പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക്- 17

ഒരു വൃദ്ധൻ എന്നും വൈകുന്നേരം പാർക്കിലെത്തുമായിരുന്നു. രണ്ടു പേർക്ക് ഇരിക്കാവുന്ന ഇരിപ്പിടമാണ് അദ്ദേഹം സ്ഥിരം തിരഞ്ഞെടുക്കാറ്. എന്നാലോ എന്നും അദ്ദേഹം ഒറ്റയ്ക്കായിരുന്നു അവിടെ കാണപ്പെട്ടിരുന്നത്. ഇത് നിത്യവും ശ്രദ്ധിച്ച ഒരു യുവാവ് അദ്ദേഹത്തോടു ചോദിച്ചു.

“അങ്കിൾ ഈ കസേരയിൽ ആരെങ്കിലും വരാനുണ്ടോ?”

വൃദ്ധൻ ചിരിച്ചു. എന്നിട്ടു പറഞ്ഞു, “ഉണ്ട്.”

യുവാവ് ആകാംക്ഷയോടെ ചുറ്റും നോക്കി. ആരും ചുറ്റുമില്ല.

അൽപസമയം കഴിഞ്ഞ് വൃദ്ധൻ പതുക്കെ പറഞ്ഞു. “എന്റെ ഭാര്യ, അവർ മരിച്ചിട്ട് പത്ത് വർഷമായി. പണ്ടത്തെപ്പോലെ ഇപ്പോഴും എല്ലാ വൈകുന്നേരവും ഞാൻ ഇവിടെ വരുന്നു. അവൾക്കിവിടം വലിയ ഇഷ്ടമായിരുന്നു.”

യുവാവിന്റെ കണ്ണ് നിറഞ്ഞു. “ഇപ്പോഴും കാത്തിരിക്കുകയാണോ?”

വൃദ്ധൻ ദൂരെയേക്ക് നോക്കിപ്പറഞ്ഞു, “അല്ല മോനെ…കാത്തിരിക്കുകയല്ല. സ്നേഹത്തോടെ ഞങ്ങൾ ഒന്നിച്ചു ജീവിച്ച ദിവസങ്ങൾക്ക് നന്ദി പറയുകയാണ്. അവൾ പോയ വേദന പതുക്കെ കുറഞ്ഞു വരുന്നു. എന്നാൽ അവളെക്കുറിച്ചുള്ള ഓർമ്മകൾ കുറയുന്നില്ല. അവ ഇപ്പോൾ കണ്ണീരായല്ല വരുന്നത്; മറിച്ച് സുഖമുള്ള ഓർമകളായാണ്. എനിക്കവളുടെ സാമിപ്യം അറിയാനാകുന്നു അങ്ങനെ…”

ഈ ചിന്തയെ ശാസ്ത്രം എങ്ങനെ വീക്ഷിക്കുന്നു?

ദുഃഖം (grief) മറന്നുകളയേണ്ട ഒന്നല്ല. കാലക്രമേണ തലച്ചോർ ആ ഓർമ്മകളെ പുതിയ അർത്ഥങ്ങളോടെ പുനഃസംഘടിപ്പിക്കും. അതുകൊണ്ടാണ് ചില ഓർമ്മകൾ ആദ്യം അസഹ്യമായ വേദന നൽകുമ്പോഴും പിന്നീട് വേദനയേക്കാൾ പൊരുത്തപ്പെടലിൻ്റെ, അതിജീവനത്തിൻ്റെ അടിത്തറയായി അതു മാറുന്നത്. ഇത് മറവിയല്ല. ഇത് മനസ്സിന്റെ മൃദുവായ സുഖപ്പെടലാണ്. ഇത്തരം സുഖപ്പെടലുകളും ജീവിതത്തിന് ആവശ്യമുണ്ട്.

ആത്മീയ ചിന്ത

സ്നേഹം അവസാനിക്കുന്നത് മരണം കൊണ്ടല്ല. ഓർമ്മകളിലൂടെ സ്നേഹത്തിന് പുതിയ രൂപഭാവങ്ങൾ സൃഷ്ടിക്കാം.

ഇന്നത്തെ പരിശീലനം

ഇന്ന് നമുക്ക് നഷ്ടപ്പെട്ട ഒരാൾ നമ്മുടെ ഓർമയിലേക്കു കടന്നു വരുന്നുവെങ്കിൽ…അവരെക്കുറിച്ചുള്ള ഒരു നല്ല ഓർമ്മ എഴുതിയാലോ?
അവരെ നഷ്ടമായ വേദനയെക്കുറിച്ചല്ല, മറിച്ച് അവർ നമ്മുടെ ഹൃദയത്തിൽ ഇന്നും നിലനിർത്തുന്ന വെളിച്ചത്തെക്കുറിച്ച് നന്ദിയോടെ എഴുതാം.

ചിന്തിക്കാൻ

എന്റെ ജീവിതത്തിൽ കണ്ണീരായി മാത്രം സൂക്ഷിച്ചിരിക്കുന്ന ഓർമ്മകളിൽ… പുഞ്ചിരിയായി സൂക്ഷിക്കാവുന്നവ ഉണ്ടോ?

ഇന്നത്തെ വാക്യം

“സമയം എല്ലാ മുറിവുകളും മായ്ക്കില്ല. എന്നാൽ ചില മുറിവുകളെ സമാധാനത്തോടെ സമീപിക്കാൻ അത് നമ്മെ പഠിപ്പിക്കും.”

ബാലസാഹിത്യം, യാത്രാവിവരണം, പ്രചോദനാത്മക പുസ്തകപരമ്പര ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.