പനിയോടൊരിഷ്ടക്കൂടുതലുണ്ട്
തണുത്ത് വിറച്ച രാത്രി
രാവിലെ അച്ഛനൊപ്പം ആശുപത്രി
സൂചി വേണ്ട മരുന്നുമതി വാശി,
മറ്റൊരിയ്ക്കലും പഥ്യമല്ലാത്ത
റസ്ക്കിനൊപ്പം കട്ടൻ കാപ്പി.
അമ്മ നനച്ചിട്ടു തന്ന ഉപ്പുതുണി
അടുക്കളയിൽ നിന്നിടയ്ക്കിടെ
കട്ടിലിലേക്കൊരെത്തി നോട്ടം
പ്രകടമായ് കിട്ടുന്ന
പരിധിയില്ലാത്ത സ്നേഹങ്ങൾ
പൊടിയരികഞ്ഞി, പപ്പടം , അച്ചാറ്.
മടിയ്ക്കാതെ അച്ഛനൊപ്പിടുന്ന
ലീവ് ലെറ്ററുകൾ.
അതെ പനിയോടെനിയ്ക്ക്
ഒരിഷ്ടക്കൂടുതലുണ്ട്.