നായാട്ടിൻ്റെ ഇരുൾവഴികൾ …

തേമ്പാവിൻ്റെ കിളരത്തിലുള്ള കവിട്ടയിൽ ഇരുളിൻ്റെ അനന്തതയിലേക്ക് കണ്ണുനട്ടിരുന്ന പൊക്കൻ പെട്ടെന്ന് മുന്നോട്ടാഞ്ഞ് കണ്ണും കാതും കൂർപ്പിച്ചു. അടുത്ത ക്ഷണത്തിൽ വിരലുകൾ വായിലോട്ട് കയറ്റി നാവിനെ മെരുക്കി മലയണ്ണാൻ ചിലയ്ക്കുന്നതു പോലെ മൂന്നു തവണ ശബ്ദമുണ്ടാക്കി. കൈയിലിരുന്ന മടാളെടുത്ത് മരത്തിൽ ആഞ്ഞുവെട്ടി. മറുപടിക്കു കാത്തു. ഒരു മറുവെട്ട് ഏതോ കാട്ടുമരത്തിൻ്റെ തേങ്ങലായി വന്ന് കാതിലലച്ചപ്പോൾ തേമ്പാവിൻ്റെ കൊമ്പിൽനിന്ന് നൂണ്ടിറങ്ങി. ദൂരെ കാടിൻ്റെ അങ്ങേത്തലയ്ക്കൽ രാവിൻ്റെ പത്തായപ്പുരയിൽ നിന്ന് മൂന്നു നാലു മിന്നാമിനുങ്ങുകൾ വെളിച്ചത്തിൻ്റെ കാൽകുത്തി മുന്നോട്ട് വരുന്നതു കണ്ടാണ് പൊക്കൻ അടയാളം കൊടുത്തത്.

പൊക്കൻ കൊടുത്ത ആദ്യവെട്ടിനു തന്നെ മണ്ണിൽ കുത്തി നടന്ന വെളിച്ചങ്ങൾ വലിയ തീവെട്ടങ്ങളായി മരങ്ങളിലേക്ക് പടർന്നു. അതിനുമുമ്പേ പൊക്കൻ ഓടി…..ഇരുട്ടുകാർന്നുതിന്ന വഴികളിൽക്കൂടി നിശബ്ദനായി നിഷ്കളങ്കനായ ഒരു ആദിദ്രാവിഡൻ തൻ്റെ യജമാനൻമാരുടെ ചൊല്പടിയിലേക്ക് പറപറന്നു.

വെടിവെച്ചുവീഴ്ത്തിയ മാനിൻ്റെ,അറുത്തുമാറ്റിയ തല. കഴുത്തിൽ നിന്ന് ഒരു കാടിൻ്റെ ദൈന്യം ഇറ്റുവീണു പടർന്നു. മണ്ണ് നനഞ്ഞു ചോപ്പായി. വയറു പൊളിച്ച് കുടൽ എടുത്തു മാറ്റിയിരുന്നു. കാലുകളും കൈകളും വെട്ടിമാറ്റി. ഉടൽ പലർക്കായി തുണ്ടമാക്കി. ആർക്ക് ഏത് എന്ന സന്ദേഹത്തിൽ ഉലഞ്ഞ ടോമിയുടെയും അനിയൻമാരായ വർക്കിയുടെയും ഈപ്പൻ്റെയും മുന്നിലെത്തി പൊക്കൻ വിറച്ചു.

” പെട്രോളിയം പാർട്ടിയാരാ തോന്നുന് വെരുന്നേന്ന്… അങ്ങ്ന്ന് കേറി വെരുന്നേന്ന് .. ടോമിച്ചാ തമ്പാട്ടിത്തേക്കു കയിഞ്ഞപ്പഴാ വെട്ടം ഞാങ്കണ്ടേന്.. എറച്ചി ബേകം കെട്ടിക്ക്ന്… ഞാക്ക് ബേകം പൂവാം” പൊക്കൻ പിടഞ്ഞു.

അഞ്ഞൂറാണ്ടുകാലത്തെ കാടിൻ്റെ കനം തിടം വെച്ചു നിൽക്കുന്ന തമ്പാട്ടിത്തേക്ക്… അതിൻ്റെ മൂട്ടിൽ നിന്ന് ഇത്രത്തോളമെത്താൻ സമയമെടുക്കും. പിന്നെ മാനെ അറുത്തത് ഉള്ളിലെ പൊന്തയുടെ എടേലാ..സാധാരണ പെട്രോളിംഗ് പാർട്ടി ഇതിലേ വരാറില്ല. സമാധാനിച്ചെങ്കിലും ഒരു വെള്ളിടി ഉള്ളിൽ മിന്നിയ ടോമിയും വർക്കിയും ഈപ്പനും വിയർത്തു.

“എടാ ഈപ്പാ ഇത് പെട്ടെന്ന് വീട്ടിക്കൊണ്ടു പോ…. ഫ്രീസറിൽ വെക്കാൻ പറയണം” അനിയൻ്റെ ചെവിയിലേക്ക് ടോമി മുരണ്ടു..

രണ്ടുതുണ്ടം ഇറച്ചി ഒരു മാരുതി ഓമ്നിവാനിൽ ടോമിയുടെ വീട്ടിലേക്ക് പറന്നു.

”’വർക്കി … ജീപ്പ് അപ്പറത്തെ എറക്കത്തു വരാമ്പറ … ഈ രണ്ടു തുണ്ടം നീ പെട്ടെന്ന് കൊണ്ടു പൊയ്ക്കോ…”

ഇതൊന്നിച്ച് കെട്ട്…. ഞാൻ ചൊമന്നോണ്ട് വരാം “

കൈകാലുകളും തലയും കുറച്ച് ഇറച്ചിയും മാറ്റിവെച്ച് പൊക്കനു നേരെ നോക്കി ടോമി ദയാലുവായി.

“ഇതു നീയെടുത്തോ…. തല സൂപ്പു വെച്ചാൽ പിന്നെ ഒരു കറീം അതിനടുത്തു വരൂല്ല… സൂപ്പേൽ കൊറച്ച് എനിക്കൂടെ തരണം” പൊക്കൻ മൗനിയായി. അവനെപ്പോഴും മൗനിയായിരുന്നു. ഉള്ളു കത്തുമ്പോഴേ എന്തെങ്കിലും സംസാരിക്കൂ. കാടിൻ്റെ നിഷ്കളങ്കത ഉള്ളിൽ എപ്പോഴും നിറഞ്ഞു നിന്നതിനാൽ ഭാഷ അവനിൽ നിന്ന് വഴിമാറിപ്പോയിരുന്നു.

“നീ അത് പെട്ടെന്ന് കെട്ട് ” തനിക്കുള്ള ഇറച്ചി ഇലകളിൽ പൊതിഞ്ഞു കെട്ടുന്ന പൊക്കനെ നോക്കി വർക്കി ധൃതിപ്പെട്ടു. അങ്ങു ദൂരെ വെളിച്ചം വലിയ വൃത്തങ്ങളായിക്കൊണ്ടിരുന്നു.

” നീ വേഗം പൊക്കോ… അവരിപ്പയെത്തും.” ഇറച്ചി ചൊമന്നു കൊണ്ടു പോകുന്ന പോക്കിൽ വർക്കി ഉപദേശിച്ചു.

“അഥവാ പിടിച്ചാൽ നീയൊറ്റയ്ക്കാന്നു പറയണം.. ഒറ്റല്ലേ ” ഒരു നിമിഷത്തിൻ്റെ ഇടവേളയിൽ ദൂരെ എവിടെ നിന്നോ വന്ന മറ്റൊരു ഉപദേശം വന്ന് പൊക്കനെ തൊട്ടു. …

“ഉണ്ണാ കീളെ ബാ,ബേകം… ” മരത്തിൻ്റെ പൊക്കത്തെ ചില്ലയിൽഇരുന്ന മകനെ നോക്കി പൊക്കൻ വിളിച്ചു പറഞ്ഞു.

ആകാശം തൊട്ട മരത്തിൻ്റെ മുകളിലെ ചില്ലയിൽ ഉണ്ണനെ കയറ്റി വിട്ടിട്ട് മണിക്കൂർ ഒന്നിൽ കൂടുതലായി. അവൻ അവിടിരുന്ന് മയങ്ങിപ്പോയി. വിളി കേട്ട മാത്രയിൽ ഉണ്ണൻ താഴോട്ട് ഊഴ്ന്നിറങ്ങി. പൊക്കനും മകനും ഇറച്ചിയുമായി പൊന്തകൾ നിറഞ്ഞകുറുക്കുവഴിയിലൂടെ പാഞ്ഞു. വലിയ കാട്ടുമരങ്ങൾ പുതച്ചുനിന്ന ഇരുട്ടിൻ്റെ മറവിലൂടെ ജീവൻ കൈയിൽ വാരിപ്പിടിച്ചു പായുന്ന രണ്ടു ആദിദ്രാവിഡർ. ജീവൻ നിറഞ്ഞു പൂത്ത പച്ചപ്പുകളിൽ, തെളിഞ്ഞു ചിന്നിയ കാട്ടുചോലകളിൽ, മണ്ണുമദിച്ച കാടകങ്ങളിൽ തളിർത്തു പൂത്ത ആദിമസംസ്കൃതിയുടെ പിൻമുറക്കാർ കരിയിലകൾ ഒളിപ്പിച്ച കാട്ടുവഴികളിലൂടെ ഇരുൾ ഗർഭങ്ങളിലേക്ക് ജീവനു വേണ്ടി ഭയന്നോടിക്കൊണ്ടിരിക്കുന്നു. പെട്ടെന്ന് മിന്നൽപോലെ ശക്തമായ പ്രകാശം മുഖത്തടിച്ചപ്പോൾ കണ്ണുകൾ ചിമ്മിപ്പോയ പൊക്കൻ ഒരുനിമിഷം ഞെട്ടി അനക്കമറ്റു നിന്നു പോയി, കൂടെ ഉണ്ണനും. അടുത്ത നിമിഷം അപകടം തിരിച്ചറിഞ്ഞ് അവർ ജീവനും കൊണ്ട് ഓടി.

“ഓടരുത്… ഓടിയാൽ വെടിവെക്കും….. എടാ… ഓടരുതെന്നാ പറഞ്ഞത്.. .” മിന്നലിനു പിന്നാലെ ഇടിവെട്ടുന്നപോലെ ഒരലർച്ച വന്ന് കാതു തുളച്ചു. ഉള്ളം നടുങ്ങിത്തെറിച്ചു. താഴത്തെ തിട്ടയിലേക്ക് എടുത്തു ചാടി മരങ്ങളുടെ ഇടയി
ലൂടെ കാടിൻ്റെ രണ്ടുമക്കൾ ജീവനു വേണ്ടിപാഞ്ഞു. ചെവിക്കരികിലൂടെ മൂളിപ്പറന്ന ഒരു വെടിയുണ്ട തൊട്ടുമുന്നിലെ മരത്തിൽ തറഞ്ഞു കേറി.

“അയ്യോ… “ഉണ്ണൻ ഭയന്നു നിലവിളിച്ചു.

“ഒച്ചയിടാടാ… ബേകം പാഞ്ഞോ… ” തലയിലിരുന്ന ഇറച്ചി ഒരു മരത്തിൻ്റെ കവിട്ടയിൽ വച്ചിട്ട് പൊക്കനും ഇരുട്ട് വിളഞ്ഞു നിൽക്കുന്ന കാടിൻ്റെ ഉള്ളകങ്ങളിലുടെ ഓടി. ആനത്താരകൾ കടന്ന് അപ്പുറം മുളങ്കാടുകൾക്കിടയിലെത്തി
നിന്നു. വാ തുറന്ന് ശ്വാസമെടുത്തു. ചങ്കിൽ ആരോ ഇരുന്ന് പെരുമ്പറ കൊട്ടുന്നു. പിറകെ ഫോറസ്റ്റ്കാർ വരുന്നില്ലെന്നു ഉറപ്പു വരുത്തി. രാത്രിയിൽ കാട്ടിലെ ഇലയനക്കങ്ങൾ കേട്ടാൽപ്പോലും ഏതു ജീവിയാണെന്ന് തിരിച്ചറിയാൻ കാട്ടുവാസികൾക്ക് കഴിയും. അവർ ചെവി ഒന്നുകൂടി വട്ടം പിടിച്ചു. ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മുളങ്കാടുകൾക്കിടയിൽ കൂടി ഉൾവനത്തിലേക്ക് കടന്നു. തേനെടുക്കാനും വിറകു പെറുക്കാനും വല്ലപ്പോഴും പോകുന്ന ഒരു വഴിയേ അവർ അതിവേഗം താഴോട്ട് നടന്നു. തേരിറങ്ങി അടുത്ത മലയും കയറിയിറങ്ങിയാൽ നടപ്പാതയുണ്ടെന്നും അവിടുന്ന് ഊരിലേക്ക് പോകാൻ എളുപ്പമാണെന്നും പൊക്കൻ ഓർത്തു.

തിരുനെല്ലിക്കാടിൻ്റെ കൂടാരത്തിൽ നിന്ന് ഇരുളഴിഞ്ഞിറങ്ങി ഉൾവനമാകെ അട്ടികളായി കട്ട പിടിച്ചുകിടന്നു. മൂങ്ങകളും ചീവിടുകളും കാട്ടുജീവികളും അവരുടെ സാമ്രാജ്യത്തിൽ അസമയത്ത് കടന്നു കയറിയവർക്കെതിരെ പ്രതിഷേധിച്ചു. പൊക്കന് കാടിനേയോ കാട്ടുമൃഗങ്ങളെയോ പേടിയില്ലായിരുന്നു. അയാൾക്ക് നാടിനെ ഭയമായിരുന്നു. ഫോറസ്റ്റുകാരെയാണെങ്കിൽ തീ പോലെ പേടി. മരച്ചില്ലയിൽ നിന്ന് ഒരു കാറ്റ് തണുത്തു താഴെയിറങ്ങി വന്നു. മല കയറിയിറങ്ങി നടപ്പാതയോട് അടുത്തപ്പോൾ ദൂരെ മരത്തിൻ്റ മറവിൽ ഒരനക്കം.

“ഉണ്ണാ… … അബ്ടെന്തോ…. “

അവർ ഒരു നിമിഷം നിന്നു. കാതു കൂർപ്പിച്ചു. മൂക്കു

വിടർത്തി മണത്തു. എന്നിട്ട് വീണ്ടും മുന്നോട്ട് നടന്നു.

“അയ്യോ…. “

മുഖമടച്ച് കിട്ടിയ ഒരടിയിൽ പൊക്കൻ താഴോട്ട് മറിഞ്ഞു.

വാരിപ്പിടിച്ച് പൊക്കി വിരലുകൾ പെനച്ച് പൊക്കിളിലെ മർമ്മത്തിൽ കുത്തിക്കയറ്റി പിരിച്ചു കറക്കിയുള്ള ഒരു വലിയിൽ അവൻ മൂത്രമൊഴിച്ചു പോയി.

“എടാ പട്ടി ** ** ** * എവിടെടാ അവമ്മാര് ? എറച്ചി എവിടെടാ…” റേഞ്ചർ ഖാദർ അലറി.

“അയ്യോ…സാറേ…. കൊല്ലേല്ലോ … ” പൊക്കൻ എഴുന്നേറ്റു തൊഴുതു. എന്നിട്ട് വയറ്റിൽ കൈ താങ്ങിയവിടെ ഇരുന്നു. കഥയുടെ കൂടെ വേദനയും അവനിൽ നിന്നൊഴുകി കാടിൻ്റെ ദൈന്യമായി നിറഞ്ഞു. അപ്പോഴേക്കും ഉണ്ണനെ താഴെ കിടന്ന ജീപ്പിൽ കയറ്റിക്കഴിഞ്ഞിരുന്നു.

“സർ, രണ്ടു പേരെ കിട്ടി…. വെടിയാ…. അവമ്മാര് വേറെയാ…. നേരത്തെ ഈ പണിയൊള്ളോരാ… ഇതു വരെ കേസ് എടുക്കാൻ പറ്റിയിട്ടില്ല. ഇത്തവണ കുടുങ്ങി.

.. മ്മടെ പഴയ പഞ്ചായത്ത് മെമ്പർ ഗ്രേസിക്കുട്ടീടെ ഭർത്താവ്… ടോമിയില്ലേ? അവനും ടീമുവാ. “

റേഞ്ചർ ഖാദർ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരുന്നു.

“ശരി സർർ…. ഇപ്പം തന്നെ സെർച്ച് നടത്താം. എൻ്റെ ഫുൾ ടീമിനോട് വരാൻ പറയാം, സർ. ഞാൻ കോർഡിനേറ്റ് ചെയ്തോളാം, സർ”

“ഇല്ല സർ, ഇത്തവണ അവമ്മാരു പോവൂല്ല. കിട്ടും സർ” ഖാദർ പറഞ്ഞു കൊണ്ടിരുന്നു.

“ലോറൻസേ നീയും പാർട്ടിയും പൊക്കനെ കൊണ്ടുപോയി കാട്ടിൽ വച്ചിരിക്കുന്ന ഇറച്ചി മഹസ്സർ എഴുതിയെടുക്കൂ… താമസിച്ചാൽ വല്ല കുറുക്കനോ കടുവയോ കൊണ്ടു പോകും. തോക്കു കയ്യിലെടുത്തോണം” മുന്നിൽപ്പോയ ജീപ്പിലുണ്ടായിരുന്ന ലൈഫ് വാർഡൻ ലോറൻസിനോട് ഖാദർ പറഞ്ഞതു പ്രകാരം പൊക്കൻ വീണ്ടും കാടുകയറി..

ടോമിയുടെ വീട് കാണിച്ചു തരുന്നതിനായി ഉണ്ണനെ ജീപ്പിൽ കയറ്റി ഖാദറും ടീമും ടോമിയുടെ വീട്ടിലേക്ക് പാഞ്ഞു. പോകുന്ന വഴിക്ക് ഡെപ്യൂട്ടി റേഞ്ചർ മോഹൻദാസിനെ വിളിച്ച് റെയിഡിൻ്റെ വിവരവും എവിടെ ഒന്നിച്ചു ചേരണമെന്നും ഓപ്പറേഷൻ നടത്തേണ്ട വിധവും ചർച്ച ചെയ്തു. ഒരു മാനിൻ്റെ കൊലപാതകികളെ തേടി കാടു കാക്കുന്നവൻ്റെ വണ്ടി പാഞ്ഞു……

“ലൈറ്റ് ഓഫ് ചെയ്തു കൊറച്ചു കൂടെ പോ…”

ഒരു ഫർലോങ്ങുകൂടി ഇരുട്ടുകീറി മുറിച്ച് ജീപ്പ് മുന്നോട്ട് പോയി നിന്നു. പിറകെ വന്ന ഡെപ്യൂട്ടി റേഞ്ചറിൻ്റെ ജീപ്പും ലൈറ്റണച്ചിരുന്നു. വന്യമൃഗങ്ങൾ ഇരപിടിക്കാൻ പതുങ്ങി പോകുന്നതു പോലെ ടോമിയുടെ വീട്ടിലേക്ക് ഇഴഞ്ഞു നീങ്ങി. കാടിൻ്റെചരിവിൽ നിവർന്നു നിൽക്കുന്ന കോൺക്രീറ്റ് വീടിൻ്റെ ചുറ്റിലും മരിച്ചുകൊണ്ടിരിക്കുന്ന കാടിൻ്റെ രോദനം തളം കെട്ടി നിന്നു.

കനത്തു നിന്ന മരങ്ങളുടെ ഇടയിൽ ഒളിപ്പിച്ച ഒരു ജീപ്പ് ഒരു ടോർച്ച് വെട്ടത്തിൽ കുറ്റിച്ചെടികൾക്കിടയിൽക്കൂടി തെളിഞ്ഞു വന്നു. ജീപ്പിലേക്ക് രണ്ടു ഫോറസ്റ്റുദ്യോഗസ്ഥർ പതുങ്ങിക്കേറി.കാട്ടുചോര മണത്തു. വീടു വളയാൻ അടയാളം കൊടുത്തിട്ട് അവർ ജീപ്പ് പരിശോധിച്ചു.

പാഞ്ഞടുത്ത ഫോറസ്റ്റുകാരുടെ നെഞ്ചിലേക്ക് ഇരുട്ടിൽ എവിടെ നിന്നോ വന്ന കൊടുവാളുകൾ തറഞ്ഞു കേറി. അഞ്ചു ഫോറസ്റ്റുകാർ രക്തത്തിൽ കുളിച്ചു. മുറിഞ്ഞുതീർന്ന മാനിൻ്റെ ശേഷിപ്പുകളുമായി വേറൊരു ജീപ്പു പാഞ്ഞു പോയി. തടുക്കാനായി ഉയർന്ന അലർച്ചയും ഉതിർന്ന വെടിയും കാടിൻ്റെ ദൈന്യത്തിലെവിടെയോ തട്ടിയുടഞ്ഞ് മൗനമായി.

“എടാ ടോമീ……. നിന്നെ ഞാൻ വിടൂല്ല…. നിന്നെ ഞാനെടുത്തില്ലേൽ ഞാൻ റേഞ്ചർ ഖാദറല്ല …. ഞാനീ ജോലി രാജിവയ്ക്കും” സത്യസന്ധനായ ഒരു റേഞ്ചറിൻ്റെ ആത്മരോഷം അണുബോംബു പൊട്ടുന്ന പോലെ അലർച്ചയായി. കഷ്ടം ഡെപ്യൂട്ടി റേഞ്ചറിന് നെഞ്ചിലാണ് വെട്ടേറ്റിരിക്കുന്നത്. ഇത്തിരി സീരിയസ്സ് ആണ്. ഖാദറിൻ്റെ മനസ്സ് നൊന്തു . പരിക്കേറ്റവരെ ജീപ്പിൽക്കേറ്റി ആശുപത്രിയിലേക്ക് വിട്ടു. ആശുപത്രിയിൽ വിളിച്ച് വേണ്ട ഏർപ്പാട് ചെയ്തു. ഡി.എഫ്. ഒ യെ രണ്ടു പ്രാവശ്യം വിളിച്ചിട്ടും എടുത്തില്ല. സ്വല്പം കഴിഞ്ഞ് തിരിച്ചുവിളിച്ച DFO എന്തൊക്കെയോ നിർദ്ദേശങ്ങൾ കൊടുത്തു.

“വാടാ വീട് സെർച്ച് ചെയ്യാം ” ഖാദർ അലറി

“സാറേ… നമ്മൾ രണ്ടും മാത്രേയുള്ളൂ … ബാക്കിയുള്ളോര് ആശുപത്രിയിലേക്ക് പോയി. ” ഗാർഡ് ദിനേശൻ മുരണ്ടു.

അടുത്ത നിമിഷത്തിൽ റേഞ്ചർ ഖാദർ ഓടി ടോമിയുടെ വീട്ടുപടിക്കൽ എത്തി. ദിനേശൻ പിന്നാലെയും. ചവിട്ടിത്തുറന്ന വാതിലിനു പിന്നിൽ കൊടുവാളുമായി പഴയ പഞ്ചായത്തു മെമ്പർ ഗ്രേസി .

തോക്കെടുത്ത് അവളുടെ നെറ്റിയിൽ കുത്തി അയാൾ അലറി. “എവിടെടീ…… മാനെറച്ചീ…. “

വിറച്ചു പോയ ഗ്രേസിയുടെ കൈയിൽ നിന്ന് കൊടുവാൾ താഴെ വീണു. ഫ്രിഡ്ജിലെ ഫ്രീസർ തുറന്നെടുത്ത ഇറച്ചി ഖാദറിൻ്റെ കയ്യിലിരുന്നു വിറച്ചു. അപ്പോഴും ചോരിയിറ്റുന്നുണ്ടായിരുന്നു. പിച്ചള കെട്ടിയ ഇരട്ടക്കുഴൽ തോക്ക് ഭിത്തിയിൽ നെടുങ്ങനെ വച്ചിരിക്കുന്നിടത്തേക്ക് ഖാദർ നീങ്ങി. തോക്കെടുക്കാനാഞ്ഞ ഖാദറിൻ്റെ കൈയിൽ കടന്നുപിടിച്ച് ഗ്രേസി അലറി.

“സാർ അതെടുക്കല്ലേ… അതെൻ്റെ വല്യപ്പാപ്പൻ്റയാ….. പാലാ മുട്ടത്തെ ഇട്ടിമാപ്ളാടേ….. നൂറു വർഷം പഴക്കൊണ്ട്… ഉപയോഗിക്കുന്നതല്ല.”

“മാറെടി “അവളെ വടിച്ചെറിഞ്ഞിട്ട് അയാൾ തോക്കെടുത്തു. കുട്ടികൾ പിറകിൽ കൂടി പുറത്തു ചാടിക്കയറുന്നതുപോലെ അവൾ അയാളുടെ പുറത്തോട്ട് ചാടിക്കയറി ഇടതുകൈ തൊണ്ടയിൽ അമർത്തി വലതു കൈ കൊണ്ട് കത്രികപ്പൂട്ടിട്ട് പൂട്ടി. പിടുത്തത്തിനിടയിൽ രണ്ടു പേരും മറിഞ്ഞു താഴെ വീണു. ഗുസ്തിയിൽ ഗ്രേസിയുടെ നൈറ്റി പരാജയപ്പെട്ട് പലയിടത്തും പിഞ്ഞിപ്പോയി. ഗോദായിലെ മല്ലൻമാരെപ്പോലെ ഖാദറും ഗ്രേസിയും പിടുത്തവും മറിച്ചിലുമായി. പെൺപുലിയെപ്പോലെ ചാടി മറിഞ്ഞ് ആക്രമിക്കുന്ന ഗ്രേസിയെ എങ്ങനെ നേരിടണമെന്ന് അറിയാതെ ദിനേശൻ വിരണ്ടു നിന്നു. ഗ്രേസി തൻ്റെ നഗ്നതയെക്കുറിച്ച് ബോധവതിയല്ലെന്ന് ദിനേശന് മനസ്സിലായി. പിടിച്ചുമാറ്റാൻ പറ്റാത്ത വിധം രണ്ടു പേർ തറയിൽ കിടന്നു മറിയു
കയാണ്. അവിളിപ്പോഴും ഖാദറിൻ്റെ തൊണ്ടയിലെ പിടി വിട്ടിട്ടില്ല. ദൈവമേ …. ഇവൾ സാറിനെ കൊല്ലുമോ …

“എടീ… വിടെടീ..” ദിനേശൻ അലറി.

പെട്ടെന്ന് ഒരു ജീപ്പ് മുറ്റത്തെത്തി നിന്നു. മുറിക്കകത്തേക്ക് കയറിവന്ന ഇൻസ്പെക്ടറും പോലീസുകാരും വനിതാപോലീസും ചേർന്ന് അവരെ ഇരുവരെയും പിടിച്ചു മാറ്റി.

ഖാദറിനെ താങ്ങിയെണീപ്പിച്ച് കസേരയിലിരുത്തി.
അയാൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. ശ്വാസമെടുക്കാൻ വിഷമിച്ചു. ഗ്രേസിയുടെ ദേഹത്ത് അവിടവിടെ പരിക്കുകൾ… നൈറ്റി മുക്കാലും പിഞ്ഞിപ്പോയിരുന്നു. അർദ്ധനഗ്നയായ അവൾ അലമുറയിട്ടു കൊണ്ട് കളം നിറഞ്ഞു.

രണ്ടു പേരെയും ആശുപത്രിയിൽ അഡ്മിറ്റ് ആക്കി.

അപ്പോൾ വന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥർ മാനിറച്ചി മഹസ്സറിൽ വിവരിച്ച് ബന്തവസ്സിൽ എടുത്തു. പരിശോധന ഊർജ്ജിതമാക്കി.

“സാറേ.. റേഞ്ചർ ഖാദർ എന്നെക്കേറിപ്പിടിച്ചു. ബലാൽസംഗം ചെയ്യാൻ നോക്കി.ഇതു കണ്ടോ.”

ഇട്ടിരുന്ന നൈറ്റി ഊരി അവർ മാറിടവും കഴുത്തും പുറവും വനിതാ പോലീസുകാരിയെ കാണിച്ചു. നിറയെ പരിക്കുകൾ. ദേഹസ്ഥിതി നോട്ടുചെയ്യവേ വനിതാ പോലീസുകാരിയുടെ മനസ്സിൽ ഒരു അസ്വസ്ഥത നിഴലിച്ചു വന്നു. അവ
രുടെ മനസ്സ് പറന്നു പോയി,ഒരു നിലവിളിയുടെ ഉമ്മറത്ത് ചെന്നു നിന്നു. അകത്തേക്ക് നോക്കിയപ്പോൾ തോക്കേന്തിയ ഒരു കാപാലികൻ രാവിൻ്റെ കനത്ത മൗനത്തിലൂടെ ഇഴഞ്ഞുവന്ന് കാനനസൗന്ദര്യത്തിൻ്റെ നിഷ്കളങ്കതയെ കശക്കി ഞെരിച്ചു ചാറെടുക്കുന്നു ….. മൃദുലതകൾ ഉടഞ്ഞ് ചോരയൊലിക്കുന്നു…. പോലീസുകാരിയുടെ അസ്വസ്ഥത കനം വച്ചു.

“……അയാൾ എന്നെ ബലാൽസംഗം ചെയ്യാം വന്നതാ.. തള്ളിത്താഴെയിട്ടു. പിന്നെ…… നൈറ്റി വലിച്ചു കീറി….. ആ സമയത്ത് പോലിസു വന്നില്ലാരുന്നെങ്കി..” ഗ്രേസി പറഞ്ഞു കൊണ്ടേയിരുന്നു….. എഴുതിയെടുത്ത മൊഴി വായിച്ചു നോക്കിയ ഗ്രേസി തിളച്ചു.

“ഇതിൽ ബലാൽസംഗം ചെയ്തെന്നു എഴുതിയിട്ടില്ലല്ലോ സാറേ.. … “

“അതിന് അങ്ങേരു നിങ്ങളെ ബലാൽസംഗം ചെയ്തിട്ടില്ലല്ലോ ” എഴുതിയ വനിതാ പോലീസ് അനിത ആശ്വസിപ്പിക്കാൻ നോക്കി.

“സാറേ അർദ്ധരാത്രി കാടിൻ്റെ ചരിവിൽ… ഒറ്റപ്പെട്ട വീട്ടിൽ… ഒറ്റയ്ക്കൊരു ഒരു സ്ത്രീ .. കാമം മൂത്ത ഒരുത്തൻ തോക്കുമായി വന്ന് അവളെ കേറിപ്പിടിച്ച്.. തളളിമറിച്ചിട്ട് ചുണ്ടിലും മൊലയ്ക്കും…… “

“മതി മതി” വായ കൊണ്ടുള്ള ബലാൽസംഗം അനിത വാക്കാൽ തടഞ്ഞു.

“നിങ്ങൾ പറയൂ അതുപോലെ എഴുതാം” അനിതയിലെ പോലീസുദ്യോഗസ്ഥ കൃത്യനിർവ്വഹണത്തിൽ ജാഗരൂകയായി. അന്വേഷണത്തിൽ സത്യം പുറത്തു വരുമല്ലോ,യെന്നോർത്ത് അവർ നിശ്വസിച്ചു.

മൊഴി വായിച്ചു താഴെ ഒപ്പിട്ടപ്പോൾ ഒരു വഷളൻചിരി ഉള്ളിൽ നിന്നിറങ്ങിവന്ന് ഗ്രേസിയുടെ മുഖത്ത് വിരിഞ്ഞു.
* * * * * *
“തിരുനെല്ലി റേഞ്ച് ഫോറസ്റ്റ് കേസ് സി.സി 185/2018 സാക്ഷി ………
നാലാം പ്രതി പൊക്കൻ, അഞ്ചാം പ്രതി ഉണ്ണൻ”
മാനന്തവാടി ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലെ ക്ലാർക്ക് ഉറക്കെ വിളിച്ചു.
റിമാൻറ് നീട്ടണമെന്ന അപേക്ഷ സമർപ്പിച്ച പ്രോസിക്യൂട്ടറുടെ മുഖത്തേക്ക് മജിസ്ട്രേറ്റിൻ്റെ കണ്ണുകൾ എറിഞ്ഞ ചോദ്യം പൊള്ളുന്നുണ്ടായിരുന്നു.

“മറ്റു പ്രതികളെ അറസ്റ്റു ചെയ്യാൻ വൈകുന്നതു കൊണ്ട് നാലും അഞ്ചും പ്രതികളുടെ റിമാൻ്റ് നീട്ടുന്നതെന്തിന്?”

പ്രോസിക്യൂട്ടറെ മൗനം പൊതിഞ്ഞു കാത്തു.

“ആദിവാസികളായ പ്രതികൾക്ക് വക്കീലില്ലേ…”

“ഇല്ല “

“ഫ്രീ ലീഗൽ സർവീസ്?”

“ആവശ്യപ്പെട്ടില്ല.”

“കഷ്ടം. അവർക്കറിയില്ലല്ലോ …”

“അഡ്വ. തോമസ്….”

“Yes, sir “

“പ്രതിഭാഗം കൗൺസെലായി നിങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നു.”

“ശരി”

“കേസ് നാളത്തേക്ക് മാറ്റി. “

ജാമ്യത്തിലിറങ്ങി വീട്ടിൽ എത്തിയ ദിവസം പൊക്കനും ഉണ്ണനും ജയിലിലറകളിലെ നടുക്കുന്ന ഓർമ്മകളിൽ പിടഞ്ഞു പോയി. ചീറിയടുത്ത കടുവയുടെ മുന്നിലും കൊടുങ്കാറ്റുപോലെ ചിന്നം വിളിച്ചു പാഞ്ഞടുത്ത കാട്ടു കൊ മ്പൻ്റെ മുന്നിലും ഇത്ര ഭയന്നിട്ടില്ല. ഒറ്റ കാട്ടുകമ്പിൻ്റെ ബലത്തിൽ അലറിനിന്നു എത്രയോ തവണ ജീവിതം തിരിച്ചു പിടിച്ചിരിക്കുന്നു. എന്നാൽ മനുഷ്യരുടെ കൂടെ ജീവിക്കാൻ, ഉറങ്ങാൻ പൊക്കന് ഭയമായിരുന്നു. ജയിലിൽക്കഴിഞ്ഞ 28 ദിവസത്തിൽ ഒരു ദിവസം പോലും
ഉറങ്ങിയില്ല. അടിയും തൊഴിയും ഭയപ്പെടുത്തുന്ന നോട്ടവും തെറിയും… സെല്ലിൻ്റെ ഒരു മൂലയിൽ ഒച്ചു ചുരുളുന്ന പോലെ ചുരുണ്ടിരുന്ന് കരഞ്ഞ രാത്രികൾ.

ഓ… ഓർക്കാൻ വയ്യ. അയാളുടെ മനസ്സിലും കിടക്കപ്പായിലും ജയിലോർമ്മകൾ നിന്നെരിഞ്ഞു.

പെട്ടെന്ന് കാട് ഒരു കൊടുങ്കാറ്റിനെ കെട്ടഴിച്ചുവിട്ടു. മരങ്ങളാടിയുലഞ്ഞു. എവിടെക്കൊയൊ ചില്ലകൾ ഒടിയുന്നു. ചിന്നിനിന്ന നിലാവിലേക്ക് കാർമേഘങ്ങൾ കടപുഴകി വീണു. അടുത്ത നിമിഷത്തിൽ തള്ളിക്കൊരു കുടമായി മാനം പൊട്ടിയടർന്നു വീണു. വെന്തു നിന്ന ഓർമ്മകളിലേക്ക് ഒരു തണുപ്പ് ഇരച്ചുവന്നു. ഒരു ശാന്തത … കണ്ണുകളിലേക്ക് രാത്രി ഒഴുകിയിറങ്ങി. തണുത്ത കാറ്റ് സാക്ഷിയായി. ഒരു കാറ്റിൻ്റെ തലോടലിൽ പൊക്കൻ ഉറങ്ങിപ്പോയി.

മഴയിൽ മുങ്ങിയ രണ്ടാൾരൂപമടുത്തു വന്നു വിളിച്ചു.

“പൊക്കാ… ഞാനാ ടോമി … വർക്കീമൊണ്ട്.”
“ടോമിച്ചാ…. എവിടാന്നു…. ഞാമ്പേടിച്ചു പോയ്. എന്നെ ജയില്ലാക്കില്ലേ…”
പറ്റിപ്പോയി പൊക്കാ…. മനപ്പൂർവ്വമല്ല. നിൻ്റേം ഞങ്ങടേം പേരിൽ കേസൊണ്ട്. ശിക്ഷിച്ചാ നമ്മളെല്ലാം പത്തുകൊല്ലമെങ്കിലും അകത്താകും.”
“യ്യോ… ” പൊക്കൻ ഞെട്ടി നിലവിളിച്ചു. പത്തുകൊല്ലം ജയിലിൽ…… അവൻ വിറച്ചുപോയി. ജയിലിനെക്കുറിച്ചോർത്തപ്പോൾ തൊണ്ട വരണ്ടുപോയി.
“പൊക്കാ…. നിനക്കറിയുവോ? നിൻ്റച്ഛൻ ചിണ്ടൻ ഞങ്ങടെ തോട്ടത്തിലെ പണിക്കാരനാരുന്നു. നിനക്ക് കുടി കെട്ടിത്തന്നതും മംഗലം നടത്തിത്തന്നതും എന്റപ്പനാ… നീ പട്ടിണിയില്ലാതെ കഞ്ഞി വച്ചു കുടിച്ച് കെടക്കുന്നത് ഞങ്ങളൊള്ളോണ്ടാ…. “
“ഇതൊക്കെ ഇപ്പ എന്തിനാ പറേന്നേ.. എല്ലാമെനിക്ക് ഉള്ളിലൊണ്ട്. നന്ദിയൊണ്ട്.ചാവുന്നവരെ മറക്കൂല്ല “
“എന്നാ നീ ഞങ്ങൾക്ക് ഒരുപകാരം ചെയ്യണം”
“ടോമിച്ചൻ പറഞ്ഞാട്ടെ…”
നീ ഒരു കാര്യം ചെയ്യ്. കേസ് ഞങ്ങൾ നടത്താം. നിൻ്റെ കുടുംബത്തിൻ്റെ കാര്യോം ഞങ്ങൾ നോക്കാം. കൂടാതെ നിനക്ക് ഒരു ലക്ഷം രൂപായും തരാം.” ഒരു മൗനത്തിൻ്റെ ഇടവേളയ്ക്കു ശേഷം ടോമി ആവശ്യമറിയിച്ചു.
“നീ കുറ്റമേക്കണം. നീയും ഉണ്ണനും കൂടിയാ ഇതുചെയ്തേന്നു പറയണം. നീ ഞങ്ങളെ രക്ഷിക്കണം പൊക്കാ…. നീയല്ലാതെ ഞങ്ങക്കാരുമില്ല… ഞങ്ങൾ നിന്നെ കേസീന്ന് ഊരിത്തരാം.”
മൗനം ഒരു കടലായി ഇടയിൽ നിറഞ്ഞു കവിഞ്ഞു. എല്ലാവരും അതിൽ മുങ്ങിപ്പോയി.
“ഈ കാശ് ഇവിടെ ഇരിക്കട്ടെ. “
കത്തുന്ന മണ്ണെണ്ണ വിളക്കിൻ്റെ തീനാളത്തിൻ്റെ തുഞ്ചത്ത് കുറച്ച് നോട്ടുകൾ കൊരുത്തിട്ട് ടോമിച്ചനും വർക്കിയും യാത്ര പറഞ്ഞു.
“വേണ്ടാ … എനിക്കു കാശു വേണ്ട” ടോമിച്ചൻ കേട്ടില്ല ..
“അപ്പം പറഞ്ഞപോലെ എറങ്ങുവാ…” അവർ പോയിക്കഴിഞ്ഞു. വീണ്ടും കണ്ണുകളിലേക്ക് ഇരുട്ടിഴഞ്ഞു വന്ന് നിറഞ്ഞു.

മഴ പെട്ടെന്ന് കനത്തു. കാടു നെടുകെ പിളരുന്ന പോലെ പെട്ടെന്ന് കൊല്ലിയാൻ മിന്നി പിറകെ ഇടിയും. കണ്ണുകളിലെ ഭയത്തിൻ്റെ ചാലുകളിൽ വഴങ്ങാൻ നിദ്രയ്ക്ക് മടിയായിരുന്നു. ഒരു നിശ്വാസത്തിൻ്റെ തിരിവിൽ വച്ച് കോഴി കൂവുന്നതുപോലെ.
ഒരു പുലരിയുടെ വരവ്. കോഴി കൂവിത്തീർന്നപ്പോൾ മുറ്റത്തൊരു കാൽപ്പെരുമാറ്റം
“പൊക്കാ…. പൊക്കാ…. ” പാവം നല്ല ഉറക്കത്തിലാന്നല്ലോ….
“പൊക്കാ…. “ഒച്ചയിലുള്ള ഒരുവിളിയിൽ പൊക്കൻ ഞെട്ടിയുണർന്നു.
“നേരം വെളുത്തെടാ … എഴുന്നേറ്റില്യോ “
“അയ്യോ സാറേ … എപ്പ വന്നു? അവരു പോയല്ലോ…”
“ആര്?”
പൊക്കൻ കണ്ണു തിരുമ്മി ചുറ്റിലും നോക്കി. എരിയുന്ന വിളക്ക് തിരഞ്ഞു. വിശ്വാസം വരാതെ കണ്ണുതിരമ്മി ഒന്നുകൂടി നോക്കി.
“ആര് “
“ആ ടോമിച്ചനും വർക്കിച്ചനും .. കുറെ കാശും ഇവിടെ വെച്ചാ പോയത് “
പോടാ ഖാദർ ചിരിച്ചു.
“അല്ല… അവരു വന്നാരുന്നു. വന്നു.. … “
“പോടാ…. അവരെല്ലാം ഇന്നലെ അറസ്റ്റിലായി.
വിശ്വാസം വരാതെ പൊക്കൻ എണീറ്റ് മുറ്റത്തേക്കിറങ്ങി.

കിനാവാണെന്ന് അവന് അപ്പഴും ഉറപ്പില്ല. പകച്ചു നിന്ന പൊക്കൻ്റ തോളിൽ സ്നേഹത്തിൻ്റെ ഒരു കൈ വന്നു തൊട്ടു.

“നിനക്കിതിൽ പങ്കില്ലെന്ന് എനിക്കറിയാം. നിന്നെയും മോനെയും മാപ്പുസാക്ഷിയാക്കാൻ വേണ്ട ഏർപ്പാടു ഞാൻ ചെയ്തിട്ടൊണ്ട്. നീവാ…. “

പൊക്കൻ, റേഞ്ചർ ഖാദറിൻ്റെ പിന്നാലെ നടന്നു. കാടിൻ്റെ ഇരുളറയിൽ നിന്ന് സൂര്യൻ ഉയർന്നുപൊങ്ങി. അങ്ങ് കിഴക്ക് പുലരി ചുവന്നു പടർന്നു. ആ തേജസ്സിലേക്ക് പൊക്കൻ നടന്നു നീങ്ങി.

എസ്.പി, ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ, കേരള. പ്രസിദ്ധീകരിച്ച കൃതികൾ : സഖീ ഞാൻ മടങ്ങട്ടെ (കവിതകൾ), നാവു ദഹനം (കവിതകൾ), ഇവിടെയൊരാളുണ്ട് (കവിതകൾ), ജനിക്കാത്തവരുടെ ശ്മശാനം (കഥാസമാഹാരം ), മൈ സ്റ്റോറി - (യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ആത്മകഥയുടെ മലയാളം പരിഭാഷ).