മണ്ണിനു കാതു കൊടുക്കുകയാണേൽ
കേൾക്കാം പാതി ആയുസ്സിൽ
പൊഴിയുന്ന ഇലകളുടെ,
കാമം കുത്തിക്കീറിയ
കുഞ്ഞു പെണ്ണുടലുകളുടെ
ചിലമ്പിച്ച പ്രാണന്റെ സംഗീതം
കാറ്റിന് കാതു കൊടുത്താൽ
അതിലൂറുന്നത്
വരണ്ട പുഴയുടെ,
ആകാശം നഷ്ടപ്പെട്ട കിളിയുടെ,
വെയിൽ ഉണക്കിയ
വിത്തുകളുടെ
താളം നഷ്ടപ്പെട്ട സംഗീതം.
നമ്മളിലേക്ക് കാതു കൊടുത്താൽ
കേൾക്കാം ചിരിയെന്ന പേരിൽ
അശാന്തമായ ചിന്തകളുടെ മർമ്മരം
വാടിത്തുടങ്ങിയതും പാടെ
കരിഞ്ഞതുമായ കുറേ
മോഹങ്ങളുടെ കിരുകിരുപ്പ്