കാലാൾ ബലി

അഞ്ചൽക്കാരൻ കേളുവിനെ കാത്തിരിക്കുന്ന തപാൽ ആപ്പീസിന്റെ തിണ്ണയിൽ നാഡി മുറുക്കമുളള ഫിഷർ – സ്പാസ്കി ആറാം ഗെയിമിലെ പോൺ സാക്രിഫൈസിന്റെ പോസ്റ്റ് മാർട്ടം നടക്കുകയാണ്. പങ്കെടുക്കുന്നത് സബസ്ത്യാൻ ,ഞങ്ങൾ തൊഴിൽ രഹിതർ , പോസ്റ്റ് മാസ്റ്റർ കെ.ജി.പണിക്കർ , പിന്നെ ചായക്കടക്കാരൻ നാണുവും..

ഐസ് ലാന്റിൽ വിമാനമിറങ്ങിയ നിമിഷം മുതൽ ആരേയും അടുപ്പിക്കാതെ ബോബ്ബി ഫിഷർ ഹോട്ടൽ മുറിയിൽ അടച്ചിരുന്നു.
എല്ലാവരേയും സംശയമാണ്!
ഒരു ജൂതനായതിന്റെ ചരിത്രപരമായ പ്രശ്നങ്ങളാണ് കൂടുതലും! ഉൽഘാടന മത്സരത്തിന് ഹാളിൽ ചെന്നതു തന്നെ വളരെ വൈകിയിട്ടാണ്. ആ കളി ഭംഗിയായി തോൽക്കുകയും ചെയ്തു. അടുത്ത ദിവസം ആരോടും മിണ്ടാതെ മഞ്ഞുവീണ വിജനതയിലൂടെ അയാൾ അലഞ്ഞു നടന്നു. എതിരാളിയില്ലാത്ത അന്നത്തെ ഗെയിം ബോറിസ് സ്പാസ്കി വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.

ഫിഷർ ആരോടും അടുക്കുന്നില്ല . കൂട്ടിലിട്ട വെരുകിനെപ്പോലെ നടക്കുകയാണ്..
മത്സരം നടക്കുന്ന ഹാളിൽ നിന്ന് ക്യാമറകൾ മുഴുവൻ മാറ്റണമെന്ന് ചങ്ങാതി ആവശ്യപ്പെട്ടു. ശബ്ദമില്ലാത്ത ക്യാമറയാണെങ്കിൽ കളിക്കാം. തീർന്നില്ല , എതിരാളി ബോറിസ് സ്പാസ്കിക്കു മുണ്ടായിരുന്നു ചില സമ്മർദ്ദങ്ങൾ ! തന്റെ ഇരിപ്പിടത്തിനുള്ളിൽ നിന്നും ഒരു തരം വൈബ്രേഷൻ കേൾക്കുന്നുണ്ടെന്ന് അയാളും പരാതിപ്പെട്ടു. ഉടൻ വന്നു നടപടി . ഇലക്ട്രോണിക്ക് യന്ത്രങ്ങളുടെ സഹായത്തോടെ കസേരയുടെ അപ്ഹോൾസ്റ്ററി മുഴുവൻ കുത്തിപ്പൊളിച്ച് അരിച്ചുപെറുക്കിയപ്പോൾ രണ്ട് കുഞ്ഞീച്ചകളെ കിട്ടി!

അപ്പോൾ ബോബ്ബി അടുത്ത പ്രശ്നം ഉന്നയിച്ചു!
കാണികളുടെ ദീർഘ നിശ്വാസങ്ങളും കോട്ടുവായും ഏമ്പക്കങ്ങളും കേട്ട് തന്റെ ശ്രദ്ധ പതറുന്നു! അവരെ കുറച്ചു കൂടി പിന്നോക്കം നീക്കി ഒരു കർട്ടന്റെ പിന്നിൽ ഇരുത്തിക്കൂടെ? അതും നടപ്പിലാക്കി.
എന്നിട്ടും പ്രസാദിക്കുന്നില്ല !
നോക്കുന്നിടത്തെല്ലാം കെ ജി ബി യുടെ ഏജന്റ് മാരുണ്ടെന്ന ഒരു തോന്നൽ ! റഷ്യൻ രഹസ്യപ്പോലീസും സി ഐ എ ഏജൻറുമാരും ഇതൊരു ക്യാപിറ്റലിസ്റ്റ് കമ്മ്യൂണിസ്റ്റ് ഗുസ്തി മത്സര മാണെന്ന് കരുതുന്നുണ്ടോ? ഫിഷർ തന്റെ മുറിയിലെ ഫോൺ അഴിച്ചു പരിശോധിച്ചു., വല്ല ചിപ്പുകളും ഘടിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ! മേശയും കസേരയും കട്ടിലും കർട്ടനും എന്നു വേണ്ട ഫ്ലവർ വേസുകൾ പോലും ഒഴിവാക്കിയില്ല !

സംഗതി ശരിയാണ്.
അവിടെ എന്തെല്ലാമോ നടക്കുന്നുണ്ടായിരുന്നു! ഫിഷറുടെ വിചിത്ര സ്വഭാവത്തെക്കുറിച്ച് സ്പാസ്കിയോട് മാനേജർ പറഞ്ഞു അയാൾ ഒരു സൈക്കോയാണെന്ന് !
ഒരിക്കലുമല്ല, സ്പാസ്കി പറഞ്ഞു ,അയാൾ ഭയങ്കര തന്ത്രശാലിയാണ്, എന്നോട് കളിച്ചാൽ തോൽവി ഉറപ്പാണെന്ന് കക്ഷിക്കറിയാം. അതു കൊണ്ട് എങ്ങിനെയെങ്കിലും മത്സരിക്കാതെ രക്ഷപ്പെടാനുള്ള വിദ്യയാണിതെല്ലാം.

ബോബ്ബിയുടെ വിഭ്രാന്തിയും മൗനവും കണ്ട് വെറി പിടിച്ച് സന്ധ്യയ്ക്ക് മാനേജർ മുറിയിൽ കേറി വന്നു.
ബോബ്ബീ, അയാൾ പറഞ്ഞു , പ്രസിഡണ്ട് നിക്സൺ മൂന്നു തവണയായി നിന്നെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നു. വിയറ്റ്നാമിൽ അമേരിക്കൻ യുവാക്കൾ വെടിയേറ്റു വീഴുമ്പോഴും നിന്റെ പേരാണ് ഉച്ചരിക്കുന്നത്,
നിനക്ക് ചെസ്സുകളിക്കാൻ വല്ലാത്ത അരുതായ്കയാണല്ലെ?
ഫിഷർ മറുപടി പറഞ്ഞില്ല.
മാനേജരുടെ ശബ്ദം ഉച്ചത്തിലായി.
റഷ്യൻ പ്രധാനമന്ത്രി 1868 ബാച്ചിൽ അവശേഷിക്കുന്ന അവസാനത്തെ വോഡ്ക്ക കുപ്പി ഇതാ പൊട്ടിക്കാൻ പോവുകയാണ്.
എന്തിനാണെന്നറിയാമോ?
നിന്റെ തോൽവി ആഘോഷിക്കാൻ!
എന്താ സന്തോഷമായില്ലെ…
ലോകം മുഴുവൻ നിന്നെ നോക്കിയിരിക്കുകയാണ് ബോബ്ബി.
അമേരിക്കയുടെ പ്രതീക്ഷയാണ് നീ.. വിയറ്റ്നാമിൽ പരാജയം മണക്കുന്ന അമേരിക്കയ്ക്ക് ഐസ് ലാന്റിൽ നിന്റെ വിജയം കൂടിയേ തീരൂ ….. നീയിവിടെ കളിക്കണം. ജയിക്കണം…..
അടുത്ത മത്സരങ്ങൾ പ്രശ്നങ്ങളില്ലാതെ കടന്നു പോയി.
ഫിഷർ തന്റെ മാരക ഫോമിൽ തിരിച്ചെത്തി.
ആറാമത്തെ ഗെയിമിൽ വിന്യസിക്കപ്പെട്ട ബോബ്ബി ഫിഷറുടെ കരുക്കളിലേക്ക് നോക്കി സ്പാസ്കി അന്തം വിട്ടിരുന്നു !
അദ്ദേഹത്തിന് പ്രാണവായു പോലും കിട്ടാത്ത പ്രതീതി തോന്നിച്ചു .
ഇ ഫൈവിലെ കാലാളെ ബലി കൊടുത്തുകൊണ്ട് ഫിഷർ നടത്തിയ മിന്നൽനീക്കം സ്പാസ്കിയെ നടുക്കി !
ചെസ്സ് ചരിത്രത്തിലെ ഏറ്റവും മനോഹരമായ നീക്കങ്ങളായിരുന്നു അത് !
രക്ഷയില്ലാതെ സ്പാസ്കി പോലും എണീറ്റു നിന്ന് കയ്യടിച്ചു പോയി ……..

തപാൽ ആപ്പീസിന്റെ പാതിയിരുട്ടിൽ പതിഞ്ഞ കറുപ്പും വെളുപ്പും കളങ്ങൾ കണ്ട് പതം വന്ന എന്റെ കണ്ണുകൾ കള്ള ക്കർക്കിടകം കോരിച്ചൊരിയുന്ന ചെമ്മൺ വഴിയിൽ തീർത്തും അസ്വസ്ഥമായ ഒരു കാഴ്ച കണ്ടു! എസ്തപ്പാൻ ചേട്ടൻ ഒരാവണക്കിൻ പത്തൽ വേരോടെ പിഴുതെടുത്ത് തന്റെ പിന്നിലൊളിപ്പിച്ച് പോസ്റ്റ് ആപ്പീസിന്റെ കോലായിലേയ്ക്ക് ചാടിക്കയറുന്ന ഭയാനകമായ ഒരു കാഴ്ച! ഓടിക്കോ സബസ്ത്യാനേ എന്നു പറയാൻ എനിക്ക് സമയം കിട്ടും മുമ്പേ ആദ്യത്തെ അടി അവന്റെ മുതുകത്ത് വീണിരുന്നു. ആവണക്കിൻകായ്കളും പാലിറ്റുന്ന പച്ചിലകളും ചെമ്മണ്ണും പോസ്റ്റാപ്പിസിൽ ചിതറിത്തെറിച്ചു ! അടി കൊണ്ട് വില്ലുപോലെ വളഞ്ഞ അവനെ അപ്പൻ പെരുവഴിയിലേയ്ക്കിറക്കി നിർത്തി ഇപ്രകാരം പറഞ്ഞു:
ഏരുപൂട്ടി മുട്ടിയടിക്കുകേം ഞവിരി പിടിക്കുകേം ചെയ്യണ മൂന്നാല് പണിക്കാര് , ( അടി !) ഞാറ് നടണ എട്ടു പത്തു പെണ്ണുങ്ങള് , ( അടി!) ചാണകം ചൊമക്കണ അവന്റെയൊക്കെ പിള്ളേര്, (അടി !) ഈ മനുഷ്യര് മുഴുവൻ വയലീക്കെടന്ന് പണിയുമ്പഴാ നിന്റെ ഒടുക്കത്തെ ഒരു വെച്ചരശ്……… (അടിയുടെ അയ്യര് കളി !! )
ഓരോ അടിയും പുറത്തു വീഴുമ്പോൾ ഞെളിപിരി കൊള്ളുന്ന സബസ്ത്യാനേയും വലിച്ചിഴച്ചു കൊണ്ട് അയാൾ പാടത്തേയ്ക്ക് നടന്നു !

വയനാട് സ്വദേശി. കോഴിക്കോട് താമസം . കേരള പോലീസിൽ അസിസ്റ്റന്റ് കമാണ്ടന്റ് ആയി റിട്ടയർ ചെയ്തു. കാണാതായ കഥകൾ , ഭൂമദ്ധ്യരേഖയിലെ വീട്, ഐരാവതിയിലെ കല്ലുകൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മലയാളത്തിലെ എല്ലാ ആനുകാലികങ്ങളിലും രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . നവമാധ്യമങ്ങളിലും സജ്ജീവം.