ഈ മുറിയിലിരിക്കുമ്പോൾ

ഈ മുറിയിലിരിക്കുമ്പോൾ
പലപ്പോഴായി
എന്റെ അടുത്ത്
ചൂടുപറ്റിയിരുന്നാരോ
എന്നെ ഒറ്റയ്ക്കാക്കി
ചൂട്ടുവീശി കടന്നുകളയുന്നു.

കാതിനരികെയിരുന്നെന്നോണം
ദൂരെയാരോ എന്റെ
പേരുചൊല്ലി ജപിച്ചശേഷം
വിളക്കൂതി വാതിലടയ്ക്കുന്നു
എന്റെ പേര്
ഏതോ വീടിന് മുന്നിൽ
ഇരുട്ടിൽ കരിയിലയായി
ഗതിയില്ലാതലയുന്നു.

അതിന്റെ പ്രതിധ്വനി തരംഗങ്ങൾ
കാതിലൂടിറങ്ങി
പിൻകഴുത്തിലൂടെ
ചുറ്റിപ്പിടിക്കുകയാണ്,
മരിച്ചവരുടെ
ഈറൻ കൈകൾപോലെ.

ഇടയ്ക്ക് തോന്നും
ഈ ശരശയ്യ മുറി
എന്നെ വയറ്റിൽ പേറുന്ന
ഗർഭിണിയാണെന്ന്.
പോകുന്നിടത്തെല്ലാം ഞാൻ
പഴയ മുറിപോലെ
പുതിയ മുറിയുടെ
ജീവിതക്രമത്തെ
സൃഷ്ടിക്കുകയാണോ എന്ന്.

ഈ മുറിയിൽ മാത്രമായി
ഇരുണ്ട ആകാശം വിരിച്ചപോലെ.
അതിലൊരു വ്രണമായി
ചന്ദ്രനുദിക്കവേ
ആരോ അത്
ഞെക്കി പഴുപ്പിക്കുന്നു
പഴുപ്പുപൊട്ടി ചലമൊലിക്കുന്നു
സുഖകരമല്ലാത്ത
നീലനിലാവിന്റെ
കീറിയ പുതപ്പുപോലത്
ദേഹത്ത് വീഴുമ്പോൾ
ഉറക്കത്തിൽ ഞാനത്
വാരിപ്പുതയ്ക്കുന്നു.

ഈ മുറിയിലിരിക്കുമ്പോൾ ഞാൻ
കിടങ്ങുകൾ, മതിലുകൾ
പാതകൾ കാണുന്നു.
ഈ മുറിയിൽ നിന്ന് മറ്റൊരു
മുറിയിലേക്കുള്ള കിടങ്ങ്
ഈ മുറിയിൽ നിന്ന് മറ്റൊരു
മുറിയിലേക്കുള്ള മതിലുകൾ
ഈ മുറിയിൽ നിന്ന് മറ്റൊരു
മുറിയിലേക്കുള്ള പാതകൾ

ഈ മുറിയിലിരിക്കുമ്പോഴൊക്കെ
ചിറകുകൾക്ക് ഭാരമാണ്
തുമ്പിയെപ്പോലെ
അപ്പൂപ്പൻ താടിയെപ്പോലെ
ഉയരെ കാണുന്നില്ല.
മേൽക്കൂര തട്ടി
ഭിത്തിയിലിടിച്ച്
കമിഴ്ന്നു വീഴുന്നു
വീണ്ടും
ഈ ശരശയ്യ മുറിയിൽ തന്നെ.

എങ്കിലും ഒരേയൊരു
ആശ്വാസമുണ്ട്,
ഈ മുറിയിൽ കിടക്കുമ്പോൾ
ഞാൻ ചിത്സഭയിലെത്തുന്നു.
കൂട്ടിക്കൊണ്ടുപോകുമെന്ന
വാഗ്ദാനം പോലെ
അദ്ദേഹം
നൃത്തത്തിലൂടെനിക്കൊരു
ആശാകരം നീട്ടുന്നു.
പുലർച്ചെ
ഞങ്ങളൊന്നിച്ച്
ഈ മഴയിൽ ജലധാരയേറ്റ്
പിരിയുന്നു,
ഈ മുറിയിൽ കിടക്കുമ്പോൾ…

കണ്ണൂർ സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്.