അകന്നുപോയ കാർമേഘങ്ങൾ

കാർമേഘങ്ങൾ കൂട്ടപ്പലായനo നടത്തുകയായിരുന്നു. നനുത്ത കാറ്റിന്റെ കുളിര് പതിയെ ഹാളിനകത്ത് നിറഞ്ഞു. ജനൽ പഴുതിലൂടെ അരിച്ചിറങ്ങിയ നിലാവെളിച്ചം മഴപ്പാറ്റകൾക്ക് ആഘോഷമായി.

രാത്രി പത്തു മണിക്കാണ് രാജനച്ഛനെ ഡയാലിസിസിന് കൊണ്ടുവന്നത്. കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു. പെരിട്ടോണിയൽ ഡയാലിസിസ് എന്ന എനിക്ക് തീരെ പരിചിതമല്ലാതിരുന്ന ചികിത്സാരീതിയിലേക്കുള്ള തുടക്കമായിരുന്നു. അല്ലെങ്കിലും എനിക്കെന്താ പരിചയമുള്ളത്, ആശുപത്രിയിലെ മരുന്നിന്റെയും, ഗുളികയുടേയും മണം തന്നെ ഓക്കാനമായിരുന്നു. എല്ലാം ശീലമായിത്തുടങ്ങി.

ചന്ദ്രോത്ത് വീടുമായി കുട്ടിക്കാലംതൊട്ടുള്ള ആത്മബന്ധമാണ്. കുട്ടിക്കാലത്ത് ഏതാണ്ട് നാല് വയസ്സിലവിടെ എത്തിയതാണ്. എന്റെ വിദ്യാഭ്യാസം തൊട്ട് ഇന്ന് ഓടിക്കുന്ന ഓട്ടോ വരെ ഈ വീട്ടിലുള്ളവരുടെ നല്ല മനസ്സിന്റെ നന്മയാണ്. രാജനച്ഛന് മൂന്ന് മക്കളാണ്. മൂവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും വിവിധ രാജ്യങ്ങളിലായി ഇപ്പോൾ ജോലി ചെയ്യുന്നവരുമാണ്. രാജനച്ഛന്റെയും ദാക്ഷായണി അമ്മയുടെയും വളർത്തുമകനായി ഞാനും ആ കുടുംബത്തിലെ ഒരംഗമായി മാറുകയായിരുന്നു.

മനുഷ്യജീവിതത്തിൽ നന്മയ്ക്ക് ദൈവം വില കൽപ്പിക്കുന്നില്ല എന്ന് ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്. അല്ലെങ്കിൽ നാടിനും നാട്ടുകാർക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അദ്ദേഹത്തിന് കിഡ്നി നശിച്ച് രോഗാവസ്ഥനേരിടേണ്ടിവരാൻ എന്ത് തെറ്റാണ് ചെയ്തിട്ടുണ്ടാവുക. പൂർണ്ണ ആരോഗ്യവാനായി ജീവിതകാലം മുഴുവൻ ജീവിക്കേണ്ടയാൾ ഹിമോ ഡയാലിസിസ് തുടങ്ങിയിട്ട് വർഷമൊന്നാകുന്നു.

ആഴ്ചയിൽ മൂന്ന് തവണ ഞാനാണ് ഇക്കഴിഞ്ഞ കാലമത്രയും ഏവൺ ആശുപത്രിയിലും കോഴിക്കോട് മിംസിലും പരിശോധനക്ക് കൊണ്ടു പോയിരുന്നത്. ഇപ്പോൾ ദുബായിൽനിന്ന് മാലതിയേച്ചിയും കുടുംബവും നാട്ടിൽ സ്ഥിരതാമസമാക്കാനുള്ള തീരുമാനം എടുത്തത് എനിക്കേറെ ആശ്വാസം തരുന്ന വാർത്തയാണ്. അവരാണ് ആദ്യമായി പെരിറ്റോണിയൽ ഡയാലിസിസ് എന്ന ചികിത്സയെക്കുറിച്ച് എന്നോട് പറയുന്നത്. ചികിത്സയുടെ സാങ്കേതിക കാര്യങ്ങൾ എനിക്ക് പറഞ്ഞുതന്നത് ഐശ്വര്യ നേഴ്സായിരുന്നു.

കണ്ണൂർ മെഡിക്കൽ കോളേജിന് പറയാൻ ഒരുപാട് രാഷ്ട്രീയമുണ്ട്. എം.വി.രാഘവൻ എന്ന ധിഷണാശാലിയായ രാഷ്ട്രീയക്കാരൻ സഹകരണ മേഖലയിൽ പടുത്തുയർത്തിയ ഏഷ്യയിലെതന്നെ ഏറ്റവും വലിയ മെഡിക്കൽ കോളേജുകളിൽ ഒന്നായിരുന്നു പരിയാരം മെഡിക്കൽ കോളേജ്. ഇപ്പോഴത് സർക്കാർ ഏറ്റെടുത്ത് കണ്ണൂർ മെഡിക്കൽ കോളേജ് ആക്കിമാറ്റി.

നെഞ്ചിലും കയ്യിലുമായി കുറേ ഏറെ കുത്തിക്കെട്ടലുകൾ. രാജനച്ഛനെ ഇപ്പോൾ കണ്ടാൽ തന്നെ രോഗിയാണെന്ന് പറയും. എങ്കിലും ഉള്ളിലെ വേദനയും വിഷമവും പുറമെ കാണിക്കില്ല. വീട്ടിലാണെങ്കിൽ അമ്മയോട് തമാശകൾ പറഞ്ഞിരിക്കും. ഓർമ്മയ്ക്ക് ഈയിടെയായി അൽപ്പം കുറവുണ്ട്. പെരിട്ടോണിയൽ ഡയാലിസിന്റെ കത്രിഡൽ വയറ്റിൽ പ്രവർത്തിപ്പിക്കാനുള്ള ശ്രമം തുടങ്ങാമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. വയറിലെ മേൽ ഭാഗത്ത് രണ്ട് ലിറ്ററോളം ഫ്ലൂയിഡ് കടത്തി നാല് മണിക്കൂർ കഴിഞ്ഞ് തിരിച്ചെടുക്കുന്ന പ്രക്രിയയാണ് പെരിറ്റോണിയൽ ഡയാലിസിസ്. പെരിറ്റോണിയൽ ഡയാലിസിസ് വീട്ടിൽ നിന്ന് തുടങ്ങുന്നതിന് മുൻപ് തന്നെ കൂട്ടിരുപ്പുകാരെ ഡയാലിസിസ് ചെയ്യുന്ന വിധം പഠിപ്പിച്ച് തരും എന്നാണറിഞ്ഞത്. അപ്പോഴേക്കും മാലതിയേച്ചി എത്തുകയും ചെയ്യും.

ആബുലൻസിന്റെ നിരന്തരശബ്ദം എനിക്ക് മാനസികമായി ബുദ്ധിമുട്ടുകളുണ്ടാക്കി. മെഡിക്കൽ കോളേജ് ആയതിനാൽ അപകടം പറ്റിയ രോഗികളും മരണങ്ങളും പതിവാണിവിടെ. രോഗികൾ വന്നും പോയും തിരക്കാണെന്നും. സാധാരണക്കാർക്ക് ഒരാശ്വാസമാണ്. ‘കാരുണ്യ’ വഴി സൗജന്യമായും വിലക്കുറവിലും മരുന്നുകൾ ലഭിക്കുന്നുണ്ട് . അതുകൊണ്ടുകൂടിയാകാം രോഗികളുടെ എണ്ണത്തിൽ വർദ്ധനവും ഉണ്ടാകുന്നത്.

ഇവിടെ സ്ഥിരമായി ഡയാലിസിസ് ചെയ്യാത്ത രോഗികളായതിൽ തന്നെ ഒഴിവു സമയത്തായിരുന്നു നമുക്ക് അവസരം ലഭിച്ചിരുന്നത്. ഡയാലിസിസിന് രോഗികളെ അകത്തുകയറ്റിക്കഴിഞ്ഞാൽ മരുന്നോ മറ്റ് അവശ്യ സാധനങ്ങളോ എത്തിച്ച് കൊടുത്താൽ സാധാരണ കൂട്ടിരിപ്പുകാർ അവരുടെ ആവശ്യങ്ങൾക്കായി പുറത്ത് പോകാറാണ് പതിവ്. എനിക്ക് ആ ശീലമില്ലാത്തതിനാൽ ഫൈബർ കസേരയിൽ ഫാനിന് താഴെ സ്ഥാനമുറപ്പിക്കും. ഇല്ലെങ്കിൽ കൊതുകിന് രക്തദാനത്തിനവസരമൊരുങ്ങും. കസേരയിൽ പാതിമയക്കത്തിനിടെ പതിവില്ലാതെ എന്റെ അമ്മയുടെ മുഖം മനസിൽ തെളിഞ്ഞു വന്നു. നാലാം വയസിൽ അച്ഛനും അമ്മയും ചേച്ചിയും ഒരു വാഹന അപകടത്തിൽ നഷ്ടപ്പെട്ട എനിക്ക് അമ്മയുടെ മുഖം നേരിയ ഓർമ്മയേ ഉള്ളു. ഫോട്ടോ പോലും ഇല്ല. എന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കേണ്ട ഭയം മൂലം ബന്ധുക്കളാരും അന്നുണ്ടായില്ല. സാമൂഹ്യപ്രവർത്തകൻ രാജൻ മാഷ് എന്നെ ആശുപത്രിയിൽ നിന്നും നേരെ ചന്ദ്രോത്തേക്ക് കൊണ്ടു വന്നു. വീട്ടിലാരും എതിരുപറഞ്ഞില്ല. അങ്ങനെ ഞാനും ചന്ദ്രോത്തെ ഒരംഗമായി.

മേഘങ്ങൾക്കിടയിലൂടെ തെളിഞ്ഞ ആകാശത്ത് ചന്ദ്രനെ പോലെ അമ്മയുടെ മുഖം ഞാൻ കണ്ടു. എന്നോട് പുഞ്ചിരിക്കുകയാണ്. ഒരു ഞെട്ടലോടെ അമ്മേ എന്ന് വിളിച്ചു. ‘എന്താ മോനെ’ എനിക്ക് അഭിമുഖമായിരുന്ന സ്ത്രീയുടെ ആയിരുന്നു ആ ശബ്ദം. എന്റെ അമ്മയുടെ അതേ മുഖച്ഛായ. ഒന്നു പതറിയെങ്കിലും എന്റെ ജാള്യത പുറത്ത് കാണിക്കാതെ ഞാൻ ചോദിച്ചു.

“ആർക്കാണ് അസുഖം”

“ശ്വാസതടസായിറ്റ് രണ്ടീസായി ഈട അഡ്മിറ്റായ്റ്റ് . ഡയാലിസിസ് ചെയ്യുന്നോണ്ട് ഈട അഡ്മിറ്റാക്കീന്”

” നേരത്തേ കണ്ടിട്ടില്ല ”

“കാഞ്ഞങ്ങാട് ആശുവത്രീന്നാ ചെയ്യ്ന്ന്. ഈട സൗകര്യുള്ളപ്പൊ അല്ലെ നമ്മക്ക് സമയം കിട്ടൂ. ഇന്ന് രാത്രി വരാനാ പറഞ്ഞിന്”

ഞാൻ അവരോട് ചിരിച്ചു. അവരും ചിരിച്ചു. എന്റെ അമ്മയുടെ അതേ ചിരി.

രോഗികളുടെ ബുദ്ധിമുട്ടുകൾ എല്ലാവരും വേദനയോടെ പറയും. എന്നാൽ കൂട്ടിരുപ്പുകാരുടെ ബുദ്ധിമുട്ടുകൾ ആരും അറിയുകയും ചിന്തിക്കുകയും ഇല്ല. ലക്ഷ്മിയമ്മയ്ക്ക് ഭർത്താവല്ലാതെ മറ്റൊരു ലോകമില്ല. അവർക്ക് വേണ്ടി മാത്രമായൊരു സന്തോഷലോകം ആഗ്രഹിച്ചിരുന്നില്ല. നാട്ടിലെ വിവാഹങ്ങളിലൊ, ആഘോഷങ്ങളിലൊ അവർ പങ്കെടുത്തിട്ട് വർഷങ്ങളായി. ഭർത്താവിന്റെ ചികിത്സയും, ശുശ്രൂഷയുമാണ് ഇന്നവരുടെ ജീവിതം. നമ്മുടെ മുന്നിൽ തുറന്ന് പറഞ്ഞ വേദനകൾക്കിടയിലും പുഞ്ചിരിമായാത്ത മുഖം എന്റെ മനസിനെ വല്ലാതെ അവരിലേക്ക് അടുപ്പിച്ചു.

ട്രോളികളും വീൽ ചെയറുകളും ഡയാലിസിസ് റൂമിലേക്ക് കയറി ഇറങ്ങി തുടങ്ങിയിരുന്നു. ജീവൻ രക്ഷിക്കാൻ ഇവിടെ മനുഷ്യൻ പെടാപ്പാടുപെടുമ്പോൾ നിസ്സാര കാര്യത്തിന് പോലും ആത്മഹത്യക്കൊരുങ്ങുന്ന മനുഷ്യരെ ഒരു നിമിഷം ഓർത്തുപോയി.

മഴമേഘങ്ങൾമാറി. ജനൽ പാളികളിലൂടെ തെളിഞ്ഞ ആകാശത്തെ നിറനിലാവ് വരാന്തയിലേക്ക് ഒഴുകിവന്നു. സമയം രണ്ട് മണിയാകാറായി. അവസാന ഷിഫ്റ്റായതിനാൽ നെഴ്സുമാരും തിടുക്കം കൂട്ടുന്നത് കാണാം. അടുത്ത ഷിഫ്റ്റ് രാവിലെ ആറ് മണിക്ക് വീണ്ടും തുടങ്ങും.

പുറത്ത് ബഞ്ചിലിരുന്നവർ ഓരോരുത്തരായ് ആലസ്യത്തിൽ നിന്നും ഉണർന്നെഴുന്നേറ്റ് ഫ്ലാക്സുകളും സഞ്ചികളും ഒരുക്കി പോകാനുള്ള ഒരുക്കത്തിലായ്. ലക്ഷ്മിയമ്മയ്ക്ക് മാത്രം ഒരു തിടുക്കവുമില്ല.

“ചേച്ചിയെന്താ ഇവിടെ തന്നെ കൂടാനുള്ള പുറപ്പാടാണോ” തൊട്ടടുത്തിരുന്ന സ്ത്രീ തമാശ രൂപേണ അവരോട് തിരക്കി

”ഇന്ന് ഞാനിടത്തന്നെ ഇരിക്കേന്ന്, ഓർക്കെന്റെ ബുദ്ധിമുട്ട് മനസിലാവും”

”എന്ത് ബുദ്ധിമുട്ട്. ഇവരൊക്കെ പോയ്ക്കഴിഞ്ഞാൽ പിന്നെ ആറു മണിക്കേ ഇവിടെ ആളനക്കമുണ്ടാവൂ. ഇവിടെ ഒറ്റക്കിരിക്കാനൊന്നും പറ്റില്ല. പോരെങ്കിൽ കൊതുകളും ഉണ്ട്”

“അതൊന്നും സാരൂല്ല മക്കളെ. എനിക്കിതെല്ലും ശീലാ. ഏതെല്ലാം ആശൂത്രില് കേറി എറങ്ങി” .

ഞാനും ഇടപെട്ടു

“അമ്മ ഈട ഇരിക്കണ്ട. നേഴ്സൊക്കെ പോയാപ്പിന്നെ ഈടയൊന്നും ആരുണ്ടാവൂല. സെക്ക്യൂരിറ്റിക്കാര് പോലും വരാത്തിടാ.”

”മോനെ എനിക്ക് റും കിട്ടീറ്റ. ജനറൽ വാഡില് തായ കെടന്നാ ശരിയാവൂല. ഐലും നല്ലത് ഈട ഇരിക്ക്ന്നാ”.

അവരുടെ വാക്കുകളിൽ തെല്ലഹാങ്കാരമുണ്ടോ എന്ന് തോന്നാതിരുന്നില്ല. നൂറുകണക്കിനാളുകൾ ജനറൽ വാർഡിൽ കിടക്കുന്നത് കാണാറുണ്ട്. അവിടെപ്പോലും ഇടം കിട്ടാതെ ഇടനാഴികളിലും മറ്റും തോർത്ത് വിരിച്ച് കിടക്കുന്നവരെ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉറച്ച ശബ്ദത്തോടെ അവരോട് സംസാരിക്കേണ്ടി വന്നു.

“നിങ്ങക്ക് ആട കട്ടിൽന്റെ തായ ഷീറ്റ് വിരിച്ച് കെടന്നൂടെ. ഞാൻ വേണങ്കില് മരുന്ന് പെട്ടിന്റെ കാർബോഡ് എട്ത്തിറ്റ്തെര. പിന്നെ തണ്പ്പടിക്കുന്ന് പേടിക്കണ്ട. ഈടിരുന്ന് എന്തെങ്കില് ആയ്റ്റിണ്ടേങ്കില് ആര്കാണാനാ”

അവരുടെ മുഖത്ത് നിഷ്ക്കളങ്കമായ ചിരി വിരിഞ്ഞു. എന്റെ അമ്മയുടെ അതേ ചിരി. ദാമോദരൻ എന്ന പേര് നേഴ്സ് അകത്ത് നിന്നും അനൗൺസ് ചെയ്തപ്പോൾ ലക്ഷ്മിയമ്മ കസേരയിൽ നിന്നും ഞരക്കത്തോടെ എഴുന്നേറ്റു. ഡയാലിസിസ് റൂമിലേക്ക് നടക്കുന്നതിനിടയിൽ എല്ലാവരോടുമായ് പറഞ്ഞു.

“എനക്ക് വലത് കാലില്ല മക്കളെ. ഓട്രഷ മറിഞ്ഞപ്പോ മുറിച്ച് കളഞ്ഞതാ”

എന്റെ തൊണ്ടയിലേക്ക് നാവിറങ്ങിപ്പോയത് പോലെയായി. എന്റെ കുടുംബവും ഇതുപോലൊരു ഓട്ടോ അപകടത്തിൽപ്പെട്ട് നഷ്ടപ്പെട്ടതാണ്. അന്ന് ദൂരേക്ക് തെറിച്ചുവീണ് രക്ഷപ്പെട്ടത് ഞാൻ മാത്രമായിരുന്നു.

“ഈ മുറിഞ്ഞ കാലോണ്ട് തയ കെടന്നാല് എണീക്കാനാവൂല. കെടക്കുമ്പം ഈ കാല് അയ്ച്ച് വെക്കണം. ഇവരാന്നേങ്കില് എടക്കെട്ക്ക് വിളിക്കും. വെള്ളം വേണം, മൂത്രോയ്ക്കണം എല്ലും എന്നെ കൊണ്ടാവ്വാ. രാത്രിക്ക് ലൈറ്റോഫാക്ക്യാ ആരും വിളിച്ചാ കേക്കൂല. അല്ലേങ്കിലും ആര് സഹായിക്കാനാ”

ഒരു നിശബ്ദത തളം കെട്ടിനിന്നു.

എന്റെ ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി. എന്ത് പറഞ്ഞാണ് അവരെ സമാധാനിപ്പിക്കുക. വാക്കുകൾക്ക് വേണ്ടി ബുദ്ധിമുട്ടി.

ലക്ഷ്മിയമ്മ പതിയേ ഡയാലിസിസ് റൂമിലേക്ക് നടന്നു. കാർമേഘങ്ങൾ മൂടി ആകാശം ഇരുട്ടിലേക്ക് മറയുന്നത് പോലെ എന്റെ കണ്ണുകൾ മൂടപ്പെട്ടു.

പയ്യന്നുർ പരവന്തട്ടയിൽ ജനനം. പയ്യന്നുർ കോളേജിൽ നിന്ന് ബിരുദവും, മംഗലാപുരം എസ്.ഡി.എം ലോകോളേജിൽ നിന്ന് നിയമ ബിരുദവും പൂർത്തിയാക്കി അഭിഭാഷകനായി. ഇപ്പോൾ ദുബായിൽ ആർക്കേഡ് ലിങ്ക് ടെക്നിക്കൽ സെർവ്വീസസ് എന്ന സ്ഥാപനം നടത്തുന്നു. യു എ ഇ യിലെ സാഹിത്യ സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സജീവമാണ്. അറിയപ്പെടുന്ന ഫോട്ടോ ഗ്രാഫറാണ്. പ്രസിദ്ധീകരിച്ച കൃതികൾ 'മരുപ്പച്ചകൾ എരിയുമ്പോൾ" (നോവൽ)' 'ലിഫ്റ്റിനടുത്തെ പതിമൂനാം നമ്പർ മുറി” (കഥാസമാഹാരം) . ആനുകാലികങ്ങളിൽ കഥകളും, കവിതകളും എഴുതാറുണ്ട്.