സ്വസ്തി

നീ മാത്രം പൂക്കുമൊരു
പ്രണയപ്പൂന്തോപ്പുണ്ടെൻ മനസിൽ
ഋതുഭേദങ്ങളില്ലാതെ,
ആദ്യന്തങ്ങളില്ലാതെ
നീയെന്ന
ഒറ്റപ്പൂക്കാലം
മാത്രമാണവിടെ…

നീ മാത്രം തെളിയുമൊരു
ഛായാമുഖിയുണ്ടെൻ ഹൃത്തിൽ!
എത്ര തെളിമയോടെ,
അഴകോടെ
നിന്റെ
സ്നേഹാർദ്രരൂപം
പതിഞ്ഞിരിക്കുന്നതിൽ ….

നിൻ വിരൽത്തണുപ്പിലേക്ക് മാത്രം
പടരുന്ന വേരുകളുണ്ടെന്നിൽ!
ആ തണുപ്പാണ്
ഒരു വേനലും
പതിയ്ക്കാതെ
എന്നെ
നിലനിർത്തിയിരിക്കുന്നത്…..

നീയെന്ന പ്രതീക്ഷയിലേക്ക് മാത്രം
ചരിക്കുമൊരാത്മാവുണ്ടെന്നിൽ!
നിന്നിലാണ്
എന്റെ സ്വസ്തിയെന്ന്
നിരന്തരം
എന്നെ
ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നത്.

കൊല്ലം സ്വദേശി. ഇപ്പോൾ സൗദി അറേബ്യയിൽ കുടുംബസമേതം താമസം. ലാബ്‌ ടെക്നിഷ്യൻ ആയി ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിൽ എഴുതാറുണ്ട്.