെറിയൊരു ഇടവേള എടുക്കുന്നത് ചിന്തയെ കൂടുതൽ വ്യക്തതയോടെ ക്രമീകരിക്കാൻ സഹായിക്കും. വികാരം ഉണ്ടാകുന്നത് ഒരു പ്രശ്നമല്ല. വികാരം വന്ന ഉടനെ അതിനെ അടിസ്ഥാനമാക്കി തീരുമാനമെടുക്കുന്നതാണ് പലപ്പോഴും പ്രശ്നമാകുന്നത്. വികാരം ഒരു സന്ദേശമാണ്. അത് ഒരു ഉത്തരവല്ല.

ആത്മീയ കാഴ്ചപ്പാട്

നിശ്ശബ്ദത എന്നത് സംസാരിക്കാതിരിക്കലല്ല. പ്രതികരിക്കുന്നതിന് മുൻപ് സ്വന്തം മനസ്സിനെ കാണാനുള്ള കഴിവാണ്. ആരെങ്കിലും ഒരു വാക്ക് പറയൂമ്പാൾ നമ്മുടെ ഉള്ളിൽ കോപം ഉയരാം. പക്ഷേ ആ കോപത്തെ നോക്കി ഇങ്ങനെ പറയാൻ കഴിയണം: “ഞാൻ നിന്നെ കാണുന്നു. എന്നാൽ തീരുമാനം ഞാൻ എടുക്കും.” അതാണ് ഉള്ളിലെ സ്വാതന്ത്ര്യം. നമുക്കു തോന്നുന്നത് എല്ലായ്പ്പോഴും മുഴുവൻ സത്യമാകണമെന്നില്ല. നമ്മുടെ ആദ്യ വ്യാഖ്യാനം ശരിയായിരിക്കണമെന്നുമില്ല. കേട്ടത് പൂർണമാകണമെന്നുമില്ല. പ്രതികരണത്തിന് മുൻപായി കുറച്ച് കൂടി വ്യക്തത വേണ്ടതുണ്ടോ എന്ന ചിന്ത പ്രധാനമാണ്.

ഇന്നത്തെ ജീവിതപരീക്ഷണം

ഇന്ന് ആരെങ്കിലും നിങ്ങളെ അസ്വസ്ഥരാക്കുന്ന എന്തെങ്കിലും പറഞ്ഞാൽ— ഉടൻ മറുപടി നൽകരുത്. ആദ്യം മൂന്ന് ശ്വാസം എടുക്കുക. പിന്നെ സ്വയം ചോദിക്കുക: എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? ഞാൻ ഇതിന് എന്ത് അർത്ഥമാണ് കൊടുത്തിരിക്കുന്നത്?
മറ്റൊരു വിശദീകരണം സാധ്യമാണോ? ഇപ്പോൾ പ്രതികരിക്കുന്നത് എന്റെ നന്മയ്ക്കാണോ?
അതിനുശേഷം മാത്രം തീരുമാനിക്കുക, സംസാരിക്കണോ, ചോദിക്കണോ, കാത്തിരിക്കണോ, അതോ വിട്ടുകളയണോ എന്ന്.

ഇന്നത്തെ തിരിച്ചറിവ്

ജീവിതത്തിൽ നമ്മെ വേദനിപ്പിക്കുന്നത് എല്ലായ്പ്പോഴും സംഭവങ്ങൾ മാത്രമല്ല. സംഭവങ്ങൾക്ക് നാം നൽകുന്ന ഉടനെയുള്ള അർത്ഥങ്ങളും അതിനോടുള്ള നമ്മുടെ പ്രതികരണങ്ങളുമാണ് വേദന നീട്ടുന്നത്. കേട്ടപാതി വിശ്വസിക്കേണ്ടതില്ല. തോന്നിയപാതി തീരുമാനിക്കേണ്ടതുമില്ല.

ഇന്നത്തെ വാക്യം

“ജീവിതത്തിലെ ഏറ്റവും ബുദ്ധിയുള്ള പ്രതികരണം, ഒരു ചെറിയ നിശ്ശബ്ദതയാണ്. അവിടെ നിന്നാണ് സമതുലിതമായ ചിന്ത ആരംഭിക്കുന്നത്.”

ബാലസാഹിത്യം, യാത്രാവിവരണം, പ്രചോദനാത്മക പുസ്തകപരമ്പര ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.