
തിരികെ വരാത്തവർക്കായുള്ള കൂട്ടായ്മ
തികച്ചും യാദൃച്ഛികമായാണ് കൂത്താട്ടുകുളത്തുള്ള ആയിരത്തിലേറെപ്പേർ അംഗങ്ങളായിട്ടുള്ള മരിച്ചവർക്കായുള്ള ഇത്തരമൊരു കൂട്ടായ്മ എൻ്റെ ശ്രദ്ധയിൽപെടുന്നത്. എൻ്റെ സുഹൃത്തായ ബോബൻ കൊട്ടയ്ക്കലിൻ്റെ മകനായ അപ്പു ജെ. കോട്ടയ്ക്കലാണ് അതിൻ്റെ സൂത്രധാരൻ. പിന്നീടുള്ള അന്വേഷണത്തിൽ, കേരളത്തിൽ ഫേസ്ബുക്കിലും വാട്സ്ആപ്പിലുമായി വളരെ സജീവമായി പ്രവർത്തിക്കുന്ന ഇത്തരം നിരവധി കൂട്ടായ്മകൾ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഞാനിതറിയാൻ വൈകിപ്പോയെന്ന് മാത്രം.
രംഗബോധമില്ലാത്ത കോമാളിയായ മരണം ഏത് നിമിഷവും, വലിപ്പച്ചെറുപ്പമില്ലാതെ, പ്രായഭേദമില്ലാതെ, ആരുടെയും മുന്നിലെത്താം എന്ന വലിയൊരു സത്യം നമുക്കുള്ള വലിയൊരു സന്ദേശമാണ്. പകയും വിദ്വേഷവും പത്രാസും പദവിയും വാശിയും വൈരാഗ്യവും വെട്ടിപ്പിടിക്കലും ചവിട്ടിത്താഴ്ത്തലും എല്ലാം ഒരു ദിവസം അവസാനിക്കും! തനിക്കുള്ള അവസാന വണ്ടി എങ്ങനെ എപ്പോൾ എത്തുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലല്ലോ.
പോലീസിൽ എൻ്റെ സഹപ്രവർത്തകരായിരുന്ന രണ്ട് മുതിർന്ന പോലീസ് ഓഫീസർമാരുടെയും ചില സുഹൃത്തുക്കളുടെയുമൊക്കെ വേർപാട് ഞാനീ അവസരത്തിൽ സ്മരിച്ചു പോകുന്നു.
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറുകളുടെ ആദ്യം തിരുവനന്തപുരം കണ്ടോൺമെൻ്റ് സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ ആയിരുന്ന, ആർക്കും ആരാധനയോടെയൊന്ന് നോക്കാതിരിക്കാൻ കഴിയാത്തത്ര ശാരീരിക മികവുണ്ടായിരുന്ന അതിപ്രഗത്ഭനായ ശ്രീ. എൻ. ശ്രീമുകുന്ദന് ഓഫീസിൽ വച്ച് എന്തോ ഒരു വയ്യായ്ക ഉണ്ടായി. സ്വന്തം കാർ ഡ്രൈവ് ചെയ്ത് ജി.ജി. ആശുപത്രിയിലെത്തിയ അദ്ദേഹം ലിഫ്റ്റ് ഉപയോഗിക്കാതെ പടികൾ കയറി ആറാം നിലയിലെ പരിശോധനാ മുറിയിലെത്തിയപ്പോഴേക്കും കുഴഞ്ഞുവീണുപോയി. അത്രതന്നെ!
ഇക്കഴിഞ്ഞ ദിവസം (19/11/2026) രാവിലെ ജിംനേഷ്യത്തിൽ വർക്ക് ഔട്ട് ചെയ്യവേ, കുഴഞ്ഞ് വീണ ശ്രീ. വി. ഗോപാൽകൃഷ്ണൻ എന്ന മുൻ IPS ഓഫീസറെ ആശ്രപത്രിയിൽ എത്തിച്ചപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. സിവിൽ സർവീസ് അക്കാദമിയും സർവീസ് ഓർമ്മക്കുറിപ്പുമൊക്കെ അദ്ദേഹം ഇവിടെ ഉപേക്ഷിച്ച് കടന്നുപോയി.
വർഷങ്ങൾക്ക് മുമ്പ് എന്നോടൊപ്പം തിരുവനന്തപുരത്തെ പ്രശസ്തമായൊരു ക്ലബ്ബിൽ ബാഡ്മിൻ്റൺ കളിച്ചിരുന്ന PWD ബിൽഡിംഗ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ശ്രീ. KP ജോർജ്, കളിക്കിടെ വിശ്രമത്തിനായി കോർട്ടിന് അരികിൽ ഇട്ടിരുന്ന കൈയില്ലാത്ത പ്ലാസ്റ്റിക് ചെയറിൽ ഇരിക്കവേ, തൻ്റെ ശ്വാസം നിലച്ചത് അദ്ദേഹം പോലും അറിഞ്ഞില്ല. കസേരയിലിരുന്നപടിയിൽ തന്നെ ഒന്ന് ചലിക്കാൻ പോലുമാവാതെ അദ്ദേഹം നിശ്ചലനായി.
എന്നോട് ഏറെ അടുപ്പം പുലർത്തിയിരുന്ന ആരോഗ്യദൃഢഗാത്രനായ ഒരു സീനിയർ ഓഫിസറുണ്ടായിരുന്നു. ശരീരം സൂക്ഷിക്കുക എന്നത് അദ്ദേഹത്തിന് ഹരമായിരുന്നു. ജിമ്മും ഫുട്ട്ബോളും ബാസ്കറ്റ് ബോളും ബാഡ്മിൻ്റണുമെല്ലാം കടഞ്ഞെടുത്ത ശരീരത്തിനുടമയായ അദ്ദേഹത്തിൻ്റെ ദിനചര്യകളുടെ ഭാഗമായിരുന്നു. തൻ്റെ റിപ്പോർട്ടുകളുടെ പിൻബലത്തിൽ 33 സബ് ഇൻസ്പെക്ടർമാർ സസ്പെൻഷനിലായിട്ടുണ്ട് എന്ന് അഭിമാനത്തോടെ അദ്ദേഹം എന്നോട് പറയുമായിരുന്നു. കാൽപ്പാദത്തിന് അടിവശത്തായി കണ്ട ഒരു ചെറിയ തടിപ്പായിരുന്നു തുടക്കം. ചുരുങ്ങിയ മാസങ്ങൾ മാത്രമേ അദ്ദേഹത്തിനും പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളു.
1983 ഡിസംബർ 7-നാണ് ഞാനടങ്ങുന്ന 193 പേർ രണ്ട് കമ്പനിയായി (E&F) തിരുവന്തപുരം സ്പെഷ്യൽ ആംഡ് പോലീസിൽ സർവീസിൽ പ്രവേശിക്കുന്നത്. 43 വർഷങ്ങൾ കഴിയുമ്പോൾ ഞങ്ങളിൽ നിന്ന് പറന്ന് പോയത് 34 ജീവനുകളാണ്.
ഏത് വമ്പനായാലും സാധാരണക്കാരനായാലും, തൊട്ടടുത്ത നിമിഷം തനിക്ക് മുമ്പിൽ എത്തിയേക്കാവുന്ന മരണത്തിന് മുമ്പിൽ ഇരുകൈകളും ഉയർത്തി നിസ്സഹായനായി നിൽക്കാൻ മാത്രമേ കഴിയൂ. എങ്കിലും നിരവധി കാര്യങ്ങളിൽ നിരന്തരം വ്യാപൃതരായിരിക്കുന്ന, ഭാവിയെക്കുറിച്ച് നിരവധി സ്വപ്നങ്ങൾ കാണുന്ന നമുക്ക് അടുത്തൊരു നിമിഷം പോലും സ്വന്തമായി ഇല്ല എന്ന തിരിച്ചറിവ് നമ്മിൽ എത്രപേർക്കുണ്ട്?
ഒന്നുകൂടി!
തൻ്റെ മരണവാർത്ത അറിയുന്ന കുറച്ചു പേരെങ്കിലും “അയ്യോ! അവൻ പോയോ?” എന്ന് ഓർക്കാനായിപ്പോലും ഇല്ലായെങ്കിൽ ജീവിതത്തിൽ അയാൾ ഒരു പരാജയമായിരുന്നു എന്ന് തന്നെ കണക്കാക്കേണ്ടി വരില്ലേ?
വാൽകഷണം : നിങ്ങളുടെ മുമ്പിലെത്തുന്ന ഏതൊരാളെയും അവസാനമായി കാണുന്നു എന്ന ചിന്തയോടെ മാത്രം കാണുക. ഇനിയൊരിക്കൽ കൂടി പരസ്പരം കാണാൻ അവസരം ലഭിക്കില്ല എന്നൊരു ഓർമ്മ മനസിൻ്റെ കോണിൽ സൂക്ഷിച്ച് പെരുമാറുക. ആരുടെ നമ്പറാണ് ആദ്യം വിളിക്കുകയെന്ന് ഇരുവർക്കും അറിയില്ലല്ലോ!




