2013 ൽ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ച “സ്വരഭേദങ്ങൾ” എന്ന കൃതി അസാധാരണമായ ഒരു ജീവിത കഥയാണ്. ഭാഗ്യലക്ഷ്മി എന്ന പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റിന്റെ സഹന പർവ്വങ്ങളുടെ ഏടുകൾ ഏറ്റവും ലളിതമായ ഭാഷയിൽ അവതരിപ്പിക്കുമ്പോൾ, ചിലപ്പോഴെങ്കിലും ഉള്ള് പൊള്ളുന്ന ഒരനുഭവം വായനക്കാരനിലുണ്ടാവുന്നുണ്ട്.
ജീവിതത്തിന്റെ വേഷപ്പകർച്ചകളെ ഒരലങ്കാരവുമില്ലാതെ നമ്മുടെ മനസ്സിലേക്ക് പ്രവഹിപ്പിക്കുമ്പോൾ നാമറിഞ്ഞ, നാമറിയുന്ന ഭാഗ്യലക്ഷ്മിയാണോ ഇത് എന്ന് തോന്നിപ്പോകും,.അവർ ശബ്ദം കൊടുത്ത സിനിമയിലെ കഥാപാത്രങ്ങളെക്കാൾ തേങ്ങലുകൾ ഉള്ളിലലയടിക്കുമ്പോൾ സ്വരഭേദങ്ങൾക്ക് അർത്ഥവും ആഴവും വ്യാപ്തിയുമേറുന്നു. അനാഥ ബാല്യത്തിൽ തുടങ്ങിയ ജീവിതം. കഠിനാദ്ധ്വാനത്തിലൂടെയും ഉൾക്കരുത്തിലൂടെയും പേരും പെരുമയും നേടിയെങ്കിലും സ്വന്തം വേരുകൾ മറക്കാതെ കൂടുതൽ വിനയാന്വിതയാവുകയാണവർ.
‘ന ബ്രൂയാത് സത്യമപ്രിയം’ എന്ന നിയമം പാലിച്ചുകൊണ്ടുതന്നെ ഒരാൾക്കും വേദനയുണ്ടാക്കാതെ തന്റെ ജീവിതത്തിലെ ഓരോ ഏടുകളും ഭാഗ്യലക്ഷ്മി കോറിയിട്ടു – ഒറ്റപ്പെടലിന്റെ അരക്ഷിതാവസ്ഥയിൽ സ്വയം ഒരു ബാരിക്കേഡ് സൃഷ്ടിച്ച് സുരക്ഷയൊരുക്കിയ ഉരുക്കു മനസ്സുള്ള സ്ത്രീ.മക്കൾ അവർക്ക് താങ്ങും തണലുമായിരുന്നു.
വിവാഹശേഷം വൈകി വന്ന പ്രണയം ഭാഗ്യലക്ഷ്മിയുടെ ജീവിതത്തിൽ ചില മാറ്റങ്ങളുണ്ടാക്കി. അവരതിനെ വരച്ചുകാട്ടുന്നതിങ്ങനെ:
” എന്റെപ്രണയം മുറുക്കിപ്പിന്നിയിരുന്ന എന്റെ മുടി വിടർത്തിയിട്ടു.. എന്റെ നെറ്റിയിൽ ചുവന്ന പൊട്ടു തൊടുവിച്ചു.മുഖത്തൊരു പുഞ്ചിരിയുണ്ടാക്കാനും മറ്റുള്ളവരെ വിശ്വസിക്കാനും പഠിപ്പിച്ചു. “
കളിമണ്ണിനെ ശില്പമാക്കിയെടുത്തയാൾ അകലാൻ തുടങ്ങിയപ്പോൾ വീണ്ടും കരുത്തുറ്റ മനസ്സോടെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെജീവിതത്തിലേക്ക് തിരിച്ചു വന്നു അവർ.
ആമുഖത്തിൽ ശ്രീ സത്യൻ അന്തിക്കാട് പറയുന്നത് പോലെ,”ഇക്കാലഘട്ടത്തിൽ ദുസ്സഹമായേക്കാവുന്ന ജീവിതഭൂമികയിൽ വളർന്നു വരേണ്ട പെൺകുട്ടികൾക്കും, വീട്ടമ്മമാർക്കും കരുത്ത് പകരുന്ന ഒരു പാഠപുസ്തകമാണിത്. താങ്ങാൻ പശ്ചാത്തലശക്തികളൊന്നുമില്ലാത്ത ഒരു സ്ത്രീക്ക് തന്റേടത്തോടെ ജീവിക്കാനുള്ള ആത്മവിശ്വാസം പകരുന്ന കൃതി “. ഒരിക്കലും വായിച്ചു തീരാത്ത പുസ്തകമാണ് ഭാഗ്യലക്ഷ്മി.
ഗാന്ധിജി ഗീതയെ കൈയ്യിൽ കരുതിയത് പോലെ ,തളരുമ്പോൾ കൈകളിലിറുക്കിപ്പിടിക്കാവുന്ന ഒരു ജീവിത പുസ്തകമാണിതെന്ന് തോന്നുന്നു.ജീവിതത്തിന്റെ നവരസ പ്പകർച്ചകൾ തന്മയത്വത്തോടെ പകർന്നാടി വിജയിച്ച, കലർപ്പില്ലാത്ത ഒരു ജീവിത ചിത്രണം…..
ഒറ്റപ്പെട്ടു പോയ കുട്ടി എന്ന ആദ്യഭാഗം മുതൽ അവസാന താളുകൾ വരെ വായിക്കുമ്പോൾ ജീവിതത്തിന്റെ പ്രഹരങ്ങളനേകം ഏറ്റുവാങ്ങി,, പല വാതിലുകൾ കടന്നെത്തിയ ഈ അഗ്നിക്കനൽ നമ്മുടെ മനസ്സിന്റെ പൂമുഖപ്പടിയിൽ സുസ്മേരവദനയായി അവശേഷിക്കുന്നു. ശ്രീ.എം.ടി വാസുദേവൻ നായർ പറഞ്ഞത് പോലെ കുലീനമായ കള്ളമാണ് ആ ചിരി. കടന്നു പോയ ജീവിത വ്യഥകളെ മായ്ച്ചു കളയാൻ ദൈവം അനുഗ്രഹിച്ചു നൽകിയ ചിരി. തിളക്കമുള്ളവാക്കുകൾ കണ്ണീരിൽ ചാലിച്ച് പടുത്തുയർത്തിയ ധ്യാന മണ്ഡപമാണ് ഈ പുസ്തകം.
സ്വരഭേദങ്ങൾ
ഭാഗ്യലക്ഷ്മി
ഡി സി ബുക്സ്
വില ₹202.00/-