ചെമന്ന ചിരിപ്പാട്ടുകൾ

മുറിയാകെ വെയിൽ മുറ്റിയിട്ടും ജോയി മോൻ ഖുസ്ര് നല്ല ഉറക്കത്തിലാണ്. തെന്നിമുറിഞ്ഞു കൊണ്ടിരിക്കുന്ന സ്വപ്‌നങ്ങൾ കൂടെത്തന്നെ പൂവിട്ടു കൊണ്ടിരിക്കുന്നുണ്ട്. മഞ്ഞു വീഴാൻ തുടങ്ങുന്ന ശീതകാല സായാഹ്നത്തിൽ ഒരു താടിക്കാരൻ മോട്ടോർ വാഹനമോടിച്ചു പറന്നു പോകുന്നു.

ദൂരെ മഞ്ഞു മലകൾക്കിടയിലൊരാൾ കറുത്ത കൈ വീശിക്കാണുന്നുണ്ട്.

“കർത്താവേ..!! ഇങ്ങോട്ടാണോ..?

പിറകിലൂടെ ആരോ ഓവർ ടേക് ചെയ്യാൻ ശ്രമിക്കുന്നുമുണ്ട്. കണ്ണുകൾ പിറകോട്ടു പോകുന്നില്ല, കാലുകളാണെങ്കിൽ ചലിക്കുന്നുമില്ല, നിർത്താതെയുള്ള കട്ടിലിൽ കാലടി മാത്രം.

“ബഹുത് ദൂർ ഹേ ദിൽ “

അസീംജിയുടെ അടുക്കളയിൽ നിന്നുള്ള പാട്ടുയർന്നു. കോളേജ് ഹോസ്റ്റൽ നവാബിന്റെ കെട്ടിടത്തിലേക്ക് മാറിയത് മുതലേ തൊട്ടപ്പുറത്തെ മുറിയിൽ അസിംജിയും താമസിക്കുന്നുണ്ട്. പക്ഷെ, നാളിതുവരെയായിട്ടും അയാളാരോടും മിണ്ടാറില്ല. മുറിയിലെപ്പോഴും ഒരു പാട്ട് മാത്രം ഉയർന്നുകേൾക്കും. ചില വരികളെത്തുമ്പോൾ അയാൾ നിലവിളിക്കുകയും കരയുകയും ചെയ്യും.

അയാൾക്കൊരു മകനുണ്ടായിരുന്നു. അവനെയേതോ കുട്ടിക്കടത്തുകാർ തട്ടിക്കൊണ്ട് പോയതിൽ പിന്നെയാണ് അയാൾ മിണ്ടാതായതെന്നും മകന്റെ ഇഷ്ടഗാനവും വെച്ച് തിരിച്ചു വരവുകൾക്ക് കാതോർത്ത് വിലപിക്കുന്നതാണെന്നും ഒരിക്കൽ മരിയ ബീഗം പറഞ്ഞത് മാത്രം ഓർമ്മയിലുണ്ട്.

അല്ലേലും ദില്ലിയിലെ തിരക്കു പിടിച്ച നഗരജീവിതത്തിലെ പരക്കം പാച്ചലിനിടെ ആർക്കാണ് ഈ വക കാര്യങ്ങളൊക്കെ തിരക്കാൻ നേരം. ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു ഫോണെടുത്തു നോക്കുമ്പോൾ സ്റ്റെഫി നാല്പത്തിഒന്ന് തവണ അലാറം മുഴക്കിയിട്ടുണ്ട്. എന്തു ചെയ്യും?

ഇന്നാണല്ലോ യാത്ര തീരുമാനിച്ചത്. വിടർന്നു നിൽക്കുന്ന ഉച്ചയെ കസേരയിലിരുത്തി ചിന്തകളെ വിവേകമായൊരു തീരുമാനങ്ങൾക്ക് വിട്ടു കൊടുത്തു.

“ഞാനാണല്ലോ ഈ യാത്രക്ക് നിർബന്ധം പിടിച്ചത്. പടിയിറങ്ങിപ്പോകുന്ന കോളേജ്. സോറി.. കാന്റീൻ ഓർമ്മകളെ ഒന്നൂടെ കെട്ടിപ്പിടിച്ചു പറഞ്ഞയക്കണമെന്ന് വാശി പിടിച്ചത്. അതിനാൽ ഈ കളിയിൽ നിന്നൊരു പിന്മാറ്റം അസാധ്യമായത് തന്നെ “

തലേന്നത്തെ മഴയുടെ ബാക്കി വന്ന വെള്ളത്തിൽ മുഖം തേവി അപ്പുറത്തെ മുറിയിൽ ഇസ്താം അലി അലക്കാനിട്ട പൈജാമയും വലിച്ചു കേറ്റി അയാൾ കതകടച്ചു. തിരിയുമ്പോൾ മുന്നിൽ തൊഴാനെന്നോണം മരിയാ ബീഗം വടാ പാവു പൊതിഞ്ഞു നിൽക്കുന്നു.

കൂടെ നാട്ടിലമ്മ പറയുന്നത് മാതിരിയൊരു ഹിന്ദിത്തെറി. കഴിഞ്ഞ മൂന്ന് നാല് വർഷത്തിനിടെ മുടങ്ങാതെ കിട്ടുന്നത് കേൾക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും മുമ്പേ അയാൾ പടിയിറങ്ങി നടന്നു.

നേരെ പുരാന പെടാപ് റെയിൽവേ ..

ഹോ ഭാഗ്യം..!

നാല് മണിക്ക് വരാനുള്ള ട്രെയിൻ അര മണിക്കൂർ വൈകിയോടുന്നു. യാത്രികർ ക്ഷമിക്കണമെന്ന അശരീരി
മുഴങ്ങുന്നേ ഉള്ളൂ.

‘ഇതിനു മാത്രം ആർക്കും പ്രതിഷേധവും പരാതിയുമൊന്നുമില്ല.’ അയാൾ ആരോടെന്നില്ലാതെ പിറുപിറുത്തു.

മദമിളകിയ ആനക്കൂട്ടം പോലെ ചിതറിയോടുന്ന മനുഷ്യകുഞ്ഞുങ്ങളെ മാറ്റി കൗണ്ടറിൽ ചെന്നു നോക്കുമ്പോൾ അവിടെയും ആരുമില്ല…

പിറകിലെ കൗണ്ടറിലൊരു ഏമാൻ ഉച്ചയുറക്കത്തിൽ മുരളുന്നുണ്ട്.

‘ബോൽ ബയ്യാ…’

ഏക് നസോഗി… കേരള വാലാ..

നാം..?

ജോയ് മോൻ ഖുസ്ര്.

ടിക്കറ്റെടുത്തപാടെ സ്റ്റെഫിയെ വിളിച്ചു,.

നിങ്ങളെവിടെയാണ് ?

ഒരു നീണ്ട ദീർഘനിശ്വാസത്തിനൊടുവിൽ അവൾ പറഞ്ഞു :

“കോച്ച് ഡി വൺ വാ…”

ആ ശ്വാസത്തിൽ അവൾ ദേഷ്യം മുഴുവൻ ചേർത്ത് വലിക്കുന്നത് പോലെ തോന്നി. കമ്പാർട്ട്മെന്റിലെത്തുമ്പോൾ അറവുമൃഗത്തെ കാണുമ്പോൾ കിട്ടുന്ന അറവുകാരന്റെ പത്തിരട്ടി മുറ്റിൽ എല്ലാവരും വളഞ്ഞു നിൽക്കുന്നുണ്ട്. സ്റ്റെഫി, അജു, അർഷി, സീനാമ്മ, ബിനു.

“ട്രെയിൻ കൊറച്ച് ലേറ്റ്‌ ആയത് നിന്റെ ഭാഗ്യം…!

അല്ലേൽ കാണിച്ചേരെയ്ന്. നീ പറഞ്ഞപ്പോ ബാഗും തൂക്കി എറങ്ങിയ നമ്മളെ ബേണം പറയാൻ ” കണ്ണൂക്കാരി അർഷി ആദ്യത്തെ ഉന്നം പിടിച്ചു.

സീനാമ്മക്കൊരു പുച്ഛഭാവം. അജുവും സ്റ്റെഫിയും ഗൗനിച്ചേയില്ല ഇതൊക്കെ ആദ്യമേ അറിയാവുന്നതാണെന്ന മട്ടിൽ നിന്നു.

സ്റ്റെഫി പറഞ്ഞാൽ ഒരു പക്ഷെ അയാൾ താണു കൊടുക്കുമായിരുന്നു. വിളി ഒന്നല്ല നാല്പത്തി ഒന്നാണ്. പരസ്പരം കടന്നു പോകുന്ന ക്രോധമടക്കി നിർത്താനുള്ള ശ്രമത്തിനിടെയാണ്

“ക്ഷമിക്കൂ സഹോദരങ്ങളേ.. കർത്താവ് ക്ഷമിക്കുന്നോർക്കാണ് പ്രതിഫലം നൽകുന്നത്”

വിളറിയ ചിരിയിൽ നർമ്മമൊളിപ്പിച്ച എല്ലാ പ്രശ്നങ്ങൾക്കിടയിലും ഉപഹാര വഴികളോതുന്ന ദൈവത്തേപ്പോലെ ഒരു കടത്തുകാരൻ കടന്നു പോയത്. ദേഷ്യങ്ങൾ പൊട്ടിത്തെറിച്ചു എല്ലാരും ചിരിച്ചു. അയാളും.

കാത്തിരിപ്പ് തുടരുന്നിതിനിടെ ഇടവേള വിട്ടു വൈകിയാണെങ്കിലും ട്രെയിൻ ചീറിത്തന്നെ വന്നു നിന്നു. ചാണ്ടിഗഡ് വരെ പോകേണ്ടതിനാൽ എല്ലാവരും ബർത്തിൽ തന്നെ സീറ്റുറപ്പിച്ചിരുന്നു. മന്ദം മന്ദം ട്രെയിനോടിക്കൊണ്ടിരുന്നു.

കാഴ്ചകളെ പിന്നിലാക്കി പോയ കാലങ്ങളെ തെറിപ്പിച്ചു, പ്രതീക്ഷകളുടെ പാളങ്ങളെ തൊട്ടു തൊട്ടു, സ്വപ്നങ്ങളുടെ എത്തിപ്പിടിക്കാത്ത വഴികളെ തേടി യാത്രക്കാരോരുത്തരും ഒരോ ലോകത്തേക്ക് പടി കയറിപ്പോയി.

ജോയ് എന്നത്തെയും പോലെ ശബ്ദങ്ങളെല്ലാം കൊട്ടിയടിച്ച് ഹെഡ്‌സെറ് ചെവിയിൽ തിരുകി പകൽക്കിനാവ് തുടങ്ങി.

ഹാലുസിനേഷൻ അയാൾക്കൊരു ഹോബിയാണ്.

പണ്ട്, മേരി ലാൻഡിൽ പഠിക്കുമ്പോൾ കണ്ട നീല മറുകുള്ള പെൺകുട്ടിയാവും മനസ്സിൽ. പ്രണയമാണ് പോലും… ഇനിയൊരിക്കലും കണ്ടു മുട്ടില്ലെന്നറിഞ്ഞിട്ടും വിഷാദത്തിലേക്കുള്ള മനപൂർവ്വമുള്ള ഇറങ്ങിപ്പോകലാണെപ്പോഴും അയാൾ നടത്തുന്നത്.

സ്റ്റെഫിയെ നോക്കുമ്പോൾ അവളും സ്ഥിരം പരിപാടിക്കുള്ള പുറപ്പാടിലാണ് . കാണുന്ന മനുഷ്യരെയും കാഴ്ചകളെയും കൂട്ടിവെച്ച് സ്കെച്ച് ചെയ്ത് നേരം കളയൽ. ഓർമ്മകളടുക്കി വെക്കുന്നതാണെന്നാണവൾ നുണ പറയാറുള്ളത്.

അങ്ങനെയുള്ള തിരച്ചിലിനിടയിലാവും വാതിൽപ്പടിയിൽ ഒരു കുട്ടി ചോര ഛർദിക്കുന്നത് കണ്ടത്.

“ജോയ്…ദേ… അതോക്കിയേ “

അവളയാളുടെ കാലിൽ പിടിച്ചു വലിച്ചു.

കണ്ടാലൊരു പതിനേഴു തോന്നിക്കും. ചെറിയ പ്രായത്തിലേ പണിയെടുത്ത് ശരീര ഭംഗിയൊക്കെ ശോഷിച്ചിരുന്നു. കീറിപ്പറിഞ്ഞ വസ്ത്രവും പഴയ അലറിപ്പാടുന്ന ഒരു ടാപ്റിക്കാഡും മാത്രം കയ്യിലുണ്ട്. അവനെന്തൊക്കെയോ പുലമ്പി ആൾക്കാരെ ദയനീയമായി നോക്കിക്കൊണ്ട് വെപ്രാളപ്പെട്ടു ഇരിക്കുകയാണെന്ന് തോന്നി.

കൊറോണ വിട്ടു പോയി അധിക നാളാവാത്തതു കൊണ്ടോ അതോ നാടോടിപ്പയ്യനായതു കൊണ്ടോ എന്താണെന്നറിയില്ല ആരും പരിഗണിക്കുന്നതായി കാണുന്നില്ല. മാത്രമല്ല, അവന്റരികിലേക്ക് പോകുന്നവരെയൊക്കെ കൊറച്ചു ജന്റിൽമാമൻമാര് വിലക്കുന്നുമുണ്ട് .

“വല്ല ലഹരിയും വലിച്ചു കേറ്റി തുപ്പിക്കൂട്ടുന്നതാ അസത്ത് “

ജോയ് അങ്ങോട്ട് പോകുമ്പോൾ ഏതോ കോട്ടിട്ട ഏമാൻ ഏന്തി വലിഞ്ഞു കാഹളമിറക്കി.

ജോയ് അടുത്തിരുന്നു എന്ത് പറ്റിയെന്നു ചോദിച്ചു. അവൻ മിണ്ടിയതേയില്ല.

എന്തോ ഉൾവലിയുന്നൊരു പേടി അവന്റെ മുഖത്ത് നിഴലിച്ചു നിൽക്കുന്നത് കാണാമായിരുന്നു. ആവർത്തിച്ചു ചോദിച്ചപ്പോൾ അവൻ കീശയിൽ നിന്നൊരു വക്കു മുറിഞ്ഞ കടലാസെടുത്തു കൈ കൂപ്പി.

‘ആരോ എഴുതിക്കൊടുത്തതാണ്..

“സുൽഫിക്കർ അലി.. ബ്ലഡ് കാൻസർ”

അവൻ സംസാരിച്ചേയില്ല. കണ്ണുകൾ നിറഞ്ഞു നിന്നു. എല്ലാം കെട്ടടങ്ങുന്നവന്റെ ഒടുവിലത്തെ ആളിക്കത്തൽ ആ മുഖത്ത് തെളിഞ്ഞു കണ്ടിട്ടും അയാൾ വെറുതെ സമാധാനിപ്പിച്ചു.

“മ്മള് കൂടെയുണ്ട്”

ആദ്യം അധികാരികളെ ആരെയെങ്കിലും വിളിച്ചറിയിക്കണം അല്ലെങ്കിൽ പ്രശ്നമാവും ” ബിനു ഓർമ്മപ്പെടുത്തി.

അതു ശരിവച്ചു വേഗം അടുത്തുള്ള കൺട്രോൾ റൂമിലെ നമ്പർ സംഘടിപ്പിച്ചു വിളിച്ചു. കേട്ട പാടെ പാറാവുകാരൻ ഞങ്ങൾ കൂട്ടാൻ വരുമെന്നും അതു വരെയുള്ള സമയം അവനെയൊന്ന് സൂക്ഷിക്കണമെന്നും പറഞ്ഞു ഫോൺ വെച്ചു.

നേരിയ ഒരു ആശ്വാസം. ആദ്യമായി സർക്കാർ വകയൊരു ഷെയർ കിട്ടി.

സുൽഫിക്കറാണെങ്കിൽ ഇവരെന്തോ ചെയ്യുമെന്ന് കരുതി അവൻ ഭയം നിറച്ച കണ്ണുകൾ കൊണ്ട് തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

ട്രെയിൻ മധുരയിലെത്തുമ്പോഴേക്ക് നേരം ഇരുട്ടിയെങ്കിലും അവരുടെ ഒരു മെഡിക്കൽ ടീം തന്നെ തേടിവന്നു. സ്ഥിതിഗതികൾ പറഞ്ഞു അവനെയേൽപ്പിക്കുമ്പോൾ അവനാശ്വസമായെന്നു തോന്നുന്നു. വേച്ചു വേച്ചു നടന്നു വന്നു അവൻ ജോയിക്ക് നേരെ കയ്യിലുള്ള ടാപ്റിക്കാഡ് നീട്ടി ഒരു അപൂർവ്വ ചിരിയും.

വേദന പകുത്തെടുത്ത കണ്ണുകൾ നിറച്ചു ചോരതുപ്പുന്ന ചുണ്ടുകൾക്കിടയിലൂടെ നോക്കി ഒരു ചുവന്ന മന്ദഹാസം പോലെ..

ചാണ്ടിഗഡിലേക്ക് ഇനിയുമൊത്തിരി ദൂരം പോകാനുണ്ടായിട്ടും അയാൾക്ക് ഒരുപാട് യാത്ര ചെയ്ത പോലെ തോന്നി.

ജീവിതത്തിലെന്തോ വലുത് നടന്നതു പോലെ അവരാ സീറ്റിൽ വേദനകളകറ്റിക്കൊണ്ട് പോകുന്ന പാട്ടു പെട്ടിയും നോക്കി അമർന്നിരുന്നു.

ഇടങ്ങൾ മറഞ്ഞും മറിഞ്ഞും പോയി. അപ്പോഴും സുൽഫിക്കർ അലിയുടെ ടാപ് മാത്രമിപ്പോഴും അലറിപ്പാടുന്നുണ്ട്

“ബഹുത് ദൂർ ഹേ ദിൽ ” അസിംജിയുടെ മുറിയിലെ അതേ പാട്ട്.

“ദൈവമേ..
ഇനി ഇവനെങ്ങാനുമാവോ അസിംജി കാലങ്ങളായി കാത്തിരിക്കുന്ന മകൻ.. ജോയ് മോൻ ഖ്രുസ് നെഞ്ചിൽ കൈകൂട്ടിപ്പിടിച്ചു കണ്ണുകളടച്ചിരുന്നു.

അസിംജിയും സുൽഫിക്കറും ഒരുമിച്ചിരുന്ന് ചെമന്ന ചിരിപ്പാട്ടുകൾ പാടുന്നു.

കണ്ണൂർ മാണിയൂർ സ്വദേശി, ആനുകാലികങ്ങളിലും, ഓൺലൈനിലും എഴുതുന്നു. ബിരുദാനന്തര വിദ്യാർത്ഥിയാണ്.