ദൈവത്തിനും നിനക്കുമിടയിൽ ഇഴയുന്ന നനഞ്ഞ ഒച്ച്

ദൈവത്തിനും നിനക്കുമിടയിൽ
ഇഴയുന്ന നനഞ്ഞ ഒച്ചിനെ
ആദ്യമായി കണ്ടത്
പള്ളിമുറ്റത്തെ മഴക്കാലത്തായിരുന്നു.

വുദൂ* ചെയ്ത വെള്ളം
കല്ലുകളിൽ നിന്ന്
ഉണങ്ങുന്നതിനും മുമ്പ്
ആരോ ഉപേക്ഷിച്ച
ഒരു പ്രാർത്ഥനയുടെ അരികിലൂടെ
അത് പതുക്കെ നീങ്ങുകയായിരുന്നു.

അന്ന് എനിക്കറിയില്ലായിരുന്നു,
പ്രണയവും വിശ്വാസവും
ഒരേ വേഗതയിൽ
സഞ്ചരിക്കുന്നില്ലെന്ന്.

നീ അയച്ച അവസാന മെസേജ്
വായിക്കാതെ കിടക്കുമ്പോൾ,
ദൈവം എന്റെ സ്വപ്നത്തിൽ വന്ന്
“ക്ഷമിക്കാൻ പറ്റുമോ?” എന്ന് ചോദിച്ചു.

ഞാൻ മറുപടി പറഞ്ഞില്ല.

കാരണം
ചില ചോദ്യങ്ങൾ
ദൈവത്തിൽ നിന്ന് വന്നാലും
അവയ്ക്ക് മനുഷ്യരുടെ മുറിവിന്റെ വലിപ്പമുണ്ടാകും.

പിറ്റേന്ന് രാവിലെ
മഴനനഞ്ഞ മതിലിൽ
ആ ഒച്ച് വരച്ചുവെച്ച
വെള്ളിനൂൽ പോലൊരു രേഖ കണ്ടു.

ഒരു നിമിഷം അതൊരു
ഖുർആൻ വചനമാണെന്ന് തോന്നി.
അടുത്ത നിമിഷം
നിന്റെ കൈയക്ഷരവും.

ഈ കവികളുടെ പ്രശ്നം അതാണ്,
അവർക്ക് ഉപമയും യാഥാർത്ഥ്യവും
തമ്മിലുള്ള അതിർത്തികൾ
സൂക്ഷിക്കാൻ അറിയില്ല.

ആകയാൽ
ദൈവത്തിനും നിനക്കുമിടയിൽ
ഇഴയുന്ന നനഞ്ഞ ഒച്ച്
ഒരേസമയം
ഒരു ജീവിയും,
ഒരു സന്ദേശവും,
ഒരു പ്രാർത്ഥനയും,
നിന്നെ മറക്കാൻ കഴിയാത്ത
എന്റെ തലച്ചോറിലെ
ഏറ്റവും പതുക്കെയുള്ള
ന്യൂറോണും ആയിത്തീരുന്നു.

ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
എന്നാലും മഴപെയ്യുമ്പോൾ
ഏതെങ്കിലും മതിലിൽ
ഒരു ഒച്ച് ഇഴയുന്നത് കണ്ടാൽ
ഞാൻ അറിയാതെ നിൽക്കും.

കാരണം
ചിലപ്പോൾ ദൈവം
മറുപടികൾ അയക്കുന്നത്
മിന്നലായല്ല
ഒരാളുടെ പേര്
ഓർത്തെടുക്കുന്നതുപോലെ
ഒരു നനഞ്ഞ ഒച്ചിന്റെ
വേഗതയിലായിരിക്കും.

വുദൂ : നമസ്‌കാരം (പ്രാർത്ഥന), ഖുർആൻ പാരായണം തുടങ്ങിയവയ്ക്ക് ഒരുങ്ങുന്നതിന് മുന്നോടിയായി, വെള്ളം ഉപയോഗിച്ച് നിശ്ചിത അവയവങ്ങളായ മുഖം, കൈകൾ, തല, കാൽ എന്നിവ പ്രത്യേക ക്രമത്തിൽ കഴുകി വൃത്തിയാക്കുന്ന പ്രക്രിയ.

കൊച്ചി ബ്രഹ്മപുരം സ്വദേശി. ഹോട്ടൽ രംഗത്ത് ഷെഫായി ജോലി ചെയ്യുന്നു