
ബന്ധങ്ങൾ തീർക്കുന്ന
മുറിപ്പാടുകൾ
മാറാപ്പിൽ നിറയുന്ന
വിഷസർപ്പങ്ങൾ
തലയിലെച്ചുമടുഞാ-
നഴിച്ചുവെച്ചു
സത്രത്തിലിരുന്നല്ലോ
ഉറക്കമായി.
കൺമുന്നിൽത്തെളിയുന്നു
പുതിയ സത്വം
പരിചയഭാവത്താ-
ലടുത്തുവന്നു.
മാറാപ്പിലിഴയുന്ന
കരിനാഗങ്ങൾ
ആഞ്ഞുകൊത്തീടുവാൻ
വെമ്പൽപൂണ്ടു
കൂരമ്പുകൊണ്ടെന്റെ
കരൾ മുറിച്ചു
കരളിലെ നന്മകൾ
പടിയിറങ്ങി
കാലുകൾ തളർത്തുന്ന
പ്രഹരമെല്ലാം
മിന്നൽപ്പിണർപോൽ
നിമിഷത്തിലായ്
പരുഷമാം വാക്കുകൾ
ചൊരിഞ്ഞുവീണ്ടും
പുലിനഖം കൊണ്ടൻ
മിഴികൾ ചൂഴ്ന്നു!
ഒഴുകുന്ന രക്തത്തിൽ
കുളിച്ചുനിന്നു
ഓടിത്തളർന്നേതോ
ഗുഹയിൽ വീണു.









