കറുത്ത ചിത്രങ്ങൾ

നാം കൊഴിഞ്ഞു വീണ പ്രണയ
സമുദ്രത്തിൻ ഉപ്പു കാറെറന്നോട്
മന്ത്രിച്ചു

പതഞ്ഞു പൊന്തുന്ന
തിരചഷകങ്ങളുടെ
ലഹരിയാഴങ്ങളിൽ
വേർപെട്ടുപോകുന്ന മഴയുടെ
കരച്ചിൽ ഒറ്റപ്പെട്ട തുരുത്തിൽ
കവിതയായ് കാത്തിരിയ്ക്കുന്നുണ്ട്.

വേഴാമ്പലുകളോട് കൂട്ടുകൂടിയ
ഇലമേഘങ്ങൾ കൊക്കുരുമ്മുന്ന
ഇണപ്രാവുകളുടെ കുറുങ്ങലിൻ്റെ
അർത്ഥം ചെവിയിലോതുന്നു.

നിറഞ്ഞു തുളുമ്പുന്ന
മധുപാത്രങ്ങളിൽ വിഷാദത്തിൻ്റെ
അണയാത്ത കനൽ
പതുക്കെയെരിഞ്ഞാളുന്നു.

മട്ടുപ്പാവിലെ ഇലച്ചാർത്തിൽ
ഇണയെത്തേടുന്ന ഒരു ശലഭം
നിൻ്റെ ചുറ്റും പറന്ന്
ക്യാൻവാസിൽ
നിന്നെ വരയ്ക്കുന്നു.

മഞ്ഞുരുകിപ്പോയ ഗ്രീഷ്‌മത്തിൻ്റെ
ചില്ലയിൽ പൂക്കളുടെ
മന്ദഹാസങ്ങൾ
മിന്നാമിന്നികളാകുന്നു.

ഒഴുകിയെത്തിയ മുന്തിരിച്ചാറിൻ്റെ
പുഴയിൽ നീ
പനിരാത്രികൾ
കുളിച്ചുകയറുന്നു.

ചെറു നിശ്വാസങ്ങളുടെ
കണികകളിൽ നീ ഒളിപ്പിച്ച
തേൻകണം തേടിയെത്തുന്ന ഭ്രമര
മൂളലുകൾ എൻ്റെ ശ്വാസവേഗങ്ങളെ
കറുത്ത ചിറകുകളാക്കുന്നു.

കടുത്ത ഛായപെൻസിലുകൾ
കോറിയിട്ട അഭൗമ ചിത്രങ്ങളിൽ
ഞാൻ നിലയ്ക്കാത്ത
ലവണജലാശയത്തിലേയ്ക്ക്
ഒലിച്ചുപ്പോയ
ഒരു മിഥ്യാരൂപം…..

തൃശൂർ ജില്ലയിലെ താഴെക്കാട് സ്വദേശി. കേരള പോലീസിൽ നിന്ന് സബ് ഇൻസ്‌പെക്ടറായി വിരമിച്ചു. ആനുക്കാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു. അഭിനയം, കഥ, തിരക്കഥ എന്നിവയിലും താൽപര്യം. പത്തോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ഷോർട്ട്ഫിംലിമുകളിലും 2023ലെ ഇറ്റ്ഫോക്കിന്റെ ഇൻറർനാഷണൽ നാടകോൽസവത്തിലും അഭിനയിച്ചു. രണ്ട് സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി . ആദ്യ കവിതാസമാഹാരം "ബോധിവൃക്ഷച്ചുവട്ടിൽ വീണ പഴുത്തരണ്ടിലകൾ".