(അ)കാരണം

ഉപേക്ഷിക്കാൻ
സാമ്രാജ്യമില്ലാത്തതിനാൽ
ബുദ്ധനായില്ല

പേരിനുപോലുമൊരു  
ശിഷ്യനില്ലാത്തതിനാൽ
യേശുവുമായില്ല

ഗാന്ധിയാവാതിരിക്കാൻ കാരണം
വലംകവിളിലെ
വേദനയായിരുന്നു  

കൊന്ന പാപം
തിന്നു തീർത്തതിനാൽ
വാത്മീകിയോ,
ഉപദേശങ്ങൾ കേട്ടുമാത്രം
ശീലിച്ചതിനാൽ
കൃഷ്ണനോ ആവാനായില്ല  

ആവാത്തതിനൊക്കെ
കാരണങ്ങളെങ്കിലുമുണ്ട് ! 
ആയതിനാണ്
ഒരു കാരണം
പോലുമില്ലാത്തത് 

കണ്ണൂർ സ്വദേശി. ബ്രണ്ണൻ കോളേജിലും കൊച്ചിൻ യൂണിവേഴ്സിറ്റിയിലുമായി പഠനം. സാമൂഹിക മാധ്യമങ്ങളിൽ സജീവമായി എഴുതുന്നു.