പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 19

സ്കൂളിലെ ആദ്യ ദിവസം. പുതിയ അധ്യാപിക ക്ലാസിൽ കയറി. കുട്ടികളുടെ പേരുകൾ ഓരോന്നായി വിളിച്ചു. എല്ലാവരും എഴുന്നേറ്റു. അവസാന ബെഞ്ചിൽ ഒരു കുട്ടി മാത്രം തലകുനിച്ചിരിക്കുകയായിരുന്നു.

“നിന്റെ പേരെന്താണ്?” പതുക്കെ അവൻ എഴുന്നേറ്റു.

“അ… അരുൺ…” വിറച്ചുകൊണ്ട് അവൻ പറഞ്ഞു.

ടീച്ചർ കൂടുതൽ ചോദ്യങ്ങളിലേക്കു കടക്കാതെ പാഠങ്ങൾ പഠിപ്പിച്ചു.

സ്റ്റാഫ് റൂമിൽ എത്തിയപ്പോൾ ഒരു അധ്യാപകൻ പറഞ്ഞു, “ടീച്ചറുടെ ക്ലാസിലാണല്ലേ അരുൺ ? അവനെ അധികം ശ്രദ്ധിക്കണ്ട. അവൻ ഒരു ഉഴപ്പനാണ്. ഒന്നും പഠിക്കില്ല. എഴുതാനും വായിക്കാനും അറിയില്ല, എങ്ങനെയോ പാസ്സാക്കി വിടുന്നു. അവനിൽ വലിയ പ്രതീക്ഷ വേണ്ട.”

പുതിയ അധ്യാപിക ഒന്നും പറഞ്ഞില്ല.

അടുത്ത ദിവസം അവർ ക്ലാസിൽ ഒരു ചെറിയ പരീക്ഷ നടത്തി. എല്ലാവരും എഴുതിത്തുടങ്ങി. അരുൺ മാത്രം വെറുതെ ഇരുന്നു.അധ്യാപിക അവന്റെ അടുത്തെത്തി.

“എന്തുകൊണ്ട് എഴുതുന്നില്ല?”

കണ്ണ് നിറഞ്ഞ് അവൻ പറഞ്ഞു, “ഞാൻ ശ്രമിച്ചാലും ശരിയാകില്ല ടീച്ചറേ…”

അധ്യാപിക അവന്റെ പേപ്പറിൽ ഒരു ചെറിയ വൃത്തം വരച്ചു.

പിന്നെ പറഞ്ഞു. “ഇതൊരു ചിത്രമാക്കാൻ നിനക്ക് പറ്റുമോ?”

അവൻ ആ വട്ടം ഒരു സൂര്യനാക്കി.

“വളരെ നന്നായി. “ടീച്ചർ അവനെ അഭിനന്ദിച്ചു. അവൻ്റെ മുഖം തെളിഞ്ഞു. അടുത്ത ദിവസം ഒരു വര വരച്ചു.

“ഇത്?”

അവൻ അതൊരു വീടാക്കി.

ഓരോ ദിവസവും അവനു ടീച്ചർ ഒരു ചെറിയ ജോലി നൽകി.ചെറിയ വിജയം, അതിന് അഭിനന്ദനം… അവനിൽ ഒരു വിശ്വാസം രൂപപ്പെട്ടു.
മാസങ്ങൾ കടന്നുപോയി. വർഷങ്ങളും.

സ്കൂളിന്റെ വാർഷികാഘോഷമാണ്. മുഖ്യാതിഥിയായി ഒരു യുവ എൻജിനീയർ വേദിയിലേക്ക് വന്നു. സംസാരിക്കുന്നതിന് മുൻപ് അയാൾ നേരെ ആ അധ്യാപികയുടെ അടുത്തേക്ക് നടന്നു. കൈകൂപ്പി പറഞ്ഞു.

“ടീച്ചർ…എനിക്ക് പഠിക്കാൻ കഴിയില്ല എന്ന് എല്ലാവരും പറഞ്ഞപ്പോൾ…നിങ്ങൾ മാത്രം ഒരു കാര്യം പറഞ്ഞു.”

അധ്യാപിക ചിരിച്ചു. “പറയ് ഞാനെന്താണ് നിന്നോടു പറഞ്ഞത്?”

അവന്റെ കണ്ണ് നിറഞ്ഞു.

“നിനക്ക് കഴിയില്ല എന്നല്ല…നീ ഇതുവരെ കണ്ടെത്താത്ത ഒരു വഴിയുണ്ട് എന്നാണ് ടീച്ചർ അന്ന് എന്നോടു പറഞ്ഞത്.”
സദസ്സിലുണ്ടായിരുന്നവർ അതു കേട്ട് കൈയടിച്ചു.

അധ്യാപികയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി, അഭിമാനം കൊണ്ട്.

അവൾ ഒരു കുട്ടിയെ പാഠങ്ങൾ അല്ല പഠിപ്പിച്ചത്, അവർ അവനെ സ്വന്തം ജീവിതത്തെ വിശ്വസിക്കാൻ പഠിപ്പിക്കുകയായിരുന്നു.

ശാസ്ത്രം എന്ത് പറയുന്നു ഇതേക്കുറിച്ച്?

ന്യൂറോപ്ലാസ്റ്റിസിറ്റിയിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന ഭാഗം ഇതാണ്.
“തലച്ചോർ പഠിക്കാൻ കഴിയുന്ന അവയവമാണ്. “
ഓരോരുത്തരും ഒരേ വേഗത്തിലോ ഒരേ രീതിയിലോ പഠിക്കണമെന്നില്ല. ചിലർക്ക് കൂടുതൽ സമയം വേണം. ചിലർക്ക് വ്യത്യസ്തമായ പഠനരീതി വേണം. എന്നാൽ പ്രോത്സാഹനം, ആവർത്തിച്ചുള്ള പരിശീലനം, ചെറിയ വിജയങ്ങളുടെ അനുഭവം എന്നിവ പുതിയ നാഡീപാതകൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. മനഃശാസ്ത്രജ്ഞർ ഇതിനെ Growth Mindset എന്ന ആശയവുമായി ബന്ധപ്പെടുത്തി വിശദീകരിക്കുന്നു. “എനിക്ക് കഴിയില്ല” എന്ന ചിന്തയിൽ നിന്ന് “എനിക്ക് ഇപ്പോൾ കഴിയുന്നില്ല… പക്ഷേ പഠിക്കാൻ കഴിയും” എന്ന ചിന്തയിലേക്കുള്ള മാറ്റം, പെരുമാറ്റത്തെയും പഠനത്തെയും സ്വാധീനിക്കാം.

ആത്മീയ ചിന്ത

ഒരു മനുഷ്യന്റെ ജീവിതം മാറ്റാൻ വലിയ അത്ഭുതങ്ങൾ വേണ്ട. ഒരു വാക്ക്, ഒരു വിശ്വാസം, അതൊരാൾ ആത്മാർത്ഥമായി പറയണം…
“ഞാൻ നിന്നിൽ വിശ്വസിക്കുന്നു” എന്ന്. അത് കേൾക്കുന്നയാളിൻ്റെ ജീവിതത്തിൻ്റെ ദിശ മാറ്റും.

ഇന്നത്തെ പരിശീലനം

ഇന്ന് ഒരാളെ ആത്മാർത്ഥമായി പ്രോത്സാഹിപ്പിക്കുക. പ്രത്യേകിച്ച്…സ്വയം വിശ്വാസം നഷ്ടപ്പെട്ട ഒരാളെ. അത് നമ്മുടെ മകനോ മകളോ ആകാം. സഹപ്രവർത്തകനാകാം. വിദ്യാർത്ഥിയാകാം. അല്ലെങ്കിൽ… കണ്ണാടിയിൽ കാണുന്ന ദാ ഈ നമ്മൾ തന്നെ ആകാം.

ചിന്തിക്കാൻ

എന്റെ ജീവിതം മാറ്റിയ ഒരു വാക്ക് ഏതാണ്? ഇന്ന് ഞാൻ ആ വാക്ക് മറ്റൊരാളോടു പറഞ്ഞ് അവരെ ചേർത്തു പിടിക്കുമോ?

ഇന്നത്തെ വാക്യം

“ചില അധ്യാപകർ പാഠപുസ്തകങ്ങൾ പഠിപ്പിക്കും. ചില അധ്യാപകർ മനുഷ്യരെ കണ്ടെത്തും, ഉണർത്തും.”

ബാലസാഹിത്യം, യാത്രാവിവരണം, പ്രചോദനാത്മക പുസ്തകപരമ്പര ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.