വിജയപരാജയങ്ങളുടെ അനിശ്ചിതത്ത്വത്തിൽ
ചൂതിനിറങ്ങിയ യുധിഷ്ഠിരൻ
ഒന്നു തിരിഞ്ഞു പോലും നോക്കാതെ
പടിയിറങ്ങി…
ഉണങ്ങാനിട്ടിരുന്ന
ഉത്തരീയം ഓടിപ്പിടിച്ച് കൊണ്ടു കൊടുക്കുമ്പോൾ
ആ മുഖത്ത്, നന്ദിയോ സഹതാപമോ
വിരിഞ്ഞില്ല!!
ഒന്നുകൂടി വേവാനുണ്ടായിരുന്ന
കഞ്ഞിയായിരുന്നിട്ടും
ഒന്നും മറുത്തു പറയാതെ
തൻ്റെ അംഗലാവണ്യം ആവോളമാസ്വദിച്ച്
വെച്ച കഞ്ഞി മുഴുവൻ ഊറ്റിക്കുടിച്ച്
ഭീമൻ ഗദയുമായിറങ്ങി….
ദ്രോണാചാര്യർ കൊടുത്ത
പുതിയ ചുമതലയിൽ,
കാര്യക്ഷമത തെളിയിക്കാനുള്ള
നെട്ടോട്ടത്തിലാണ്,
ഉറക്കം പോലുമില്ലാതെ അർജ്ജുനൻ…
സൗന്ദര്യവർദ്ധക വസ്തുക്കൾ
മാറി മാറി അരച്ച്
തൻ്റെ കൈയ്യും കല്ലും
തേഞ്ഞ് തീരാറായിട്ടും
നകുല സഹദേവന്മാർ
കണ്ണാടിക്കു മുന്നിൽ
സംതൃപ്തരാവുന്നില്ലല്ലോ…..
ഒന്നു നെടുവീർപ്പിടാൻ പോലും
നേരമില്ലാതെ
ദ്രൗപദി വീണ്ടും ഉച്ചയൂണിൻ്റെ
തിരക്കിലേക്ക്…..