ചെറുതല്ലാത്ത ഈ നിമിഷം

ഈ നിമിഷം ഒട്ടും ചെറുതല്ല,
ഇപ്പോൾ
ഞാനീ വരികൾ കുറിക്കുന്ന
ഈ നിമിഷം,

ലോകത്തെവിടെയെങ്കിലും…..
ഒരു വാഹനം അപകടത്തിൽ പെടുന്നുണ്ടാവും

എവിടെയെങ്കിലും
ഒരമ്മ കുഞ്ഞിന് മുലയൂട്ടുന്നുണ്ടാവും

എവിടെയെങ്കിലും
ഒരു പെണ്ണ് ബലാത്സംഗം ചെയ്യപ്പെടുന്നുണ്ടാവും

എവിടെയെങ്കിലും
ഒരാൾ മറ്റൊരാളുടെ മുതൽ മോഷ്ടിക്കുന്നുണ്ടാവും

എവിടെയെങ്കിലും
ഒരു വിത്ത് മുളപൊട്ടി തളിരിടുന്നുണ്ടാവും

എവിടെയെങ്കിലും
ഒരാൾ മറ്റൊരാളെ മുഖത്തടിക്കുന്നുണ്ടാവും

എവിടെയെങ്കിലും
ഒരാൾ ആത്മഹത്യ ചെയ്യുന്നുണ്ടാവും

എവിടെയെങ്കിലും
രണ്ട് മിന്നാമിനുങ്ങുകൾ ഇണ ചേരുകയാവും

ഈ നിമിഷം,
എവിടെയെങ്കിലും
ഒരു കുട്ടി ആദ്യക്ഷരങ്ങൾ നുകരുകയാവും

എവിടെയെങ്കിലും
ഒരു കുഞ്ഞു പിറക്കുന്നുണ്ടാവും

എവിടെയെങ്കിലും
ഒരു ശലഭം തേൻ നുകരുന്നുണ്ടാവും

എവിടെയെങ്കിലും
ഒരു പൂ വിടരുന്നുണ്ടാവും

എവിടെയെങ്കിലും
ഒരു തേങ്ങ അരഞ്ഞ് ചമ്മന്തി ആവുകയാവും

എവിടെയെങ്കിലും
ഏതെങ്കിലും ആലയിൽ പഴുത്തു ചുവന്ന ഇരുമ്പ്
പകയും വിശപ്പും കാച്ചികുറുക്കുന്നുണ്ടാവും

എവിടെയെങ്കിലും
ഒരാൾ കൂർക്കം വലിച്ച്
വലിയ സ്വപ്‌നങ്ങൾ കണ്ട് ഉറങ്ങുന്നുണ്ടാവും

എവിടെയോ
ഒരാൾ മരണപ്പെട്ടു ചിതയിലെരിയുന്നുണ്ടാവും

ഈ നിമിഷമെന്നത്
അത്ര ലളിതമൊന്നുമല്ല,

എവിടെയെങ്കിലും ഒരാൾ
പച്ചത്തെറികൾ വിളിക്കുന്നുണ്ടാവും

ഏതെങ്കിലും അടുപ്പിൽ ചട്ടിയിൽ
എണ്ണയിൽ ഉണ്ണിയപ്പം പൊരിയുന്നുണ്ടാവും

എവിടെയോ നാളെ മരിക്കേണ്ടയാൾ
അടുത്ത ആഴ്ചയിലേക്കുള്ള പദ്ധതി ആലോചിക്കുകയാവും

എവിടെയെങ്കിലും
ഒരാൾ സ്ത്രീശാക്തീകരണ പ്രസംഗത്തിന്
കയ്യടി നേടി തിരിച്ചു വരുമ്പോൾ
മകൾക്ക് ഇരുന്നൂറ്റൊന്ന് പവൻ വാങ്ങുകയാവും

എവിടെയെങ്കിലും
ഗുരുത്വാകർഷണം മൂലം
ആപ്പിൾ താഴോട്ട് നിപതിക്കയാവും

എവിടെയെങ്കിലുമൊരുത്തൻ
പീഡനകേസിലെ പ്രതിക്ക്
വധശിക്ഷവേണമെന്ന് അലറിയിട്ട്
ഫോണിൽ കിട്ടിയ ബലാത്സംഗവീഡിയോ ആസ്വദിക്കുകയാവാം

എവിടെയോ ഒരു അഭയാർത്ഥി
നാടറിയാതെ പലായനം ചെയ്യുകയാവാം

എന്തിനധികം,
ഈ നിമിഷം തീരെ ചെറുതല്ല,
ഇപ്പോൾ, ഈ നിമിഷം തന്നെ
മറ്റൊരിടത്തു
മറ്റൊരു കവിയത്രി
ഒരു കവിത എഴുതുകയുമാവാം.

പാലക്കാട്‌ സ്വദേശി. NISER ഭുവനേശ്വറിൽ ഗണിതശാസ്ത്രത്തിൽ ഗവേഷണവിദ്യാർത്ഥി. 'രാത്രിവെയിൽ' എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവമാധ്യമങ്ങളിലും എഴുതാറുണ്ട്.