പിൻവിളി

ഇന്ന് പൗർണ്ണമിയായിരിക്കും. വട്ടമെത്തിയ ചന്ദ്രനെ കാണാൻ എന്തു ഭംഗിയാണ്!  കണ്ണ് കിട്ടാതിരിക്കാൻ മുഖത്ത് അങ്ങിങ്ങ് വസൂരിക്കലയും. ഒരു പുരുഷന് വേണ്ടതിലധികം സൗന്ദര്യമുള്ളതുകൊണ്ടാണോ അമ്പിളി,  ഇന്ദു എന്നൊക്കെ സ്ത്രീകളുടെ പേര് വിളിക്കാൻ കാരണം ?

എൻറെ മനോവിചാരങ്ങൾ ഇഷ്ടപ്പെടാഞ്ഞിട്ടാകും ഞൊടിയിടയിൽ ചന്ദ്രൻ  അപ്രത്യക്ഷനായി. മേഘപാളികൾക്കിടയിൽ ഞാനവനെ തിരയുമ്പോഴതാ അവൻ കടലിൽ വീണു കിടക്കുന്നു. തിര കരിമ്പടം ഇട്ടു മൂടി അവനെ ദൂരേയ്ക്ക് കൊണ്ടുപോകുകയാണ്. അവനെ തിരയുടെ ദംഷ്ട്രകൾ കീറിമുറിക്കുന്നു. ഓളപ്പരപ്പിൽ തെളിഞ്ഞു കാണാമെനിക്ക് അവൻറെ ചോരച്ചാലുകൾ കൊണ്ടുള്ള ചുവന്ന ഞൊറികൾ.  ആ ദംഷ്ട്രകളിപ്പോൾ എൻറെ സിരകളിലേക്ക് ആഴ്ന്നിറങ്ങുകയാണ്. ഞാൻ അലറിവിളിച്ചു. പക്ഷേ ശബ്ദം  തൊണ്ടച്ചുഴിയിൽ കിടന്ന് പിടഞ്ഞു മരിച്ചു.

“സ്റ്റീഫൻ, ആർ യൂ ഓക്കേ? “

മൃദുവായ ഒരു ശബ്ദം കേട്ട്  ഭാരിച്ച കൺപോളകൾ വലിച്ചു തുറന്നപ്പോൾ കണ്ടു- ഡ്രിപ് സ്റ്റാൻഡിൽ തൂക്കിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് ബാഗിൽ നിന്ന് ഏതോ മഞ്ഞ ദ്രാവകം ഇറ്റിറ്റുവീഴുന്നുണ്ട്. ആ ട്യൂബിൻറെ മറ്റേയറ്റം വന്നവസാനിക്കുന്നത് എൻറെ വലതുകൈയ്യിൽ ആണെന്നറിയാൻ ഒന്നുകൂടി ഉണരേണ്ടി വന്നു. അതുപോലുള്ള ഒരുപാട് ട്യൂബുകൾ കൊണ്ട് വരിഞ്ഞു കെട്ടിയിരിക്കുകയാണ് എന്നെ ഈ കട്ടിലിൽ. ചിലന്തിവല പോലെ എൻറെ ശരീരത്തുനിന്നും ചുറ്റും  കുറേ മെഷീനുകളിലേക്ക് നീണ്ടുപോകുന്ന  വള്ളികളാണത്രേ എൻറെ ജീവനെ ഈ ഭൂമിയിൽ പിടിച്ചുനിർത്തുന്നത്. മെഷീനുകളുടെ പച്ചയും ചുവപ്പും  ലൈറ്റുകൾ മാറിമാറി മിന്നുന്ന ഈ മുറിയിൽ തനിക്കുള്ള ചുവപ്പ് സിഗ്നൽ കാത്തു കിടക്കുകയാണ്. പ്രതീക്ഷയുടെ പാളങ്ങൾ അവസാനിക്കുന്നിടത്ത്  തെളിയുന്ന  ചുവന്ന വെളിച്ചം!

വലതുകൈ അല്പം നീക്കണമെന്നുണ്ട്. പക്ഷേ അനങ്ങുമ്പോൾ ശരീരം മുഴുവനും ഒടിഞ്ഞു നുറുങ്ങുന്ന വേദന.  കൈ ഉയർത്താനുള്ള  ശ്രമം തുടക്കത്തിലെ ഉപേക്ഷിച്ചു.

“ആർ യൂ ഇൻ പെയ്ൻ? “

എൻറെ ശരീരവുമായി ബന്ധിപ്പിച്ചിട്ടുള്ള ഏതോ ഒരു മെഷീനിലെ സ്ക്രീനിൽ നോക്കി വീണ്ടുമാ സ്ത്രീശബ്ദം. ശബ്ദമില്ലായ്മയുടെ ശരീരഭാഷകൾ മനസ്സിലാക്കാൻ പ്രത്യേക കഴിവ് സിദ്ധിച്ചവരായിരിക്കും ഈ വെള്ളയുടുപ്പുകാർ. വേദനയുടെ വലിയ ലോകത്തേക്കുള്ള കൂറ്റൻ ഇരുമ്പ് വാതിലുകൾ തുരുമ്പെടുത്ത്,  തുറന്നു കിടക്കുകയാണ് എനിക്കു മുന്നിൽ. അതിനൊരു താൽക്കാലിക മറയാണ് ഈ മെഷീനിൽ നിറച്ചു വച്ചിരിക്കുന്ന സിറിഞ്ചിൽ.

ഒരു ബട്ടൺ അമർത്തിയാൽ പിന്നെ സുഖനിദ്ര!

ഇന്നോളം കണ്ടിട്ടില്ലാത്ത  ലോകത്തേക്കുള്ള ഒരു സ്ഫടികപേടക യാത്ര! അനുസ്യൂതമായൊഴുകുന്ന പുഴ പോലെ, തഴുകിത്തലോടുന്ന ചെറുകാറ്റു പോലെ, അഭംഗുരമായി മനസ്സിലേക്കാഴ്ന്നിറങ്ങുന്ന കാഴ്ചകൾ. പകലിരവുകളുടെ തിരമാറ്റമില്ലാത്ത ഈ യാത്രയിൽ കൂട്ട് മിക്കവാറും എന്നെ മണംപിടിച്ച് എത്തുന്ന അദൃശ്യരൂപികളായ ആത്മാക്കളായിരിക്കും. മറ്റുചിലപ്പോൾ ഈ ചിലന്തിവലകൾ ഭേദിച്ച് ഉയർന്നു പോകാറുണ്ട്. ഗുരുത്വാകർഷണം ഇല്ലാതെ ശൂന്യതയിലങ്ങനെ തെന്നിതെന്നി …. മിന്നാമിന്നി പോലെയുള്ള  നക്ഷത്രങ്ങൾക്കിടയിലൂടെ..

താളംതെറ്റിയ ഹൃദയമിടിപ്പോ ശ്വാസഗതിയോ വിളിച്ചുപറഞ്ഞ്, ഏതൊക്കെയോ മെഷീനുകളുടെ ബീപ് ശബ്ദങ്ങൾ ആകും എന്നെ താഴെയിറക്കുക! 27 വയസ്സിൽ തന്നെ ഇഹവും പരവും കണ്ടുകഴിഞ്ഞു. ഇനി ചെറിയ ഇടവേളകളിലെങ്കിലും ഈ ഭൂമിയിലെ കാഴ്ചകളിൽ അഭിരമിക്കണം. ഏറ്റവും ആദ്യം എഴുതിത്തുടങ്ങിയ ‘കഥ’ കഴിയുമെങ്കിൽ പൂർത്തിയാക്കണം.

ഭ്രാന്തമായ ഭാവനകൾ വിരിയുന്നത് തലച്ചോറിൽ ലഹരിയുടെ പൂക്കൾ നിറക്കുന്ന സുഗന്ധങ്ങളിൽ നിന്നാണെന്ന്  അനുഭവസാക്ഷ്യങ്ങൾ പറയുന്നു. അതേ അവസ്ഥയിലാണ് ഞാനിപ്പോൾ. മരുന്നുകളുടെ കാല്പനികതക്കും വേദനയുടെ യാഥാർത്ഥ്യത്തിനും ഇടയ്ക്ക് ഒരു നൂൽപ്പാലം കെട്ടേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ഒരു നുണ പറഞ്ഞത്.

“നോ, അയാം ഓക്കെ”

“സ്റ്റീഫന് തിരിഞ്ഞു കിടക്കണോ? “

ഞാനപ്പോഴും സ്വപ്നലോകത്ത് തന്നെയോ എന്നൊരിട സംശയിച്ചു. കേട്ടത് മലയാളമല്ലേ? അതോ മരുന്നുകൾ കൊണ്ടെത്തിക്കുന്ന ഹലൂസിനേഷന്റെ പുതിയ ഭാവമോ ? ബോധമണ്ഡലത്തിൽ പൂശിയ വെൺമ മങ്ങുന്ന പോലെ!

ആയാസപ്പെട്ട് ഒന്നു മൂളി .

“ഊം.”

വീണ്ടുമൊരു സ്വപ്നാടനം. എന്റെ ശരീരം ഒരു തൂവൽപോലെ കട്ടിലിൽ പറക്കുന്നു. ഭാരമോ വേദനയോ അറിയുന്നില്ല. കണ്ണുതുറക്കുമ്പോൾ പുതിയ രംഗങ്ങൾ. ജനാലക്കരികിലെ മേശമേൽ ഒരു ഫ്ലവർ വെയ്സ്. അതിൽ പല നിറത്തിലുള്ള റോസാപ്പൂക്കൾ. ഒരരികിൽ എന്റെ പുസ്തകങ്ങൾ ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു. തനിക്ക് വേണ്ടി പ്രാർത്ഥിക്കാനോ സന്ദർശിക്കാനോ ആരുമില്ലാത്ത ഈ ലോകത്ത്  ആരായിരിക്കും ഇതൊക്കെ ചെയ്തത് ? ടേബിൾ കലണ്ടറിൽ  ഇന്നത്തെ തീയതി. 27 സെപ്റ്റംബർ 2021. അതായത് വൈദ്യശാസ്ത്രം തനിക്ക് കുറിച്ച് തന്ന മൂന്ന് മാസത്തെ കാലാവധിയിൽ പാതിയും കഴിഞ്ഞിരിക്കുന്നു !

ഉദയാസ്തമയങ്ങൾക്ക് പ്രവേശനമില്ലാതെ സദാ വൈദ്യുതദീപങ്ങൾ കാവൽനിൽക്കുന്ന ഈ മുറിയിൽ ബന്ധിച്ചിരിക്കുന്ന എൻറെ ശരീരത്തിനും അതിനുള്ളിലെ മനസ്സിനും ഒരു കുളിർമയായി ജനാലക്കാഴ്ചകൾ. ഇപ്പോൾ കാണാം മേശക്കരികിൽ ആ വെള്ളിവെളിച്ചം. അത് എൻറെ പുസ്തകത്തിന്റെ താളുകൾ മറിക്കുന്നു. അപ്പോൾ…. അവൾ മലയാളി തന്നെ !

ഈ മുറിയിൽ വന്നതിനുശേഷം ഞാൻ  അറിവുകളുടെ പുതിയൊരു ലോകത്താണല്ലോ. മനുഷ്യശരീരം എന്ന മഹായന്ത്രത്തെക്കുറിച്ച്. തലച്ചോറിന്റെയും വൃക്കയുടെയും ഹൃദയത്തിന്റേയും ഒക്കെ പ്രവർത്തനങ്ങളെക്കുറിച്ച് … എണ്ണമറ്റ രക്തപരിശോധനകളേയും സ്കാനിങ്ങുകളേയും കുറിച്ച് .. പിന്നെപ്പിന്നെ ഡോക്ടർമാരുടെ ഭാഷ പിന്തുടരാനാകാതെ വന്നപ്പോൾ സ്വയം മനസ്സിലാക്കിയ ഒരു സത്യത്തിന് ഞാൻഎന്നെ വിട്ടുകൊടുത്തു. മറ്റൊന്നിനോടും പൂർണ്ണമായി യോജിക്കാൻ കഴിയാത്ത മനുഷ്യമനസ്സിനെ പോലെയല്ല ആന്തരികാവയവങ്ങൾ. അവയിലൊന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളമാകുകയല്ല,  അവയും വീണുപോകും.  പൂർണ്ണമായും നിശ്ചലമാകും മുമ്പേ ഇനിയൊരാഗ്രഹം മാത്രം.  ആ കഥയൊന്ന് പൂർത്തിയാക്കണം.  

ഈ അവസ്ഥയിൽ എഴുതിപ്പൂർത്തിയാക്കാൻ ശരീരം സജ്ജമല്ല. ഈ നഴ്സ് മലയാളിയെങ്കിൽ എന്നെ സഹായിക്കാൻ കഴിഞ്ഞേക്കും. ചരിഞ്ഞു കിടന്ന വശം മരവിപ്പ് പടരുന്നു. കണ്ണുകൾ അവൾക്ക് വേണ്ടി പരതുമ്പോൾ വീണ്ടും ആ സാമീപ്യമറിഞ്ഞു. കട്ടിലിൻറെ തലഭാഗം ഉയർന്നുവരുന്നു. ഞാനിപ്പോൾ എഴുന്നേറ്റിരിക്കുകയാണ്. ഒരു മെഡിസിൻ കപ്പ് അവൾ എനിക്ക് നേരെ നീട്ടി. മനസ്സിനെ കുരുക്കിട്ടു വരിഞ്ഞ ആകാംക്ഷയിൽ പിടഞ്ഞു ഞാൻ ചോദിച്ചു-

“സിസ്റ്റർ മലയാളിയാണോ ?”

“അതേ ” ഒരു ചെറു ചിരിയിൽ പൊതിഞ്ഞ ശബ്ദം.

“പേര് ?”

“സിസ്റ്റർ എന്നു വിളിച്ചോളൂ. ഈ യൂണിഫോം ഇട്ടാൽ എല്ലാവർക്കും സഹോദരിമാരാണ് ഞങ്ങൾ . ” അവൾ തന്ന മെഡിസിൻ കപ്പിലും എനിക്കൊരു ചോദ്യം ഒളിച്ചു വച്ചിരുന്നു.

“ഇന്നെന്താ ഒന്നേയുള്ളോ? ഈ കപ്പ് നിറച്ചാണല്ലോ പതിവ് !

“ഇന്നുമുതൽ  ഇതു മാത്രം മതി”  

എന്നു പറഞ്ഞ് അവൾ തിരിയുമ്പോൾ അവളുടെ മുഖത്തിനിരുവശം രണ്ട് നക്ഷത്രങ്ങൾ തിളങ്ങി. മരുന്നുകൾക്ക് എന്റെ ശരീരത്തിൽ ഇനി ഒന്നും ചെയ്യാൻ ഇല്ലെന്നാണോ? വയറുനിറയെ കഴിക്കുന്ന മരുന്നുകളുടെ പുളിച്ചുതികട്ടലും മനംപുരട്ടലും ആണ് ദിവസം മുഴുവൻ. അതിനെങ്കിലും ഒരു ആശ്വാസമായേക്കും.

ഞാൻ വീണ്ടും എന്തോ ചോദിക്കാൻ തുടങ്ങുമ്പോഴേക്കും കാട്ടുചെമ്പകത്തിൻറെ മണം അവിടേക്ക് ഒഴുകി വന്നു.

“എൻറെ ഷിഫ്റ്റ് കഴിഞ്ഞു. ഇനി നാളെ വരാം. “

അപ്പോഴാണ് അവളുടെ കാതുകളിലെ മരതകക്കല്ലുകൾ കണ്ടത്. മുൻപ് താൻ കണ്ട നക്ഷത്രങ്ങൾ… അവൾ പോയി മണിക്കൂറുകൾ കഴിഞ്ഞിട്ടും വശ്യമായ കാട്ടുചെമ്പകപ്പൂമണം മുറിയാകെ തങ്ങിനിന്നു. ഏതോ മുന്തിയയിനം പെർഫ്യൂം ആയിരിക്കും. മരണം മാത്രം ചിന്തിച്ചിരുന്ന എൻറെ ശ്വാസത്തിനിപ്പോൾ പുതിയൊരു സുഗന്ധം. ഒരു താൽക്കാലിക മരണത്തിൻറെ പട്ടടയിലേക്ക് വീണ എന്നെ നേരം വെളുത്ത തറിയിച്ചത് ഡോക്ടർമാരുടെ സന്ദർശനമാണ്. ആറേഴു പേരുടെ സംഘമാണ് ദിവസേന എത്തുക.ഏതോ അപൂർവരോഗം ആയതിനാൽ പല സ്പെഷ്യലിസ്റ്റിനും വേണ്ടത് ഞാൻ ഒറ്റയാളിൽ ഉണ്ടത്രേ!

പതിവുപോലെ ചാർട്ടും സ്ക്രീനുകളും നോക്കി ജൂനിയർ ഡോക്ടേഴ്സിനുള്ള ക്ലാസ്, ഡിസ്കഷൻസ്… നീര് വെച്ച് വീങ്ങിയ എൻറെ കയ്യിൽ പതിയെ തൊട്ട് ഡോക്ടറുടെ സാന്ത്വനം.

“യു ലുക്ക്  ബിറ്റ് ബ്രൈറ്റ് ടുഡേ. ആർ യൂ ഫീലിംഗ് ബെറ്റർ?

അതെ എന്ന് ഞാൻ തലയാട്ടി.  വേദനസംഹാരികളെ മാറ്റിനിർത്താനുള്ള  ശ്രമം. അതൊരു നുണ അല്ലായിരുന്നു എന്ന് എനിക്ക് തന്നെ മനസ്സിലായത് ഭക്ഷണം കഴിക്കാൻ എഴുന്നേറ്റിരുന്നപ്പോഴാണ്. വേദന കാരണം അധികനേരം ഇരിക്കാൻ കഴിയാത്ത എനിക്ക് നഴ്സുമാർ കോരിത്തരുന്ന ഭക്ഷണം പോലും ഇറക്കാൻ ബുദ്ധിമുട്ടാണ്. ഇന്ന് ബ്രേക്ക് ഫാസ്റ്റ് ട്രേ കാലിയാക്കിരിക്കുന്നു. അതിൻറെ അത്ഭുതം മോർണിംഗ് ഡ്യൂട്ടിയിലെ സ്വദേശിയായ നഴ്സ് കന്നടയിൽ പങ്കുവെച്ചു.

ആദ്യം അവരുടെ പേര് ചോദിച്ച് അതിലൂടെ  നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിന്റെ പേര് അറിയാൻ ഒരു ശ്രമം നടത്തി. പക്ഷേ പേര് പറയാൻ അനുവാദമില്ലെന്ന അവരുടെ മറുപടി എന്നെ നിരാശപ്പെടുത്തി.  പകലറുതിയിൽ അരുണനുമേൽ അമ്പിളിയുടെ ആധിപത്യത്തിനായി ഞാൻ കാത്തിരുന്നു. മനസ്സിൽ ഉരുത്തിരിഞ്ഞു വരുന്ന കഥയുടെ പൂരണം മൂശയിലേക്ക്  ഒഴിക്കുമ്പോൾ അറിയാതെ കടന്നു കൂടുന്ന ചില കരടുകൾ. അവയ്ക്ക്  നക്ഷത്രങ്ങളുടെ തെളിച്ചം, കാട്ടുചെമ്പകത്തിൻറെ മണം. കഥയുടെ തന്തുക്കൾ കെട്ടുപിണഞ്ഞു. അഴിക്കുന്തോറും ചിലത് പിന്നെയും മുറുകി. വേദനകൾക്ക് അക്ഷരങ്ങളിലൂടെ ഞാൻ ശ്വസനം നൽകുകയായിരുന്നു. അടുത്ത നിമിഷം എന്തും സംഭവിക്കാം എന്ന ഭയം മാത്രം നിറഞ്ഞുനിന്ന  ഉള്ളിലിപ്പോൾ എവിടെയോ ഒരു തേൻ മധുരം. അറിയാതെ വഴുതിവീണ എത്രയോ ചെറു മയക്കങ്ങൾക്ക് ശേഷം ഞാനുണരുമ്പോൾ അവൾ മുറിയിലുണ്ട്.

“സ്റ്റീഫൻ, നിങ്ങളുടെ എഴുത്ത് അപാരം. ഓരോ കഥാസന്ദർഭവും മനസ്സിൽ തിങ്ങി വിങ്ങി ഘനം കൊള്ളുന്നു. വാക്കുകൾ കടലാസിൽ നിന്ന് ഉയർന്നുവന്ന് ജീവനോടെ വായനക്കാർക്കൊപ്പം സഞ്ചരിക്കുന്നു. നിങ്ങളുടെ കഥകളിൽ എനിക്കേറ്റവും ഇഷ്ടമായത് ഏതാണെന്നോ? ഒരു സ്ത്രീയുടെ കൈപ്പിടിയിൽ ഒതുങ്ങാതെ പോയ  നഷ്ടവസന്തങ്ങളുടെ കഥ. സ്നേഹ വിശ്വാസങ്ങൾ തകർന്നടിയുമ്പോഴുള്ള മനസ്സിൻറെ വിലാപഗീതം. തീരത്ത് എത്താതുഴറുന്ന  നസ്സിൻറെ പ്രതിബിംബമായി നിൽക്കുന്നു നിങ്ങളുടെ കാവ്യബിംബപൂരിതമായ ഭാഷ. നിങ്ങളുടെ ഓരോ വാക്കും വജ്രം പോലെ തിളങ്ങുന്നതും, മൂർച്ചയേറിയതും, ശക്തവുമാണ്. പക്ഷേ ഒരു വിയോജിപ്പുണ്ട് കേട്ടോ. ഇരുപത് വർഷങ്ങൾക്കിപ്പുറം മകനെ തേടിയെത്തിയ അമ്മയെ കാവൽനായ്ക്കളെ വിട്ട് ഭയപ്പെടുത്തി ഓടിച്ചതിനോട്.”

“സമൂഹം വന്യമൃഗങ്ങളുടെ ഒരു സങ്കേതമല്ലേ, സ്റ്റീഫൻ ?  നിരന്തരം ഇരയെ തേടി ചുറ്റിത്തിരിയുന്ന, അല്ലെങ്കിൽ പരസ്പരം കടിച്ചുകീറുന്ന ശക്തിയുള്ളവരുടെ ലോകം.  അവിടെ ഭർത്താവ് ഉപേക്ഷിച്ച,  നിരാലംബയായ ഒരു സ്ത്രീക്ക് അന്നത്തെ സാഹചര്യത്തിൽ മറ്റെന്തു മാർഗ്ഗമാണ് ഉണ്ടായിരുന്നത്?. അവർ അവനെ കൊന്നുകളഞ്ഞിരുന്നെങ്കിലോ?  യുവചിന്തകരായ നിങ്ങളെങ്കിലും സഹിഷ്ണുതയുടെയും  ക്ഷമയുടെയും മാർഗ്ഗങ്ങൾ സമൂഹത്തിൻറെ  ചിന്താഗതിയിൽ കൊണ്ടുവരേണ്ടതല്ലേ?. യാഥാർഥ്യം എത്ര ഇരുണ്ടതെങ്കിലും കഥകളിലും സിനിമയിലും എല്ലാം  ശുഭപര്യവസാനം കാണാനാണ് ഒരു ശരാശരി ഉപഭോക്താവിന് ഇഷ്ടം . “

ചിരിക്കാൻ മറന്നു പോയ എൻറെ മുഖപേശികൾ പതിയെ വിറച്ചു. ആദ്യമായിട്ടാണ് ഒരാൾ എൻറെ എഴുത്തിനെ, കഥാസാരത്തെ, അതിൻറെ ഉദ്ദേശഗതികളെ ആഴത്തിൽ അപഗ്രഥിച്ച് അഭിപ്രായം പറയുന്നത്. അതും നേരിൽ !  മറ്റുള്ളവരെല്ലാം രോഗഗ്രസ്തമായ എന്റെ ശരീരത്തോട് സംസാരിക്കുമ്പോൾ ഇവൾ ഈ ശരീരത്തിന്റെ മനസ്സിനോടാണ് സംസാരിക്കുന്നത്. കഴിഞ്ഞ രാത്രിയിലേതു പോലെ ഒരു ക്യാപ്സ്യൂൾ തന്നിട്ട് അവൾ ചോദിച്ചു.

“പക്ഷേ ആ കഥ അപൂർണമാണല്ലോ? അതിൻറെ അവസാനഭാഗം അതിൽ കണ്ടില്ല. “

അതിൻറെ അവസാന ഭാഗത്തിനായാണ് താനിപ്പോൾ ബോധവും അബോധവുമായ തൻറെ ചിന്തകളോട് പൊരുതുന്നത്. ആ കഥയിലെ ഓരോ വരിയും മനഃപാഠമാണ്. മനസ്സിനെ സ്വയം മേയാൻ വിട്ട, ആർദ്രവും നാടകീയവുമായ ദിനക്കുറിപ്പുകൾ ആയിരുന്നു അവ. അതിജീവനത്തിന്റെ പാതകളിൽ ഇരുളായി മനസ്സിനെ  മൂടിയിരുന്ന സന്താപങ്ങളെയും അലയടിച്ചെത്തുന്ന തിരമാലകളെയും വെല്ലുവിളിയോടെ നേരിടാൻ
മനസ്സൊരുക്കിയെടുത്ത ബാല്യകൗമാരങ്ങൾ. ആറാം വയസ്സിൽ ഫോസ്റ്റർ കെയറിൽ എത്തിയ ബാലന്  സഹോദരങ്ങൾ ആകേണ്ടവർ എതിരാളികളായപ്പോൾ കഠിനതപം കൊള്ളാൻ ശരീരത്തെ വിട്ടുകൊടുത്ത്,  ഉഷ്ണം തപിക്കുന്ന ശയ്യാതലങ്ങളോട് മൗനമായി മൊഴിഞ്ഞിരുന്നു – ” രക്ഷപ്പെടണം ഇവിടുന്ന്”.

രാത്രികളുടെ നിശബ്ദസംഗീതം, നിലാവെളിച്ചം, സാന്ധ്യനക്ഷത്രങ്ങളുടെ കാവൽ അവയായിരുന്നു അന്നും കൂട്ട്. ഫോസ്റ്റർ പാരന്റ്സിന്റെ കരുണ കൊണ്ട് നേടിയ എൻജിനീയറിങ് ബിരുദം. ബാംഗ്ലൂരിലെ തിരക്കുകളിലേക്ക് എത്തിപ്പെട്ടപ്പോഴും മനസ്സ് മടുപ്പിന്റെ തെമ്മാടിക്കുഴിയിലായിരുന്നു. ചീഞ്ഞളിഞ്ഞ ജഢങ്ങളേക്കാൾ മലീമസമായ ചിന്തകളിൽ മരണമാണ് പുണ്യം എന്ന് വിശ്വസിച്ചിരുന്നു. .പെട്ടെന്നുണ്ടായ ഒരു തലചുറ്റൽ ഈ കട്ടിലിൽ ജഡാവസ്ഥയിൽ എത്തിക്കും വരെ. പനിനീർ തുള്ളിയെ ചേർത്തുനിർത്തുന്ന പുൽനാമ്പ് പുലരി വെയിലിനെ ഭയക്കും പോലെ ഇപ്പോൾ ഞാനും ഭയക്കുന്നു ആ ശാശ്വതസത്യത്തെ!

ഈ നക്ഷത്രദീപ്തി തരുന്ന ഊർജ്ജം എൻറെ കോശങ്ങളിലെ രോഗാണുക്കളെ കരിച്ചു കളയുന്നു. അവൾ തരുന്ന ക്യാപ്സ്യൂൾ എന്റെ എല്ലാ വേദനകൾക്കുമുള്ള ഒറ്റമൂലിയാണ്. ഡ്രിപ് സെറ്റിലൂടെ ഇറ്റു വീഴുന്നത്  മഞ്ഞദ്രാവകമല്ല; ആ കഥയിൽ ഇനിയുമേറെ ഏടുകൾ എഴുതിച്ചേർക്കാനുള്ള കൊഴുത്ത, കട്ടിയുള്ള മഷിയാണ്. ഞാൻ എഴുതിയ പല അധ്യായങ്ങളും അവൾ ശാസനയുടെ മഷിത്തണ്ടിനാൽ മായ്ച്ചു. പകരം നിറവും സൗന്ദര്യവും സുഗന്ധവും ഉള്ള അധ്യായങ്ങൾ പിറന്നു കൊണ്ടേയിരുന്നു.അതേ…. കാട്ടുചെമ്പകത്തിൻറെ സുഗന്ധം തന്നെ. അങ്ങനെ ഏഴ് രാവുകൾ 

മേശപ്പുറത്തെ കലണ്ടറിന്റെ താളുകൾ എന്റെ ആയുസ്സ് പുറകോട്ടെണ്ണി 3/10/2021ൽ എത്തിയിരിക്കുന്നു. രക്തപരിശോധനയുടെ റിസൾട്ടുമായി വന്ന ഡോക്ടേഴ്സിന് അത്ഭുതം. അവിശ്വസനീയത ! ലബോറട്ടറി ടെസ്റ്റുകൾ ആവർത്തിക്കപ്പെട്ടു. റേഡിയോളജി റൂമിലെ ഓരോ മെഷീനിലും എന്റെ ശരീരം കയറ്റിയിറക്കി. പഴയവയും പുതിയതും ഒത്തുനോക്കി ചർച്ചകൾ, കൺസൾട്ടേഷൻസ്… എല്ലാം ചെന്നു നിന്നത് ഒരുപാട് നക്ഷത്രക്കണ്ണുകളിലേക്ക്. എൻറെ ശരീരത്തെ കീഴ്പ്പെടുത്താൻ എത്തിയവൻ എന്നെ നിരുപാധികം വിട്ടയച്ചിരിക്കുന്നു എന്ന്! വിശദീകരിക്കാനാവാത്ത ഒരു മെഡിക്കൽ മിറക്കിൾ.  

ആ നഴ്സിനെ പിന്നീട് ഒരിക്കലും കണ്ടില്ല. ഡിസ്ചാർജ് ആയി പോകുമ്പോഴും സ്റ്റാഫിൽ പലരോടും ചോദിച്ചു. അവിടെ മലയാളി നേഴ്സ്മാർ കുറച്ചധികം ഉണ്ടെന്നും പല ഡിപ്പാർട്ട്മെന്റുകളിലായി മാറി മാറി ജോലിചെയ്യുന്നവരാണ് അവരെല്ലാം എന്നുമായിരുന്നു മറുപടി. അവരിൽ നിന്നും പേരറിയാത്ത ഒരാളെ കണ്ടുപിടിക്കാൻ  നക്ഷത്രക്കണ്ണുകളും മരതകകമ്മലുകളും മതിയായ അടയാളങ്ങൾ ആയിരുന്നില്ല.

ഇനിയും എഴുതി തീരാത്ത ആദ്യകഥയും  മറ്റ് സാധനങ്ങളും ബാഗിൽ അടുക്കി പുറം ഗേറ്റിനടുത്തുള്ള ടാക്സി വെയിറ്റിങ് ഏരിയയിലേക്ക് നടന്നു. അതിനടുത്തായി കുട്ടികൾക്കുള്ള റൈഡുകളും വെട്ടിനിരയാക്കിയ പൂച്ചെടികളും ഉള്ള ചെറിയൊരു പാർക്ക് കണ്ടു. അവിടവിടെ സിമൻറ് ബെഞ്ചുകളും. ടാക്സി വരുന്നതുവരെ  അവിടെ  ചെന്നിരിക്കാൻ തുടങ്ങുമ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത് – സുപരിചിതമായ മണം. ആ പാർക്കിന്റെ  മധ്യത്തിലായി വെളുത്ത കാട്ടുചെമ്പകപ്പൂക്കൾ കൊണ്ട് നിറഞ്ഞ ഒരു മരം. അതിനുതാഴെ, രൂപക്കൂട് പോലെ തോന്നിച്ച ഒരു ഷെൽട്ടറിലേക്ക് ഞാൻ നടന്നു.

അവിടെ ‘ഹിമ മെമ്മോറിയൽ പാർക്ക് ‘എന്ന് എഴുതിയിരുന്നു.

പലനിറത്തിലുള്ള റോസപ്പൂക്കൾ ചുറ്റും നിരത്തിയ, ഒരു പെൺകുട്ടിയുടെ ഫോട്ടോ. നക്ഷത്രക്കണ്ണുകളും  മരതകക്കമ്മലുകളുമുള്ള പുഞ്ചിരിച്ച മുഖം. പാതി മരിച്ച ജീവചേതനയോടെ ടാക്സിയുടെ പിൻ സീറ്റിലിരുന്ന് സാഹസികങ്ങളിൽ നിന്ന് അതിസാഹസിക ങ്ങളിലേക്ക് മനസ്സ് പറക്കുമ്പോൾ എല്ലാം സ്പഷ്ടമായിരുന്നു. സമയം നീട്ടി ചോദിച്ച് രാവിന്റെ വാതിലിൽ മുട്ടിവിളിക്കുന്ന പകലു പോലെ തീരാത്ത കർമ്മബന്ധങ്ങളുടെ വെളിപാടുകൾ തലയ്ക്കു മുകളിൽ വിലയങ്ങളായി. ഓർമ്മിക്കാനാവുന്നുണ്ട് – ആതുരങ്ങളും, നോവുകളും , സ്വപ്നത്തകർച്ചകളും അടയാളങ്ങൾ കോറിയിട്ട ശുഷ്കിച്ച ആ മുഖം. എന്നിലെ വേദനകളെയാപതിപ്പിച്ച് ഞാൻ സുനിദ്ര തേടിയ നാളുകളിൽ കഷ്ടതകളമരുന്ന ചതുപ്പിൽ ചിരിച്ച്, കഥ പറഞ്ഞ്, വേദനിച്ച്,  ചിതലരിച്ച് അവർ എന്നെത്തേടി അലയുകയായിരുന്നു. രാവിരുളിൽ  ഒറ്റമൂലിയാൽ തിരിച്ചു കിട്ടിയ ഈ ജീവിതമിനി അവർക്കുള്ളതാണ്.

ഈ ലോകത്തെ സന്തോഷമുള്ള മനുഷ്യരെപ്പോലെ ഞാനുമിപ്പോൾ ഒരു ലക്ഷ്യം ഉള്ളവനാണ്. ബാംഗ്ലൂരിൻറെ തെരുവോരങ്ങളിൽ എവിടെയെങ്കിലും ആ പ്രാകൃതരൂപം കണ്ടെത്താൻ പ്രയാസമുണ്ടാകില്ല. ദൈന്യം പേറുന്ന ആ കണ്ണുകളെ ചിറകിൻ കീഴിൽ നിന്നടരാതെ സ്നേഹത്തലോടലിൽ ചേർത്തു നിർത്തണം.  

വരാമിനിയും…. ചെമ്പകപ്പൂവിൻറെ സുഗന്ധം പേറുന്ന ഈ കാറ്റിന്റെ പിൻവിളി കേൾക്കുമ്പോൾ ….
ഹൃദയം അതിനോട് കടം കൊണ്ടുനിൽക്കുന്നു. 

ഓസ്‌ട്രേലിയയിൽ നേഴ്സ് ആണ്. എറണാകുളം ജില്ലയിലെ ഉദയംപേരൂർ സ്വദേശി