നിന്‍റെ ഓർമ്മയ്ക്ക്

പുലർച്ചെ അഞ്ചിന് എഴുന്നേറ്റ് കുളിച്ചു റെഡിയായി ബൈക്കുമെടുത്ത് റെയിൽവേ സ്റ്റേഷനിലേക്ക്. അവിടുന്ന് ആറിന്റെ വണ്ടിയിൽ മൂന്നു മണിക്കൂർ യാത്ര. പതിവുകാരോട് മിണ്ടിയും പറഞ്ഞും ഫോൺ നോക്കിയും ഇരിക്കും. ഇടയ്ക്ക് കൈയിൽ കരുതുന്ന പ്രാതൽ കഴിക്കും. പിന്നെ ചാരിയിരുന്ന് ഒന്നുറങ്ങുമ്പോഴേക്കും ഇറങ്ങാനുള്ള ഇടമാകും. പകൽ പലതരം ഓഫീസ് തിരക്കുകൾ. അതിനിടെ ചായകുടി, പുകവലി, വാചകമടി, ഊണ്, അത് കഴിഞ്ഞ് പറ്റിയാൽ നിവർന്നിരുന്നൊരു മയക്കം. വൈകിട്ട് പതിവ് ട്രെയിൻ പിടിച്ച് ആടിയുലഞ്ഞ പോലെ വീട്ടിലെത്തുമ്പോൾ രാത്രി ഒൻപത്. എല്ലാം കഴിഞ്ഞ് ഒരാറ് മണിക്കൂർ ഉറക്കം. വർഷങ്ങളായുള്ള പതിവാണിത്.

ലോക് ഡൗൺ ആയതോടെ നിർത്തിയിട്ടിരിക്കുന്ന ചരക്കു തീവണ്ടി പോലെ നീണ്ടു നിശ്ചലമായിപ്പോയ ദിവസങ്ങൾ. എന്ത് ചെയ്താലും തീരാത്ത സമയം. സാധാരണ ഒന്നിനും എങ്ങും പുറത്തു പോകാത്ത ഭാര്യയ്ക്ക് വീട്ടുജോലികളും നാലുവയസുകാരനെ നോട്ടവും കൊണ്ട് ഇപ്പോഴും നേരം തികയുന്നില്ല. വയ്യാതിരിക്കുന്ന അമ്മ അതിരിന് അപ്പുറം ഒരു ലോകമുണ്ടെന്ന കാര്യം മറന്ന മട്ടിലായിട്ട് എത്രയോ നാളായി. അവർക്കൊക്കെ ജീവിതം പതിവുപോലെ തന്നെ. മുറ്റം, പടിക്കെട്ട്, തൊടി, ഇടവഴി, വയൽ, വരമ്പ്, മറുകരയിലെ കുന്ന്, അതിനുമപ്പുറത്തെ കവലയും കടന്ന് ഒരു മഹാമാരിയും ഈ പടികയറി വരില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് അവർക്കാർക്കും ഒരു പേടിയുമില്ല.

അകന്നകന്നു പോകുന്ന പാതിരാ വണ്ടിയുടെ ഒച്ച കേൾക്കാതെയായിരിക്കുന്നു. ഉണരുന്നതിന് തൊട്ടു മുൻപ് ഏത് സ്വപ്നത്തിലായാലും മുടങ്ങാതെ മുഴങ്ങുന്ന അലാറവും നിലച്ചു പോയി. പകൽ വാട്‍സ് ആപ്പ് ഗ്രൂപ്പുകളിൽ കണ്ടതൊക്കെ വായിച്ചും ഫോർവേർഡ് ചെയ്തും മടുത്തു. വിരലറ്റം ഉള്ളം കൈയ്യിൽ മുട്ടിച്ച് മുഷ്ടി ചുരുട്ടിപ്പിടിക്കും പോലെ താടി നെഞ്ചിൽ തൊടുംവണ്ണം തല കുമ്പിട്ട് ഇരുന്നു.

‘പോട്ടെടാ. നീ വിഷമിക്കാതെ.’ പണ്ട് തോളിൽ കൈവച്ച് ആശ്വസിപ്പിച്ച കൂട്ടുകാരന്റെ ശബ്‍ദം വീണ്ടും തൊട്ടരികിൽ നിന്ന് കേട്ടതു പോലെ. കോളേജ് കാലത്തെ എന്റെ കവിതയെഴുത്തിനെ അംഗീകരിച്ചിരുന്ന കൂട്ടുകാരൻ. ഭാര്യയുടെ ബന്ധുവായ പട്ടാളക്കാരൻ പയ്യനെ കുത്തിക്കൊന്ന കേസിൽ അവനിപ്പോൾ ജയിലിലാണ്. അതൊരു പ്രണയപ്പോരായിരുന്നു. ഇരുമ്പഴിയും മതിൽക്കെട്ടും ഇല്ലാത്ത ഈ വീട്ടിലിരിക്കുമ്പോൾ തടവറയിലെ അവന്റെ ഏകാന്തത ഊഹിക്കാനാകുന്നുണ്ട്.

ജോലിയും കുടുംബവുമായി സമയമില്ലാതായതോടെയാണ് എഴുത്തും വായനയുമൊക്കെ പതിയെ അവസാനിച്ചത്. ഇപ്പോഴിതാ സമയം തലയ്‌ക്കുള്ളിൽ തളംകെട്ടി നിൽക്കുന്നു. മച്ചുമ്പുറത്തെ ഷെൽഫിൽ പഴയ പുസ്തകങ്ങൾ പൊടിപിടിച്ചിരിപ്പുണ്ട്. വായന തുടങ്ങാം. മനസിന്റെ മറുവശത്ത് എഴുതാതെ കിടക്കുന്ന കവിതകൾ പകർത്തിവയ്ക്കണം.

പുസ്തകങ്ങൾ തിളച്ച സോപ്പുവെള്ളത്തിൽ മുക്കിവച്ച് കഴുകിയെടുത്തു. തൊടിയിലാകെ തെറ്റുംമാറ്റും വലിച്ചു കെട്ടിയ നേർത്ത നൂലുകളിൽ അവ തോരണം പോലെ തൂക്കി ഉണങ്ങാനിട്ടു. നല്ലൊരു മഴ പെയ്തിരുന്നെങ്കിൽ എന്ന് ഇടയ്ക്ക് മനസ്സിലോർത്തു.

കയ്യിൽ തടഞ്ഞ കുതിർന്നു വീങ്ങിയ ഒരു പുസ്തകത്തിന് ഓർമ്മയുടെ ഭാരം തോന്നുന്നു. എംടി എഴുതിയ ‘നിന്റെ ഓർമ്മയ്ക്ക്’. വിങ്ങി നിൽക്കുന്ന ഒരു ഹൃദയം പോലെ ആ പുസ്തകം കൈയിലിരുന്ന് തുടിച്ചു. നനഞ്ഞൊട്ടിയ പുറംചട്ട പതിയെ തുറന്നു നോക്കി. ആദ്യ പേജിൽ നിന്റെ ഓർമ്മയ്ക്ക് എന്ന് അവൾ എഴുതിത്തന്നത് ഇപ്പോഴും മായാതെ കിടപ്പുണ്ട്. അന്ന് അവസാനമായി കണ്ടു പിരിഞ്ഞ നേരം ഉരുണ്ട അക്ഷരങ്ങൾ പോലെയുള്ള അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

ഭാര്യ കണ്ടാൽ പഴയ സംശയങ്ങൾ കുത്തിപ്പൊക്കി കലഹമുണ്ടാക്കും. പിന്നെ പതിവ് പോലെ കരയും. വെറുതെ വിഷമിപ്പിക്കണ്ട. പുസ്തകം അടച്ച് വെള്ളത്തിൽ മുക്കിപ്പിടിച്ചു. ഓർമ്മയുടെ നീല മഷി സോപ്പുപാട പോലെ വെള്ളത്തിന് മേൽ പടരട്ടെ. എനിക്ക് അതിലേക്ക് ചാടി മരിക്കണം.

ജഡം ആറ്റിലെ കടവിലാണ് പൊന്തിയത്. അവളെ ഒന്നുകാണാൻ അവിടേയ്ക്ക് നീന്തി ചെന്നതാണെന്ന് ആരുമറിഞ്ഞില്ല.