പന്നിമുഖമുള്ളൊരു വീട് 

ഉറക്കത്തിൽ
ഉറുമ്പുകൾ കണ്ണിലേക്ക്
അരിച്ചുകയറി വന്നു
അവർ നടക്കുമ്പോൾ
ബൂട്സിന്റെ ശബ്ദംപോലെ.

ഏറെനാളുകളായി നിരന്തരം ഞാൻ
സ്വപ്നത്തിൽ
പന്നിമുഖമുള്ളൊരു വീട്ടിലാണ്
താമസിച്ചു വരുന്നത്.

വിഭ്രാത്മകമായ ഏകാന്തതയിലെ
പാതിയുറക്കത്തിൽ
അതിന്റെ തേറ്റയിലിരുന്ന്
ഏറെ ചുളുങ്ങി മുഷിഞ്ഞ
അക്ഷരങ്ങൾ മാഞ്ഞ്
ഒരറ്റംമുതൽ കീറിത്തുടങ്ങിയ
എന്നെ ഞാൻ
നിവർത്തിവെച്ച് വായിക്കാൻ തുടങ്ങി.

പന്നിമുഖമുള്ള വീടായതിനാലായിരിക്കണം
രാത്രികാലങ്ങളിലും നട്ടുച്ചയിലും
ഹിരണ്യാക്ഷരൂപികളാരും
ആ വഴി വന്നതേയില്ല.
അതിന്റെ മുരൾച്ചയും കാടത്തവും
എന്റെ പേടിയെ അമ്പേ കീഴ്പ്പെടുത്തി
വില്ലാളിവീരയാക്കി.

ചിലപ്പോഴെല്ലാമുള്ള
ബാലാരിഷ്ടതകളിൽ
എന്റെ ഒറ്റപ്പെട്ട കരച്ചിലിന്റെ ഭാഷ്യം
തിരിച്ചറിഞ്ഞാവണം
പന്നിമുഖമുള്ള വീടിന്റെ
ശിരോവസ്ത്രം ഇരുട്ടിൽ തെളിഞ്ഞത്.
പ്രളയജലത്തിൽനിന്നും
എന്നെയത് തേറ്റയിൽ പേറി
വരുംജന്മത്തിലേക്ക് കരകയറ്റി,
എനിക്കീസ്റ്ററുണ്ടായി.

തേറ്റയിലിരുന്ന് ഞാൻ
വാൽക്കണ്ണാടി നോക്കുമ്പോൾ
സ്ഫുടമായ ശബ്ദത്തിൽ
മുരൾച്ചയോടെയത്
കണ്ണാടിയിൽ കണ്ട കവിത ചൊല്ലി.

പന്നിമുഖമുള്ള വീട്ടിനുള്ളിൽ
ഒരാകാശം
ഒരു ഭൂമി
എന്റെ അവസാനത്തെ
കവിതയൊപ്പിയ
ഊർധ്വനുള്ള മെലിഞ്ഞ തോർത്തുമുണ്ട്.

ചിലപ്പോഴൊക്കെ തോന്നും
ഞാൻ പന്നിമുഖമുള്ള പെൺകുട്ടിയാണെന്ന്.
അതിന്റെ ബൗദ്ധികമർമ്മമായ
തേറ്റയിലിരുത്തിയെന്നെ
അരിയിലെഴുതിച്ചു.
അതിന്റെ അടിവയറ്റിലേക്ക് നോക്കി
മരത്തൂണുകൾ പോലെ നേർത്ത
കാൽച്ചുവട്ടിൽ മലർന്നുകിടന്ന്
പഞ്ചസ്നേഹക്കുഴമ്പിൻ –
നിലാവലിവേറ്റു.

ഉഗ്രസ്നേഹത്താൽ തീർത്ത
തച്ചുശാസ്ത്രമാണതിന്റെ കഴുക്കോല്.

എന്റെ കൈയിലൊരു
ഉളിവന്നു വീഴുന്നു.
ഒരു താക്കോൽപഴുത് തീർത്ത്
ഉറക്കത്തിലത് തേറ്റയിൽ തൊടുന്നു.
മലർന്നുകിടന്ന വാതിലിനപ്പറം
ഒരു കുതിരയെന്റെ
പാതയിൽ വന്നുനിൽക്കുന്നു.

കണ്ണൂർ സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്.