പച്ച ജീവൻ കൊരുത്തിരിക്കുന്ന മലമരവേരുകൾ

കാലുകൾ വായുവിൽ തുഴയുന്നു
തല ആകാശത്തേക്ക്
മലർന്നിരിക്കുന്നു
കണ്ണ് കനം വെച്ചടയുന്നു
കൈകൾ കൊണ്ട്
ഏതോ വേരിൽ അമർത്തിപ്പിടിച്ചിട്ടുണ്ട്
കുറേ നേരമായി ഇങ്ങനെ…
ഇപ്പോ വീഴും, വീഴില്ല എന്ന മട്ടിൽ…

തുലനം,
സർക്കസ്സിൽ മാത്രമല്ല,
വെള്ളത്തിനടിയിൽ നിന്നും
മുകളിലേക്കു പായുന്ന
വായു കുമിളകളെ പിടിച്ചു വെച്ച്
മുത്തുമാല ഉണ്ടാക്കാനുള്ള
ആഗ്രഹം പോലെ
എന്നും
കൈയ്പ്പുറമേയായിരുന്നു…

ഇതും,
കൈയിൽ നിന്നില്ല…
പരിശീലനം ഏറെ കിട്ടിയിരുന്നെങ്കിലും,
നല്ലോരഭ്യാസി എന്ന മുദ്ര
നെറ്റിയിലാരോക്കെയോ
പതിച്ചു വെച്ചിരുന്നെങ്കിലും,
കൈക്കഴപ്പ്,
ശരീരമാകെയും, ബോധത്തെയും
മരവിപ്പിച്ചു കളഞ്ഞ പോലെ…

കൈവിട്ടു കാണും,
മരവിപ്പായിരുന്നല്ലോ…
ഞാൻ പോലും അറിഞ്ഞു കാണില്ല
പക്ഷേ,
അവരൊക്കെ പറയുന്നു
മരിച്ചു കിടക്കുമ്പോഴും
നിൻ്റെ നെഞ്ചിലെ
രോമത്തിൽ
അള്ളിപ്പിടിച്ചാണ് ഞാൻ കിടന്നതെന്ന്!

മലമടക്കുകളിൽ നിന്നും
കീഴ്‌ക്കാം തൂക്കായി
മറിഞ്ഞു കൊണ്ടിരിക്കുമ്പോൾ,
മിടിയ്ക്കാനുള്ള
അവസാനത്തെ ശ്രമത്തിൽ,
എൻ്റെ കൈയ്യുടക്കിയ
ഏതോ മലമരവേരാണതെന്ന്,
അവരെ ആരു പറഞ്ഞു മനസ്സിലാക്കാൻ!

അവസാനത്തെ തണുപ്പിന് മുന്നേ
ഇത്തിരിച്ചൂട് നൽകിയ
കൽക്കണ്ടക്കനിവുള്ള
കരിമലയാണതെന്ന് ആരറിയാൻ!
അവരിപ്പോഴും പറയുന്നു,
നിൻ്റെ നെഞ്ചിലെ
തൊലി പിളർത്തിയാണത്രെ
എന്നെയെൻ്റെ
കുഴിമാടത്തിലേക്ക് അവരെടുത്തത്!

എൻ്റെ കൈവെട്ടിയെടുക്കാതെ
നിൻ്റെ നെഞ്ച് പിളർത്തിയെടുക്കാൻ
നീ പറഞ്ഞെന്ന്
അവർ അടക്കം പറയുന്നു
എൻ്റെ കൈകൾ ഇപ്പോഴും
ആ മലമരവേരുകളിൽ
പിടിച്ചു തൂങ്ങുന്നു,
ജീവൻ്റെ പച്ച തിരയുന്നു.

പാലക്കാട് സ്വദേശി. ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (ഭൗതിക ശാസ്ത്രം). ആനുകാലികങ്ങളിൽ കവിത, ശാസ്ത്ര ലേഖനങ്ങൾ തുടങ്ങിയവ എഴുതുന്നു. കരിമഷി എന്ന നോവൽ കൂടാതെ, അഞ്ചോളം ശാസ്ത്ര ഗ്രന്ഥങ്ങളും, രണ്ടു കവിതാസമാഹരണങ്ങളും ഒരു ബാലസാഹിത്യകൃതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്